നീതി ജലം പോലെ ഒഴുകട്ടെ

നീതി ജലം പോലെ  ഒഴുകട്ടെ

നീതിയുടെ അരുവികള്‍ ഒഴുകട്ടെ എന്ന പ്രവാചക ധര്‍മത്തിന്റെ പാരമ്പര്യത്തിന് മങ്ങലേറ്റിട്ടില്ലെന്നു തന്നെയാണ് സഭയുടെ നിലപാടുകള്‍ എക്കാലത്തും വിളിച്ചുപറയുന്നത്. നീതി ജലം പോലെ ഒഴുകട്ടെ; സമാധാനം വറ്റാത്ത നീരുറവപോലെയും. പൊതുസമൂഹത്തിന്റെ നിശിതമായ വിമര്‍ശങ്ങള്‍ ഇക്കാലത്ത് സഭയെ കുറെക്കൂടെ ദൈവാശ്രയബോധത്തിലേക്കും പാവനതയിലേക്കും പൊള്ളിച്ചുണര്‍ത്തുകയാകാം. കാലത്തിലും സ്ഥലത്തിലുമുള്ള ക്രിസ്തുവിന്റെ ഇടപെടലുകള്‍ നീതിയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നിലപാടുകള്‍, സംസ്‌കാരങ്ങളെയും രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളെയും മനുഷ്യസങ്കല്‍പങ്ങളെയും വിമര്‍ശവിധേയമാക്കുന്ന ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍, മനുഷ്യജീവിതങ്ങളെ ദൈവത്തിലേക്കു തുറക്കുന്ന വെളിപാടുകള്‍, രക്ഷയുടെ വാഗ്ദാനങ്ങള്‍, ദൈവരാജ്യത്തിന്റെ ഉറപ്പുകള്‍ ഒക്കെത്തന്നെയാണ് കാലത്തിലൂടെ, ചരിത്രത്തിലൂടെ നീങ്ങുന്ന സഭയുടെ ഒസ്യത്തുകള്‍, എന്നും എപ്പോഴും.
നിലപാടുകളിലും സമീപനങ്ങളിലും സഭയുടേതില്‍ നിന്നു വ്യത്യസ്ത ചിന്തകള്‍ സ്വീകരിക്കുന്നവര്‍ വിമര്‍ശങ്ങളും തിരുത്തലുകളും ആവശ്യപ്പെട്ടിട്ടുള്ള സന്ദര്‍ഭങ്ങള്‍ തിരുസഭ പക്വതയോടെ എപ്പോഴും സ്വീകരിച്ചിട്ടുള്ളതാണ്. ഒരു രാഷ്ട്രത്തിന്റെ നിയമസംഹിതയ്ക്ക് വിധേയപ്പെട്ട് ജനാധിപത്യസമൂഹത്തിന്റെ നീതിയുടെ നിലപാടുകള്‍ സ്വീകരിക്കാന്‍ സഭ വിസമ്മതിക്കാറില്ല എന്നതുതന്നെയാണ് ചരിത്ര തെളിവുകള്‍ പറയുന്നത്. തെറ്റുകള്‍ ഏറ്റു പറയുവാനും ചരിത്ര സന്ദര്‍ഭങ്ങളോട് മാപ്പ് പറയാനും ലോകത്തില്‍ സഞ്ചരിക്കുന്ന സഭയോളം മുട്ടുകുത്താനും തിരുത്താനും തയ്യാറായിട്ടുള്ള പ്രസ്ഥാനങ്ങളും വ്യക്തികളും വേറെയുണ്ടോ? മഹാജൂബിലി വര്‍ഷത്തില്‍ ക്രൂശിതന്റെ പാദങ്ങളില്‍ നമസ്‌കരിച്ച് ചരിത്രത്തില്‍ വീണ ചോരപ്പാടുകള്‍ക്ക് മാപ്പിരന്നത് എത്ര തമസ്‌ക്കരിച്ചാലും മങ്ങാത്ത ചരിത്രരേഖ തന്നെ.
തിരുസഭ അതിനെത്തന്നെ മനസിലാക്കുന്നതും അതിനെ സാധ്യമാക്കുന്ന വിശ്വാസാനുഭവങ്ങളെ പ്രഖ്യാപിക്കുന്നതും അതിന്റെ ജീവിതരീതികളും അത് സ്വയം തിരിച്ചറിയുന്നതുപോലെയല്ല അതിന് വെളിയില്‍ നില്‍ക്കുന്നവര്‍ മനസിലാക്കുന്നതും അതിനോട് പ്രതികരിക്കുന്നതും. അത്തരം പ്രതികരണങ്ങളോട് സഭയും അതിന്റെ ഘടനാസംവിധാനങ്ങളും എങ്ങനെയെല്ലാം മറുപടി പറയണമെന്നും പൊതുസമൂഹം പ്രത്യേകമാംവിധം താല്പര്യപ്പെടുന്നുണ്ടാകാം. അത് അവരുടെ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശവും തന്നെ. അത്തരം താല്പര്യങ്ങളെ നിര്‍ണയിക്കുന്ന നിരവധി കാരണങ്ങളുമുണ്ടാകാം. നിശബ്ദതകള്‍ എപ്പോഴും പ്രതികരണമില്ലായ്മയാകണമെന്നുണ്ടോ? ഒരുപക്ഷേ, സ്വയം വിമര്‍ശനത്തിന്റെ, അനുതാപത്തിന്റെ, രാഷ്ട്രത്തിന്റെ നീതി നിര്‍വഹണസംവിധാനത്തോടുള്ള ആദരവിന്റെയൊക്കെ പ്രതിഫലനവുമാകാമല്ലോ. രാജിവയ്ക്കുകയെന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം എന്നു തന്നെയെന്ന് എം. എന്‍ വിജയന്‍ മാഷ് പറഞ്ഞിട്ടുള്ള സന്ദര്‍ഭവുമോര്‍ക്കണം.
സഭയുടെ ഉള്ളില്‍ ഉയര്‍ന്നുവന്ന സംഘര്‍ഷാത്മകമായ സന്ദര്‍ഭത്തെ രാഷ്ട്രത്തിന്റെ നിമയസംവിധാനം പരിശോധിക്കുന്നുണ്ട്. സഭയുടെ ഉള്ളില്‍ തന്നെ കിട്ടിയ പരാതി പരിഹൃതമാകാതെ പോയി എന്ന ആരോപണത്തെ ഗൗരവതരമായ പരിശോധയ്ക്ക് വിധേയമാക്കേണ്ടതുതന്നെ. കിഴക്കിന്റെ സഭാ തര്‍ക്കങ്ങളുടെ നിയമ പോരാട്ടം തെരുവിലേയ്ക്കും സംഘര്‍ഷത്തിലേക്കും വഴുതിവീണ നാളുകളിലൊന്നില്‍ കോടതിയിലെ ന്യായാധിപര്‍ ചോദിച്ച ചോദ്യം കുനിഞ്ഞ ശിരസോടെ സഭകേട്ടുനിന്ന നാളുകളെയോര്‍ക്കുകയാണ്. കിഴക്കന്‍സഭയിലെ ഇരുപക്ഷവും ചോരചിന്തുവോളം ഏറ്റുമുട്ടിയനാളുകള്‍. നിങ്ങളുടെ തര്‍ക്കങ്ങള്‍, പരാതികള്‍ പറഞ്ഞുതീര്‍ക്കാന്‍ ജ്ഞാനവും പക്വതയുമുള്ളവര്‍ നിങ്ങളില്‍ത്തന്നെയില്ലേ എന്ന് കോടതി ചോദിച്ചിരുന്നു. സഭയിലുള്ളവര്‍ തമ്മില്‍ യുദ്ധമുഖം തുറന്നിരിക്കുന്നുവെന്ന രീതിയില്‍ ഇന്ന് കാര്യങ്ങള്‍ അപഗ്രഥിക്കപ്പെടുന്നുണ്ട്. യുദ്ധം എന്ന രൂപകം/ഉപമ അപകടകരമാണ്. കാരണം യുദ്ധത്തിലേര്‍പ്പെടുന്നവര്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും പരസ്പരം പ്രയോഗിച്ചേക്കാം. വിഷയം നീതിയുടെതാകുമ്പോള്‍, ഇരുപക്ഷത്തിനും അത് അനിവാര്യമാകുമ്പോള്‍ പിന്നെ ചര്‍ച്ചകള്‍ ബലമുള്ളവരെക്കുറിച്ചും ബലമില്ലാത്തവരെപ്പറ്റിയുമാകും. ഇന്ന് ഏറ്റവുമധികം ചര്‍ച്ചകളുണ്ടാകുന്നതും ഇതിനെ കേന്ദ്രീകരിച്ചുതന്നെ.
സഭയുടെ അധികാര സങ്കല്പങ്ങളെയും നിലപാടുകളെയുമെല്ലാം നിശിതമായി വിമര്‍ശനവിധേയമാക്കുന്ന ചര്‍ച്ചകളില്‍ ബലമില്ലാത്തവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നില്ലേ എന്ന സംശയമാണ് പ്രധാനമായും ഉന്നയിക്കുന്നത്. ബലമില്ലാത്തവരുടെ, അരികുവത്കരിക്കപ്പെടുന്നവരുടെ, മര്‍ദ്ദിതരുടെ സ്വരമായിട്ടാണ് സഭ എന്നും നിലകൊണ്ടിട്ടുള്ളത്. പ്രത്യേകമായും ഇന്ത്യന്‍ സാമൂഹ്യസാംസ്‌കാരിക സാചര്യങ്ങളില്‍, വിദ്യാഭ്യാസത്തിന്റെയും ആതുരശുശ്രൂഷയുടെ സാമൂഹ്യ ഇടപെടലുകളിലൂടെയും, ജാതിവിരുദ്ധ പോരാട്ടത്തിന്റെയും മനുഷ്യമഹത്വത്തിന്റെയും സ്വരം സഭ എന്നും ഉറക്കെക്കേള്‍പ്പിക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ ന്യൂനപക്ഷമായിരുന്നിട്ടുകൂടി സഭയെ നിരന്തരം ഇല്ലാതാക്കാനുള്ള ഉറച്ച സ്വരങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നുമുണ്ട്. സഹനങ്ങളിലൂടെ സഭ തീപ്പൊള്ളലുകള്‍ ഏല്‍ക്കുന്നുമുണ്ട്. നിലവിലെ ചര്‍ച്ചകളും ഉയരുന്ന സ്വരങ്ങളില്‍പ്പലതും നീതിക്കുവേണ്ടിയുള്ളതു തന്നെയാകുമ്പോഴും പലതും സംശയകരമാകുന്നതും അതുകൊണ്ടു തന്നെയാണ്.
സഭയെയല്ല നീതികേടിനെയാണ് എതിര്‍ക്കുന്നത് എന്ന് പലരും ആവര്‍ത്തിക്കുന്നുണ്ട്. അതേ സമരത്തില്‍ നിന്ന് സഭയുടെ അടിത്തറ ഇളകിക്കഴിഞ്ഞു എന്നതരത്തിലുള്ള പറച്ചിലുകള്‍ കേള്‍ക്കുന്നുണ്ട്. നീതി ലഭ്യമാക്കുന്ന നിയമസംവിധാനം പരിശോധിക്കുന്ന സംഭവത്തെ പൊതുസമൂഹം ചര്‍ച്ചയാക്കുമ്പോള്‍ അതില്‍ നിരവധിയായ താല്പര്യങ്ങളുടെ അടരുകള്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ചാനലുകളുടെയും പത്രങ്ങളുടെയും ഉടമസ്ഥതയും അതതുകളുടെ രാഷ്ട്രീയ മതതാല്പര്യങ്ങളും, ചര്‍ച്ചകളില്‍ പ്രതിനിധികളാകുന്നവരുടെ വ്യക്തിതാല്പര്യങ്ങളും, പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായെത്തുന്ന സംഘടനകളുടെയും ആളുകളുടെയും താല്പര്യങ്ങളും തൊട്ട്, പൊതുസമൂഹത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കാതെ തമസ്‌ക്കരിച്ചു കളയേണ്ട സമകാലീനമായ നിരവധി വിഷയങ്ങളെ അരികിലേയ്ക്ക് തള്ളിമാറ്റുന്ന ഉത്സാഹത്തിമിര്‍പ്പായും വരെ കാര്യങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ട്. പലതും കഴമ്പില്ലാത്ത വിമശനങ്ങളാണെങ്കിലും സഭയ്ക്കിത് സ്വയം പരിശോധനയുടെ സമയമായും ദൈവാവിഷ്‌ക്കാരങ്ങളുമായി ആത്മീയ വെളിച്ചത്തില്‍ ഉള്‍ക്കൊള്ളാനാകണം. പിണങ്ങുന്നവരും ശകാരിക്കുന്നവരും അപമാനിക്കുന്നവരും എപ്പോഴും ശത്രുപക്ഷത്താകണമെന്നില്ല. അവയെല്ലാം ദൈവം തുറക്കുന്ന വാതിലുകള്‍ തന്നെ.
പതര്‍ച്ചകളും ഇടര്‍ച്ചകളും വെല്ലുവിളികളും മുറിവുകളും പേറുന്ന സഭാഗാത്രത്തിന് വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ ആശ്വാസവചനങ്ങള്‍ വെളിപാടാകുന്നുണ്ട്. ആഗ്രഹിക്കാത്ത തിന്മകള്‍ ദുര്‍ബലത ആകുമ്പോഴും, ശക്തിപ്പെടുത്തുന്നയാളില്‍ എല്ലാം സാധ്യമാകുന്ന പ്രതീക്ഷയാണത്. നീതി നടപ്പാക്കപ്പെടുമ്പോഴും, നിഷ്‌ക്കളങ്കമല്ലാത്ത ഉറവകളില്‍ നിന്നും വരുന്ന സഹനങ്ങളാല്‍ മുറിയുമ്പോഴും, ഉന്നതമായ കാരണങ്ങള്‍ക്കു വേണ്ടിയല്ലാത്ത സഹനങ്ങളാല്‍ അവഹേളിതമാകുമ്പോഴും, ക്രിസ്തുവിന്റെ സഭ ഏറ്റവുമൊടുവില്‍ ഒറ്റയ്ക്കായി പോകുന്ന ഒരാളെയും ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. നീതി നടപ്പിലാക്കപ്പെടട്ടെ. കുറ്റങ്ങള്‍ ശിക്ഷിക്കപ്പെടട്ടെ. അങ്ങനെയെല്ലാം കാര്യങ്ങള്‍ നീങ്ങിക്കഴിയുമ്പോള്‍, സായാഹ്നത്തില്‍ ഇരുള്‍ വീഴുന്ന രാത്രിയില്‍ ഒറ്റയ്ക്കിരുന്ന് ഖേദിക്കുന്നയാളിന്റെ മുറിവുകളില്‍ സാന്ത്വനമാകുന്ന യേശു എന്ന തൈലത്തെപ്പറ്റിയുള്ള മഹത്തായ ഉപമയും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള സഭയ്ക്കുണ്ട്. എല്ലാ വിധികള്‍ക്കുമൊടുവില്‍, എന്തെങ്കിലും വാക്യങ്ങള്‍ ഏറ്റുപറയാന്‍ സഭയ്ക്ക് സാധിക്കുമെങ്കില്‍ അത് ‘ ഞാന്‍ പിഴയാളി ‘ എന്നു തന്നെയായിരിക്കാം. അത്രയ്ക്കും ദുര്‍ബലവും നുറുങ്ങാനെളുപ്പവുമായ മണ്‍പാത്രങ്ങളുടെ നിയോഗം തന്നെ. കൃപയുടെ ആകാശങ്ങള്‍ എല്ലാവര്‍ക്കുമായും തുറക്കപ്പെടട്ടെ.


Related Articles

മോണ്‍. വി പി ജോസ് നെയ്യാറ്റിന്‍കര മീഡിയാ കമ്മീഷന്‍ ഡയറക്ടറായി ചുമതലയേറ്റു.

  നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ മീഡിയാ കമ്മീഷന്റെ പുതിയ സാരഥികളായി മോണ്‍. വി പി ജോസ്  ഡയറക്ടറും ഫാദര്‍ സജിന്‍ തോമസ് ഫാദര്‍ ജിബിന്‍

ഫ്രാന്‍സിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ച പുനരാരംഭിച്ചു

കൊവിഡിനു ശേഷമുള്ള കാലത്തെ പ്രതിരോധ സംവിധാനം വൈവിധ്യത്തിലെ സാര്‍വത്രിക ഐക്യദാര്‍ഢ്യം         ഫാ. വില്യം നെല്ലിക്കല്‍ വത്തിക്കാന്‍ സിറ്റി: കൊവിഡ് 19 മഹാമാരിയുടെ

സ്റ്റാൻ സ്വാമിക്ക് സിപ്പറും സ്ട്രോയും ഇനി ജയിലിൽ എത്തും

സ്റ്റാൻ സ്വാമിക്ക് സിപ്പറും സ്ട്രോയും ഇനി ജയിലിൽ എത്തും എൺപത്തി മൂന്നുകാരനായ ആക്ടിവിസ്റ്റ് സ്റ്റാൻ സ്വാമി കഴിഞ്ഞ ദിവസം സ്ട്രോയും സിപ്പറും ആവശ്യപ്പെട്ടു നൽകിയ ഹർജി കോടതി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*