Breaking News

നോത്ര ദാം: വീണ്ടെടുപ്പിന്റെ വിശ്വാസജ്വാലകള്‍

നോത്ര ദാം: വീണ്ടെടുപ്പിന്റെ  വിശ്വാസജ്വാലകള്‍

പാരിസ്: യൂറോപ്പിന്റെ ക്രൈസ്തവ പൈതൃകത്തിന്റെയും പാശ്ചാത്യ വാസ്തുശില്പസൗഭഗത്തിന്റെയും ഉജ്വല പ്രതീകമായി ഫ്രാന്‍സിന്റെ തലസ്ഥാന നഗരത്തില്‍ ഉയര്‍ന്നുനിന്ന പരിശുദ്ധ കന്യകമാതാവിന്റെ നാമത്തിലുള്ള നോത്ര ദാം കത്തീഡ്രലിന്റെ മേല്‍ക്കൂരയും മുഖ്യഗോപുരവും കത്തിയമരുന്നതു കണ്ട് ഹൃദയമുരുകി കരഞ്ഞവര്‍ സീന്‍ നദിക്കരയിലെ വിശുദ്ധ ഉഷ്താഷിന്റെ ദേവാലയത്തില്‍ ഉയിര്‍പ്പുതിരുനാളില്‍ പ്രത്യാശയുടെ സ്‌തോത്രഗീതികള്‍ ആലപിച്ചു. നോത്ര ദാമിനെ വിഴുങ്ങിയ തീനാളങ്ങള്‍ക്ക് ഫ്രാന്‍സിന്റെ ആത്മാവിനെ നശിപ്പിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച പാരിസിലെ ആര്‍ച്ച്ബിഷപ് മിഷേല്‍ ഔപെതിത് അഗ്നിബാധയില്‍ നിന്ന് ദിവ്യകാരുണ്യവും വിഖ്യാതമായ തിരുശേഷിപ്പുകളും അമൂല്യ തിരുസ്വരൂപങ്ങളും പുണ്യവസ്തുക്കളും അതിസാഹസികമായി കാത്തുരക്ഷിച്ചതിന് അഗ്നിശമന സേനയ്ക്കും അവരുടെ ആധ്യാത്മിക ശുശ്രൂഷകനായ ഴാങ് മാര്‍ക് ഫോര്‍ണിയെ എന്ന വൈദികനും പ്രത്യേകം നന്ദിയര്‍പ്പിച്ചു.
ഫ്രാന്‍സിന്റെ മാത്രമല്ല, മാനവരാശിയുടെ സാംസ്‌കാരിക മഹിമയുടെ അടയാളമായ നോത്ര ദാം പാരിസില്‍ അടുത്ത ഒളിമ്പിക്‌സ് അരങ്ങേറുന്നതിനു മുന്‍പായി അഞ്ചുവര്‍ഷത്തിനകം പുനര്‍നിര്‍മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ രാഷ്ട്രത്തിന് ഉറപ്പുനല്‍കിയിരിക്കെ കത്തീഡ്രല്‍ പുനര്‍നിര്‍മാണ ഫണ്ടിലേക്ക് 100 കോടി യൂറോ (7,850.12 കോടി രൂപ) സംഭാവനയായി വാഗ്ദാനം ചെയ്യപ്പെട്ടുകഴിഞ്ഞു. ഫ്രാന്‍സിലെ ഏറ്റവും വലിയ ധനാഢ്യനായി കരുതപ്പെടുന്ന ബിസിനസുകാരന്‍ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട് (എല്‍വിഎംഎച്ച് ആഡംബര ഉത്പന്നങ്ങളുടെ വിഖ്യാത ഗ്രൂപ്പ്) 226 ദശലക്ഷം ഡോളറാണ് (1576.57 കോടി രൂപ) വാഗ്ദാനം ചെയ്തത്. ഗുച്ചി ഫാഷന്‍സിന്റെയും ക്രിസ്റ്റീസ് ലേലകമ്പനിയുടെയും ഉടമകളായ ആര്‍ടെമിസ് സാരഥികളായ ഫ്രാന്‍സ്വോ പിനോള്‍ട്ടും മകന്‍ ഫ്രാന്‍സ്വോ-ഹെന്റി പിനോള്‍ട്ടും 100 ദശലക്ഷം ഡോളര്‍ നല്‍കും.
ജര്‍മനിയും പോളണ്ടും സാങ്കേതിക സഹായം ഉള്‍പ്പെടെ പുനര്‍നിര്‍മാണത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തപ്പോള്‍ സെര്‍ബിയ പ്രസിഡന്റ് 10 ദശലക്ഷം യൂറോയാണ് പ്രസിഡന്റ് മക്രോണിന് വാഗ്ദാനം ചെയ്തത്. ‘ഫ്രാന്‍സിന്റെ മിടിക്കുന്ന ഹൃദയം’ എന്ന നിലയ്ക്ക് നോത്ര ദാം പുനര്‍നിര്‍മാണത്തിന് വത്തിക്കാന്‍ മ്യൂസിയത്തിലെ വിദഗ്ധരുടെ സഹകരണം സാംസ്‌കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജിയാന്‍ഫ്രാങ്കോ റവാസി ഉറപ്പുനല്‍കി.
ഫ്രാന്‍സിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട് 850 വര്‍ഷം പാരിസ് നഗരത്തിന്റെ ഹൃദയഭാഗത്ത് അനുഗ്രഹദീപ്തി ചൊരിഞ്ഞുനിന്ന ഗോഥിക് വാസ്തുശില്പകലയുടെ ഉദാത്ത മാതൃകയായ നോത്ര ദാം കത്തീഡ്രല്‍ 200 വര്‍ഷം കൊണ്ടാണ് പണിപൂര്‍
ത്തിയാക്കിയത്. അഞ്ചുവര്‍ഷം കൊണ്ട് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുക അസാധ്യമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
കൂറ്റന്‍ തടികളുടെ അതിസങ്കീര്‍ണമായ തുലാം വിന്യസിപ്പിച്ചിരുന്ന മേല്‍ക്കൂരയ്ക്ക് പറ്റിയ വന്‍മരങ്ങള്‍ ഇക്കാലത്ത് ഫ്രാന്‍സില്‍ നിന്ന് വെട്ടിയെടുക്കാനാവില്ല. പുത്തന്‍ സാങ്കേതികവിദ്യകളെ ആശ്രയിച്ചാലും പഴയ രൂപത്തില്‍ പുനര്‍നിര്‍മാണം സാധ്യമാകില്ലെന്നാണ് ആശങ്ക. അഗ്നിക്കിരയായ കത്തീഡ്രലിനു സമീപമുള്ള എസ്പ്ലനേഡില്‍ തടികൊണ്ട് താത്കാലിക കത്തീഡ്രല്‍ പണിതീര്‍ക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് കത്തീഡ്രല്‍ റെക്ടര്‍ മോണ്‍. പാട്രിക് ഷോവെ പറഞ്ഞു.
മേല്‍ക്കൂരയും കൂറ്റന്‍ ഗോപുരവും 12 മണിക്കൂര്‍ നീണ്ടുനിന്ന അഗ്നിബാധയില്‍ ഇടിഞ്ഞുവീഴും മുന്‍പ് കത്തീഡ്രലില്‍ നിന്ന് ആദ്യം ദിവ്യകാരുണ്യവും ചരിത്രപ്രധാനമായ തിരുശേഷിപ്പുകളും വീണ്ടെടുക്കാനാണ് ചാപ്ലെയിന്‍ ഴാങ് മാര്‍ക് ഫോര്‍ണിയെയും പാരിസ് ഫയര്‍ ബ്രിഗേഡും മനുഷ്യചങ്ങലയില്‍ അണിചേര്‍ന്ന ധീര സന്നദ്ധപ്രവര്‍ത്തകരും ശ്രമിച്ചത്. വിശുദ്ധ ലൂയി ഒന്‍പതാമന്‍ രാജാവ് 1239ല്‍ രാജ്യത്തേക്കു കൊണ്ടുവന്ന യേശുവിന്റെ മുള്‍ക്കിരീടത്തിന്റെ തിരുശേഷിപ്പ്, വിശുദ്ധ കുരിശിന്റെ 9.45 ഇഞ്ച് നീളമുള്ള ഭാഗം, ഒന്‍പതു സെന്റിമീറ്റര്‍ നീളമുള്ള ആണി, വിശുദ്ധ ലൂയി രാജാവ് അണിഞ്ഞിരുന്ന മേലാട (കുപ്പായം) തുടങ്ങിയവ സുരക്ഷിത സങ്കേതത്തിലേക്കു മാറ്റാന്‍ കഴിഞ്ഞു. 1730 കാലഘട്ടത്തിലെ, സ്വരഭേദത്തിന് 8,000 കുഴലുകളുള്ള അതിവിശിഷ്ട ഓര്‍ഗന്‍ കേടുകൂടാതെ പുറത്തെടുക്കാനായി. എന്നാല്‍ തീയുടെ ചൂടും അഗ്നിശമനത്തിന് ഉപയോഗിച്ച വെള്ളവും ഓര്‍ഗന്റെ ശബ്ദസൗന്ദര്യത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമല്ല.
മേല്‍ക്കൂരയ്ക്കു താഴെ കൂറ്റന്‍ശിലകളുടെ കമാനങ്ങള്‍ക്കുള്ളില്‍ 1630-1708 കാലഘട്ടത്തിലെ ഒരു ഡസനിലേറെ ‘മെയ്‌സ്’ എന്നറിയപ്പെടുന്ന ചിത്രങ്ങള്‍ സുരക്ഷിതമായി കണ്ടെത്തി. പുകയേറ്റ കേടുപാടുകള്‍ മാത്രമേ അവയ്ക്കുള്ളൂ. 69 മീറ്റര്‍ ഉയരമുള്ള ഇരട്ട മണിമേടയിലെ കൂറ്റന്‍ മണികളെല്ലാം കേടുകൂടാതെ വീണ്ടെടുത്തു. ഫ്രഞ്ച് വിപ്ലവകാലത്ത് പഴയ മണികളെല്ലാം നശിപ്പിക്കപ്പെട്ടപ്പോഴും ഇമ്മാനുവല്‍ എന്നു പേരായ 135 ടണ്‍ ഭാരമുള്ള ഒരു മണി മാത്രം അവശേഷിച്ചിരുന്നു. 2013ല്‍ കത്തീഡ്രല്‍ 850-ാം വാര്‍ഷികം കൊണ്ടാടിയപ്പോള്‍ 19-ാം നൂറ്റാണ്ടിലെ മണികള്‍ക്കു പകരം ഒന്‍പതു പുതിയ മണികള്‍ സ്ഥാപിച്ചിരുന്നു.
മുഖ്യഗോപുരത്തില്‍ പ്രതിഷ്ഠിച്ചിരുന്ന മൂന്നു മീറ്റര്‍ ഉയരമുള്ള 12 അപ്പസ്‌തോലന്മാരുടെയും നാലു സുവിശേഷകരുടെ പിച്ചള രൂപങ്ങള്‍ നവീകരണത്തിനായി കൊണ്ടുപോയി. 13-ാം നൂറ്റാണ്ടില്‍ സ്‌റ്റെയിന്‍ഡ് ഗ്ലാസില്‍ തീര്‍ത്ത ലോകപ്രശസ്തമായ മൂന്ന് റോസ് ജനാലകള്‍ ഭദ്രമാണ്. യുണെസ്‌കോ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള നോത്ര ദാം കത്തീഡ്രലില്‍ വിശുദ്ധവാരത്തിനു തൊട്ടു മുന്‍പ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. അന്‍പതോളം വരുന്ന വിദഗ്ധര്‍ വിശദമായ പരിശോധന നടത്തിവരികയാണ്. മേല്‍ക്കൂരയില്‍ സന്ധ്യയ്ക്ക് 6.43ന് പടര്‍ന്നുപിടിച്ച തീ അണയ്ക്കാന്‍ 12 മണിക്കൂറിലേറെ വേണ്ടിവന്നു.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ ലോകരാഷ്ട്രങ്ങളെല്ലാം തന്നെ നോത്ര ദാം പുനര്‍നിര്‍മാണത്തിന് ഫ്രാന്‍സിന് സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകപ്രശസ്തമായ കത്തീഡ്രല്‍ പൊടുന്നനെ കത്തിയമരുന്നത് ലോകമെങ്ങും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട് വിശ്വാസികള്‍ ഞെട്ടിത്തരിച്ചപ്പോള്‍ പാരിസ് നഗരത്തില്‍ നിറകണ്ണുകളോടെ പതിനായിരങ്ങള്‍ ‘ആവേ മരിയ’ ആലപിച്ച് മുട്ടിന്മേല്‍ വീണു വിങ്ങിപ്പൊട്ടുന്നതു കാണാമായിരുന്നു. ഫ്രാന്‍സിന്റെയും യൂറോപ്പിന്റെയും സുപ്രധാന ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നോത്ര ദാം വിശ്വാസത്തിന്റെയും പ്രാര്‍ഥനയുടെയും പ്രതീകവും മാനവരാശിയുടെ സംഘാത സ്മൃതിയുടെ വാസ്തുശില്പ രത്‌നക്കല്ലുമാണെന്ന് ഫ്രാന്‍സിസ് പാപ്പ ഫ്രാന്‍സിലെ ജനങ്ങളെ സമാശ്വസിപ്പിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍ അനുസ്മരിച്ചു.


Related Articles

തിരിച്ചെത്തുന്ന മാനവശേഷിയുടെ നിനവില്‍ നവകേരളം

കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി പ്രതിഗമനത്തിന് (റിവേഴ്സ് മൈഗ്രേഷന്‍) കൊവിഡ് കാലം ആക്കംകൂട്ടിയിരിക്കയാണ്. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിറന്ന നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സംസ്ഥാന

നെയ്യാറ്റിന്‍കര രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ്, ചാന്‍സലര്‍ റവ. ഡോ.

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍

Daily Reading for Sunday February 7, 2021 Reading 1, Job 7:1-4, 6-7 Responsorial Psalm, Psalms 147:1-2, 3-4, 5-6 Reading 2, First Corinthians 9:16-19,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*