പച്ചപെയ്ന്റടിച്ച കൊട്ടാരം

പച്ചപെയ്ന്റടിച്ച കൊട്ടാരം

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലെ ജന്മിയായിരുന്നു പ്യാരലാല്‍ കുല്‍ക്കര്‍ണി. ധാരാളം ഭൂസ്വത്തുക്കളുടെ ഉടമയായിരുന്നെങ്കിലും മുതലാളിക്ക് വിദ്യാഭ്യാസം ഒട്ടും തന്നെ ഇല്ലായിരുന്നു.
അങ്ങനെയിരിക്കെ ജന്മിക്ക് കണ്ണിലൊരസുഖം വന്നു. പല ഡോക്ടര്‍മാരെയും കണ്ട് ചികിത്സ നടത്തിയെങ്കിലും രോഗശമനം ഉണ്ടായില്ല. അപ്പോഴാണ് പട്ടണത്തില്‍ ദിവ്യജ്ഞാനമുള്ള ഒരു സ്വാമിജി ഉണ്ടെന്നറിയുന്നത്. സ്വാമിജിയുടെ അടുക്കല്‍ പോകുന്നവര്‍ക്കെല്ലാം സൗഖ്യം ലഭിക്കാറുണ്ടെന്ന് വേലക്കാര്‍ മുഖേന മുതലാളി കേട്ടു. പിറ്റേ ദിവസം തന്നെ പ്യാരലാല്‍ സ്വാമിജിയെ കാണാന്‍ പട്ടണത്തിലെത്തി.
സ്വാമിജി മുതലാളിക്ക് കൊടുത്ത ‘മരുന്ന്’ ഇതായിരുന്നു. അടുത്ത ആറു മാസത്തേക്ക് പച്ചനിറത്തിലുള്ള വസ്തുക്കള്‍ മാത്രമേ കാണാവൂ. സ്വാമിജിയുടെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിക്കാമെന്ന് മുതലാളി വാക്കു കൊടുത്തു.
കൊട്ടാരത്തില്‍ തിരിച്ചെത്തിയ ഉടനെ പ്യാരലാല്‍ മുതലാളി തന്റെ കാര്യസ്ഥനോട് കുറെ പെയിന്റിംഗ് തൊഴിലാളികളെ വിളിച്ചു കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് ആവശ്യത്തിനുള്ള പണം കൊടുത്തിട്ട് കൊട്ടാരം മുഴുവന്‍ പെയിന്റടിക്കാന്‍ ഉത്തരവിട്ടു. ജന്മിയോട് എതിര്‍ത്തു പറയാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നതു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടതു പോലെ കൊട്ടാരത്തിലെ ചുമരുകളും ഫര്‍ണിച്ചറുകളും എല്ലാം പച്ച പെയ്ന്റടിച്ചു. കൊട്ടാരത്തിലെ ജോലിക്കാര്‍ക്കെല്ലാം പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ കൊടുത്തു. എന്തിനു പറയണം, അവിടെ വളര്‍ത്തിയിരുന്ന കന്നുകാലികളുടെ ദേഹത്തുപോലും പച്ച പെയിന്റടിച്ചു.
കുറെ നാളുകള്‍ക്ക് ശേഷം സ്വാമിജി ആ വഴി കടന്നുപോകാനിടയായി. അദ്ദേഹം തന്റെ ഭക്തനെ കാണാന്‍ കൊട്ടാരത്തില്‍ വന്നു. ഉടനെ ജോലിക്കാര്‍ വന്ന് സ്വമിജി ധരിച്ചിരുന്ന ചുമന്ന വസ്ത്രം മാറ്റി. പച്ച നിറത്തിലുള്ള ഡ്രസ് ധരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അവര്‍ പറഞ്ഞ കാരണം കേട്ട് സ്വമിജി പൊട്ടിച്ചിരിച്ചു.
അദ്ദേഹം പ്യാരലാല്‍ കുല്‍ക്കര്‍ണിയെ വിളിച്ച് ”താങ്കള്‍ എന്തു മണ്ടത്തരമാണീ കാണിക്കുന്നത്. പച്ച നിറത്തിലുള്ള വസ്തുക്കള്‍ മാത്രമേ കാണാവൂ എന്ന് ഞാന്‍ പറഞ്ഞതിന് ഇത്രമാത്രം പണം ചിലവഴിച്ച് ഈ കൊട്ടാരവും ഫര്‍ണിച്ചറുമൊക്കെ പച്ചപെയ്ന്റടിച്ച് വൃത്തികേടാക്കേണ്ടായിരുന്നു. അതിനു പകരം താങ്കള്‍ പച്ച നിറത്തിലുള്ള ചില്ലുകളുള്ള ഒരു കണ്ണട ധരിച്ചെങ്കില്‍ മതിയായിരുന്നു. അപ്പോള്‍ എല്ലാം പച്ച നിറത്തില്‍ കാണാമായിരുന്നല്ലോ.”
സമ്പത്തുണ്ടായാല്‍ പോരാ, അതു വേണ്ട രീതിയില്‍ കൈകാര്യം ചെയ്യണമെങ്കില്‍ അറിവും കൂടി ഉണ്ടായിരിക്കണം.
ഏതാണ്ട് ഈ മണ്ടനായ ജന്മിയുടെ കഥപോലെ തന്നെ മറ്റൊരു കഥയുമുണ്ട്. ഒരിടത്ത് വളരെ ദയാലുവായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം രാത്രി കാലങ്ങളില്‍ വേഷം മാറി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു. കാലില്‍ പാദരക്ഷകളൊന്നും ധരിക്കാതെ സാധാരണ കര്‍ഷക വേഷത്തിലാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. ജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കാനാണ് അദ്ദേഹം ഇങ്ങനെ വേഷം മാറി നടന്നിരുന്നത്.
കുറെ ദിവസങ്ങള്‍ ഇങ്ങനെ നടന്നപ്പോള്‍ കാലുപൊട്ടി വ്രണമായി. അപ്പോഴും രാജാവ് ചിന്തിച്ചത് തന്റെ പ്രജകളെക്കുറിച്ചായിരുന്നു. കുറച്ചു ദിവസങ്ങള്‍ ചെരിപ്പില്ലാതെ നടന്നപ്പോള്‍ തന്റെ കാല് പൊട്ടിയെങ്കില്‍ എപ്പോഴും നടക്കുന്ന പ്രജകളുടെ കഷ്ടപ്പാട് എന്തായിരിക്കണം? അതിനു പരിഹാരമായി അദ്ദേഹം ഒരു കല്പന പുറപ്പെടുവിച്ചു-രാജവീഥിയും നാട്ടുവഴികളുമെല്ലാം മൃഗങ്ങളുടെ തോലുകൊണ്ട് പൊതിയുക.
വഴികളെല്ലാം മൃഗത്തോലുകൊണ്ട് മൂടണമെങ്കില്‍ എത്രമാത്രം തുകലുവേണ്ടിവരും, അതിനായി എത്ര മൃഗങ്ങളെ കശാപ്പു ചെയ്യേണ്ടിവരും, എന്താണ് ഇതിനൊരു പരിഹാരം എന്ന് മന്ത്രിമാര്‍ തലപുകഞ്ഞാലോചിച്ചു. രാജകല്പന ധിക്കരിക്കാതെ തന്നെ എങ്ങനെ ഉചിതമായ തീരുമാനം എടുക്കുവാന്‍ സാധിക്കും? ബുദ്ധിമാനായ മുഖ്യമന്ത്രിയുടെ മനസില്‍ ഒരു ആശയം ഉദിച്ചു. അദ്ദേഹം രാജാവിനോട് ഉണര്‍ത്തിച്ചു: ”പ്രഭോ, അങ്ങയുടെ തീരുമാനം വളരെ നല്ലതു തന്നെ. പ്രജകളുടെ കാല്പാദങ്ങള്‍ കല്ലിലും മുള്ളിലും തട്ടാതെ നടക്കുവാന്‍ അത് ഉപകരിക്കും. എന്നാല്‍ വഴികളെല്ലാം തുകലുകൊണ്ട് മൂടുന്നത് വളരെ ചിലവേറിയ ഒന്നായിരിക്കും. അതിനുപകരമായി ലാഭത്തില്‍ ചെയ്യാവുന്ന മറ്റൊരു ഉപാധിയുണ്ട്.”
”എന്താണത്?” രാജാവ് ചോദിച്ചു.”
”വഴിയിലെല്ലാം തുകല്‍ വിരിക്കുന്നതിനു പകരം അങ്ങയുടെ കാല്പാദങ്ങള്‍ക്ക് അനുയോജ്യമായ തുകല്‍ കൊണ്ടുള്ള പാദരക്ഷകള്‍ ധരിച്ചാല്‍ അങ്ങ് എവിടെ പോയാലും മുറിവു പറ്റുകയില്ല. അതുപോലെ തന്നെ നമുക്ക് എല്ലാ പ്രജകളോടും പാദരക്ഷകള്‍ അണിഞ്ഞ് നടക്കാന്‍ പറയാം.”
മുഖ്യമന്ത്രിയുടെ അഭിപ്രായം രാജാവിന് ഇഷ്ടപ്പെട്ടു. അങ്ങനെ വലിയൊരു ചിലവുവരുമായിരുന്ന തീരുമാനത്തില്‍ നിന്ന് രാജാവ് പിന്തിരിഞ്ഞു.
എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമുണ്ട്. ബുദ്ധിയില്ലാത്ത മനുഷ്യര്‍ തങ്ങളുടെ മനസില്‍ പെട്ടെന്ന് വരുന്ന കാര്യങ്ങള്‍ വരുംവരായ്കകള്‍ ചിന്തിക്കാതെ നോക്കും. എന്നാല്‍ ബുദ്ധിശാലികള്‍ നല്ലവണ്ണം ആലോചിച്ചും ചിലവു കുറഞ്ഞതും പ്രായോഗികവുമായ തീരുമാനങ്ങള്‍ എടുക്കുന്നു.
”ജ്ഞാനം സമ്പാദിക്കുകയാണ് സര്‍വപ്രധാനം. എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക. അവളെ അമൂല്യമായി കരുതുക; അവള്‍ നിനക്ക് ഉയര്‍ച്ച നല്‍കും. അവളെ പുണരുക; അവള്‍ നിന്നെ ആദരിക്കും.” സുഭാ 4: 7-8
അടുത്ത ലക്കം
സര്‍ദാര്‍ജിമാരുടെ മാഹാത്മ്യം


Related Articles

ഒരു സൂഫി ഗുരുവിന്റെ കഥ

ഒരിക്കല്‍ ഒരു സൂഫി ഗുരുവിന്റെ ശിഷ്യന്മാരിലൊരാള്‍ ഗുരുവിനോട്‌ ചോദിച്ചു: “പ്രഭോ, ഞങ്ങളുടെ ഗുരുവാണല്ലോ അങ്ങ്‌. അങ്ങയുടെ ജ്ഞാനത്തെയും വിവേകത്തെയും വിശുദ്ധിയെയും ഞങ്ങള്‍ അത്യധികം ആദരിക്കുന്നു. അങ്ങയുടെ വ്യക്തിജീവിതത്തെക്കുറിച്ച്‌

മോഡേണ്‍ കപ്പ്ള്‍സ്‌

മാതൃകാദമ്പതികള്‍ എന്ന് അവരെ പലരും വിശേഷിപ്പിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ ഷോപ്പിംഗിനു പോയപ്പോള്‍ യാദൃഛികമായി ക്യാഷ് കൗണ്ടറിലിരിക്കുന്ന സ്ത്രീ അവരുടെ ബാഗില്‍ ഒരു ടിവി റിമോട്ട് കണ്ടു.

ഒരു പിതാവിന്റെ ഹൃദയത്തോടെ…

”ഒരു പിതാവിന്റെ ഹൃദയത്തോടെ ജോസഫ് ഈശോയെ സ്നേഹിച്ചു” എന്ന മനോഹരമായ വാക്യത്തോടെയാണ് പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ പാത്രിസ് കോര്‍ദെ എന്ന ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനം ആരംഭിക്കുന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*