നെയ്യാറ്റിന്‍കര രൂപത സില്‍വര്‍ ജൂബിലിക്ക് കാഹളം മുഴങ്ങി

നെയ്യാറ്റിന്‍കര രൂപത സില്‍വര്‍ ജൂബിലിക്ക് കാഹളം മുഴങ്ങി


റവ.ഡോ. ഗ്രിഗറി ആര്‍ബി

നെയ്യാറ്റിന്‍കര രൂപതാസ്ഥാപനത്തിന്റെ 24-ാം വാര്‍ഷികവും രൂപതാധ്യക്ഷനായ ഡോ. വിന്‍സെന്റ് സാമുവേലിന്റെ മെത്രാഭിഷേകത്തിന്റെ 24-ാം വാര്‍ഷികവും സമുചിതം ആഘോഷിച്ചു. രൂപതാ സ്ഥാപന ദിനമായ നവംബര്‍ 1 നു നെടുമങ്ങാടുള്ള നവജ്യോതിസ്സ് പാസ്റ്ററല്‍ സെന്ററില്‍ നടന്ന ആഘോഷവേളയില്‍ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്കു ഡോ. വിന്‍സെന്റ് സാമുവല്‍തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. ആഘോഷവേളയില്‍ രൂപതയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന 40-ഓളം വരുന്ന വൈദിക, സന്യസ്ത അല്മായ പ്രതിനിധികള്‍ പങ്കെടുത്തു.

ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1996 ജൂണ്‍ മാസം 14-ാം തിയതി ‘Ad Apitus prov-ehandum’ എന്ന അപ്പസ്‌തോലിക ബുള്ളിലൂടെയാണു നെയ്യാറ്റിന്‍കര രൂപതസ്ഥാപിച്ചത്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പ്രേഷിത പ്രവര്‍ത്തനവേളയില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച നെയ്യാറ്റിന്‍കര, വ്‌ളാത്താങ്കര, അമരവിള, പാറശ്ശാല തുടങ്ങിയ പ്രദേശങ്ങളില്‍ അധിവസിച്ചിരുന്നവരുടെ പിന്‍തലമുറക്കാരാണു രൂപതാ വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും. 1698 ല്‍ ഈശോ സഭ വൈദികരുടെ നേതൃത്വത്തില്‍ ആരംഭിച്ച നേമം മിഷന്‍ രൂപതയുടെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലായി ഭവിച്ചു. 1775-ല്‍ അമരവിളയിലാണു ആദ്യ ദേവാലയം സ്ഥാപിതമായത്.

പുണ്യശ്ലോകനായ ആര്‍ച്ച്ബിഷപ്പ് ബന്‍സിഗര്‍ തിരുമേനിയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളാണ് വിശ്വാസ ജീവിതത്തെ ത്വരിതപ്പെടുത്തുന്നതിനു കാരണമായിമാറിയത്. ‘തെക്കേ ഇന്ത്യയില്‍ സുവിശേഷവല്‍ക്കരണം’ നടത്തുക എന്ന ലക്ഷ്യത്തോടെയാണു തിരുവനന്തപുരം രൂപതയില്‍നിന്നും വിഭജിച്ച് നെയ്യാറ്റിന്‍കര രൂപതയ്ക്ക് രൂപം നല്കിയത്. കര്‍ദ്ദിനാള്‍ ജോസഫ് ടോംകോയാണു പ്രഥമ മെത്രാനായി അഭിവന്ദ്യ വിന്‍സെന്റ് സാമുവേല്‍ പിതാവിനെ അഭിഷേകം ചെയ്തത്. പ്രധാനമായും നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകള്‍ ചേര്‍ന്നതാണു നെയ്യാറ്റിന്‍കര രൂപത. 155769 വിശ്വാസികളും 11 ഫെറോനകളും 246 പള്ളികളും 89 പ്രധാന ഇടവക പള്ളികള്‍ ഉള്‍പ്പെടെ 246 ദേവാലയങ്ങളും ഈ രൂപതയിലുണ്ട്. 15 പുരുഷസന്യസ്ത ഭവനങ്ങളും, 40-ഓളം സന്യാസിനി ഭവനങ്ങളും 152 വൈദീകരും രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. 1587 ബിസിസി യൂണിറ്റുകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

കഴിഞ്ഞ 24 വര്‍ഷങ്ങള്‍കൊണ്ട് അത്ഭുതവഹമായ നേട്ടങ്ങളാണു അഭിവന്ദ്യ വിന്‍സെന്റ് സാമുവേല്‍ പിതാവിന്റെ നേതൃത്വത്തില്‍ രൂപത കൈവരിച്ചത്. അവയില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നു. 1. വിശ്വാസ ശാക്തീകരണം: വിശ്വാസജീവിതത്തിനു കൂടുതല്‍ കരുത്തും ഉന്‍മേഷവും കൈവന്നു. 30-ഓളം പള്ളികല്‍ പുതിയതായി സ്ഥാപിക്കപ്പെട്ടു. അകത്തോലിക്കാ സഭാവിഭാഗങ്ങളിലേക്കുള്ള പ്രയാണം വളരെ കുറഞ്ഞു. പുതിയതായി ജ്ഞാനസ്‌നാനം സ്വീകരിച്ചു സഭയിലേക്കു കടന്നുവരുന്നവരുടെ എണ്ണം പതിന്‍മടങ്ങു വര്‍ദ്ധിച്ചു. കൂദാശ സ്വീകരണത്തിനു കൂടുതല്‍ അവസരങ്ങളുണ്ടായി. രൂപതാ വിഭജനത്തിനു മുന്‍പു 5 ഉം ആറും ഉപ ഇടവകകള്‍ ഒരു വൈദികന്റെ ശുശ്രൂഷയ്ക്കായി ഭരമേല്പ്പിക്കപ്പെട്ടിരുന്നു അതുകൊണ്ടുതന്നെ എല്ലാ ഞായറാഴ്ചകളിലും ഉപഇടവകകളില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടിരുന്നില്ല. പുതിയ രൂപത വന്നതിനുശേഷം രൂപതയില്‍ വൈദീകരുടെ എണ്ണം വര്‍ദ്ദിച്ചു. അതിന്റെ ഫലമായി ഒരു വൈദികനു പരമാവധി മൂന്നു ദേവാലയംവരെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ ഇടവകകളെ പുനഃക്രമീകരിക്കുകയും പുതിയ ഇടവകകളും വൈദിക മന്ദിരങ്ങളും സ്ഥാപിക്കുകയും ചെയ്തു.

2. പങ്കാളിത്തം വര്‍ദ്ധിച്ചു: ഇടവക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അല്മായ പങ്കാളിത്തമുണ്ടായി. ബിസിസി പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ അല്മായര്‍ക്കു കൂടുതല്‍ പ്രവര്‍ത്തന മേഖലകല്‍ ഇടവകകളില്‍ തുറന്നുകിട്ടി. കൂദാശകളുടെ ഒരുക്കങ്ങള്‍ക്കും, മതബോധന പ്രവര്‍ത്തനങ്ങള്‍ക്കും, ബൈബിള്‍ പഠനക്ലാസ്സുകള്‍ക്കുംകൂടുതല്‍ വിശ്വാസികള്‍ ഉത്സാഹപൂര്‍വ്വം പങ്കുകാരായി. ദിവ്യബലികളും വിവിധതരത്തിലുള്ള മറ്റു ആരാധനക്രമങ്ങളും സജീവമാക്കുവാന്‍ യൂണീറ്റുകളില്‍ നിന്നും കൂടുതല്‍ ആളുകള്‍ മുന്നോട്ടുവന്നു. ഇടവക കൗണ്‍സിലും ശുശ്രൂഷാസമിതികളും സജീവമായപ്പോള്‍ അവയെ പ്രവര്‍ത്തന നിരതമാക്കുവാന്‍ പാരിഷ് പാസ്റ്ററല്‍ കൗണ്‍സിലുകളുടെയും ധനകാര്യസമിതികളിലൂടെയും വിവിധ ശുശ്രൂഷാ സമിതികളിലൂടെയും പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുകയും ഇടവകസമൂഹം കൂടുതല്‍ സജീവമാകുകയും ചെയ്തു.

3. നേതൃത്വവളര്‍ച്ച: കഴിഞ്ഞ ത്രിതലപഞ്ചായത്തു തെരഞ്ഞെടുപ്പുകളില്‍ രൂപതയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു 82 പ്രതിനിധികളെയാണു വിജയിപ്പിച്ചെടുക്കുവാന്‍ സാധിച്ചത്. ശുശ്രൂഷാ സമിതികളിലെയും ഇടവക ധനകാര്യ സമിതികളിലെയും നേതൃത്വ പ്രവര്‍ത്തന പരിചയം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് ഏറെ പ്രചോദനമായി. അവഗണിക്കപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും മുന്‍നിര്‍ത്തിയുള്ള രൂപതാ മക്കളുടെ നേതൃത്വം ഏറെ സ്വീകാര്യമായി മാറി. സാമൂഹിക ശാക്തീകരണത്തിനും കൂട്ടായ്മ വളര്‍ച്ചയ്ക്കും സഹായിക്കുന്ന രീതിയിലുള്ള നേതൃത്വശൈലികള്‍ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പ്രായോഗികമാക്കാന്‍ രൂപതയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ക്കു കഴിഞ്ഞു. ഇതു പാര്‍ട്ടി രാഷ്ട്രീയങ്ങള്‍ക്കതീതമായി രൂപതാനേതാക്കളെ സ്വീകാര്യരാക്കി. കാലിക വിഷയങ്ങളില്‍ പ്രതികരിക്കുവാനും സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി സംസാരിക്കുവാനും അവകാശങ്ങള്‍ നേടിക്കൊടുക്കുവാനും നേതൃത്വം മുന്നിട്ടിറങ്ങി. അതാകട്ടെ വികസനത്തിന്റെ പാതയില്‍ മുന്നേറുവാന്‍ രൂപതയെ കൂടുതലായി സഹായിച്ചു.

4. സാമ്പത്തിക സമാഹരണം: വികസനപ്രവര്‍ത്തനങ്ങള്‍ക്കു വിദേശസഹായം ലഭിക്കാതെ വന്നപ്പോള്‍ വിശ്വാസികളില്‍ നിന്നുതന്നെ സമ്പത്തു സമാഹരിക്കുവാന്‍ രൂപതാ നേതൃത്വം മുന്നിട്ടിറങ്ങി. രൂപതയില്‍ പണികഴിപ്പിച്ച പല പുതിയ ദേവാലയങ്ങള്‍ക്കും വൈദീക മന്ദിരങ്ങള്‍ക്കും, ഇടവക ഹാളുകള്‍ക്കും ആവശ്യമായ സമ്പത്തു കണ്ടെത്തിയത് അതാത് ഇടവകകള്‍ തന്നെയാണു. തങ്ങളുടെ സ്ഥാപനങ്ങളും ദേവാലയങ്ങളും സംരക്ഷിച്ചു നിലനിര്‍ത്തേണ്ടത് തങ്ങളുടെതന്നെ ഉത്തരവാദിത്വമാണ് എന്ന തിരിച്ചറിവു രൂപതാ മക്കളില്‍ ഉണ്ടായി. അതിന്റെ ഫലമായി സമൂഹങ്ങളില്‍ നിന്നുതന്നെ സമ്പത്തു സമാഹരിച്ചു ദേവാലയങ്ങളും പള്ളികളും പണിയാന്‍ അല്മായര്‍തന്നെ അക്ഷീണം പരിശ്രമിച്ചു. അതോടൊപ്പംതന്നെ പാവപ്പെട്ടവരെ സഹായിക്കുവാന്‍ പലതരത്തിലുള്ള കാരുണ്യപ്രവര്‍ത്തികള്‍ ബിസിസി കേന്ദ്രീകരിച്ചുകൊണ്ട് നടപ്പാക്കിവരുന്നു. സാമൂഹിക വളര്‍ച്ചയ്ക്ക് ബിസിസികള്‍ വഴി നടത്തുന്ന സാമ്പത്തിക സമാഹരണങ്ങള്‍ക്കു ഹൃദയം തുറന്നു സഹായിക്കുവാന്‍ തയ്യാറാകുന്ന രൂപതാമക്കളുടെ നല്ല മനസ്സു തികച്ചും ശ്ലാഘനീയമാണ്.

ജൂബിലിയുടെ ലക്ഷ്യങ്ങള്‍
സില്‍വര്‍ ജൂബിലിക്ക് തിരശ്ശീല ഉയരുമ്പോള്‍ വ്യക്തമായ പദ്ധതികളോടെയാണു രൂപതാ ജൂബിലി ആഘോഷങ്ങള്‍ക്കു ഒരുങ്ങുന്നത്.

1. നവസുവിശേഷ പ്രഘോഷണത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് തെക്കന്‍ കേരളത്തെ സുവിശേഷവല്‍ക്കരിക്കാനുള്ള പ്രയത്‌നം ത്വരിതപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം രൂപത തിരിച്ചറിയുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസത്തിലേറ്റ മാന്ദ്യത്തെ അതിജീവിച്ചുകൊണ്ട് സുവിശേഷ ചൈതന്യത്തില്‍ ഉണര്‍വുവരുത്തുവാനുള്ള പദ്ധതികളാണു മുന്നിലുള്ളത്. അതിനായി രൂപതയെ മൂന്നുമേഖലകളായി തിരിച്ചു മൂന്നു റീജണല്‍ കോഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നുവരുന്നു. വിഭവംകൊണ്ടും മാനവശേഷികൊണ്ടും പിന്നാക്കം നില്ക്കുന്ന നെടുമങ്ങാട് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി റീജണല്‍ പാസ്റ്ററല്‍ സെന്റര്‍ നവംബര്‍ ഒന്നിനു അഭിവന്ദ്യ പിതാവു ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഓരോ റീജണിലും കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ അതാതു റീജണുകളില്‍ പ്രവര്‍ത്തിക്കുന്ന വൈദീകരും സന്യസ്തരും അല്മായരും ഒരുമിച്ച് നവസുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുവാന്‍ സഹായിക്കുന്ന പഠന ക്ലാസ്സുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നതാണു ഹാര്‍ട്ട് റ്റു ഹാര്‍ട്ട് പരിപാടിയിലൂടെ നെയ്യാറ്റിന്‍കര ലിങ്കു ചെയ്തിരിക്കുന്ന ഗ്വാളിയാര്‍ രൂപതയുമായി കൂടുതല്‍ പ്രേഷിതപ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കും. പ്രേഷിത സെമിനാറുകളും സമ്പര്‍ക്കപരിപാടികളും സഹായ പ്രോജക്ടുകളും ഇതിലുള്‍പ്പെടും. നവസുവിശേഷവല്‍ക്കരണ പരിപാടികളിലൂടെ രൂപതാ മക്കളുടെ വിശ്വാസം കൂടുതല്‍ ആഴപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും കൂടുതല്‍ ഊന്നല്‍ നല്കുന്നത്.
 
2. രൂപതയുടെ വിശദമായ ചരിത്ര പുസ്തകം പുനര്‍ പ്രകാശനത്തിനൊരുക്കുന്നു. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പു പ്രസിദ്ധീകരിച്ച രൂപതാ ചരിത്രത്തില്‍വന്ന കുറവുകള്‍ പരിഹരിച്ചു ജൂബിലി സമാപനത്തില്‍ അത് പുനഃപ്രസിദ്ധീകരിക്കുവാന്‍ ഉതകുന്ന രീതിയില്‍ ഡാറ്റകള്‍ പരിശോധിച്ചു വരുന്നു.

3. നെടുമങ്ങാട് മേഖല ശക്തീകരണപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കും. വിസ്തീര്‍ണ്ണം കൊണ്ടും വ്യാപ്തികൊണ്ടും വിശാലമാണീ പ്രദേശം. മാനവശേഷിയും മറ്റുവിഭവങ്ങളും വളരെ കുറവാണു. അതുകൊണ്ടു നവജ്യോതിസ്സ് പാസ്റ്ററല്‍ സെന്റര്‍ കേന്ദ്രീകരിച്ചുകൊണ്ട് അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മാസത്തിലൊരിക്കല്‍ അഭിവന്ദ്യ പിതാവ് ഇവിടെ സന്നിഹിതനായി അജപാലനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കും.

4. ബിസിസികളും കുടുംബങ്ങളും കേന്ദ്രീകരിച്ചുള്ള അജപാലനപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കും. ജൂബിലിയുടെ പ്രധാനമായ സന്ദേശം പരസ്പരമുള്ള അനുരജ്ഞനമാണ്. രൂപത മക്കള്‍ പരസ്പരമായും നേതൃത്വത്തിലുള്ളവരുമായും അനുരജ്ഞനപ്പെട്ടു മുന്നോട്ടുപോയാല്‍ മാത്രമേവ വളര്‍ച്ച സാധ്യമാകൂ. അതിനുതകുന്ന രീതിയില്‍ രമ്യതയുടെയും ഐക്യത്തിന്റെയും അരൂപിയില്‍ കുടുംബങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടും ബിസിസിയുടെ ശുശ്രൂഷ സമിതികളെ പ്രവര്‍ത്തന നിരതമാക്കികൊണ്ടും അല്മായ സഹോദരങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ അടിസ്ഥാന ശക്തീകരണ പ്രോജക്ട് രൂപപ്പെടുത്തുന്നതാണു. വിവിധ ശുശ്രൂഷ മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ട് അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ രൂപതാ ശുശ്രൂഷാ കോര്‍ഡിനേറ്റര്‍മാര്‍ അടിസ്ഥാന ശക്തീകരണ പരിപാടികള്‍ നടപ്പാക്കും. അതുവഴി രൂപതയുടെ സില്‍വര്‍ ജൂബിലിയാഘോഷം ആഹ്ലാദത്തിന്റെയും അനുരജ്‌നത്തിന്റെയും കൃതജ്ഞതാ സ്തുതിയുടെയും വലിയ ഒരു അവസരമായി മാറും.  

 


Related Articles

മതബോധന അദ്ധ്യാപകർ പകർത്തി എഴുതിയ സമ്പൂർണ്ണബൈബിൾ ഇടവകയ്ക്ക്‌ സമർപ്പിച്ചു.

എരമല്ലുര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യഴ്‌സ് ഇടവക മതബോധന അദ്ധ്യാപകര്‍ പകര്‍ത്തി എഴുതിയ സമ്പൂര്‍ണ്ണബൈബിള്‍ കൊച്ചി രൂപതാ ചാന്‍സലര്‍ ഫാ. ഷൈജു പര്യാത്തുശ്ശേരി ഇടവകയ്ക്ക് സമര്‍പ്പിച്ചു. കൊവിഡ് പോരാളികള്‍ക്കും

പ്രകൃതിദുരന്തം സര്‍ക്കാര്‍ അടിയന്തര സമാശ്വാസം നല്കണം- കെആര്‍എല്‍സിസി

  എറണാകുളം: അതിതീവ്രമഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരോട് ചേര്‍ന്നു നില്‍ക്കാന്‍ കെആര്‍എല്‍സിസി അടിയന്തരയോഗം തീരുമാനിച്ചു. സാധ്യമായ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ

കൊറോണക്കാലത്ത് തപാല്‍ വോട്ടിനായി കാത്തിരിക്കുമ്പോള്‍

കൊറോണവൈറസ് മഹാമാരിയുടെ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയില്‍ നവംബര്‍ മൂന്നിന് അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലവും ഇന്ത്യയില്‍ ഒക്ടോബര്‍ 28ന് ആരംഭിച്ച് മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*