പച്ചമീന്‍ നഞ്ചില്‍ മുങ്ങുമ്പോള്‍

പച്ചമീന്‍ നഞ്ചില്‍ മുങ്ങുമ്പോള്‍

ട്രോളിംഗ് നിരോധന കാലത്ത് കേരളത്തിലെ മീന്‍ചന്തകളില്‍ കൊള്ളലാഭത്തിന്റെ ചാകരക്കൊയ്ത്തിന് മറ്റു തീരങ്ങളില്‍ നിന്ന് ടണ്‍കണക്കിന് മീനും ചെമ്മീനും എത്തിക്കുന്നവര്‍ ഭക്ഷ്യസുരക്ഷയുടെയും ഗുണനിലവാര മാനദണ്ഡങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങള്‍ കാറ്റില്‍ പറത്തി ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ വ്യാപകമായി പ്രയോഗിക്കുന്നുവെന്ന സ്ഥിരീകരണം മത്സ്യവിപണിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ കേടാകാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഫോര്‍മലിന്‍ (ഫോര്‍മാല്‍ഡിഹൈഡ്) ലായനിയില്‍ മുക്കിയാണ് പച്ചമീന്‍ ആഴ്ചകളോളം ചീഞ്ഞഴുകാതെ ഐസ്‌പെട്ടികളില്‍ സംഭരിച്ച് മാര്‍ക്കറ്റില്‍ എത്തിക്കുന്നത് എന്ന വെളിപ്പെടുത്തല്‍ നിത്യവും മീന്‍കറിയില്ലാതെ ചോറുണ്ണാനാവാത്ത മലയാളിക്ക് മനംമറിച്ചലിന് ഇടയാക്കും. അഷ്ടിക്കുപായമില്ലാതെ മഴക്കാലത്തും കാറും കോളും കൊണ്ട് ഇളകിമറിയുന്ന കടലിലും കായലിലും വള്ളമിറക്കി അന്നന്നു കിട്ടുന്നത് കൈയോടെ വിറ്റഴിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പിടയ്ക്കുന്ന നാടന്‍മീനിനു പോലും ആവശ്യക്കാരില്ലാത്ത അവസ്ഥ. വിഷമത്സ്യക്കടത്തിന്റെ പേരില്‍ വിപണിയിലുണ്ടായിരിക്കുന്ന വന്‍ ഇടിവ് തീരത്തെ ഒടുങ്ങാത്ത ദുരിതങ്ങളുടെ ആക്കം ഒന്നുകൂടി കൂട്ടുന്നു.
മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായി, മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന മണ്‍സൂണ്‍ കാലത്ത് കടലിന്റെ അടിത്തട്ടുവരെ ചെന്നെത്തുന്ന അടക്കംകൊല്ലി ട്രോളിംഗ് വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം ജൂണ്‍ ഒന്‍പതു മുതല്‍ 52 ദിവസത്തേക്ക് കേരളം നിരോധിച്ചിരിക്കെ, കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷന്‍ സാഗര്‍റാണി എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വാളയാര്‍, മഞ്ചേശ്വരം, അമരവിള, പുനലൂര്‍ ചെക്ക്‌പോസ്റ്റുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മീന്‍വണ്ടികളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 28,000 കിലോ സമുദ്രവിഭവങ്ങള്‍ കണ്ടെത്തി തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. പാലക്കാട് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ആന്ധപ്രദേശില്‍ നിന്നെത്തിയ 45 മത്സ്യലോറികള്‍ സംശയം തോന്നി പരിശോധിച്ചതില്‍ 6,000 കിലോ ചെമ്മീനില്‍ മാരകമായ അളവില്‍ ഫോര്‍മലിന്‍ കണ്ടെത്തി. ചരക്ക് അയച്ചവരുടെയോ ഏറ്റുവാങ്ങുന്ന കമ്പനിയുടെയോ ഇടപാടുകാരുടെയോ വ്യക്തമായ വിവരവും രേഖകളുമില്ലാതെയാണ് വിപുലമായ തോതില്‍ ഇങ്ങനെ മത്സ്യം കടത്തുന്നത്. സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മലിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ കലര്‍ത്തിയ ഐസിട്ടാണ് ആഴ്ചകളോളം പഴക്കമുള്ള ചെമ്മീനും മീനും കേരള വിപണിയിലെത്തിക്കുന്നത്.
മലയാളികളില്‍ 85 ശതമാനവും മീന്‍ കഴിക്കുന്നു. പ്രതിവര്‍ഷം ഒരാള്‍ ശരാശരി 27 കിലോ മീന്‍ കഴിക്കുന്നു എന്നാണ് കണക്ക്. കേരളത്തില്‍ ഒരു ദിവസം 2,500 ടണ്‍ മീന്‍ വിറ്റഴിയുന്നു. രാജ്യത്തെ കടലോര മത്സ്യത്തൊഴിലാളികളില്‍ 17 ശതമാനവും കേരളത്തിലാണ്. നാട്ടിന്‍പുറങ്ങളിലെ ചന്തകളില്‍ ദിവസവും വിറ്റഴിക്കുന്നത് 1,100-1,300 ടണ്‍ മീനാണ്.
നാം ഉപയോഗിക്കുന്ന മീനിന്റെ 40-45 ശതമാനവും – ഏതാണ്ട് 1,000 ടണ്‍ – മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, ഗോവ, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നായി 23 തരം മീന്‍ കേരളത്തിലേക്കു വരുന്നുണ്ട്. മത്തി വരവ് 256 ടണ്‍ വരും. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന മീനില്‍ 35 ശതമാനവും കര്‍ണാടകയില്‍ നിന്നു വരുന്നതിന്റെ 27 ശതമാനവും മത്തിയാണ്. അയലയും സമാനമായ രീതിയിലാണ് എത്തുന്നത് – 30 ശതമാനം തമിഴ്‌നാട്ടില്‍ നിന്ന്; ആന്ധ്രയില്‍ നിന്ന് 29 ശതമാനം, കര്‍ണാകടക 26 ശതമാനം, ഗോവ 14 ശതമാനം. നത്തോലി 39 ശതമാനം ഗുജറാത്തില്‍ നിന്ന്; ചൂര 29 ശതമാനം ഗോവയില്‍ നിന്ന്.
കടലില്‍ നിന്ന് പിടിച്ചിടുമ്പോള്‍ മുതല്‍ കരയ്‌ക്കെത്തിക്കുമ്പോഴും, സംഭരണം, വിതരണം, വില്‍പ്പന ഘട്ടങ്ങളിലും പച്ചമീന്‍ നല്ല ഐസില്‍ മാത്രം – ഒരു കിലോ മീനിന് ഒരു കിലോ ഐസ് എന്ന അനുപാതത്തില്‍ – സൂക്ഷിക്കണമെന്നാണ് ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ-ഗുണനിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) ചട്ടങ്ങളില്‍ നിര്‍ദേശിക്കുന്നത്. ശീതീകരിച്ച വാന്‍, ശീതീകരണ സംഭരണികളുടെ കോള്‍ഡ് ചെയിന്‍ സ്‌റ്റോറേജ് ശൃംഖല, ഗുണനിലവാരമുള്ള ഐസ് നിര്‍മിക്കാനുള്ള പ്ലാന്റുകള്‍, ഐസിന്റെ ആനുപാതിക ഉപയോഗം എന്നിങ്ങനെ സുരക്ഷിതമായി ചെമ്മീനും മീനുമൊക്കെ പ്രാദേശിക വിപണിയിലെത്തിക്കുന്നതിനും സംസ്‌കരണശാലകളിലൂടെ മൂല്യവര്‍ധിത കയറ്റുമതിചരക്കായി മാറ്റുന്നതിനും വ്യക്തമായ മാര്‍ഗരേഖകളും മാനദണ്ഡങ്ങളുമുണ്ട്. എന്നാല്‍ ആഴ്ചകളോളം കടലില്‍ തങ്ങി മത്സ്യബന്ധനം നടത്തുന്ന യാനങ്ങളില്‍ പിടിച്ചിടുന്ന മീന്‍ എങ്ങനെയാണ് കേടാകാതെ സൂക്ഷിക്കുന്നതെന്നോ, അത് കരയ്‌ക്കെത്തിച്ച് ഹാര്‍ബറില്‍ ലേലം ചെയ്യുമ്പോഴും ചരക്കുവണ്ടിയില്‍ കയറ്റുമ്പോഴും സ്‌റ്റോറുകളിലേക്കു മാറ്റുമ്പോഴും പിന്നീട് വിതരണം ചെയ്യുമ്പോഴും ചന്തയില്‍ വിറ്റഴിക്കുമ്പോഴും സംസ്‌കരണശാലകളിലെത്തിക്കുമ്പോഴും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നോ പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലോ ഫിഷറീസ് വകുപ്പിലോ എന്തു സംവിധാനമാണുള്ളത്? വല്ലപ്പോഴും ഒരു ഓപ്പറേഷന്റെ പേരില്‍ മിന്നല്‍ പരിശോധന നടത്തിയാല്‍ എല്ലാ ആശങ്കകളും ഇല്ലാതാകുമോ?
പുറത്തുനിന്നു കൊണ്ടുവരുന്ന മീനില്‍ മാത്രമല്ല, നമ്മുടെ നാട്ടിലെ ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലും ഫിഷറീസ് ഹാര്‍ബറിലും എത്തുന്ന ചരക്കിലും വലിയ തോതില്‍ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നാണ് ആക്ഷേപം. മത്സ്യബന്ധന ബോട്ടുകളിലും മറ്റു യാനങ്ങളിലും കൊണ്ടുപോകുന്ന ഐസ് ക്യൂബുകള്‍ നിര്‍മിക്കുന്നതുതന്നെ ഫൊര്‍മലിനും മറ്റും ചേര്‍ത്തിട്ടാണെന്നു പറയുന്നു. അര്‍ബുദത്തിന് ഇടയാക്കുന്നതും, ദഹനേന്ദ്രിയവ്യവസ്ഥ, കരള്‍, വൃക്ക, നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനം,
ശരീരകോശങ്ങള്‍ എന്നിവയെ ബാധിക്കുന്നതുമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രാസവസ്തുക്കള്‍ സമുദ്രവിഭവങ്ങളില്‍ കലര്‍ത്തുന്നതു തടയാനും, ശാസ്ത്രീയമായും ശുചിത്വപൂര്‍ണമായുമാണ് അവ വിവിധ ഘട്ടങ്ങളില്‍ കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പുവരുത്താനും കാര്യക്ഷമവും സ്ഥായിയായതുമായ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) കീഴില്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) വികസിപ്പിച്ചെടുത്ത ദ്രുത പരിശോധനയ്ക്കുള്ള പേപ്പര്‍ സ്ട്രിപ് സിഫ്‌ടെസ്റ്റിലൂടെ രണ്ടു മിനിറ്റുകൊണ്ട് അമോണിയ, ഫോര്‍മലിന്‍ എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്നു എന്നത് വലിയൊരു വഴിത്തിരിവാണ്. ഒരു പരിശോധനയ്ക്ക് അഞ്ചു രൂപയില്‍ താഴെ മാത്രം ചെലവു വരുന്ന വിധത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഈ പരിശോധനാ കിറ്റ് വിപണിയിലെത്തിക്കാന്‍ സ്വകാര്യ മേഖലയുമായി കരാറുണ്ടാക്കിയിട്ടുണ്ട്. എന്തായാലും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ മാത്രമല്ല നമ്മുടെ തീരപ്രദേശങ്ങളിലെ ഐസ് പ്ലാന്റുകളിലും ഫിഷറീസ് ഹാര്‍ബറുകളിലും സംസ്‌കരണശാലകളിലും മീന്‍ചന്തകളിലും ഫിഷ് സ്റ്റാളുകളിലുമൊക്കെ മത്സ്യവിഭവങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും മായംകലര്‍ത്തല്‍ തടയാനുമുള്ള നടപടികള്‍ കര്‍ശനമാക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുമന്ത്രി അറിയിച്ചിട്ടുണ്ട്. കൊള്ളലാഭത്തിനുവേണ്ടി ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന രാസവസ്തുക്കള്‍ ഭക്ഷ്യവിഭവങ്ങളില്‍ കലര്‍ത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും ഇതിനായി സമഗ്രമായ നിയമനിര്‍മാണം കൊണ്ടുവരാനും ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ട്. കേരള തീരത്ത് നാട്ടുകാര്‍ക്ക് നല്ല മീന്‍ കിട്ടുമെന്ന് ഉറപ്പുവരുത്തുന്നതിന് സാമൂഹിക തലത്തില്‍ ജാഗ്രത ആവശ്യമാണ്. മത്സ്യബന്ധന മേഖലയിലെ വിവിധ തലങ്ങളില്‍ ഇതിന് ആവശ്യമായ മുന്‍കരുതലുകളും പുനര്‍വിചിന്തനവും പുനഃക്രമീകരണങ്ങളും വേണ്ടിവരും.
ഇതിനിടെ, ട്രോളിംഗ് നിരോധനത്തിന്റെ കാലയളവ് അഞ്ചു ദിവസം നീട്ടിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്ത് മത്സ്യബന്ധന ബോട്ട് ഉടമകളുടെ പ്രതിനിധി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍, ട്രോളിംഗ് നിരോധനം കര്‍ശനമായി നടപ്പാക്കണമെന്നും ഇത് മറ്റു യാനങ്ങള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും കൂടി ബാധകമാക്കണമെന്നുമുള്ള നിരീക്ഷണം ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കയാണ്. സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നാടന്‍ വള്ളങ്ങള്‍ എന്തായാലും കടലിന്റെ അടിത്തട്ടുവരെ ഇളക്കിമറിക്കുന്ന ട്രോള്‍ വലകള്‍ ഉപയോഗിക്കുന്നില്ല. യന്ത്രവത്കൃത വള്ളങ്ങളും നിയന്ത്രണാതീതമായ തോതില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നില്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ലൈസന്‍സുമായി വിദേശ മത്സ്യബന്ധനക്കപ്പലുകള്‍ നമ്മുടെ തീരത്ത് നിര്‍ബാധം മത്സ്യസമ്പത്ത് ചൂഷണം ചെയ്യുമ്പോള്‍, സംസ്ഥാനത്തെ മൊത്തം മീന്‍പിടുത്തത്തിന്റെ ഒരു ശതമാനം മാത്രം വിഹിതം അവകാശപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെമേല്‍ ദുരിതകാലത്ത് ഇനിയും കൂച്ചുവിലങ്ങിടുന്നത് അന്യായമാണ്. കോടതി വിധി സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.


Related Articles

2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ ഫ്രാന്‍സിസ് പാപ്പ കുടുംബവര്‍ഷാചരണം പ്രഖ്യാപിച്ചു

  എറണാകുളം: കത്തോലിക്കാസഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്ന യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ തന്നെ കുടുംബവര്‍ഷാചരണം കൂടി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചതായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി)

മനുഷ്യരെ പിടിക്കുന്നവര്‍

പണ്ഡിതരെയും പണക്കാരെയുമല്ല യേശു തന്റെ ശിഷ്യരായി തിരഞ്ഞെടുത്തത്; പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയായിരുന്നു. ”എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന് യേശു അവരോടു പറഞ്ഞു. പ്രളയകാലത്ത് ഏറ്റവും

ജീവന്റെ വിലയുള്ള ജാഗ്രതയില്‍ പുനലൂര്‍ രൂപത

കൊവിഡ് മഹാമാരി അതിരൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളോടൊപ്പം ജീവന്റെ വിലയുള്ള ജാഗ്രതയും അനിവാര്യമാണെന്നു കൊറോണവൈറസ് നമ്മെ പഠിപ്പിച്ചു. രോഗവ്യാപനത്തിന്റെ റൂട്ടുമാപ്പുകളിലും അടച്ചുപൂട്ടലിലും തകിടം മറിഞ്ഞ സാമൂഹിക, സാമ്പത്തിക രംഗം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*