നീല വിപ്ലവ യാനത്തിന് റോഡ് സെസ് എന്തിന്?

നീല വിപ്ലവ യാനത്തിന് റോഡ് സെസ് എന്തിന്?

ഇന്ധനവിലക്കയറ്റത്തിന്റെ ആഘാതം പോരാഞ്ഞ് വൈദ്യുതിനിരക്കു വര്‍ധനയുടെ ഇരുട്ടടി കൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ്മൂല്യത്തിലേക്കുള്ള പുതിയ ഇന്ത്യയുടെ പ്രയാണത്തിലാണെങ്കില്‍ ഇവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയാനന്തര നവകേരളത്തിന്റെ പുനര്‍നിര്‍മിതിയിലാണ്. ആയാസരഹിതമായ ജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നം പങ്കുവച്ചുകൊണ്ട് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേരളീയരുടെ ജീവിതം ദുസ്സഹമാക്കിയെന്ന് മുറവിളി കൂട്ടുന്ന മുഖ്യമന്ത്രിയും കൂട്ടരും വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് 11.4 ശതമാനം കൂട്ടിയതിനെ രണ്ടു വര്‍ഷത്തിനുശേഷമുള്ള നേരിയ നിരക്കുവര്‍ധനയെന്നു ന്യായീകരിക്കുന്നതോടൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉദാരമായ കിലോവാട്ട് നിരക്കും എനര്‍ജി ചാര്‍ജും ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്.
ഗാവ്, ഗരീബ്, കിസാന്‍ (ഗ്രാമം, ദരിദ്രന്‍, കര്‍ഷകന്‍) എന്ന് ആവേശം കൊണ്ടെങ്കിലും തമിഴ്‌നാട്ടുകാരിയായ കേന്ദ്ര ധനമന്ത്രി കൃഷിപ്പിഴയും വിലത്തകര്‍ച്ചയും കടക്കെണിയും മൂലം ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകരുടെ ജീവിതം ആയാസരഹിതമാക്കാന്‍ മൂലധനച്ചെലവില്ലാത്ത കൃഷിമുറ (സീറോ ബജറ്റ് ഫാമിങ്) സങ്കല്പത്തിലേക്കു വിരല്‍ചൂണ്ടുകയും പിന്നെ ഇലക്ട്രിക് കാറുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വിദേശനിക്ഷേപം, പൊതുമേഖലാ-സ്വകാര്യ പങ്കാളിത്തം, ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ മുഖ്യ അജന്‍ഡകള്‍ കൂടുതല്‍ പ്രോജ്വലിപ്പിക്കുകയും ചെയ്തു. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതം പ്രത്യേക അധിക എക്‌സൈസ് തീരുവയും റോഡ്-അടിസ്ഥാനസൗകര്യവികസന സെസും വര്‍ധിപ്പിക്കാനാണ് ബജറ്റില്‍ നിര്‍ദേശിച്ചത്. സംസ്ഥാനങ്ങളുടെ വാറ്റും ചേരുന്നതോടെ പെട്രോളിന് രണ്ടര രൂപയും ഡീസലിന് 2.3 രൂപയുമാണ് വര്‍ധിക്കുന്നത്. കേന്ദ്ര ബജറ്റിനൊപ്പമുള്ള ധനബില്ലില്‍ ലിറ്ററിന് അഞ്ചു രൂപ വീതം വര്‍ധിപ്പിക്കാനാണത്രെ ശുപാര്‍ശ ചെയ്തത്. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനത്ത് സകല നിത്യോപയോഗസാധനങ്ങളുടെയും വന്‍ വിലക്കയറ്റത്തിനാണ് ഇതു വഴിവയ്ക്കുന്നത്.
പ്രളയാനന്തര പുനരധിവാസ, പുനര്‍നിര്‍മാണ പദ്ധതികള്‍ക്കായി കേരളത്തിന് കേന്ദ്ര ബജറ്റില്‍ പ്രത്യേക വിഹിതമൊന്നുമില്ല. റീബില്‍ഡ് കേരള പദ്ധതികള്‍ക്കായി വിദേശ വായ്പാ പരിധി മൂന്നു ശതമാനത്തില്‍ നിന്ന് നാലര ശതമാനമാക്കണമെന്ന കേരളത്തിന്റെ ആവശ്യവും അവഗണിച്ചു. എല്‍ നീനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവും ചുഴലിക്കാറ്റും ന്യൂനമര്‍ദങ്ങളും വിട്ടൊഴിയാത്ത പ്രകൃതിക്ഷോഭവും കേരളതീരത്തെ മത്സ്യലഭ്യതയെയും തീരദേശത്തെ തൊഴില്‍ സുരക്ഷയെയും സാരമായി ബാധിച്ചിരിക്കെ, കേന്ദ്രത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുതുതായി രൂപം കൊണ്ട ഫിഷറീസ് വകുപ്പിന്റെ നീല വിപ്ലവ ബജറ്റ് വിഹിതത്തിലും സംസ്ഥാനത്തിന് വിശേഷിച്ചൊന്നും പ്രതീക്ഷിക്കാനില്ല.
ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വകുപ്പിന് മൊത്തത്തില്‍ 3,737 കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. ഇതില്‍ പ്രധാന്‍മന്ത്രി മത്സ്യ സംപദ യോജനയ്ക്കായി 804.75 കോടി രൂപയാണ് അലോട്ടു ചെയ്യുന്നത്. കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത ഉത്പന്നസംസ്‌കരണ സംവിധാനങ്ങള്‍ക്കും വിപണിവികസനത്തിനും മറ്റുമായി കൃഷി സംപദ യോജന നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംപദ എന്നാല്‍ സമ്പത്ത്. ഫിഷറീസ് മേഖലയുടെ സമഗ്രവികസനത്തിനായുള്ള അടിസ്ഥാനസൗകര്യങ്ങള്‍, ആധുനികവത്കരണം, ഉത്പാദനക്ഷമതവര്‍ധന, വിളവെടുപ്പിനുശേഷമുള്ള മാനേജ്‌മെന്റ്, ഗുണനിലവാരനിയന്ത്രണം എന്നിവയടക്കം മൂല്യശൃംഖലയിലെ ഗണ്യമായ വിടവുകള്‍ നികത്താനുള്ള കേന്ദ്രത്തിന്റെ പ്രാമാണിക പദ്ധതിയാണിത്.
കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴും മത്സ്യവിഭവ കയറ്റുമതി ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാന നേട്ടമുണ്ടാക്കിയതായി 2018-19ലെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. 2018-19ല്‍ 47,620 കോടി രൂപയുടെ കയറ്റുമതി മൂല്യമാണ് ഫിഷറീസ് രംഗം സ്വന്തമാക്കിയത്. ഫിഷറീസ് മേഖലയിലെ വളര്‍ച്ച 2012-13ല്‍ 4.9 ശതമാനമായിരുന്നത് 2017-18ല്‍ 11.9 ശതമാനമായി. ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കിനോടൊപ്പം രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് മാംസ്യപ്രധാനവും പോഷകസമൃദ്ധവുമായ ഭക്ഷ്യവിഭവവും ഭക്ഷ്യസുരക്ഷയും 145 ലക്ഷം പേര്‍ക്കു വരുമാനവും തൊഴിലും ഉറപ്പാക്കുന്ന മേഖലയാണിത്. മൊത്തം കാര്‍ഷിക ആഭ്യന്തര ഉത്പാദനത്തിന്റെ 5.23 ശതമാനം മത്സ്യമേഖലയില്‍ നിന്നാണ്. മത്സ്യമേഖലയിലെ എല്ലാ കേന്ദ്ര പദ്ധതികളും ‘നീല വിപ്ലവം: ഫിഷറീസ് വികസനം, മാനേജ്‌മെന്റ’ എന്നതിന്റെ കീഴിലാക്കിയിരിക്കയാണ്. ആഴക്കടല്‍ മത്സ്യബന്ധനം, മാരികള്‍ച്ചര്‍, അക്വാകള്‍ച്ചര്‍, മറൈന്‍ ഫിഷറീസ്, ഉള്‍നാടന്‍ മത്സ്യമേഖല എന്നിവയ്ക്കായി ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിഷറീസ് വികസന ബോര്‍ഡിന്റെ കീഴില്‍ അഞ്ചുവര്‍ഷത്തേക്ക് 3,000 കോടി രൂപയുടെ നീല വിപ്ലവ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇതോടൊപ്പം 7,533.48 കോടിയുടെ ഫിഷറീസ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ടും രൂപവത്കരിച്ചിരുന്നു.
കടലിലേയും ഉള്‍നാടന്‍ ജലാശയങ്ങളിലെയും മത്സ്യസമ്പത്തിന്റെ സംരക്ഷണവും വികസനവും വിനിയോഗവും പരിസ്ഥിതി സൗഹൃദപരമായി നടപ്പിലാക്കി മത്സ്യോത്പാദനം വര്‍ധിപ്പിക്കുക, മത്സ്യകൃഷിയില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, മൂല്യവര്‍ധന നടത്തി വിളവിന് പരമാവധി വില ലഭ്യമാക്കുക, മത്സ്യകര്‍ഷകരുടെ ആളോഹരി വരുമാനം ഇരട്ടിയാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരളം പുതിയൊരു മത്സ്യനയം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് സമുദ്രോല്പന്ന രംഗത്ത് ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് ബംഗാള്‍, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവയ്ക്കു പിന്നിലായി നാലാം സ്ഥാനത്താണ്. തീരപ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ഘടനയിലെ മാറ്റങ്ങള്‍, മത്സ്യലഭ്യതയിലെ ശോഷണം, ഇടനിലക്കാരുടെ ചൂഷണം, പ്രതികൂല കാലാവസ്ഥ മൂലം നഷ്ടമാകുന്ന തൊഴില്‍ദിനങ്ങള്‍, ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധനച്ചെലവ് തുടങ്ങി പല ഘടകങ്ങളും പ്രതിസന്ധിക്കു കാരണമാണ്. തീരദേശ ജനങ്ങളുടെ ജീവല്‍പ്രധാനമായ പ്രശ്‌നങ്ങളോട് അധികാരിവര്‍ഗവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കാട്ടുന്ന അവഗണനയും അനീതിയുമാണ് അടിസ്ഥാനപരമായ പ്രശ്‌നം.
പ്രളയത്തില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്കായി കടാശ്വാസ പദ്ധതിയും പുനരധിവാസ പാക്കേജും നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ നിയന്ത്രണങ്ങളും മറ്റും മറികടക്കാന്‍ ബദ്ധപ്പാടു കൂട്ടിയവര്‍ ഓഖി ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബാങ്കുവായ്പയും കടബാധ്യതകളും എഴുതിതള്ളാനോ മൊറട്ടോറിയം പ്രഖ്യാപിക്കാനോ അടിയന്തര പുനരധിവാസ നടപടികള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് ആവശ്യമായ വിഹിതം വിട്ടുനല്‍കാനോ തിടുക്കമൊന്നും കാട്ടിയില്ല. പ്രളയകാലത്ത് വെള്ളപ്പൊക്കത്തില്‍ മുങ്ങിയ നഗരവാസികളെയും നിരാലംബരായ ആയിരകണക്കിന് ഗ്രാമവാസികളെയും രക്ഷിക്കാന്‍ കടല്‍വള്ളങ്ങളുമായി സ്വയം ഇറങ്ങിയ മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ തീര്‍ക്കാനുള്ള നഷ്ടപരിഹാരം പോലും കൊടുത്തുതീര്‍ക്കാന്‍ എത്ര അമാന്തമായിരുന്നു!
പരമ്പരാഗത മീന്‍പിടുത്ത വള്ളങ്ങളുടെ ഔട്ട്‌ബോര്‍ഡ് എന്‍ജിന് ആവശ്യമായ മണ്ണെണ്ണ ഇപ്പോള്‍ കരിഞ്ചന്തയിലല്ലാതെ കിട്ടാനില്ല. കേരളത്തിനുള്ള മണ്ണെണ്ണ ക്വോട്ട കേന്ദ്രം വെട്ടിക്കുറച്ചിരിക്കയാണ്. വൈദ്യുതിയും പാചകവാതകവും ഇല്ലാത്ത കുടുംബങ്ങള്‍ക്കു മാത്രം പൊതുവിതരണ ശൃംഖല വഴി മണ്ണെണ്ണ വിഹിതം പരിമിതപ്പെടുത്തി വിതരണം ചെയ്യണമെന്നാണ് കേന്ദ്ര നയം. മത്സ്യമേഖലയ്ക്കു പ്രത്യേകമായി മണ്ണെണ്ണ ക്വോട്ട ലഭ്യമാക്കാന്‍ സം്സ്ഥാനം നടപടി കൈക്കൊള്ളുന്നുമില്ല. ഓരോ വള്ളത്തിനും മാസം തോറും 450 ലിറ്റര്‍ മണ്ണെണ്ണ സബ്‌സിഡി നിരക്കില്‍ ഉറപ്പുനല്‍കി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വിതരണം ചെയ്തതാണ് ഇവിടെ തീരത്തുള്ള 25,000 ഔട്ട്‌ബോര്‍ഡ് എന്‍ജിനുകള്‍. ഇന്‍ബോര്‍ഡ് വള്ളങ്ങളെയും ഗില്‍നെറ്റ്, പഴ്‌സീന്‍, ട്രോളര്‍ ബോട്ടുകളെയും ആഴക്കടല്‍ യാനങ്ങളെയും ഡീസല്‍ വിലക്കയറ്റം ഗുരുതരമായി ബാധിക്കും. ട്രോളിംഗ് നിരോധനം കഴിഞ്ഞ് കേരള തീരത്ത് ഫിഷിംഗ് ബോട്ടുകള്‍ ഈ മാസാവസാനം കടലിലിറങ്ങേണ്ടതാണ്. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ റോഡ്-അടിസ്ഥാനസൗകര്യവികസന സെസ് വര്‍ധനയില്‍ നിന്നെങ്കിലും നീല വിപ്ലവത്തിന്റെ ഭാഗമായ ബോട്ടുകളെയും വള്ളങ്ങളെയും ഒഴിവാക്കേണ്ടതല്ലേ? കടലില്‍ പോകുന്ന ബോട്ടുകളില്‍ നിന്ന് റോഡ് സെസ് ഈടാക്കുന്നത് എന്തു ന്യായം!


Related Articles

പെണ്‍വാഴ്ചയുടെ സുകൃതങ്ങള്‍

  താരുണ്യവും ശ്രീത്വവും അധികാര രാഷ്ട്രീയത്തിന് സവിശേഷ മുഖശോഭയും ചാരുതയും ചാര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കേരള തലസ്ഥാനനഗരിയില്‍ ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന്‍ അധികാരമേല്‍ക്കുന്നതും, തിരഞ്ഞെടുപ്പിന്

കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങി ആദ്യ പരീക്ഷണം ജനിഫർ ഹാലർ എന്ന അമേരിക്കൻ വനിതയിൽ

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസിനെതിരായ വാക്‌സിന്‍ അമേരിക്കയില്‍ മനുഷ്യരില്‍ പരീക്ഷിച്ചു. കഴിഞ്ഞ 16നാണ് ആദ്യപരീക്ഷണം നടന്നത്. 18 വയസിനും 55 വയസിനും ഇടയ്ക്ക് പ്രായമുള്ള ആരോഗ്യവാന്മാരായ 45

ദുരന്ത ലഘൂകരണ പരിശീലന പരിപാടി ആരംഭിച്ചു

ആലപ്പുഴ: കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നവജീവന്‍ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും എഫ്ഡിഎ യുടെയും സംയുക്ത സഹകരണത്തോടെ ആലപ്പുഴ രൂപതാ സൊസൈറ്റിയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*