ന്യൂനപക്ഷ ക്വാട്ടയും പങ്കിടുമ്പോള്‍

ന്യൂനപക്ഷ ക്വാട്ടയും പങ്കിടുമ്പോള്‍

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രഫഷണല്‍ കോളജുകളില്‍ മാത്രമല്ല, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും ലത്തീന്‍ കത്തോലിക്കര്‍ക്ക് നീക്കിവയ്ക്കപ്പെട്ട ന്യൂനപക്ഷ സംവരണ സീറ്റിന് കൂടുതല്‍ അവകാശികളുണ്ടാകുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം എന്ന പദവിയുള്ള, ലത്തീന്‍ കത്തോലിക്കാ രൂപതകളുടെയോ സന്ന്യാസ സമൂഹങ്ങളുടെയോ സാമുദായിക ഏജന്‍സിയുടെയോ മാനേജ്‌മെന്റിലുള്ള അണ്‍എയ്ഡഡ്, സ്വാശ്രയ എന്‍ജിനിയറിംഗ്, മെഡിക്കല്‍, ഡെന്റല്‍, നഴ്‌സിംഗ്, ആര്‍ക്കിടെക്ചര്‍, ലോ, അഗ്രികള്‍ച്ചര്‍ കോളജുകളിലായാലും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലായാലും പ്രവേശനത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയില്‍ ഇതര പിന്നാക്ക വിഭാഗമെന്നോ മുന്നാക്കമെന്നോ വിവേചനമില്ലാതെ ഏതൊരു ക്രൈസ്തവനും പങ്കുപറ്റാം എന്നാണ് കേരള ഹൈക്കോടതി ഏറ്റവും ഒടുവില്‍ വിധിച്ചിരിക്കുന്നത്.
മതന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ഭരണഘടനാദത്തമായ (ആര്‍ട്ടിക്കിള്‍ 30-1) അവകാശം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ ഉന്നമനവും പ്രത്യേക പരിരക്ഷയും ലക്ഷ്യംവയ്ക്കുന്നതാണ്. എന്നാല്‍ ന്യൂനപക്ഷ ക്ഷേമത്തിനായുള്ള 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെ 2(സി) അനുഛേദപ്രകാരം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ന്യൂനപക്ഷ വിഭാഗങ്ങള്‍ മുസ്‌ലിം, ക്രിസ്ത്യാനി, സിക്ക്, ബൗദ്ധന്‍, ജൈനന്‍, പാര്‍സി എന്നിവയാണ്. ഈ നിര്‍വചനത്തില്‍ ക്രൈസ്തവരെല്ലാം ഒരു ന്യൂനപക്ഷമാണ് – ഇതില്‍ ലത്തീന്‍ എന്നോ സുറിയാനി, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ്മാ, സിഎസ്‌ഐ, സീറോ മലബാര്‍, സീറോ മലങ്കര എന്നോ ഒരു ഉപവിഭാഗവുമില്ല. കേന്ദ്ര ഗവണ്‍മെന്റ് നോട്ടിഫൈ ചെയ്തതുപ്രകാരമല്ലാതെ പ്രഫഷണല്‍ കോളജുകളിലെ ന്യൂനപക്ഷ ക്വാട്ട ആ സ്ഥാപനം നടത്തുന്ന സമുദായ മാനേജ്‌മെന്റിന്റെ താല്പര്യമനുസരിച്ച് ഏതെങ്കിലും ഉപജാതിക്ക് വിഭജിച്ചുനല്‍കാനാവില്ലെന്ന് 2018 നവംബറില്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കുകയുണ്ടായി.
ന്യൂനപക്ഷ ക്വാട്ടയില്‍ 60 സീറ്റുള്ള ഒരു മുസ്ലിം ന്യൂനപക്ഷ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ സുന്നി മുസ്ലിം, ശാഫി മദ്ഹബ്, ഹനാഫി മദ്ഹബ്, മുജാഹിദ് ജമാഅത്ത്, ഇമാഅത്തെ ഇസ്ലാമി എന്നിവയ്ക്ക് 10 സീറ്റു വീതവും, 15 ന്യൂനപക്ഷ സീറ്റുള്ള മറ്റൊരു മെഡിക്കല്‍ കോളജില്‍ പാലക്കാട് മുസ്ലിം, അഖിലേന്ത്യ മുസ്ലിം, എന്‍ആര്‍ഐ മുസ്ലിം, കോളജ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുടെ ആശ്രിതര്‍ എന്നിവയ്ക്ക് നിശ്ചിത സീറ്റുകളും സംവരണം ചെയ്തത് നിയമവിരുദ്ധമാണെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മുസ്ലിം എന്നല്ലാതെ ന്യൂനപക്ഷ നിര്‍വചനത്തില്‍ ഉപജാതിയൊന്നുമില്ല എന്ന് കോടതി വ്യക്തമാക്കി.
ലത്തീന്‍ സഭയുടെ കീഴിലുള്ള കോളജിലെ സമുദായ സംവരണ സീറ്റുകളിലേക്കു പ്രവേശനം നടത്താന്‍ സര്‍വകലാശാല നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചതിനും, കോളജ് സ്ഥാപിക്കാനായി ഭൂമി നല്‍കിയ സമുദായം 1972ല്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരം സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയ്ക്ക് 10% കമ്യൂണിറ്റി ക്വാട്ട വ്യവസ്ഥ ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ എല്ലാ ക്രൈസ്തവര്‍ക്കും ന്യൂനപക്ഷ സംവരണ പ്രവേശനത്തിന് തുല്യ അവകാശമുണ്ടെന്നു കാട്ടി പ്രിന്‍സിപ്പല്‍ നോട്ടീസിട്ടതിനുമെതിരെ ന്യൂനപക്ഷ പദവിയുള്ള രണ്ടു സ്വകാര്യ സ്വാശ്രയ കോളജുകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രഫഷണല്‍ കോളജുകളെ സംബന്ധിച്ച കഴിഞ്ഞ നവംബറിലെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്കും ബാധകമാണെന്നു വിധിച്ചത്. ലത്തീന്‍ കത്തോലിക്കര്‍ക്ക് ഇതര ക്രൈസ്തവ വിഭാഗങ്ങളുടെ കോളജുകളിലും ന്യൂനപക്ഷ സംവരണത്തിന് അവകാശവാദം ഉന്നയിക്കാം എന്ന ശുഭവാര്‍ത്തയായി ഇതിനെ വായിച്ചെടുക്കുന്നവരുണ്ടാകാം. പക്ഷേ, കാര്യങ്ങള്‍ അത്ര ലളിതമല്ല. മതത്തെക്കാളേറെ പ്രാഥമികമായി ജാതിവിവേചനത്തിന്റെയും ചരിത്രപരമായ സാമൂഹിക പിന്നാക്കവസ്ഥയുടെയും പ്രശ്‌നമാണിതെന്ന് ഉന്നത നീതിപീഠങ്ങള്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. അണ്‍എയ്ഡഡ് പ്രഫഷണല്‍ കോളജുകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ അവകാശമുണ്ടെന്നും, യോഗ്യത മാനദണ്ഡമാക്കി സുതാര്യവും, നീതിപൂര്‍വവും ചൂഷണരഹിതവുമായ രീതിയില്‍ വേണം ഇതു നടപ്പാക്കാനെന്നുമാണ് ഇന്‍ഡോറിലെ മോഡേണ്‍ ഡെന്റല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് സെന്ററും മധ്യപ്രദേശ് ഗവണ്‍മെന്റും തമ്മിലുള്ള കേസില്‍ 2016 മേയില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്. സമുദായ സംവരണത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ന്യൂനപക്ഷ കോളജുകള്‍ക്ക് ഉന്നത നീതിപീഠത്തെ സമീപിക്കാം. ന്യൂനപക്ഷ കമ്യൂണിറ്റി ക്വാട്ടയുടെ നിര്‍വചനം പുനഃപരിശോധിച്ച് വിജ്ഞാപനമിറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനും നമുക്കു കഴിയണം.
സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ പ്രവേശനം സംബന്ധിച്ച് സര്‍ക്കാരുമായും, പ്രവേശന പരീക്ഷാ കമ്മീഷണറേറ്റുമായും കരാറുകള്‍ ഒപ്പുവച്ചിട്ടുള്ളതാണ്. മൊത്തത്തില്‍ 13 പ്രഫഷണല്‍ അണ്ടര്‍ ഗ്രാജ്വേറ്റ്-പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്കായുള്ള പ്രവേശനപരീക്ഷാ കമ്മീഷണറേറ്റിന്റെ കേരള എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ (കെഇഎഎം 2019) പ്രവേശന പരീക്ഷാ പ്രൊഫോമയിലും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും യൂണിവേഴ്‌സിറ്റികളുടെയും പ്രോസ്‌പെക്റ്റസിലും ലത്തീന്‍ കത്തോലിക്കര്‍ക്കും ആംഗ്ലോ-ഇന്ത്യക്കാര്‍ക്കുമായി മൂന്നു ശതമാനവും, ഇതര പിന്നാക്ക ക്രൈസ്തവര്‍ക്കായി ഒരു ശതമാനവും പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് 2011ല്‍ 27% വരുന്ന ഒബിസി ക്വാട്ടയില്‍ നിന്ന് 4.5% ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്കായി പ്രത്യേകമായി വേര്‍തിരിച്ചിരുന്നു. പിന്നാക്ക വിഭാഗത്തിനുള്ള പരിരക്ഷയുടെ ഭാഗം കൂടിയാണ് ലത്തീന്‍ സമുദായ ക്വാട്ട. ഇതു പൂര്‍ണമായി സമുദായത്തിന് അവകാശപ്പെട്ടതാണ്. ന്യൂനപക്ഷ ക്രൈസ്തവ മതവിഭാഗത്തിന്റെ വിശാലമായ നിര്‍വചനത്തില്‍ ത്യജിക്കപ്പെടേണ്ടതല്ല ജീവല്‍പ്രധാനമായ ഈ സാമൂഹികോല്‍ക്കര്‍ഷ ഉപാധി.
കേന്ദ്രത്തിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ ന്യൂനപക്ഷ കമ്മീഷനും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനും സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പും കമ്മീഷനും ജനസംഖ്യാനുപാതികമായി ക്രൈസ്തവ ന്യൂനപക്ഷത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങളുടെയും ക്ഷേമപദ്ധതികളുടെയും കാര്യത്തില്‍ കാട്ടുന്ന കടുത്ത വിവേചനവും അനീതിയും മറ്റൊരു ഗുരുതരമായ വിഷയമാണ്. കേരളത്തില്‍ തീരദേശത്തെയും മലയോരത്തെയും ഇടനാട്ടിലെയും പാവപ്പെട്ട ക്രൈസ്തവര്‍ക്ക് 59:41 എന്ന അനുപാതത്തില്‍ ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ ഇതിന്റെ നാലിലൊന്നുപോലും ലഭിക്കുന്നില്ല എന്നതാണു പച്ചപരമാര്‍ഥം. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യത്തിലെന്നപോലെ തൊഴിലില്ലായ്മയുടെ കാര്യത്തിലും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സ്ഥിതി തീരെ ശോഭനമല്ല. ഇതിനിടെയാണ് ഉന്നത വിദ്യാഭ്യാസത്തിനുള്ള സംവരണ സാധ്യതകളിലും ഇടങ്കോലിടുന്നത്. സാമുദായിക സംവരണ നീതി ഏതുവിധേനയും സംരക്ഷിച്ചേ മതിയാകൂ.


Related Articles

83 കാരനായ ജെസ്യൂട്ട് വൈദികൻ ഫാ സ്റ്റാൻ സ്വാമിയെ NIA അറസ്റ്റ് ചെയ്തു

റാഞ്ചി: മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐയെ അറസ്റ്റ് ചെയ്തു.എ അറസ്റ്റ് ചെയ്തു. വാറന്റ് ഇല്ലാതെയാണ് എന്‍.ഐ.എ 83 കാരനായ സ്റ്റാന്‍ സ്വാമിയെ

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍

ഒരു തുമ്പപ്പൂവുകൊണ്ട് വിരുന്നൊരുക്കാനും ഒരുനല്ല മാങ്കനിക്കായ് കാത്തുനില്ക്കാനും ഒരു കാറ്റിന്‍ കനിവിനായ് പാട്ടുപാടാനും’ മലയാളി കൊതിക്കുന്ന ചിങ്ങമാസത്തിലെ ആദ്യദിനത്തിലാണ് ജേസി ജനിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1938 ആഗസ്റ്റ്

ഓണ്‍ലൈന്‍ വ്യക്തിഹത്യ പൊലീസ് എന്തുചെയ്യും ?

ആശയവിനിമയ സ്വാതന്ത്ര്യം മൗലികാവകാശമാണ്. എന്നാല്‍ അപരന് ശല്യമാകുന്നതോ വ്യക്തിഹത്യയിലെത്തുന്നതോ ആയ സ്വാതന്ത്ര്യം അനുവദനീയമല്ല. ഒരുകാലത്ത് ഇത്തരം ശല്യങ്ങള്‍ പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന ക്രിമിനല്‍ കുറ്റമായിരുന്നു. പിന്നീട് സുപ്രീംകോടതി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*