നെയ്യാറ്റിന്‍കരയുടെ ഇടയന്‍ സപ്തതിയുടെ നിറവില്‍

നെയ്യാറ്റിന്‍കരയുടെ ഇടയന്‍ സപ്തതിയുടെ നിറവില്‍

‘ആദ് ആബ്സിയൂസ് പ്രൊവഹേന്തും’ [Ad Aptius Provehendum] (ദക്ഷിണേന്ത്യയില്‍ സുവിശേഷവത്കരണം ത്വരിതപ്പെടുത്തുന്നതിന്) – ഇതായിരുന്നു 1996-ല്‍ നെയ്യാറ്റിന്‍കര രൂപത രൂപീകരിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പുറത്തിറക്കിയ തിരുവെഴുത്തിന്റെ പേര്. ഈ സുവിശേഷവത്കരണം ത്വരിതപ്പെടുത്താന്‍ ദൈവം തിരഞ്ഞെടുത്തത് വിന്‍സെന്റ് സാമുവല്‍ എന്ന ആറയൂരുകാരനായ ഒരു വൈദികനെ ആയിരുന്നു.
‘വിന്‍സെന്റ്’ എന്ന പേര് കേള്‍ക്കുമ്പോള്‍തന്നെ ഓര്‍മ്മവരുന്നത് കത്തോലിക്കാസഭയിലെ എല്ലാ ഉപവിപ്രവര്‍ത്തനങ്ങളുടെയും മധ്യസ്ഥനായ വിശുദ്ധ വിന്‍സെന്റിനെയാണ്. ദരിദ്രരോടും അനാഥരോടും വിധവകളോടും ദുഃഖിതരോടും ഏറ്റവും അനുഭാവവും കാരുണ്യവും പുലര്‍ത്തിയ മഹാവിശുദ്ധന്‍. ‘സാമുവല്‍’ ഒരു പഴയനിയമ ബിബ്ലിക്കല്‍ പേരാണ്. ദൈവം നേരിട്ട് വിളിച്ച് വേര്‍തിരിച്ച ദൈവത്തിന്റെ പ്രവാചകന്റെ പേരാണ് സാമുവല്‍. ബാലന്‍ ആയിരുന്നപ്പോള്‍ തന്നെ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടവന്‍. 1,497 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഒന്നരലക്ഷം ലത്തീന്‍ കത്തോലിക്കരുടെ ആത്മീയ പിതാവായി ദൈവം വിന്‍സെന്റ് സാമുവല്‍ എന്ന പുരോഹിതനെ തിരഞ്ഞെടുക്കുമ്പോള്‍ ഈ വൈദികനില്‍ ദൈവം കണ്ടതും വിശുദ്ധ വിന്‍സെന്റിന്റെ ഉപവിയും സാമുവലിന്റെ പ്രവാചക ധീരതയുമാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെയാണ് കത്തോലിക്കരുടെയും അകത്തോലിക്കരുടെയും, ക്രൈസ്തവരുടെയും അക്രൈസ്തവരുടെയും, നാനാജാതി മതസ്ഥരുടെയും ഇടയില്‍ വിന്‍സെന്റ് പിതാവ് എന്ന ലളിതമായ, സ്നേഹപൂര്‍ണമായ പേരില്‍ അദ്ദേഹം അറിയപ്പെടുന്നത്.

ആത്മീയ, സാമൂഹിക, സാമ്പത്തിക മണ്ഡലങ്ങളില്‍ വലിയൊരു മാറ്റം ആഗ്രഹിച്ചിരുന്ന സാധാരണക്കാരായ ജനങ്ങളുടെ ആത്മീയ നേതാവായി തീരുവാന്‍ ദൈവം ആറയൂര്‍ ഇടവകയിലെ സാമുവല്‍-റോസമ്മ ദമ്പതികളുടെ ആറു മക്കളില്‍ മൂന്നാമത്തെ മകനെ തെരഞ്ഞെടുത്തു. വിന്‍സെന്റ് സാമുവല്‍ എന്ന ബാലന്‍ പ്രാഥമിക വിദ്യാഭ്യാസം ആറയൂരിലും വ്ളാത്താങ്കരയിലുമായി പൂര്‍ത്തിയാക്കി തിരുവനന്തപുരം മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ചു. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കി 1975-ല്‍ പീറ്റര്‍ ബെര്‍ണാഡ് പെരേര പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

ഇന്ന് വിന്‍സെന്റ് പിതാവിനോട് ഇടപെടുന്നവരെല്ലാം അദ്ദേഹത്തിന്റെ സൗമ്യതയും മൃദുവായ സംസാരവും എല്ലാവരോടും ഇടപഴകാനുള്ള താല്‍പര്യവും മനുഷ്യത്വപരമായ സമീപനവും എടുത്തുപറയാറുണ്ട്. ഒരു ഇടയന്റെ ഈ ഗുണങ്ങളെല്ലാം അദ്ദേഹം സ്വായത്തമാക്കിയത് യുവവൈദികനായിരുന്നപ്പോഴുള്ള ഇടവക അജപാലന മേഖലയില്‍ നിന്നാണെന്ന കാര്യം ഉറപ്പാണ്. പഠനത്തില്‍ മിടുക്കനായിരുന്ന യുവ വൈദികനെ റോമിലേക്ക് ഉപരിപഠനത്തിനയക്കുമ്പോള്‍ മേലധികാരികള്‍ക്കുണ്ടായിരുന്ന കണക്കുകൂട്ടലുകള്‍ ഒരിക്കലും പിഴച്ചില്ലെന്ന് ചരിത്രം തെളിയിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോഗ്മാറ്റിക് തിയോളജിയില്‍ ഏറ്റവും ഉന്നതവിജയമായ ‘സുമ്മ കും ലൗദേ’ കരസ്ഥമാക്കികൊണ്ടാണ് അദ്ദേഹം മാതൃരൂപതയിലേക്ക് മടങ്ങിയത്. റോമിലെ പഠനവും യൂറോപ്യന്‍ ഭാഷകളിലെ പ്രാവീണ്യവും, യൂറോപ്യന്‍ രാജ്യങ്ങളെയും വ്യക്തികളെയും സംഘടനകളെയും കുറിച്ചുള്ള അറിവും ഇന്ന് നെയ്യാറ്റിന്‍കര രൂപതയുടെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുന്നു.

ഉപരിപഠനത്തിനു ശേഷം ആലുവ സെമിനാരിയില്‍ വൈദികവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനും പഠിപ്പിക്കാനുമായി സഭ അദ്ദേഹത്തെ നിയോഗിച്ചു. എല്ലാ നിയോഗങ്ങളുടെയും പൂര്‍ത്തീകരണമെന്നോണം 1996 നവംബര്‍ ഒന്നിന് ഭാരതസഭയുടെ ചരിത്രത്താളുകളില്‍ ഇടം നേടുന്ന രീതിയില്‍ മാതൃരൂപതയില്‍ വച്ചുതന്നെ റോമിലെ വിശ്വാസപ്രഘോഷണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോസഫ് ടോംകോയാല്‍ അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. നാനാജാതി മതസ്ഥരും സമുദായാംഗങ്ങളും വ്യത്യസ്ത സാംസ്‌കാരിക പാരമ്പര്യം പേറുന്നവരും നിറഞ്ഞ ഒരു ബഹുസ്വര മിഷന്‍ പ്രദേശത്ത് എന്തു പ്രവര്‍ത്തനശൈലിയാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹത്തിന് വ്യക്തത ഉണ്ടായിരുന്നു. എല്ലാവരെയും സേവിക്കുകയും, സേവനത്തിലൂടെ അവരെ രക്ഷിക്കുകയുമാണ് തന്റെ ആത്മീയ ദൗത്യമെന്ന് മനസിലാക്കിയ പുതിയ ഇടയന്‍ ‘സേവിക്കുക-രക്ഷിക്കുക’ എന്ന ആപ്തവാക്യം തന്റെ അപ്പസ്തോലിക മുദ്രയില്‍ സ്വീകരിച്ചു.

ചരിത്രത്തിന്റെ വലിയൊരു അധ്യായം ഇവിടെ ആരംഭിക്കുന്നതേയുള്ളൂ. വിശ്വാസികളുടെ ആത്മരക്ഷയാണ് തന്റെ പ്രഥമ കര്‍ത്തവ്യമെന്ന് മനസിലാക്കിയ ബിഷപ് ആധ്യാത്മികവും കൗദാശികവുമായ ജീവിതത്തിന് പ്രഥമ സ്ഥാനം നല്‍കി. എന്നാല്‍ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയെ ഒരിക്കലും അവഗണിച്ചതുമില്ല. ഒരു വാടകവീട് മെത്രാസന മന്ദിരമാക്കി ദൗത്യം ആരംഭിച്ച ബിഷപ് സെമിനാരികളുടെയും പാസ്റ്ററല്‍ സെന്ററുകളുടെയും ഇടവകകളുടെയും പള്ളികളുടെയും വൈദികമന്ദിരങ്ങളുടെയും നിര്‍മ്മാണത്തിനു ശേഷം രണ്ടു വര്‍ഷം മുന്‍പ് രൂപതാ സിരാകേന്ദ്രമായ പുതിയ മെത്രാസനമന്ദിരവും ആശീര്‍വദിച്ചു.

രൂപതയിലെ വ്യത്യസ്ത സാമൂഹിക, വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പിന്തുണയ്ക്കുകയും നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ ഭാവിയില്‍ രൂപതയ്ക്കു ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ ബാധ്യതയുണ്ടാക്കാന്‍ സാധ്യതയുള്ള ആശയങ്ങളെ ദീര്‍ഘവീക്ഷണത്തോടുകൂടി കൈകാര്യം ചെയ്യാനുള്ള ആര്‍ജ്ജവം പിതാവ് കാണിക്കാറുണ്ട്. തത്വശാസ്ത്രത്തില്‍ ഇതിനെ ഢശമ ചലഴമശേ്മ (ചലഴമശേ്‌ല ണമ്യ) എന്നാണ് പറയുന്നത്. ചെയ്യുന്ന കാര്യങ്ങളില്‍ കഴിയുന്നതും തെറ്റുകളും കുറവുകളും ഒഴിവാക്കുന്ന രീതിയാണിത്. വിശ്വപ്രസിദ്ധനായ ലിയനാര്‍ദോ ഡാവിഞ്ചി തന്റെ സൃഷ്ടികര്‍മ്മങ്ങളിലെല്ലാം ഈ സമവാക്യമാണ് ഉപയോഗിച്ചിരുന്നത്. ഒരു ശിലയില്‍ നിന്ന് ശില്പത്തിന്റെ ഭാഗമല്ലാത്തതിനെ എല്ലാം നീക്കം ചെയ്യുക. തല്‍ഫലമായി ഏറ്റവും കളങ്കമറ്റ ശില്‍പം ലഭിക്കുന്നു. രൂപതയുടെ നയരൂപീകരണ വേളകളിലെല്ലാം പിതാവ് പുലര്‍ത്തുന്ന ദീര്‍ഘവീക്ഷണവും ബുദ്ധികൂര്‍മ്മതയും ഢശമ ചലഴമശേ്മ തന്നെയാണ്. ഈ ബൗദ്ധിക നിലപാട് രൂപതയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. ഫെറോനകളുടെയും ഇടവകകളുടെയും മിഷന്‍ സ്റ്റേഷനുകളുടെയും എണ്ണം വര്‍ദ്ധിപ്പിച്ചതും, രൂപതയെ റീജിയണായി തിരിച്ചുകൊണ്ടുള്ള ഭരണസംവിധാനവും, സുസ്ഥിരമായ അടിസ്ഥാന ക്രൈസ്തവ സമൂഹവും ഇതിന് ഉദാഹരണങ്ങളാണ്. സംസ്ഥാനതലത്തിലുള്ള സഭാപ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകാനും ചുക്കാന്‍ പിടിക്കാനും ബിഷപ്പിനു സാധിക്കും എന്നതിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷത്തെ കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയും, അതിനോട് അനുബന്ധിച്ച് രൂപതാമക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന പടുകൂറ്റന്‍ റാലിയും.

തിരുഹൃദയഭക്തിയെയും ദിവ്യകാരുണ്യത്തെയും മരിയഭക്തിയെയും മുറുകെപ്പിടിച്ചുകൊണ്ട് ആഴമേറിയ ആത്മീയ ജീവിതം നയിക്കുന്ന ബിഷപ് നെയ്യാറ്റിന്‍കര രൂപതയോടും രൂപതാ മക്കളോടും രൂപതയിലെ വൈദിക
രോടും സന്യസ്തരോടും 100 ശതമാനം പ്രതിബദ്ധത പുലര്‍ത്തുമ്പോഴും; കെആര്‍എല്‍സിസിയിലും, കെസിബിസിയിലും, സിബിസിഐയിലും വിവിധ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സാര്‍വത്രിക സഭയോടുള്ള ഉത്തരവാദിത്വം അദ്ദേഹം നിറവേറ്റുന്നു. 2020 ഓഗസ്റ്റ് 10-ന് ബിഷപ്പിന് 70 വയസ് പൂര്‍ത്തിയാകുമ്പോള്‍, ഇനിയും ദീര്‍ഘകാലം തീക്ഷ്ണതയോടും ജാഗ്രതയോടും കൂടെ സഭാമക്കളെ സേവിക്കാനും രക്ഷിക്കാനും പ്രിയ പിതാവിന് ദൈവം ആയുസും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Ad Multos Annos!Related Articles

ഭിന്നശേഷിക്കാരുടെ കലാ-കായിക പരിപാടികള്‍ സംഘടിപ്പിച്ചു

കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ലയണ്‍സ് ക്ലബ് കൊടുങ്ങല്ലൂര്‍, ബിഗ് ബസ്സ്‌മെന്റ പ്ലാനര്‍ എന്നിവര്‍ സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി

പിഴല അവഗണനയുടെ തുരുത്ത്

കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതും ജീവരക്ഷാഔഷധങ്ങള്‍ ലഭിക്കാത്തതും പിഴലയിലെ പലരുടേയും ജീവനെടുത്തിട്ടുണ്ട്. ബന്ധുക്കളും നാട്ടുകാരും കണ്‍മുമ്പില്‍ വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നതിന് സാക്ഷികളായവര്‍ നിരവധി പേരാണ്. രാത്രികാലങ്ങളില്‍ രോഗിയെ

കൈരളിയുടെ സാംസ്കാരിക രംഗം ഇത്ര ശൂന്യമോ?!

ഫാ. ജോഷി മയ്യാറ്റിൽ സാംസ്‌കാരിക മേഖലയിലെ ഇന്നത്തെ പരമ ദയനീയമായ കാഴ്ച കഴുത്തില്‍ ബെല്‍റ്റു വീണ സാംസ്‌കാരിക നായകന്മാരാണ്. സമൂഹത്തെ അതിഗുരുതരമായി ബാധിക്കുന്ന പൊതുവായുള്ള വിഷയങ്ങള്‍ ബോധപൂര്‍വം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*