പത്രോസിന്റെ നൗകയില്‍ യുവജനങ്ങള്‍ക്ക് പ്രത്യാശ – ഫ്രാന്‍സിസ് പാപ്പാ

പത്രോസിന്റെ നൗകയില്‍ യുവജനങ്ങള്‍ക്ക് പ്രത്യാശ – ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റേതായ ക്രൂരമായ കൊടുങ്കാറ്റ് സഭയ്‌ക്കെതിരെ ആഞ്ഞടിക്കുമ്പോഴുംപത്രോസിന്റെ തോണിയില്‍ പ്രത്യാശയുണ്ടെന്നും അത് തങ്ങള്‍ക്ക് ഇടം നല്ക്കുമെന്നും അതില്‍ പിടിച്ചു കരകേറാമെന്നും യുവജനങ്ങള്‍ ഇനിയും വിശ്വസിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
യുവജനങ്ങളെ സംബന്ധിച്ച കത്തോലിക്കാ മെത്രാന്മാരുടെ ആഗോള സിനഡിന്റെ പതിനഞ്ചാം സമ്മേളനത്തില്‍ ആമുഖ സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ പിതാവ്. ജീവിതത്തിന്റെ തിരമാലകള്‍ക്കെതിരെ നീന്തിയാലും തുഴഞ്ഞാലും, ലോലമായ മൂല്യങ്ങളും പ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും തങ്ങളെ വഴിതെറ്റിക്കുമ്പോഴും, കുടുംബം, വിശ്വസ്തത, വിശ്വാസം, സ്‌നേഹം, ത്യാഗം, സേവനം, നിത്യജീവന്‍ എന്നീ പതറാത്ത മൂല്യങ്ങളില്‍ മുറകെപ്പിടിച്ചു ജീവിക്കാനും ജീവിതത്തില്‍ മുന്നോട്ടുപോകാനും സഭ തങ്ങളെ സഹായിക്കുമെന്ന പ്രത്യാശയോടെയാണ് യുവജനങ്ങള്‍ ഈ സിനഡിനെ ഉറ്റുനോക്കുന്നത്.
സത്യസന്ധവും സുതാര്യവുമായ വിമര്‍ശനം ക്രിയാത്മകവും സഹായകവുമാകാം. എന്നാല്‍ പിറുപിറുക്കല്‍ നിഷേധാത്മകമാണ്. പാഴായ പിറുപിറുക്കലുകള്‍ക്കും കിംവദന്തികള്‍ക്കും ഊഹാപോഹങ്ങള്‍ക്കും മുന്‍വിധികള്‍ക്കും സിനഡില്‍ ഇടം നല്കരുത്. പങ്കുവയ്ക്കലിലൂടെയുള്ള കൂട്ടായ ജീവിതമാണ് സിനഡ്. അതിനാല്‍ എല്ലാവരോടും ധൈര്യത്തോടും സുതാര്യതയോടും കൂടെ, സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉപവിയുടെയും സമഗ്രതയോടെ സംസാരിക്കാം.
സംസാരിക്കാനുള്ള ധൈര്യത്തോടൊപ്പം കേള്‍ക്കാനുള്ള എളിമയും ആവശ്യമാണ്. നമുക്ക് ഇഷ്ടമില്ലാത്തത് ആരെങ്കിലും സംസാരിച്ചാല്‍ അത് കൂടുതല്‍ ശ്രദ്ധയോടെ കേള്‍ക്കണം. കാരണം, അവര്‍ക്കും സംസാരിക്കാന്‍ അവകാശമുണ്ട്. ഇവിടെ സന്നിഹതരല്ലാത്ത ലോകത്തെ യുവജനങ്ങളുടെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി സംസാരിക്കാനും അവര്‍ക്ക് അവകാശവും ഉത്തരവാദിത്ത്വവുമുണ്ട്. അതുകൊണ്ട് പരസ്പരം ശ്രവിക്കാന്‍ തുറവു കാണിക്കേണ്ടതാണ്. കേള്‍ക്കാനുള്ള സന്നദ്ധതയാണ് സംവാദത്തിനു വഴിതുറക്കുന്നത്.
സംവാദത്തിന്റെ പരിണിത ഫലമായിരിക്കും നവീനതയും മാറ്റങ്ങള്‍ക്കുള്ള സന്നദ്ധതയും. അതിനാല്‍ സിനഡ് സംവാദത്തിന്റെ കളരിയാവണം. സംവാദം ക്ഷമയോടെ പഠിക്കുന്ന ഇടമാവട്ടെ അത്. സിനഡില്‍ പങ്കെടുക്കുന്നവരില്‍ പലരും സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള അഭിപ്രായങ്ങളുമായി ഒരുങ്ങി വന്നിട്ടുണ്ടാകും. എന്നാല്‍ പഠനത്തിന്റെയും പങ്കുവയ്ക്കലിന്റെയും വെളിച്ചത്തില്‍ മുന്നേറുമ്പോള്‍ അവ വേണ്ടിവന്നാല്‍ മാറ്റാനും തിരുത്താനും മെച്ചപ്പെടുത്താനും സന്നദ്ധരായിരിക്കണം. മറ്റുള്ളവരെ സ്വീകരിക്കാനും മനസ്സിലാക്കാനും, വേണ്ടിവന്നാല്‍ നമ്മുടെ ബോധ്യങ്ങളും നിലപാടുകളും മാറ്റാനും നവമായവ സ്വീകരിക്കാനും സന്നദ്ധരാവണം. ഇത് മാനുഷികവും ആദ്ധ്യാത്മികവുമായ പക്വതയുടെ അടയാളമാണ്.
യുവജനങ്ങളുടെ ലോകം ഏറെ വൈവിധ്യമാര്‍ന്നതും, ഇവിടെ ഈ സിനഡുഹാളില്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാനാവാത്തതുമാണ്. എങ്കിലും അവരുടെ പ്രതിനിധികളുടെ സാന്നിദ്ധ്യം കുറച്ചെങ്കിലും ഇവിടെയുള്ളത് സന്തോഷകരവും പ്രത്യാശപൂര്‍ണ്ണവുമാണ്. സഭയുമായി സംവാദിക്കാനും അതിന്റെ ഭാഗമായിരിക്കാനും സഭയെ അമ്മയെപ്പോലെ കാണാനുമുള്ള യുവജനങ്ങളുടെ നിശ്ചയം ഏറെ ശ്ലാഘനീയമാണ്. അതിന്റെ തരംഗങ്ങള്‍ താന്‍ സിനഡിനു മുന്നോടിയായുള്ള യുവജനങ്ങളുടെ ആഗോള കൂട്ടായ്മയില്‍ മനസ്സിലാക്കിയതാണ്. ബലഹീതകള്‍ക്കും കുറവുകള്‍ക്കുമപ്പുറം ക്രിസ്തുവിന്റെ സുവിശേഷം കാലികമായി പ്രസരിപ്പിക്കുന്ന സഭ തങ്ങള്‍ക്കു ചേക്കേറാവുന്ന കൂടും കുടുംബവുമാണെന്ന് യുവജനങ്ങള്‍ അംഗീകരിക്കുകയും ഇന്നും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു.


Related Articles

വത്തിക്കാൻ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് സ്‌ഥാനമൊഴിഞ്ഞു

വത്തിക്കാൻ: വത്തിക്കാൻ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് മോൺസിഞ്ഞോർ ഡാരിയോ വിഗനോ രാജിവച്ച് സ്ഥാനമൊഴിഞ്ഞു. 2015-ൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍റെ എല്ലാ മാധ്യമ വിഭാഗങ്ങളെയും ഏകോപിപ്പിച്ച് രൂപപ്പെടുത്തിയ വത്തിക്കാൻ മാധ്യമ

വിമാനത്താവളം: അദാനിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി എന്റര്‍പ്രൈസിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നടത്തിപ്പ് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ ഭൂമി

മറിയം ത്രേസ്യ വിശുദ്ധപദം ചൂടി

വത്തിക്കാന്‍ സിറ്റി: കുടുംബങ്ങള്‍ക്കുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ പുണ്യജീവിതം നയിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്‌ടോബര്‍ 13ന് ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കുശേഷം 1.30ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*