ന്യൂനപക്ഷ സമത്വം പിന്നാക്കക്കാര്‍ക്ക് തിരിച്ചടിയാകരുത്

സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പാക്കിവന്ന പദ്ധതികളില്‍ ചിലതെങ്കിലും സമഗ്രമായി പൊളിച്ചെഴുതേണ്ടത് അനിവാര്യമാക്കുന്നതാണ് വിദ്യാഭ്യാസ മെറിറ്റ് സ്കോളര്‍ഷിപ്വീതംവയ്ക്കുന്നതിലെ അനുപാതക്രമം തുല്യതയുടെ ഭരണഘടനാ തത്വത്തിനു വിരുദ്ധമാണെന്നു വിലയിരുത്തി മൂന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കികൊണ്ടുള്ള കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ വിധിതീര്‍പ്പ്. ന്യൂനപക്ഷങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് മുസ്ലിംകള്ക്ക് 80 ശതമാനവും ഇതര വിഭാഗങ്ങള്‍ക്ക് 20 ശതമാനവും എന്ന അനുപാതം നിശ്ചയിച്ചത് നിയമപരമായി നിലനില്ക്കുകയില്ല. കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനം ചെയ്ത ആറു മതന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെ വിഹിതം തുല്യമായി പങ്കുവയ്ക്കപ്പെടണമെന്ന് കോടതി നിര്‍ദേശിക്കുന്നു. നിയമവ്യാഖ്യാനങ്ങളുടെയും നീതിന്യായവ്യവഹാരത്തിലെ തുടര്‍നടപടികളുടെയും സാങ്കേതിക വശങ്ങളെക്കാള്‍ സങ്കീര്‍ണമായ സാമൂഹിക, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ – കേരളത്തിന്റെ സാംസ്കാരിക മുഖമുദ്രയായ മതമൈത്രിക്കും സാമുദായികസൗഹാര്ദത്തിനും സമത്വഭാവനയ്ക്കും ഉലച്ചിലുണ്ടാക്കുന്ന മതസ്പര്‍ധയുടെയും വംശവിദ്വേഷത്തിന്റെയും ആപല്‍ക്കരമായ വ്യാപനം, ന്യൂനപക്ഷ സമുദായങ്ങളിലെ പിന്നാക്കവിഭാഗങ്ങള്‍ നേരിടുന്ന സാമൂഹികനീതിനിഷേധത്തിന്റെ തിരിച്ചടികള്‍ – ആഴത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
കേരളത്തിലെ ജനസംഖ്യയില്‍ 45.27 ശതമാനം വരുന്ന ന്യൂനപക്ഷ സമുദായങ്ങളില്‍ പ്രബല വിഭാഗമായ മുസ്ലിംകള്ക്ക് (26.56%) സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റു വഴി വിതരണം ചെയ്യുന്ന സ്കോളര്‍ഷിപ്പുകളുടെ 80 ശതമാനം വിഹിതം ലഭിക്കുകയും, 18.38% വരുന്ന ക്രൈസ്തവരും, 0.33% വരുന്ന സിഖ്, ബുദ്ധ, ജൈന, പാര്‍സി മതക്കാരും ഉള്‍പ്പെടുന്ന ഇതര വിഭാഗങ്ങള്‍ക്ക് 20 ശതമാനത്തിന്റെ അനുപാതം മാറ്റിവയ്ക്കുകയും ചെയ്യുന്നതിന്റെ നിയമസാധുതയാണ് പൊതുതാല്പര്യഹര്ജിയില് ചോദ്യംചെയ്തത്. ഉര്‍ദു പഠനത്തിന് ഏറ്റവുമൊടുവിലായി ഏര്‍പ്പെടുത്തിയ ഇബ്രാഹിം സുലൈമാന്‍ സേട്ട് സ്കോളര്‍ഷിപ് ഉള്‍പ്പെടെ എട്ട് സ്കോളര്ഷിപ്പുകളില് ഏഴെണ്ണത്തിനായി കഴിഞ്ഞ വര്‍ഷം 12,255 വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്തത് 10.32 കോടി രൂപയാണ്. മുസ്ലിം പെണ്‍കുട്ടികള്‍ക്കു മാത്രമായി ബിരുദ, ബിരുദാനന്തര, പ്രഫഷണല്‍ കോളജ് പഠനത്തിന് 2008-ല്‍ ഏറ്റവും ആദ്യം ഏര്‍പ്പെടുത്തിയ സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പിന്റെ ആനുകൂല്യം 2011-ല്‍ ക്രൈസ്തവ ന്യൂനപക്ഷത്തിലെ പിന്നാക്ക വിഭാഗമായ ലത്തീന്‍കാര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും കൂടി 20 ശതമാനം അനുപാതത്തില്‍ അനുവദിച്ചതില്‍ നിന്ന് ആരംഭിക്കുന്നതാണ് ന്യൂനപക്ഷ ”സമനീതിയുടെ” നിയമപ്രശ്നം. സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പിന് കഴിഞ്ഞവര്‍ഷം 11,927 പേര് അപേക്ഷിച്ചതില്‍ 5,569 പേര്‍ക്ക് അനുവദിച്ചു. വര്‍ഷം 5,000 രൂപ മുതല്‍ 7,000 രൂപ വരെയാണ് സ്കോളര്‍ഷിപ്; ഹോസ്റ്റല്‍ സ്റ്റൈപ്പന്‍ഡായി 13,000 രൂപയും നല്കുന്നു. ബിരുദത്തിന് 3,000 പേര്‍ക്കും, പിജിക്കും പ്രഫഷണല്‍ കോഴ്സിനും 1,000 പേര്‍ക്കു വീതവും സ്കോളര്‍ഷിപ്പും, ഹോസ്റ്റല്‍ സ്റ്റൈപ്പന്‍ഡ് 2,000 പേര്‍ക്കും അനുവദിക്കാമെന്നാണ് വ്യവസ്ഥ. എട്ടു കോടി രൂപ അലോട്ട് ചെയ്യുന്ന ഈ സ്കോളര്‍ഷിപ് മാത്രമാണ് മുസ്ലിം, ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവ പെണ്‍കുട്ടികള്‍ക്കായി 80:20 അനുപാതത്തില്‍ അനുവദിക്കപ്പെടുന്നത്; ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയും കമ്പനി സെക്രട്ടറിഷിപ്പും ഉള്‍പ്പെടെ മറ്റെല്ലാ പഠനങ്ങള്‍ക്കുമുള്ള സ്കോളര്‍ഷിപ്പിന് ഇതേ അനുപാതത്തില്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അര്‍ഹതയുണ്ടായിരുന്നു.
രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒന്നാം യുപിഎ ഗവണ്മെന്റ് നിയോഗിച്ച ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രാജിന്ദര്‍ സച്ചര്‍ അധ്യക്ഷനായ ഏഴംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നതിന് വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ തദ്ദേശഭരണ മന്ത്രിയായിരുന്ന പാലോളി മുഹമ്മദുകുട്ടി അധ്യക്ഷനായ 11 അംഗ കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2008 ഓഗസ്റ്റില്‍ ആരംഭിച്ച ന്യൂനപക്ഷ സെല്ലിന്റെ ആഭിമുഖ്യത്തില്‍ മുസ്ലിം സമുദായ ക്ഷേമം മുന്‍നിര്‍ത്തി ആരംഭിച്ച പദ്ധതികളുടെ ഭാഗമായിരുന്നു മുസ്ലിം പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനായുള്ള സ്കോളര്‍ഷിപ് ആനുകൂല്യം. 2011 ജനുവരിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിച്ചതോടെ ക്ഷേമപദ്ധതികള്‍ വികസിപ്പിച്ചു. അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍, വി.എസ് മന്ത്രിസഭയുടെ അവസാനകാലത്താണ് 5,000 സ്കോളര്‍ഷിപ്പിന്റെയും 2,000 ഹോസ്റ്റല്‍ സ്റ്റൈപ്പന്ഡിന്റെയും അവകാശം മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഉറപ്പുവരുത്തിക്കൊണ്ടുതന്നെ 20% വിഹിതം ലത്തീന്‍, പരിവര്ത്തിതക്രൈസ്തവ പെണ്‍കുട്ടികള്‍ക്കുമായി നീക്കിവച്ചത്. സിവില്‍ സര്‍വീസ്, പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് സര്‍വീസ്, എന്‍ട്രന്‍സ് മത്സരപരീക്ഷകള്‍ക്കു പരിശീലനം നല്‍കുന്നതിന് മുസ്ലിം യുവജനതയ്ക്കായി ആരംഭിച്ച പരിശീലനകേന്ദ്രങ്ങളില്‍ 10% മുതല്‍ 20% വരെ സീറ്റുകളില്‍ മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കും കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് 2011 ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇത്തരം 17 പരിശീലനകേന്ദ്രങ്ങളിലും 28 ഉപകേന്ദ്രങ്ങളിലുമായി ഇതര ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് പ്രവേശനം നേടുന്നവരുടെ എണ്ണം താരതമ്യേന വളരെ കുറവാണ് എന്നത് യാഥാര്‍ത്ഥ്യം.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്ന് അനുവദിക്കുന്ന സ്കോളര്ഷിപ്പുകള്ക്കെല്ലാം നാഷണല്‍ സ്കോളര്‍ഷിപ് പോര്‍ട്ടല്‍ വഴി ഏതു ന്യൂനപക്ഷവിഭാഗക്കാരനും അപേക്ഷിക്കാമെന്നിരിക്കെ, ന്യൂനപക്ഷ കമ്മിഷന് നിയമത്തിനു വിരുദ്ധമായി ഇവിടെ 80:20 അനുപാതം തുടര്‍ന്നു എന്നതാണ് നിയമകുരുക്കിന് ഇടയാക്കിയത്. സച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം പിന്നാക്കവിഭാഗത്തിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പകരം ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെ മുസ്ലിംകള് അനര്‍ഹമായ ആനുകൂല്യങ്ങള്‍ കൈക്കലാക്കുന്നു എന്ന ധാരണ വളര്‍ത്തുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചത് രാഷ്ട്രീയ താല്പര്യങ്ങള് മുന്‍നിര്‍ത്തി ഭരണനേതൃത്വം തന്നെയാണ്. മുസ്ലിം വിരുദ്ധതയുടെ ദേശീയ രാഷ്ട്രീയ ചിന്താധാരയ്ക്ക് ശക്തിപകരുന്ന വര്‍ഗീയ ധ്രുവീകരണം സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പാക്കുന്ന അടവുനയത്തിന്റെ ഭാഗമായിരിക്കാം. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക സമിതി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനായി ഏര്‍പ്പെടുത്തിയ പദ്ധതികളുടെ സാംഗത്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതെങ്ങനെ എന്നും അന്വേഷിക്കേണ്ട അവസ്ഥയാണ്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകളുടെ സ്കോളര്‍ഷിപ് വിഹിതം 80 ശതമാനത്തില്‍ നിന്ന് ജനസംഖ്യാനുപാതികമായി 58.67 ശതമാനമായി കുറയും. മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങളും പിന്നാക്ക വിഭാഗത്തിലെ ലത്തീന്‍ കത്തോലിക്കരും ദളിത ക്രൈസ്തവരും ഉള്‍പ്പെടെ ക്രൈസ്തവരുടെ മൊത്തം വിഹിതം 40.6% ആകും. സിക്കുകാരും ബുദ്ധമതക്കാരും ജൈനരും പാര്‍സികളും അടങ്ങുന്ന ഇതര ന്യൂനപക്ഷവിഭാഗങ്ങളുടെ വിഹിതം 0.73% ആണ്. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ സ്കോളര്‍ഷിപ് വിഹിതമായി മൂന്നു കോടി രൂപയുടെ അധിക ആനുകൂല്യം പുനഃക്രമീകരണത്തിലൂടെ ലഭിക്കാനിടയുണ്ട്. മുസ്ലിം വിഭാഗത്തിന് ലഭിച്ചിരുന്ന 12.68 കോടി രൂപയുടെ ആനുകൂല്യം 9.27 കോടി രൂപയായി കുറയും. അതേസമയം ക്രൈസ്തവര്‍ക്ക് മൊത്തത്തില്‍ 3.16 കോടി രൂപയുടെ ആനുകൂല്യം ലഭിച്ചിരുന്നത് 6.41 കോടിയായി വര്‍ധിക്കും.
മുന്നാക്ക വികസന കോര്പറേഷന് ഡിഗ്രി, പിജി കോഴ്സുകള്‍ക്ക് നല്കുന്ന 6,000 രൂപ മുതല്‍ 10,000 രൂപ വരെയും, പ്രഫഷണല്‍ കോഴ്സുകള്‍ക്കു നല്കുന്ന 10,000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള സ്കോളര്‍ഷിപ്പുകള്‍ മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് അര്ഹതപ്പെട്ടതാണെങ്കില്, ലത്തീന്‍ കത്തോലിക്കര്‍ക്കും ദളിത ക്രൈസ്തവര്‍ക്കും അനുവദിക്കപ്പെട്ടിരുന്ന തീരെ കുറഞ്ഞ തോതിലുള്ള സ്കോളര്‍ഷിപ് ആനുകൂല്യം പോലും കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കയാണ്. ന്യൂനപക്ഷ സമത്വത്തിന്റെ പേരില്‍ പിന്നാക്ക സമുദായ ആനുകൂല്യങ്ങള്‍ ലത്തീന്‍കാര്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ആശങ്കയുണര്‍ത്തുന്നതാണ്. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ പി
ന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കു ലഭിക്കേണ്ട സാമൂഹിക നീതിയെക്കുറിച്ച് തെല്ലും ഉത്കണ്ഠ പ്രകടിപ്പിച്ചുകാണുന്നില്ല.
പട്ടികജാതികളില്‍ നിന്നും ശുപാര്‍ശ ചെയ്യപ്പെട്ട സമൂഹങ്ങളില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ പരിവര്‍ത്തിത വിഭാഗങ്ങള്‍ക്കുള്ള സംസ്ഥാന വികസന കോര്‍പറേഷന്റെ നിലനില്പു മാത്രമല്ല, ക്രൈസ്തവ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായ മൂന്നംഗ സമിതിയുടെ തെളിവെടുപ്പു പോലും ചിലര്‍ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. മതവിഭാഗീയത ഇല്ലാതെ തന്നെ മുസ്ലിംകള്ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പൂര്‍ണമായും ഉറപ്പുവരുത്താനും, ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനും നിയമപരമായ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഗവണ്മെന്റ് ശ്രമിക്കേണ്ടത്. മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്ത ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പദ്ധതി ആനുകൂല്യങ്ങള്‍ സമഗ്രമായി പുനഃപരിശോധിച്ച് നീതിപൂര്‍വകമായ ഭരണനിര്‍വഹണത്തിന് സത്വര നടപടികള്‍ സ്വീകരിക്കണം. രാഷ്ട്രീയ ലാഭത്തിനായി മതസ്പര്‍ധ വളര്‍ത്താനുള്ള ദുഷ്പ്രചരണങ്ങളെ ശക്തമായി ചെറുക്കാനും ജനാധിപത്യരീതിയില്‍ കാര്യങ്ങള്‍ സുതാര്യമായി ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിക്കാനും ഇനിയെങ്കിലും ഭരണനേതൃത്വം തയ്യാറാകണം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
നിണമണിഞ്ഞ കശ്മീര്‍
അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നു, സൈനികര്‍ കൊല്ലപ്പെടുന്നു. ഇരുഭാഗവും കടുത്ത വാഗ്വാദം നടത്തുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണ്. കശ്മീരില്‍ ഇരു രാഷ്ട്രങ്ങളും പലതവണ ചെറുതും വലുതുമായ
പിശാചുക്കളുടെ പരാതി
സ്വര്‍ഗത്തില്‍ ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുകയായിരുന്നു. പുത്രന്‍തമ്പുരാന്റെ ബര്ത്ഡേ അല്ലേ. അപ്പോള്‍പ്പിന്നെ അത് ഏറ്റവും ഉചിതമായ രീതിയില്‍ത്തന്നെ ആഘോഷിക്കണമേല്ലാ. സ്വര്‍ഗം ആകെ വര്ണാമയമായിരുന്നു. എങ്ങും സ്വര്‍ണനൂലുകളാല്‍ അലങ്കരിക്കപ്പെട്ട വിതാനങ്ങള്‍;
ഇന്ന് വിഭൂതി ബുധന്‍.. ഒരു തിരിഞ്ഞുനോട്ടം
ഒരു തിരിഞ്ഞുനോട്ടം, ഒരു തിരിച്ചറിവ്, ഒരു തിരിച്ചുവരവ് തപസുകാലത്തിന്റെ അന്തസത്ത ഏറെക്കുറെ ഇങ്ങനെയാണെന്നു തോന്നുന്നു. പൂര്‍ണഹൃദയത്തോടുകൂടിയുള്ള ഒരു തിരിച്ചുവരവ്. ആ തിരിച്ചുവരവിന് കാരണമാകുന്ന തിരിച്ചറിവ്, ആ തിരിച്ചറിവിലേക്കു