ന്യൂനപക്ഷ അവകാശമോ പിന്നാക്കവിഭാഗ അവകാശമോ ഏതാണ് കൂടുതല്‍ ഗുണപ്രദം?

ന്യൂനപക്ഷ അവകാശമോ പിന്നാക്കവിഭാഗ അവകാശമോ ഏതാണ് കൂടുതല്‍ ഗുണപ്രദം?

 

പേര് കേള്‍ക്കാന്‍ സുഖം ന്യൂനപക്ഷാവകാശം എന്നുതന്നെ. പിന്നാക്ക അവകാശത്തില്‍ പേരില്‍തന്നെ പിന്നാക്കാവസ്ഥ ഉണ്ടല്ലോ എന്നതാവും ഒരു വൈമനസ്യം. പതിറ്റാണ്ടുകളായി അവസരം ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ പേരിനെങ്കിലും കയറിപ്പറ്റാന്‍ ലത്തീന്‍ സമൂഹത്തില്‍ ഉള്ളവര്‍ക്ക് സാധിച്ചത് കേരളത്തിലെ പൊതു ഉദ്യോഗ നിയമനങ്ങളില്‍ ഒബിസി (മറ്റ് പിന്നാക്ക വിഭാഗങ്ങള്‍) വിഭാഗത്തില്‍ ഉള്‍പ്പെട്ട് നിലവില്‍ ലഭിക്കുന്ന നാലു ശതമാനം സംവരണത്തിന്റെ ഭാഗമായാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആരും നിഷേധിക്കുന്ന കാര്യമല്ല. അതേസമയം ന്യൂനപക്ഷാവകാശങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്താനും പ്രത്യേക സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ നിരവധി സഭാംഗങ്ങള്‍ക്കും ഇതര പൊതുജനങ്ങള്‍ക്കും വിദ്യാഭ്യാസം നേടാന്‍ അവസരമുണ്ടായി എന്നതും നിഷേധിക്കാനാകാത്ത കാര്യം തന്നെ.

ഒരേസമയം പിന്നാക്ക വിഭാഗം എന്ന അവകാശത്തില്‍ ഉള്‍പ്പെട്ട് ലഭിക്കുന്ന സംവരണ, ക്ഷേമപദ്ധതികളും, ന്യൂനപക്ഷം എന്ന അവകാശത്തില്‍ ഉള്‍പ്പെട്ട് ലഭിക്കുന്ന ക്ഷേമപദ്ധതികളും (സംവരണമല്ല) കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും അവകാശപ്പെട്ടതാണ്. ഇതര ക്രൈസ്തവ സഭകളിലെ അംഗങ്ങള്‍ കേരളത്തിനു പുറത്ത് പല സ്ഥലങ്ങളിലും പിന്നാക്ക വിഭാഗമാണെങ്കിലും കേരളത്തില്‍ അങ്ങനെയല്ല. മറ്റൊരു ന്യൂനപക്ഷമായ മുസ്ലിം വിഭാഗം മുഴുവനായും കേരളത്തില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു (ഇക്കാര്യത്തില്‍ വസ്തുതാപരമായ തര്‍ക്കങ്ങള്‍ അവരുടെ ഉള്ളില്‍തന്നെ ഉണ്ടാകാം); എങ്കിലും കേരളത്തിനുപുറത്ത് അങ്ങനെയല്ല.

80:20 വിധിന്യായം സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റിന്റെ ഭൂരിഭാഗം സ്‌കോളര്‍ഷിപ്പും 80:20 എന്ന അനുപാതത്തില്‍, 20 ശതമാനം മുഴുവന്‍ ക്രിസ്ത്യാനികള്‍ക്കും ആയാണ് വിതരണം ചെയ്യുന്നത്. ചുരുക്കം സ്‌കോളര്‍ഷിപ്പില്‍ ആണ് 20 ശതമാനം വിതരണം ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയത്. അതുകൊണ്ട് അത്തരം ഒരു വീക്ഷണത്തില്‍ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഒരുപോലെ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന തരത്തിലുള്ള ഹൈക്കോടതി വിധി സ്വീകാര്യമാണ്.

വിധി മുഴുവനായും സ്വീകാര്യമാകുമോ?

80:20 അനുപാതത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്ന രീതി തെറ്റാണ് എന്നു പറഞ്ഞ വിധിന്യായത്തില്‍ ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന 20 ശതമാനം സ്‌കോളര്‍ഷിപ് (2011) കൂടി ഇല്ലാതാകുന്ന നിയമവ്യാഖ്യാനം ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ ഒരേസമയം ന്യൂനപക്ഷവും പിന്നാക്കവുമാണ് എന്ന ആശയത്തിന് വിരുദ്ധമാണ്. 2011-ലെ ഉത്തരവില്‍ പിന്നാക്കം എന്ന നിലയിലാണ് മേല്‍പ്പറഞ്ഞ 20% ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് മാത്രമായി നീക്കിവെച്ചിരുന്നത്. ഇതോടൊപ്പം ഇല്ലാതായ 2008-ലെ ഉത്തരവ് സച്ചാര്‍ കമ്മീഷനെതുടര്‍ന്ന് പാലോളി കമ്മിറ്റിയിലൂടെ മുസ്ലിം സമുദായത്തിന് മാത്രമായി നല്‍കിയ ക്ഷേമ പദ്ധതികളുമാണ്.

ഇന്ത്യയില്‍ വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷങ്ങള്‍ ആറ് എണ്ണമുണ്ട്: മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്സി എന്നിവ. ന്യൂനപക്ഷ ക്ഷേമത്തിനായി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ സ്വാഭാവികമായും ഈ ആറ് വിഭാഗത്തിനുംജനസംഖ്യാനുപാതികമായി ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ 2015-ലെ ഉത്തരവില്‍ അതിന് വിരുദ്ധമായ രീതിയില്‍ മുസ്ലിമിന് എണ്‍പതും ഇതര ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ഇരുപതും ആയി ശതമാനം കണക്കില്‍ നിജപ്പെടുത്തിയത് ന്യൂനപക്ഷ അവകാശങ്ങളുടെ വിതരണരീതിയിലെ തെറ്റുതന്നെയാണ്. കാരണം, ഭരണഘടനയുടെ 29(2) ന്യൂനപക്ഷ സംരക്ഷണത്തെ പറ്റി പറയുമ്പോള്‍, സ്റ്റേറ്റ് ഫണ്ട് എല്ലാവര്‍ക്കും തുല്യമായി നല്‍കണമെന്ന് വ്യക്തമാക്കുന്നുണ്ട്.

വിതരണരീതി തെറ്റായിരുന്നു എങ്കില്‍ പിന്നെ എന്താണ് ഇപ്പോള്‍ പ്രശ്നം?

ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണരീതി നീതിപൂര്‍വ്വകം ആകണമെന്ന് ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന ഇതേ ഭരണഘടനയുടെ തന്നെ 15(4) ല്‍ പറയുന്നത്, 29(2) ല്‍ എന്തുതന്നെ പറഞ്ഞാലും സര്‍ക്കാരുകള്‍ക്ക് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍ രൂപീകരിക്കുന്നതിന് തടസ്സമില്ല എന്നാണ്. അത്തരത്തില്‍ ലഭിച്ച ഒരു ക്ഷേമപദ്ധതിയാണ് ഇതിലൂടെ ഇല്ലാതാവുന്നത്. ഭാവിയില്‍ ന്യൂനപക്ഷം എന്ന രീതിയിലുള്ള കാര്യങ്ങള്‍ക്കു മാത്രം മുന്‍ഗണന വരികയും പിന്നാക്കം എന്ന രീതിയിലുള്ള ക്ഷേമപദ്ധതികള്‍ക്ക് സാധ്യത ഇല്ലാതാവുകയും ചെയ്യുന്ന ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടുന്നതാണ് ഇത്തരത്തിലുള്ള നിയമ വ്യാഖ്യാനം. അതുകൊണ്ടാണ് കേരളത്തിലെ ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ശക്തമായ വിയോജിപ്പ് ഇക്കാര്യത്തില്‍ ഉണ്ടാവുന്നത്. ഒരേസമയം ന്യൂനപക്ഷവും പിന്നാക്ക വിഭാഗവുമായി നിലകൊള്ളുന്ന ഈ സമൂഹത്തിന് അധികാരത്തില്‍ പങ്കാളിത്തം ഉണ്ടാകുന്നതിനും മുഖ്യധാരയിലേക്ക് വരുന്നതിനും നാമമാത്രമായി ലഭിക്കുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളെക്കാള്‍ പ്രാധാന്യം പിന്നാക്ക വിഭാഗം എന്ന രീതിയില്‍ ലഭിക്കുന്ന തൊഴിലവസരങ്ങളും സ്‌കോളര്‍ഷിപ്പുകളും ഇ-ഗ്രാന്റുകളും മറ്റു ക്ഷേമപദ്ധതികളും ഒക്കെതന്നെയാണ്. ന്യൂനപക്ഷത്തിന് പുതിയ നിര്‍വ്വചനങ്ങള്‍ വരുന്നതോടുകൂടി എല്ലാ ക്രൈസ്തവര്‍ക്കും ഒരുപോലെ ആനുകൂല്യം അവകാശപ്പെടാവുന്ന സാഹചര്യം വരുമ്പോള്‍ ലത്തീന്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളില്‍ പോലും എല്ലാ വിഭാഗം ക്രൈസ്തവര്‍ക്കും അവസരം ഉണ്ടാകുന്ന സാഹചര്യം വരും. ഇപ്പോള്‍തന്നെ സ്വാശ്രയ നഴ്സിംഗ് മേഖലയിലും മറ്റും ഈ സാഹചര്യം സംജാതമായികഴിഞ്ഞു.

എന്തു ചെയ്യും?

ഈ കോടതിവിധിയിന്മേലുള്ള ചര്‍ച്ചകള്‍ കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷത്തിന് ഒരുതരത്തിലുമുള്ള കോട്ടവും വരാത്ത രീതിയില്‍ ആകണം. ഒരു മതത്തോടുമുള്ള വിരോധം ഇവിടെ പറയേണ്ട കാര്യമില്ല, കാരണം ന്യൂനപക്ഷ ക്ഷേമ പദ്ധതികളും പിന്നാക്കവിഭാഗ ക്ഷേമപദ്ധതികളും തമ്മില്‍ കൂടിക്കലര്‍ന്ന സര്‍ക്കാര്‍ ഉത്തരവുകളിലെ അവ്യക്തതയാണ് ഇത്തരം നിയമവ്യാഖ്യാനങ്ങള്‍ക്ക് വഴിതെളിച്ചത്.

സ്‌കോളര്‍ഷിപ്പുകള്‍ എല്ലാം ഒരു പോര്‍ട്ടലിലൂടെ ആക്കുകയും എല്ലാ വിഭാഗങ്ങള്‍ക്കും അവരുടേതായ സ്‌കോളര്‍ഷിപ്പുകള്‍ അതാത് തലക്കെട്ടില്‍ തന്നെ ലഭിക്കുകയും ചെയ്യുന്ന സംവിധാനമുണ്ടാകണം. ന്യൂനപക്ഷ അവകാശങ്ങളിലൂടെ കേരളത്തിലെ ക്രിസ്ത്യന്‍, മുസ്ലിം, ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യപ്പെടണം. അതേസമയം ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവര്‍, മുസ്ലിം തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പിന്നാക്ക വിഭാഗം എന്ന രീതിയില്‍ ലഭിക്കുന്ന ക്ഷേമപദ്ധതികള്‍ നിലനിര്‍ത്താനും ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ ഉണ്ടാകുമ്പോള്‍ ആവശ്യാനുസരണം പുതിയ പദ്ധതികള്‍ ഉണ്ടാകാനും അതേ തലക്കെട്ടില്‍ തന്നെലഭ്യമാകുന്ന ഉത്തരവുകള്‍ ഉണ്ടാകണം. ഇതര ക്രൈസ്തവ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വരുന്ന മുന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിലവില്‍ ലഭിക്കുന്ന ക്ഷേമപദ്ധതികള്‍/സ്‌കോളര്‍ഷിപ്പുകള്‍ ബന്ധപ്പെട്ട തലക്കെട്ടില്‍ തന്നെ അവര്‍ക്കും പ്രത്യേകമായി ലഭിക്കണം.

ഇത്തരത്തില്‍ ഓരോ വിഭാഗത്തിനും ലഭിക്കുന്ന സ്‌കോളര്‍ഷിപ്പും ക്ഷേമപദ്ധതികളും അതത് വിഭാഗത്തിന്റെ വിവിധതരത്തിലുള്ള അവകാശ, അര്‍ഹതക്ക് അനുസരിച്ച് അതിന്റേതായ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലൂടെ, ഏകീകരണ സ്വഭാവം ഉണ്ടാക്കുന്ന രീതിയില്‍ വ്യക്തമായ ഉത്തരവുകളിലൂടെ വിതരണം ചെയ്യുന്ന തരത്തില്‍ പുനഃക്രമീകരണം നടത്തി വിഷയം പരിഹരിക്കുന്നതാകും അഭികാമ്യം.

ഈ കമ്മീഷന്‍ ഗതിയെന്താകുമോ?

80:20 വിധിന്യായം വായിക്കുമ്പോള്‍ കാര്യമായ ഒരു സംശയം ഉടലെടുക്കും. ഇപ്പോള്‍ നിയമിക്കപ്പെട്ടിരിക്കുന്ന ജെ.ബി കോശി കമ്മീഷന്‍ തെളിവെടുപ്പുകള്‍ക്കു ശേഷം കേരളത്തിലെ ഏതെങ്കിലുമൊക്കെ ക്രൈസ്തവ വിഭാഗങ്ങള്‍ പിന്നാക്കാവസ്ഥയില്‍ ആണ് എന്നും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഭാഗമായി അവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രത്യേകമായി നല്‍കണമെന്നും ശുപാര്‍ശ ചെയ്താല്‍ പോലും അതിന്റെ ഫലമെന്താകും? പാലോളി മുഹമ്മദ് കുട്ടി കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് ഇപ്പോള്‍ വന്നിരിക്കുന്ന ഗതി ചൂണ്ടിക്കാട്ടി, കോശി കമ്മീഷന്‍ ശുപാര്‍ശകളും മരവിക്കപ്പെടുമോ എന്നാണ് ആശങ്ക.

സര്‍ക്കാരിന് പിന്നാക്കവിഭാഗങ്ങള്‍ക്ക് അനുകൂല്യങ്ങള്‍ നല്‍കാം. എന്നാല്‍ അത് വിജ്ഞാപനം ചെയ്തിരിക്കുന്ന ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ വരുമ്പോള്‍ അവയെ ഒരേപോലെ അല്ലാതെ കാണാനാവില്ല. (ഖണ്ഡിക 31). ജെ.ബി കോശി കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുന്ന, ക്രൈസ്തവര്‍ക്ക് അനുകൂലമായ ശുപാര്‍ശകളിലും സമാനമായ നിയമനിലപാട് ഉണ്ടാകണമെന്ന് തല്‍പരകക്ഷികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഗുണഭോക്താക്കള്‍ പുതിയ പോംവഴികള്‍ ആലോചിക്കേണ്ടി വരും.

ക്രിസ്തീയത രക്ഷിക്കട്ടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതിയൊരു ക്രമീകരണം വന്നാല്‍, ഉള്ളതു കൂടി എടുക്കപ്പെട്ട പരിവര്‍ത്തിത ക്രൈസ്തവരെയും ലത്തീന്‍ കത്തോലിക്കരെയും സമാശ്വസിപ്പിക്കാനുള്ള ക്രിസ്തീയത ഇതര സഭകള്‍ ഏറ്റെടുക്കും എന്ന് പ്രത്യാശിക്കാം. അതിന്റെ ഭാഗമായി ഇനിയിപ്പോള്‍ ആഗ്രഹിച്ചതുപോലെ 60:40 വിതരണരീതി വന്നാല്‍ 40 ശതമാനത്തില്‍ നിന്ന് 20 ശതമാനം പഴയതുപോലെ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ലത്തീന്‍ കത്തോലിക്കര്‍ക്കും നീക്കിവെക്കാന്‍ നല്ല മനസ്സ് കാണിക്കണം. മുഴുവന്‍ ആനുകൂല്യങ്ങളും പൊതുവായി വിതരണം ചെയ്യുകയും അത് വാങ്ങിയെടുക്കാന്‍ പരിവര്‍ത്തിത ക്രൈസ്തവരും ലത്തീന്‍ കത്തോലിക്കരും ഇതര ക്രൈസ്തവ വിഭാഗങ്ങള്‍ക്കൊപ്പം മത്സരിച്ച് നേടുക എന്നതാണ് ഉദ്ദേശ്യമെങ്കില്‍ ക്രിസ്തു ഇല്ലാത്ത ക്രിസ്ത്യാനികളായി തുടരാം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

 


Related Articles

ബെനഡിക്റ്റ് പാപ്പാ: കഷ്ടപ്പാടുകളുടെ ചെറുപ്പകാലം

കൊളുത്തിവച്ച വിളക്കുപോലെ പ്രകാശിതമാണ് എപ്പോഴും ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ജീവിതരേഖ. 1927 ഏപ്രില്‍ 16-ാം തീയതിയായിരുന്നു ജോസഫ് റാറ്റ്സിങ്ങറുടെ ജനനം. ഉയിര്‍പ്പുതിരുനാളിന്റെ തലേ ദിവസമായ ഒരു ദു:ഖ

ഞങ്ങളുടെ ജീവൻ പോയാലും നിങ്ങളെ രക്ഷപ്പെടുത്തും… വീഡിയോ കാണുക

നാടും വീടുമൊക്കെ മുങ്ങിപ്പോയ കൊടും പേമാരിയിൽ രക്ഷകരായി എത്തിയത് തീരദേശങ്ങളിൽ നിന്നുഉള്ള മത്സ്യത്തൊഴിലാളികളാണ്. സൈന്യത്തിൻറെയും നേവിയുടെയും പോലീസിനെയും ഫയർഫോഴ്സിനെയും സേവനം മതിയാകാതെ വന്നപ്പോൾ കേരളത്തിൻറെ സൈന്യം മത്സ്യത്തൊഴിലാളികൾ

പെട്ടിമുടിയിലെ പ്രശ്‌നം മഴക്കാല ദുരന്തങ്ങള്‍ മാത്രമല്ല

ഒരു കവിതയുടെ വരി ഇങ്ങനെയാണ് ‘വാര്‍ത്തകള്‍ സംഗീതം പോലെകേള്‍ക്കപ്പെടുന്ന കാലം വരും’ ദുരന്തങ്ങള്‍ നമുക്ക് വാര്‍ത്തകളാണ്, നമ്മുടെ പ്രിയപ്പെട്ടവര്‍ അതില്‍ ഇരകളാക്കപ്പെടുന്നില്ലായെങ്കില്‍. അതുകൊണ്ടു തന്നെ ഒരു ദുരന്തവുമായി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*