നോത്ര ദാം കത്തീഡ്രല്‍

പ്രശസ്തമായ കത്തോലിക്കാ ദൈവാലയങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഫ്രാന്‍സിലെ പാരീസിലുള്ള നോത്ര ദാം കത്തീഡ്രലിനുള്ളത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ആരാധനാസ്ഥലങ്ങളില്‍ ഒന്നുമാണിത്. നാലാം നൂറ്റാണ്ടിലാണ് നോത്ര ദാമിലെ ആദ്യ ദൈവാലയം നിര്‍മിച്ചതെന്നു കരുതുന്നു. വിശുദ്ധ സ്റ്റീഫന്റെ പേരിലായിരുന്നു ഈ ദൈവാലയം. അടുത്തിടെ നടത്തിയ ഉത്ഖനനങ്ങളില്‍ ഈ പഴയ ദൈവാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി.
മധ്യകാലഘട്ടത്തില്‍ പണിത ഇപ്പോഴത്തെ പരിശുദ്ധ മാതാവിന്റെ പേരിലുള്ള കത്തീഡ്രല്‍ ഫ്രഞ്ച് ഗോഥിക് നിര്മാണരീതിയുടെ മകുടോദാഹരണമാണ്. കത്തോലിക്കാ ചരിത്രത്തിന്റെ ഭാഗമായ പല വിലപ്പെട്ട വസ്തുക്കളും കത്തീഡ്രലില്‍ സൂക്ഷിച്ചിട്ടുണ്ട്. യേശുവിനെ ക്രൂശിക്കുവാന്‍ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന ആണികളിലൊന്ന്, കുരിശിന്റെ ഭാഗങ്ങള്‍, മുള്‍ക്കിരീടത്തിന്റെ ഭാഗങ്ങള്‍ തുടങ്ങിയവ ഉദാഹരണം. 1790ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് ദൈവാലയത്തിലെ പല വസ്തുക്കളും നശിപ്പിക്കുകയോ മോഷ്ടിക്കുകയോ ചെയ്തു. 1845ലും ഒരു നൂറ്റാണ്ടിനു ശേഷം 1991ലും ദൈവാലയത്തിന്റെ പുനരുദ്ധാരണം നടന്നു. `ഫ്ളൈംഗ് ബട്രെസുകള്’ എന്നറിയപ്പെടുന്ന നിര്‍മിതി ആദ്യമായി നടത്തിയത് ഈ ദൈവാലയത്തിലാണ്. മധ്യകാലഘട്ടത്തില്‍ യൂറോപ്പിലെ രാജാക്കന്മാരുടെ ഇടവക ദൈവാലയമായാണ് നോത്ര ദാം പള്ളി അറിയപ്പെട്ടിരുന്നത്. പാരീസിലെ ബിഷപ്പായിരുന്ന മൗര്സെ ഡി സള്ളി 1160ല്‍ ദൈവാലയം പുതുക്കിപണിയാന്‍ നിശ്ചയിച്ചു. പഴയ ദൈവാലയവും സമീപത്തുള്ള വീടുകളും ഇതിനായി പൊളിച്ചുനീക്കി. നിര്‍മാണ സാമഗ്രികള്‍ എത്തിക്കുവാന്‍ പുതിയൊരു റോഡും നിര്‍മിച്ചു. ലൂയി ഏഴാമന് ചക്രവര്‍ത്തിയുടെ കാലത്ത് 1163ലാണ് കത്തീഡ്രലിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചത്. 1345ലാണ് പൂര്‍ത്തിയായത്. ഏകദേശം 200 വര്‍ഷമാണ് നിര്‍മാണം പൂര്‍ത്തിയാകാന്‍ വേണ്ടി വന്നത്. അലക്സാണ്ടര്‍ മൂന്നാമന് പാപ്പായാണോ ബിഷപ് സള്ളി തന്നെയാണോ തറക്കല്ലിട്ടതെന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. രണ്ടു പേരും ചടങ്ങില്‍ പങ്കെടുത്തിരുന്നു എന്നതിന് രേഖകളുണ്ട്. തന്റെ ജീവിതം മുഴുവന്‍ കത്തീഡ്രലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ബിഷപ് സള്ളി നീക്കിവച്ചു. ക്വയര്‍ മേഖലയുടെ നിര്‍മാണം 1177ല്‍ പൂര്‍ത്തിയായി. ദൈവാലയത്തിന്റെ പശ്ചിമഭാഗത്ത് ഒരു താല്‍ക്കാലിക ചുമര് കെട്ടിയശേഷം വലിയ അള്‍ത്താരയുടെ നിര്‍മാണം തുടര്‍ന്നു. ശേഷിച്ച ഭാഗത്ത് ആരാധനകള്‍ നടത്തി വന്നു. 1182ല്‍ അള്‍ത്താര പൂര്‍ത്തിയായി. 1196ല്‍ ബിഷപ് സള്ളി ദിവംഗതനായി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അവരോധിതനായ ബിഷപ് മോറി ഡി സള്ളി പള്ളിയുടെ മധ്യഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പായി 1208ല്‍ അന്തരിച്ചു. പള്ളിയുടെ പശ്ചിമഭാഗത്തിന്റെ നിര്‍മാണം 1240ലാണ് പൂര്‍ത്തീകരിച്ചത്. നിര്‍മാണം നീണ്ടുപോകുന്നതനുസരിച്ച് നിരവധി ആര്ക്കിടെക്റ്റുമാര് മാറി വന്നു. ഇതനുസരിച്ച് ദൈവാലയത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്മാണവൈകല്യങ്ങളും, ശൈലികള്‍ തമ്മിലുള്ള വ്യത്യാസങ്ങളും കടന്നുകൂടി. പശ്ചിമമേലാപ്പിലും ടവറുകളിലും ഇതു പ്രകടമാണ്. ജീന്‍ ഡി ഷെല്ലാസ്, പിയറി ഡി മോണ്ടെറിയുല് തുടങ്ങിയ അക്കാലത്തെ പ്രശസ്തരായ ആര്‍ക്കിടെക്റ്റുകള്‍ നിര്‍മാണ മേല്‍നോട്ടം വഹിച്ചിരുന്നു. 1889ലാണ് ഗോപുരങ്ങള്‍ കാഴ്ചക്കാര്‍ക്കായി തുറന്നുകൊടുത്തത്. 69 മീറ്ററാണ് ഗോപുരങ്ങളുടെ ഉയരം. 387 പടികളുണ്ട്. തെക്കുഭാഗത്തെ ഗോപുരത്തിലുള്ള മണിക്ക് 13 ടണ്‍ ഭാരമുണ്ട്. ഇമ്മാനുവല്‍ ബെല്‍ എന്നാണ് ഇതറിയപ്പെടുന്നത്. ശരാശരി അമ്പതു ലക്ഷം പേര് ഓരോ വര്‍ഷവും കത്തീഡ്രലും ഗോപുരവും സന്ദര്‍ശിക്കുന്നതായാണ് കണക്ക്. ദൈവാലയത്തിന്റെ ഉച്ചിയിലും ചുമര്ഭാഗങ്ങളിലുമായി ചില്ലുകള്‍കൊണ്ടുള്ള മനോഹരനിര്മിതികളുണ്ട്. മിക്കവാറുമെല്ലാം 13-ാം നൂറ്റാണ്ടില്‍ തന്നെ ചെയ്തിട്ടുള്ളതാണ്. വിക്ടര്‍ ഹ്യൂഗോയുടെ ലോക ക്ലാസിക്കായി കണക്കാക്കപ്പെടുന്ന നോത്ര ദാമിലെ കൂനന്‍ എന്ന നോവല്‍ കത്തീഡ്രലിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായിട്ടുണ്ട്.
Related
Related Articles
വിശുദ്ധ ഗൊണ്‍സാലോ ഗാര്‍ഷ്യ സങ്കീര്‍ത്തനങ്ങളോടെ കുരിശുമരണം
1557ല്‍ ഫെബ്രുവരി മാസം 5-ാം തീയതി മുംബൈക്കടുത്ത് വസായി എന്ന സ്ഥലത്താണ് പോര്‍ച്ചുഗീസുകാരനായ പിതാവിന്റെയും കൊങ്കണ്കാരിയായ അമ്മയുടെയും മകനായി ഗൊണ്‍സാലോയുടെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ
ജീവന്റെ മൂല്യത്തിന് വിലകലിച്ച ഡോ. ജാന്ന
പ്രിയകുട്ടികളെ, നമുക്ക് ശിശുരോഗ വിദഗ്ദ്ധയായിരുന്ന ഡോ. ജാന്നയെന്ന വിശുദ്ധയെ പരിചയപ്പെടാം. വാത്സല്യനിധിയായ മകള്‍, സ്നേഹമയിയായ അമ്മ, വിശ്വസ്തയായ ഭാര്യ, ഉത്തരവാദിത്വബോധമുള്ള ഡോക്ടര്‍ എന്നീ നിലകളിലെല്ലാം ജീവിതകാലത്ത് ഇവര്‍
കൊളംബിയയിലെ ഉപ്പ് കത്തീഡ്രല്‍
200 മീറ്ററോളം താഴ്ചയുള്ള ഒരു പുരാതന ഉപ്പ് ഖനിക്കുള്ളില്‍ പണിത റോമന്‍ കത്തോലിക്കാ ദൈവാലയമാണ് കൊളംബിയയിലെ സിപക്വറയിലുള്ള സാള്‍ട്ട് കത്തീഡ്രല്‍. 250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിപക്വറയിലെ