നീതി വേണം, ധാര്‍മികതയും

നീതി വേണം, ധാര്‍മികതയും

ലൈംഗിക ന്യൂനപക്ഷങ്ങളെ അസഹിഷ്ണുതയോടെ, വെറുപ്പോടെ, ഭീതിയോടെ കാണുന്നവരുണ്ട്. സ്വവര്‍ഗാനുരാഗികളെയും ഉഭയലിംഗികളെയും ഭിന്നലിംഗരെയും വ്യത്യസ്ത ലൈംഗികപ്രവണതയുള്ളവരെയും ദുര്‍മാര്‍ഗികളും ദുര്‍ന്നടപ്പുകാരും ശകുനപ്പിഴകളും പാപികളും ക്രിമിനലുകളുമെന്നു മുദ്രകുത്തി സമൂഹം വേട്ടയാടിയിരുന്നു. ജന്മശാപം പോലെ അവഹേളനവും അപമാനവും നിന്ദയും വിദ്വേഷവും കൊടിയ വിവേചനവും ഭീഷണിയും പീഡനങ്ങളും സഹിച്ച്, പലപ്പോഴും സ്വന്തം വീട്ടില്‍തന്നെ തികച്ചും ഒറ്റപ്പെട്ട് ആത്മവ്യഥയോടെയും ഭയാശങ്കകളോടെയും കഴിഞ്ഞുവന്ന ‘എല്‍ജിബിടി’ വിഭാഗക്കാരുടെ വ്യക്തിമാഹാത്മ്യമോ മനുഷ്യാന്തസോ പൗരനെന്ന നിലയ്ക്കുള്ള ഭരണഘടനാദത്തമായ മൗലികാവകാശങ്ങളോ നിയമപരിരക്ഷയോ സാമൂഹികനീതിയോ പലപ്പോഴും ഭൂരിപക്ഷ സമൂഹത്തെ ആകുലപ്പെടുത്തുന്ന കാര്യമായിരുന്നില്ല. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെയും സമഭാവനയുടെയും സാംസ്‌കാരിക ഉല്‍ക്കര്‍ഷത്തിന്റെയും പുതിയ ലോകക്രമത്തില്‍ തങ്ങളുടെ അസ്തിത്വം വീണ്ടെടുക്കാനും സങ്കോചങ്ങളുടെ ആവൃതി വെടിഞ്ഞ് സ്വത്വപ്രകാശനത്തിനുള്ള മാരിവില്‍വര്‍ണം അണിയാനും ഈ അതിലോല ന്യൂനപക്ഷത്തിന് ഇന്നു കഴിയുന്നു.
പ്രകൃതിയുടെ ക്രമത്തിനു വിരുദ്ധമായ ശാരീരികവേഴ്ച പത്തുകൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അനുശാസിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് ‘യുക്തിഹീനവും സ്വേഛാപരവും പ്രത്യക്ഷത്തില്‍ ഭരണഘടനാവിരുദ്ധവും’ ആണെന്നു കണ്ടെത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്, ഉഭയസമ്മതപ്രകാരം പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള സ്വവര്‍ഗ ലൈംഗിക ചെയ്തികള്‍ നിയമപരമായി ശിക്ഷാര്‍ഹമല്ല എന്നു വിധിച്ചു. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത്, 157 വര്‍ഷം മുന്‍പ് ‘വിക്‌ടോറിയന്‍ സദാചാരമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍’ കൊണ്ടുവന്ന ശിക്ഷാവ്യവസ്ഥയാണ് ചരിത്രപ്രധാനമായ ഈ വിധിതീര്‍പ്പിലൂടെ സുപ്രീം കോടതി റദ്ദാക്കിയത്. ബലപ്രയോഗത്തിലൂടെയുള്ള ബന്ധവും കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമവും ശിക്ഷാര്‍ഹമാണെന്ന വകുപ്പില്‍ മാറ്റമില്ല.
വൈയക്തിക തിരഞ്ഞെടുപ്പിനെ ബഹുമാനിക്കലാണ് സ്വാതന്ത്ര്യത്തിന്റെ സത്ത എന്ന നിരീക്ഷണത്തോടെയാണ് വ്യത്യസ്ത ലൈംഗികത സ്വകാര്യതയുടെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത്. ധാര്‍മികതയുടെ പ്രശ്‌നമായല്ല, ഭരണഘടനാപരമായ അവകാശത്തിലൂന്നിയാണ് ഈ വിധിപ്രസ്താവം. രാജ്യത്തെ നിയമനിര്‍മാണസഭയായ പാര്‍ലമെന്റും ഭരണനേതൃത്വവും ഇത്തരം കാര്യങ്ങളില്‍ പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പിനു വഴങ്ങുന്നതിന്റെ രാഷ്ട്രീയം എന്തായാലും ഈ വിധിയുടെ ധാര്‍മികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ അതിസങ്കീര്‍ണവും ദൂരവ്യാപകവുമാണ്. ക്രൈസ്തവ സഭകള്‍ മാത്രമല്ല, ഹൈന്ദവ, ഇസ്‌ലാമിക മതപണ്ഡിതന്മാരും ആധ്യാത്മിക ആചാര്യന്മാരും ദാര്‍ശനികരും സാമൂഹികശാസ്ത്രജ്ഞരും തങ്ങളുടെ വിയോജിപ്പും ആശങ്കകളും വ്യക്തമാക്കുന്നുണ്ട്.
പ്രകൃതിനിയമത്തില്‍ അധിഷ്ഠിതമായ സ്ത്രീപുരുഷ ബന്ധവും സ്ത്രീയുടെയും പുരുഷന്റെയും വ്യത്യസ്ത ലൈംഗികതയുടെ പാരസ്പര്യവുമാണ് ദാമ്പത്യത്തിന്റെയും കുടുംബജീവിതത്തിന്റെയും സുസ്ഥിരമായ സാമൂഹിക ജീവിതക്രമത്തിന്റെയും അടിത്തറയായി പ്രധാന വിശ്വാസപ്രമാണങ്ങളും മതാചാര പാരമ്പര്യങ്ങളും എടുത്തുകാട്ടുന്നത്. സമൂഹത്തിന്റെ നിലനില്പിനുതന്നെ കുടുംബം ആധാരമാകുന്നത് സന്താനോത്പാദനത്തിലൂടെയാണ്. വിവാഹം, കുട്ടികളെ ദത്തെടുക്കല്‍, കുട്ടികളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ സ്വവര്‍ഗ ലൈംഗികബന്ധത്തിലൂന്നിയ കൂടിത്താമസത്തിന്റെ പശ്ചാത്തലം എത്രമേല്‍ സുസ്ഥിരമാകും എന്ന ചോദ്യം ഉയരുന്നു.
മനുഷ്യന്റെ ലൈംഗികതയുടെ സ്വാഭാവിക ലക്ഷ്യം പ്രജനനമാണെന്നും സ്ത്രീയും പുരുഷനും തമ്മിലുള്ള സ്‌നേഹപൂര്‍ണമായ ഒത്തുചേരലിലൂടെയാണ് ഈ ലക്ഷ്യം സാര്‍ഥകമാകുന്നതെന്നുമാണ് കത്തോലിക്കാ സഭയുടെ നിലപാട്. വിവാഹം എന്ന കൂദാശയുടെ മുഖ്യകാര്‍മികര്‍ സ്ത്രീയും പുരുഷനുമാണ്. സ്വവര്‍ഗ ലൈംഗികബന്ധത്തിന് നിയമപരമായ തടസങ്ങള്‍ ഇല്ലാതായാലും ധാര്‍മികമായി അത് സ്വീകാര്യമല്ല എന്നു സഭ വ്യക്തമാക്കുന്നത് അതിനാലാണ്. ജീവന്റെ ദാനത്തിന് വിലങ്ങു തീര്‍ക്കുന്ന ലൈംഗിക ബന്ധം യഥാര്‍ഥത്തില്‍ പരിപൂരകമായ ലൈംഗിക പാരസ്പര്യമോ വൈകാരികസംവേദനമോ അല്ലതന്നെ. സ്വവര്‍ഗരതി നൈസര്‍ഗിക അപഭ്രംശവും ക്രമഭംഗവുമാണെന്ന പാരമ്പര്യം വിശുദ്ധഗ്രന്ഥപാഠത്തില്‍നിന്ന് ഉത്ഭവിക്കുന്നതാണ്.
അതേസമയം വ്യത്യസ്ത ലൈംഗികചായ്‌വുള്ളവരെ ‘ആദരവോടും കാരുണ്യത്തോടും സംവേദനക്ഷമതയോടുംകൂടെ സ്വീകരിക്കണം’ എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1992ലെ തന്റെ വേദോപദേശ ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിരുന്നു. ചാരിത്രശുദ്ധിക്കായാണ് സ്വവര്‍ഗാനുരാഗികള്‍ ശ്രമിക്കേണ്ടതെന്ന് ജോണ്‍ പോള്‍ പാപ്പാ ആഹ്വാനം ചെയ്തു.
‘വിധിക്കാന്‍ ഞാന്‍ ആര്’ എന്ന ഫ്രാന്‍സിസ് പാപ്പായുടെ അഞ്ചുവര്‍ഷം മുന്‍പത്തെ വിഖ്യാതമായ പ്രതികരണം എല്‍ജിബിടി സംവാദങ്ങളില്‍ ഇന്നും ഉയര്‍ന്നുകേള്‍ക്കാനാകും. അടുത്തകാലത്ത്, ചിലിയിലെ ബാലപീഡന ആരോപണങ്ങളിലെ പ്രധാന ഇരകളില്‍ ഒരാളായ യുവാന്‍ കാര്‍ലോസ് ക്രൂസ് തന്റെ സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് ഏറ്റുപറഞ്ഞപ്പോള്‍ പരിശുദ്ധ പിതാവ് ഇങ്ങനെ പ്രതികരിച്ചുവത്രെ: ‘യുവാന്‍ കാര്‍ലോസ്, താങ്കളെ ദൈവം സൃഷ്ടിച്ചത് അങ്ങനെയാണ്; അങ്ങനെതന്നെ ദൈവം താങ്കളെ സ്‌നേഹിക്കുന്നു. പാപ്പായും താങ്കളെ സ്‌നേഹിക്കുന്നു.’ സ്വകാര്യ കൂടിക്കാഴ്ചയില്‍ പാപ്പാ ഇങ്ങനെ പറഞ്ഞുവെന്നാണ് യുവാന്‍ കാര്‍ലോസ് ക്രൂസ് ലോക മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാല്‍ വത്തിക്കാന്‍ ഔദ്യോഗികമായി ഇതു സ്ഥിരീകരിച്ചില്ല.
അടുത്ത മാസം റോമില്‍ ചേരുന്ന യുവാക്കള്‍ക്കുവേണ്ടിയുള്ള മെത്രാന്‍മാരുടെ സിനഡിന് ഒരുക്കമായി തയാറാക്കിയ ഇറ്റാലിയന്‍ ഭാഷയിലുള്ള ‘ഇന്‍സ്ട്രുമെന്തും ലബോരിസ്’ എന്ന പഠനരേഖയില്‍ വത്തിക്കാന്‍ ആദ്യമായി ‘എല്‍ജിബിടി’ എന്ന ചുരുക്കസംജ്ഞ ഉപയോഗിച്ചതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ‘സഭയുമായി കൂടുതല്‍ അടുക്കാനും സഭയില്‍ നിന്ന് കൂടുതലായി കരുതല്‍ അനുഭവിക്കാനും ചില എല്‍ജിബിടി യുവാക്കള്‍ ആഗ്രഹിക്കുന്നു’ എന്നാണ് ആ രേഖയില്‍ പറയുന്നത്.
അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ഫ്രാന്‍സിസ് പാപ്പാ ഏതാനും ആഴ്ച മുന്‍പ് പങ്കെടുത്ത കുടുംബങ്ങളുടെ ആഗോള സംഗമത്തോടനുബന്ധിച്ച്, ‘എല്‍ജിബിടി വിഭാഗങ്ങളോട് സ്വീകരിക്കേണ്ട അജപാലന സമീപനം’ എന്ന വിഷയം അവതരിപ്പിച്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ള ഈശോസഭാ വൈദികന്‍ ജെയിംസ് മാര്‍ട്ടിന്‍ എല്ലാ ഇടവകകളിലും ഇത്തരം ലൈംഗിക ന്യൂനപക്ഷങ്ങളെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കണമെന്നു നിര്‍ദേശിക്കുകയുണ്ടായി. ‘സഭയുടെ പാരമ്പര്യ നിലപാട് ആവര്‍ത്തിക്കുകയല്ല, അവരുടെ ജീവിതസാഹചര്യവും അനുഭവങ്ങളും പരിഗണിച്ചുകൊണ്ട് കാരുണ്യപൂര്‍വം അവരുമായി ബന്ധം സ്ഥാപിക്കുകയാണുവേണ്ടത്. കുഷ്ഠരോഗികളെപോലെ അവരെ ഇനിയും അകറ്റിനിര്‍ത്തരുത്. യേശുവിന്റെ മൗതികശരീരമാകുന്ന സഭയില്‍ നിന്ന് അവരെ വലിച്ചുകീറിക്കളയരുത്. അവര്‍ക്ക് ദൈവത്തെ അറിയാന്‍ ആഗ്രഹമുണ്ട്; ദൈവം അവരെ സ്‌നേഹിക്കുകയും ചെയ്യുന്നു.’


Related Articles

നിയമവിരുദ്ധ മത്സ്യബന്ധനം തടയണം -കേരള മത്സ്യമേഖലാ സംരക്ഷണ സമിതി

കൊച്ചി: ട്രോളിംഗ് നിരോധനം മൂലം കേരളത്തിലെ മത്സ്യബന്ധന മേഖല വറുതിയില്‍ ആയിരിക്കേ ഇതരസംസ്ഥാന ഫൈബര്‍ വള്ളങ്ങള്‍ നിരോധിത വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് തടയണമെന്ന് കേരള മത്സ്യമേഖല

വിവാദങ്ങളിൽ ആടിയുലഞ്ഞ പുരസ്‌കാര പ്രഖ്യാപനം

കുറച്ചുകാലമായി അപസ്വരങ്ങളൊഴിഞ്ഞതായിരുന്നു സംസ്ഥാന സിനിമാ പുരസ്‌കാര നിര്‍ണയം. ഇത്തവണ പൂര്‍വാധികം ശക്തിയോടെ വിവാദം കത്തിക്കാളി. കേരളം ഒരു ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായതുകൊണ്ട് രാഷ്ട്രീയക്കാരും വിവാദത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍ ശ്രമിച്ചു.

കൊറോണ മഹാമാരിയാകാതിരിക്കാന്‍

പകര്‍ച്ചവ്യാധിക്കാരുള്ള കപ്പല്‍ കരയ്ക്കടുപ്പിക്കാതെ പുറംകടലില്‍ നങ്കൂരമിട്ടിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ചൈനയിലെ യാങ്ത്‌സി, ഹാന്‍ജിയാങ് നദീസംഗമത്തിലെ ഉള്‍നാടന്‍ തുറമുഖനഗരമായ വുഹാനില്‍ നിന്നു തുടങ്ങി 800 കിലോമീറ്റര്‍ അകലെയുള്ള വെന്‍ഷൗ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*