പഞ്ചക്ഷതധാരികളായ വിശുദ്ധര്‍

by admin | September 29, 2018 9:42 am

പീഡാസഹനവേളയില്‍ യേശു തന്റെ ശരീരത്തില്‍ വഹിച്ച പ്രധാനപ്പെട്ട അഞ്ച് മുറിവുകളാണ് പഞ്ചക്ഷതങ്ങള്‍ എന്നറിയപ്പെടുന്നത്. ഇംഗ്ലീഷില്‍ ‘സ്റ്റിഗ്മാറ്റ’ (stigmata) എന്ന പദമാണ് ഉപയോഗിക്കുന്നത്. ‘സ്റ്റിഗ്മ’ എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം.
പഞ്ചക്ഷതധാരികളായ നിരവധി വിശുദ്ധരുണ്ട്. അറിയപ്പെടുന്നതില്‍ ആദ്യത്തെ പഞ്ചക്ഷതധാരി വിശുദ്ധ ഫ്രാന്‍സിസ് അസീസിയാണ്. തിരുസഭാ ചരിത്രത്തില്‍ പഞ്ചക്ഷതധാരിയാകുന്ന ആദ്യത്തെ വൈദികന്‍ വിശുദ്ധ പാദ്രെ പിയോ ആണ്. വിശുദ്ധ പാദ്രെ പിയോയുടെ കൈകളിലേയും കാലുകളിലെയും മുറിവുകള്‍ക്ക് മുക്കാല്‍ ഇഞ്ചോളം വ്യാസമുണ്ടായിരുന്നു. പാര്‍ശ്വത്തിലെ മുറിവ് കുരിശാകൃതിയോടുകൂടിയതും, രണ്ടേ മുക്കാല്‍ ഇഞ്ച് നീളമുള്ളതുമായിരുന്നു. ഈ മുറിവുകളില്‍ ഒരിക്കലും അണുബാധ ഉണ്ടായിരുന്നില്ല. അദ്ദേഹം നേരത്തെ തന്നെ ക്ഷയരോഗബാധിതനായിരുന്നു. എന്നാല്‍ പഞ്ചക്ഷതധാരിയായശേഷം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരിലാര്‍ക്കും തന്നെ അദ്ദേഹത്തില്‍ ക്ഷയരോഗം കണ്ടെത്താന്‍ കഴിഞ്ഞില്ല. ശരീരത്തില്‍ ക്രൂശിതന്റെ അടയാളം സ്വീകരിച്ചതോടെ അദ്ദേഹം ക്ഷയരോഗത്തില്‍ നിന്നു വിമുക്തനായി. 1918 മുതല്‍ 1968ല്‍ തന്റെ മരണം വരെ അദ്ദേഹത്തിന്റെ ശരീരത്തില്‍ പഞ്ചക്ഷതങ്ങള്‍ ഉണ്ടായിരുന്നു.
നമ്മുടെ കൊച്ചു കേരളത്തിലെ തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട അമ്മത്രേസ്യ പഞ്ചക്ഷതധാരിയായിരുന്നു.
ദൈവകരുണയുടെ പ്രേഷിത എന്നറിയപ്പെട്ടിരുന്ന പോളണ്ടുകാരിയായ വിശുദ്ധ ഫൗസ്റ്റിന കൊവാള്‍സ്‌കയുടെ ശരീരത്തില്‍ മറ്റുള്ളവര്‍ക്ക് അദൃശ്യമായ തരത്തില്‍ പഞ്ചക്ഷതങ്ങള്‍ ഉണ്ടായിരുന്നു. ദൈവവുമായുള്ള ഫൗസ്റ്റീനയുടെ ഐക്യത്തിന്റെ അടയാളമായിരുന്നു അത്.
സീയന്നായിലെ വിശുദ്ധ കാതറിന് ദിവ്യകാരുണ്യ സ്വീകരണ സമയത്ത് ക്രൂശിത രുപത്തില്‍ നിന്ന് ചെമന്ന രശ്മികള്‍ തന്റെ ശരീരത്തിലേക്ക് തുളച്ചുകയറുന്നതായി അനുഭവപ്പെട്ടു. ഇതുമൂലം രൂപപ്പെട്ട മുറിവ് മരണം വരെ കാതറീനുണ്ടായിരുന്നു.
വിശുദ്ധ റീത്തായ്ക്ക് തന്റെ സ്വര്‍ഗയാത്രയ്ക്ക് അഞ്ചു വര്‍ഷം മുന്‍പ് ക്രിസ്തുവിന്റെ മുള്‍മുടി അണിഞ്ഞപ്പോഴുണ്ടായ മുറിവിന് സമാനമായ അടയാളങ്ങള്‍ ദൃശ്യമായിരുന്നു. ഭര്‍ത്താവിനെയും മക്കളെയും നഷ്ടപ്പെട്ട അവസരത്തില്‍ സെന്റ് മേരി മാഗ്ദലെന്‍ മൊണാസ്ട്രിയില്‍ വച്ചാണ് ഈ അടയാളങ്ങള്‍ ദൃശ്യമായത്. ലീമായിലെ വിശുദ്ധ റോസിന് അദൃശ്യമായ പഞ്ചക്ഷതങ്ങള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധയ്ക്ക് മാത്രമേ ഇത് കാണാന്‍ സാധിക്കുമായിരുന്നുള്ളൂ.
യേശുവിന്റെ തിരുമുറിവുകള്‍ ശരീരത്തില്‍ സംവഹിക്കാന്‍ ഭാഗ്യം ലഭിച്ച ഇവര്‍ക്ക് ധാരാളം ദൈവിക വെളിപാടുകളും ദര്‍ശനങ്ങളും ലഭിച്ചിരുന്നതായി തിരുസഭാചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പഞ്ചക്ഷതധാരികളായ ഈ വിശുദ്ധര്‍ ജീവിച്ചിരുന്നപ്പോഴും മരണശേഷവും അനേകം അത്ഭുതങ്ങള്‍ നടത്തിയിട്ടുണ്ട്.

Source URL: https://jeevanaadam.in/%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%a7%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d/