നുണയുടെ കെണിയും കാണാക്കിനാക്കളും

by admin | October 12, 2021 6:03 am

വക്രബുദ്ധി കൊണ്ട് ജീവിക്കുന്ന പരാന്നഭോജികള്‍ (parasites) ലോകത്തെങ്ങുമു
ണ്ട്. എങ്കിലും മോന്‍സണ്‍ മാവുങ്കല്‍ എല്ലാരെയും അതിശയിപ്പിച്ചു. വമ്പന്‍മാരെ അനായാസം വീഴ്ത്തിയ അയാളുടെ നാവിനെ ചിലര്‍ വാഴ്ത്തുന്നു. ആന്റിസോഷ്യല്‍ വ്യക്തിത്വത്തിന്റെ പാഠപുസ്തകമെന്ന് ചിലര്‍ അയാളുടെ സ്വഭാവം വിശകലനം ചെയ്യുന്നു. അയാള്‍ക്ക് കിട്ടുന്ന അമിതശ്രദ്ധ (limelight) തട്ടിപ്പിന് പ്രോത്സാഹനമാകുമെന്ന് മറ്റുചിലര്‍ സന്ദേഹപ്പെടുന്നു; ഫ്രോഡിസം വളരാന്‍ വളക്കൂറുള്ള മണ്ണാണോ കേരളം എന്ന വിശകലനത്തിലേക്ക് തിരിയുന്നു. പോലീസുകാരോടുള്ള അയാളുടെ മറുചോദ്യം ശ്രദ്ധേയമല്ലേ – ഞാന്‍ പറയുന്നതൊക്കെ ആളുകള്‍ വിശ്വസിക്കുന്നത് എന്റെ കുറ്റമാണോ? നുണ പറയുന്നതാണ് കുറ്റമെങ്കില്‍, എന്താ നിങ്ങള്‍ ചില രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്യാത്തത്? ഇത്തരം ഭൂലോക തട്ടിപ്പുകളൊക്കെ വിശ്വസിക്കാനുള്ള മലയാളിയുടെ മനസ്സൊരുക്കം കൂടുതല്‍ ഗൗരവമുള്ള പ്രശ്‌നം അല്ലേ?

വിദേശികള്‍ നമ്മുടെ രാജാക്കന്മാരുടെയും ജന്മികളുടെയും പൊങ്ങച്ചവും ബുദ്ധിശൂന്യതയും തിരിച്ചറിഞ്ഞ് പാരിതോഷികങ്ങള്‍ നല്‍കി അവരെ വശത്താക്കി നാട് മുടിച്ച കഥകള്‍ നമ്മുടെ ഓര്‍ക്കാന്‍കൊള്ളാത്ത പൈതൃകമാണല്ലോ. ഇത്തരം പഴമക്കാരുടെ പിന്മുറക്കാരല്ലേ ഇന്ന് പഴക്കം ചെന്നവയെത്തേടി പണമെറിഞ്ഞു പൂട്ടിലാകുന്നതും തട്ടിപ്പുകാര്‍ക്ക് പാറാവൊരുക്കി പെട്ടുപോകുന്നതും. എങ്ങനെയും കാശുണ്ടാക്കണം, എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന മനോഭാവമുള്ളവരും ഇത്തരം കെണിയില്‍പ്പെടുന്നു.

മോഹവലയങ്ങള്‍
ഒരിക്കല്‍ ഒരു സുഹൃത്ത് പങ്കുവെച്ചതാണ്. ഇറ്റലിയില്‍ നിന്ന് ഒരാള്‍ ചില പരിചയങ്ങള്‍ വഴി സൗഹൃദം തുടങ്ങുന്നു. തികച്ചും ഊഷ്മളമായ ഓണ്‍ലൈന്‍ സൗഹൃദം. ഒരു വര്‍ഷം നീണ്ടപ്പോള്‍, പിറന്നാളിന് ഇറ്റലിയില്‍ നിന്ന് അയാള്‍ സുഹൃത്തിന് ഒരു ഗിഫ്റ്റ് അയക്കുന്നു. അയക്കും മുന്‍പ്, ഗിഫ്റ്റ്-ബോക്‌സിന്റെ ചിത്രവും അകത്തുള്ള വിലയേറിയ സമ്മാനങ്ങളുടെ വിവരങ്ങളും മേല്‍വിലാസം തെറ്റിയിട്ടില്ലെന്ന് ഉറപ്പാക്കുന്ന ചിത്രവും email ചെയ്യുന്നു. സുഹൃത്ത്, ആകാംഷയോടെ കാത്തിരിക്കവേ, രണ്ടുദിവസം കഴിഞ്ഞ്, അയാള്‍ കോണ്‍ടാക്ട് ചെയ്യുന്നു. നാട്ടിലെ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറന്‍സിന് അപ്രതീക്ഷിതമായ തടസം വന്നതില്‍ ക്ഷമ ചോദിച്ച്, ക്ലിയറന്‍സിനായി നിശ്ചിത തുക അടക്കാനുള്ള വിവരങ്ങളും നല്‍കുന്നു. ഇത്തരം മോഹവലയില്‍ നിരവധിപേര്‍ വീഴുന്നതുകൊണ്ടായിരിക്കില്ലേ തട്ടിപ്പുകാര്‍ കൂടുതല്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നത്?

ഒരര്‍ത്ഥത്തില്‍ നമ്മളെല്ലാം പലവിധത്തില്‍ കബളിക്കപ്പെടുന്നവരാണ്. ചവിട്ടിപ്പരത്തിയ ചപ്പാത്തിയും ചത്ത കോഴിയുടെ പൊരിച്ച മാംസവും നല്ല വിലകൊടുത്ത് നമ്മള്‍ വാങ്ങി തിന്നുന്നില്ലേ? ഫാര്‍മാ കോര്‍പറേറ്റുകളുടെ കണക്കുകൂട്ടല്‍ അനുസരിച്ച് നമ്മുടെ ശരീരത്തെ മരുന്നുകള്‍ക്ക് ക്രമാനുഗതം വിധേയപ്പെടാന്‍ വിട്ടുകൊടുക്കുന്നില്ലേ? പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്ക് കമ്പനികളുടെ കൊള്ളലാഭത്തിനും പുറമേ വിലയുടെ ഇരട്ടിയിലധികം വരുന്ന നികുതിയും പ്രതികരിക്കാനാവാതെ നമ്മള്‍ കൊടുക്കുന്നില്ലേ? നിയമവിരുദ്ധ ലഹരിവസ്തുക്കള്‍ കൗമാരത്തില്‍ പകുതിയിലധികം കുട്ടികളുടെ കയ്യിലെത്തുന്നു എന്ന് വ്യക്തമാണെങ്കിലും ”എന്റെ കുട്ടി അതൊന്നും ചെയ്യില്ല” എന്ന മിഥ്യാ വിശ്വാസത്തില്‍ കാര്യമായ പ്രതിരോധമൊന്നും തീര്‍ക്കാതെ നമ്മുടെ കുട്ടികളെ ലഹരിച്ചന്തയ്ക്ക് വിട്ടുകൊടുക്കുന്നില്ലേ? തട്ടിപ്പുകളുടെ ലിസ്റ്റിന് വലിയ നീളമാണ്.

നമ്മുടെ ലോകം ഇന്ന് കൂടുതല്‍ aspirational ആണ്. ഒരു പ്ലസ് ടു വിദ്യാര്‍ഥി പറഞ്ഞു: ”I want to become world’s richest man.” അതിലേക്കുള്ള അവന്റെ ബിസിനസ് പ്ലാനുകളും പറഞ്ഞു. തനിക്ക് ആവശ്യമില്ലാത്ത എന്തൊക്കെയാണ് പുതുതായി വന്നിട്ടുള്ളതെന്ന് നോക്കാന്‍ ദിവസവും ചന്തയില്‍ പോകുന്ന സന്ന്യാസിയുടെ കഥയ്ക്ക് ഇന്ന് മാര്‍ക്കറ്റില്ല. ഓടുന്നത്രയും ഇടം സ്വന്തമാക്കാം എന്ന രാജാവിന്റെ വാക്കുകേട്ട് ഒരാള്‍ പകല്‍ മുഴുവന്‍ ഓടിയിട്ട് തിരികെയെത്തുംവഴി മരിച്ചുവീണ കഥയും, മറ്റൊരാള്‍ ഗുഹയ്ക്കുള്ളില്‍ നിന്ന് ആവോളം രത്‌നങ്ങള്‍ വാരിയെടുത്തിട്ട് തിരികെ വന്നപ്പോഴേക്കും ഗുഹാമുഖം എന്നേക്കുമായി അടഞ്ഞുപോയ കഥയും വെറും മുത്തശ്ശികഥകള്‍ മാത്രം.

ജീവിതലാളിത്യം അഭികാമ്യം

അത്യാഗ്രഹവും (greed) വിജയിക്കാനുള്ള അഭിനിവേശവും (aspiration) തമ്മില്‍ വേര്‍തിരിക്കുന്നത് ഒരു നേര്‍ത്ത വരയാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ കഴിയുന്ന ജീവിതലാളിത്യം അഭികാമ്യമാണ്. ഉയരാന്‍ പരിശ്രമിക്കുന്നവന്റെ തളരാത്ത അഭിനിവേശം കൂടുതല്‍ അഭികാമ്യമാണ്. എന്നാല്‍, സ്വപ്‌നങ്ങളില്ലാത്ത സംതൃപ്തിയും, തൃപ്തിയില്ലാത്ത അഭിനിവേശവും പ്രശ്‌നമാണ്. സ്വപ്‌നങ്ങളില്ലാത്ത തൃപ്തിയുടെ ചെറിയ ലോകത്ത് ജീവിക്കുന്നവരും ഉണ്ട്, പിന്നാക്ക സമുദായങ്ങളില്‍ പ്രത്യേകിച്ചും. താരതമ്യം ചെയ്യാന്‍ മറ്റുള്ളവരില്‍നിന്ന് വലിയ അന്തരം ഇല്ലാത്തതുകൊണ്ടായിരിക്കാമത്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍, പിന്നിലായിപ്പോയി എന്ന തോന്നലാണ് ചിലരില്‍ ”എങ്ങനെയും പണമുണ്ടാക്കണം, രക്ഷപ്പെടണം” എന്ന ചിന്തയുണ്ടാക്കുന്നത്.

പെട്ടെന്നുള്ള വളര്‍ച്ച യുവതയുടെ സ്വപ്‌നമാണ്. ചിലര്‍ എത്ര പെട്ടെന്നാണ് ഉയര്‍ന്നത് എന്നു കാണുമ്പോള്‍, അതുപോലെ പെട്ടെന്ന് ”രക്ഷപ്പെടാനുള്ള” ആഗ്രഹം സ്വാഭാവികമാണ്. പക്ഷേ, ക്ഷമയോടും സ്ഥിരോത്സാഹത്തോടുമുള്ള പരിശ്രമത്തിനു പകരം അധ്വാനമില്ലാത്ത കുറുക്കുവഴികള്‍ തേടുന്നവര്‍ തട്ടിപ്പുകാരുടെ വക്രബുദ്ധിയില്‍ വീണുപോയേക്കാം. എല്ലാം എളുപ്പത്തില്‍ നേടാനും ബുദ്ധിമുട്ടാതെ ഇഷ്ടങ്ങളെല്ലാം സാധിക്കാനും പരിചയിച്ച കുട്ടികള്‍, വലുതാകുമ്പോള്‍ അധ്വാനിക്കാതെ ഉയരാനുള്ള കുറുക്കുവഴികള്‍ തേടുന്നത് സ്വാഭാവികം. അധ്വാനിച്ച് നേടുന്നതിന്റെ സംതൃപ്തി നമ്മുടെ കുട്ടികള്‍ അറിഞ്ഞിട്ടില്ലെങ്കില്‍, എല്ലാം വെറുതെ കിട്ടണം എന്നാണ് അവര്‍ ശീലിച്ചിട്ടുള്ളതെങ്കില്‍, അവര്‍ തട്ടിപ്പുകാര്‍ക്ക് എളുപ്പം വീഴ്ത്താവുന്ന ഇരകളായേക്കാം.

മെഗളോമാനിയ (megalo-mania) എന്ന് കേട്ടിട്ടില്ലേ? അതായത്, സ്വന്തം വലിപ്പം ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ച് കാണിക്കാനുള്ള ശ്രമം. ആളു കൂടുമ്പോള്‍ പീലിവിടര്‍ത്തി ചലിപ്പിച്ച് ശ്രദ്ധയാകര്‍ഷിക്കുന്ന മയിലിന്റെ മനസ്സുള്ളവര്‍ക്ക് ചില മോന്‍സണ്‍മാരില്‍ നിന്ന് എട്ടിന്റെ പണി കിട്ടുന്നത് സ്വാഭാവികം. ”അമൂല്യ” പുരാവസ്തുക്കള്‍ വലിയ വില കൊടുത്ത് സ്വന്തമാക്കാന്‍ തയ്യാറുള്ള പൊങ്ങച്ചക്കാരെ തട്ടിപ്പുകാരന്‍ ലക്ഷ്യമിട്ടത്, അത്തരക്കാര്‍ ധാരാളമുണ്ട് എന്നറിയാവുന്നതുകൊണ്ടായിരിക്കുമല്ലോ. ചിലപ്പോള്‍ സത്യമില്ലാത്ത പണം ഇത്തരം പൊങ്ങച്ചത്തിന് ഉപയോഗിക്കുന്നവര്‍ക്ക്, പെട്ടുപോകുമ്പോള്‍ വാപൂട്ടി ഇരിക്കാനല്ലേ പറ്റൂ!

മോന്‍സന്റെ മറുരൂപം

ഏഷ്യാനെറ്റിലെ ഒരു വാര്‍ത്ത കണ്ടു. ഇരുപതു മിനിറ്റ് വാര്‍ത്ത. തലക്കെട്ട് ‘മോന്‍സന്റെ അധോലോകം.’ അവതരണം ഒരു സിനിമ കാണുന്ന രീതിയില്‍ കൗതുകകരം. അയാളെ അനുകരിക്കാന്‍ ചിലര്‍ക്കത് പ്രേരണയാകാം. വാര്‍ത്തയുടെ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍ ഒരവലോകനത്തിന് പ്രേരിപ്പിക്കുന്നു. അഭിപ്രായങ്ങളില്‍ അധികവും അയാളുടെ കഴിവിനെ വാഴ്ത്തുന്നു. ആകര്‍ഷകമായ വ്യക്തിപാടവത്തിനു പിന്നിലെ ആന്റിസോഷ്യല്‍ (antisocial) സ്വഭാവം തിരിച്ചറിയുക എളുപ്പമല്ല എന്നതിന്റെ ഉദാഹരണമാണ് ഇത്തരം പൊതുജനാഭിപ്രായങ്ങള്‍.

സാമൂഹ്യ വിരുദ്ധന്‍ (sociopath) എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിത്രം മദ്യപിച്ചുവന്ന് അസഭ്യം പറയുന്ന, മുണ്ടില്‍ തിരുകിയ കത്തി ഊരിക്കാട്ടി ഭയപ്പെടുത്തുന്ന ആളുടെ രൂപമാണോ? എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ആന്റിസോഷ്യല്‍ സ്വഭാവമുള്ളവര്‍ പൊതുവെ സരസമായി സംസാരിക്കുന്നവരാകാം. അവര്‍ അറിവും വാക്ചാതുര്യവും കൊണ്ട് നമ്മെ ആകര്‍ഷിച്ചേക്കാം, ഉപദേശങ്ങളും സഹായവാഗ്ദാനങ്ങളും നല്‍കിയേക്കാം, ആദരണീയ വ്യക്തിത്വമെന്നു തോന്നിപ്പോകും. വളരെ ലാഘവത്തോടെ താന്‍ ഒരു വലിയ സംഭവമാണെന്ന തോന്നലുണ്ടാക്കാനും ചിലര്‍ക്ക് കഴിയുന്നു. ഒരിക്കല്‍ മോന്‍സന്റെ ബന്ധു കയ്യിലെ മുറിപ്പാടു കണ്ട് എന്തുപറ്റിയതാണെന്ന് ചോദിച്ചപ്പോള്‍ ദാവൂദ് ഇബ്രാഹിമിന്റെ വെടി കൊണ്ടതാണെന്ന് തെല്ലും കൂസാതെ പറഞ്ഞുവത്രേ.

അടുത്തിടപെടുന്ന ചിലര്‍ മാത്രം അയാളുടെ മറുരൂപം അറിഞ്ഞേക്കാം. മോന്‍സനെ വ്യക്തിപരമായി അറിയാവുന്ന ഈ ബന്ധു മറ്റൊരു ചാനലില്‍ പങ്കുവെച്ചത് അയാളുടെ മറുരൂപമാണ്. നിരന്തരമായി മറ്റുള്ളവരുടെ അവകാശങ്ങളും വികാരങ്ങളും അവഗണിക്കുക, കഠിനമായും നിസ്സംഗതയോടും പെരുമാറുക, തെറ്റിനെക്കുറിച്ച് കുറ്റബോധമോ പശ്ചാത്താപമോ കാണിക്കാതിരിക്കുക, അസത്യം പറയുന്നതും നിയമങ്ങള്‍ ലംഘിക്കുന്നതും ലാഘവത്തോടെ ആവര്‍ത്തിക്കുക, സ്വന്തം താത്പര്യത്തിനപ്പുറത്ത് ആരോടും ദയയും കരുതലും ഇല്ലാതിരിക്കുക, സ്വന്തം അഭിപ്രായത്തെ മാത്രം മുറുകെപ്പിടിക്കുക, മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാകുന്ന റിസ്‌കുകള്‍ മടിയില്ലാതെ എടുക്കുക, ആഴമുള്ള സ്‌നേഹബന്ധം വളര്‍ത്താനും നിലനിര്‍ത്താനും കഴിയാതിരിക്കുക തുടങ്ങിയ ആന്റിസോഷ്യല്‍ വ്യക്തിത്വത്തിന്റെ ലക്ഷണങ്ങള്‍ ഇവരെ അടുത്തറിയാത്തവര്‍ ശ്രദ്ധിക്കാനിടയില്ല.

സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയാന്‍ എളുപ്പമല്ല. എന്നാല്‍, മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ചിലതു കണ്ടാലുടന്‍ സോഷ്യോപതി (sociopathy) ആണെന്ന് വിലയിരുത്തുന്നതും അബദ്ധമാണ്. ആന്റിസോഷ്യല്‍ സ്വഭാവമുള്ളവര്‍ സ്വന്തം പ്രശ്‌നം മനസിലാക്കി അംഗീകരിക്കാനും തിരുത്താനും തീരെ സാധ്യതയില്ല. വിവാഹജീവിതത്തിലെയും കുടുംബത്തിലെയും പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ഫാമിലി തെറാപ്പി പ്ലാന്‍ ചെയ്താല്‍ അവര്‍ സഹകരിച്ചേക്കാം. അതിന്റെ ഭാഗമായി അവരെ diagnose ചെയ്യാനുംകുറേയെങ്കിലും അവരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കാനും കഴിഞ്ഞേക്കാം.

അപ്പനെ കൊന്നവരോട് പകരം ചോദിക്കുമെന്ന് കുട്ടികള്‍ പറഞ്ഞപ്പോള്‍ റീത്ത പുണ്യവതി അവര്‍ വിദ്വേഷത്തില്‍ വളരുന്നതിനെക്കാള്‍ മരിക്കുന്നതാണ് നല്ലതെന്ന് പ്രാര്‍ത്ഥിച്ചു. കുട്ടിക്ക് അപ്പനോടുണ്ടായ വൈരാഗ്യം ഒരു ഹിറ്റ്‌ലറെ വളര്‍ത്തിയെന്നതിന് ചരിത്രം സാക്ഷി. സ്വഭാവരൂപീകരണത്തിന്റെ ചില ഘട്ടങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് സാമൂഹ്യ വിരുദ്ധ സ്വഭാവത്തിന്റെ വിത്ത് പാകുന്നത്.

ഒക്ടോബര്‍ 10 ലോക മാനസിക ആരോഗ്യ ദിനമാണ്. നന്മ നിറഞ്ഞ ഉല്ലാസപൂര്‍ണ്ണമായ കുടുംബ പരിസരവും, സ്‌നേഹവും ശിക്ഷണവും നല്ല അനുപാതത്തില്‍ ഇഴചേരുന്ന പേരെന്റിങ്ങും നമ്മുടെ കുടുംബങ്ങളില്‍ ഉത്തരവാദിത്തവും മാനസികാരോഗ്യവുമുള്ള പൗരന്മാരെ വളര്‍ത്തട്ടെ. ആശംസകള്‍!

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%a8%e0%b5%81%e0%b4%a3%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%86%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf/