പരമോന്നത നീതിപീഠത്തിനും ഭീഷണി

പരമോന്നത നീതിപീഠത്തിനും ഭീഷണി

മാനവചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യ പ്രക്രിയ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പാതിവഴിയെത്തും മുന്‍പാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം രാജ്യത്തെ ഓര്‍ക്കാപ്പുറത്ത് ഞെട്ടിച്ചത്. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം അപകടത്തിലാണെന്നും ഏതാനും സുപ്രധാന കേസുകള്‍ പരിഗണിക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ ഓഫിസിനെ നിഷ്‌ക്രിയമാക്കാന്‍ ചില ശക്തികള്‍ വന്‍ ഗൂഢാലോചന നടത്തുകയാണെന്നും ഒരു അവധിനാളില്‍ സുപ്രീം കോടതിയില്‍ മൂന്നംഗ ബെഞ്ചിന്റെ അസാധാരണ സിറ്റിംഗ് നാടകീയമായി വിളിച്ചുചേര്‍ത്താണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തുറന്ന കോടതിയില്‍ ലോകത്തോടു വിളിച്ചുപറഞ്ഞത്. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും നിര്‍ണായകമായ വോട്ടെടുപ്പ് എത്രകണ്ട് നിഷ്പക്ഷവും സുതാര്യവും നീതിനിഷ്ഠവുമായിരിക്കും എന്നതിനെക്കുറിച്ച് കൊടിയ ആശങ്കകളും അതിസങ്കീര്‍ണമായ ഭരണഘടനാ പ്രതിസന്ധിയുടെ സാധ്യതകളും നിലനില്‍ക്കെ സുപ്രീം കോടതി സ്വയം പ്രതിരോധത്തിലാകുന്നത് ജനാധിപത്യ ഭരണക്രമത്തിന് തെല്ലും അഭികാമ്യമല്ല.
പണം കൊണ്ട് തന്നെ വിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ തന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കാന്‍ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുകയാണെന്നും എന്നാല്‍ താന്‍ ജുഡീഷ്യറിയെ ബലിയാടാക്കാന്‍ അനുവദിക്കുകയില്ലെന്നും തന്റെ കാലാവധി പൂര്‍ത്തിയാകും വരെ നിര്‍ഭയം ഈ കസേരയിലിരുന്ന് ചുമതല നിര്‍വഹിക്കുമെന്നും ജസ്റ്റിസ് ഗൊഗോയ് തുറന്നുപറഞ്ഞു. സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ പീഡനാരോപണ പരാതി ഉന്നയിച്ച് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ കാര്യാലയത്തില്‍ വച്ച് 2018 ഒക് ടോബര്‍ 11ന് തന്നോടു മോശമായി പെരുമാറിയെന്നും, ചീഫ് ജസ്റ്റിസിന്റെ താല്പര്യങ്ങള്‍ക്കു വഴങ്ങാത്തതിനാല്‍ കോടതിയിലെ വിവിധ വിഭാഗങ്ങളിലേക്ക് മൂന്നുവട്ടം സ്ഥലംമാറ്റി മൂന്നു മാസത്തിനുശേഷം ജോലിയില്‍ നിന്നു പിരിച്ചുവിട്ടുവെന്നും സുപ്രീം കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് 50,000 രൂപ കൈക്കൂലി വാങ്ങി എന്ന കേസില്‍ തന്നെ പ്രതിയാക്കുകയും ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും അകാരണമായി സസ്‌പെന്‍ഡ് ചെയ്യുകയും ഭിന്നശേഷിക്കാരനായ സഹോദരനെ സുപ്രീം കോടതി ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡര്‍ തസ്തികയില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി.
നാല് ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങള്‍ പരാതിയുടെ വിശദാംശങ്ങളും സത്യവാങ്മൂലത്തോടൊപ്പം പരാതിക്കാരി തെളിവായി സമര്‍പ്പിച്ച രേഖകളും വീഡിയോദൃശ്യങ്ങളും ശബ്ദരേഖയും പുറത്തുവിട്ട സാഹചര്യത്തിലാണ് അവധിദിവസമായ ശനിയാഴ്ച ‘ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന പൊതുപ്രാധാന്യമുള്ള വിഷയം പരിഗണിക്കുന്നതിന്’ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അടിയന്തര സിറ്റിംഗ് നടത്തിയത്. സൊളിസിറ്റര്‍ ജനറല്‍ വിഷയം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവര്‍ക്കൊപ്പം ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്ന ബെഞ്ച് ‘സുവോ മോട്ടോ’ (സ്വമേധയാ) കേസ് പരിഗണിച്ചത്. ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് തന്നെ തനിക്കെതിരെയുള്ള കേസ് പരിഗണിക്കുന്ന ബെഞ്ചിനു നേതൃത്വം നല്‍കിയത് അനുചിതമായിപ്പോയെന്നും, പരാതിക്കാരി
ക്കു നോട്ടീസ് പോലും നല്‍കാതെ നടത്തിയ സിറ്റിംഗില്‍ പരാതിക്കാരിയുടെയും അവരുടെ കുടുംബത്തിന്റെയും ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചും മറ്റും ചീഫ് ജസ്റ്റിസ് തുറന്ന കോടതിയില്‍ സംസാരിച്ചത് സ്വാഭാവിക നീതി
ക്കു നിരക്കാത്തതാണെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച പരാതി എങ്ങനെ കൈകാര്യം ചെയ്യരുത് എന്നതിന്റെ സമൂര്‍ത്തമായ പാഠമാണിത്. ആഭ്യന്തര തലത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ഓരോ സ്ഥാപനത്തിലും വ്യവസ്ഥാപിത സംവിധാനം വേണം എന്ന് നിയമം അനുശാസിക്കുന്നുണ്ട്. സുപ്രീം കോടതി 2015ല്‍ ലിംഗവിവേചനവും വനിതകള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങളും തടയാനും നിരോധിക്കാനും പ്രതിവിധി കണ്ടെത്താനുമുള്ള മാര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര തലത്തില്‍ ഉപസമിതിക്കു രൂപം നല്‍കുകയും ചെയ്തിരുന്നു. ജഡ്ജിമാരെ സംബന്ധിച്ച് ഇത്തരം പരാതികള്‍ ഉയര്‍ന്നാല്‍ അവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നടപടിക്രമങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പുറത്തുനിന്നുള്ള ഇടപെടലില്ലാതെ സമശീര്‍ഷരായ ജഡ്ജിമാരുടെ സമിതി പരാതി പരിഗണിക്കണമെന്നാണ് വ്യവസ്ഥ. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി നിലവിലുള്ള ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക അപമര്യാദ ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ ഈ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടില്ല എന്നാണ് ആക്ഷേപം.
തന്റെ മുന്‍ഗാമിയായിരുന്ന ജസ്റ്റിസ് ദീപക് മിശ്ര കീഴ്‌വഴക്കങ്ങളും സഹജഡ്ജിമാരുടെ സീനിയോറിറ്റിയും പരിഗണിക്കാതെ തന്റെ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി നിര്‍ണായക കേസുകള്‍ തീര്‍പ്പാക്കുന്നതിന് ചില ജഡ്ജിമാരെ പ്രത്യേക ബെഞ്ചിലേക്കു നിയോഗിക്കുന്നുവെന്ന് മൂന്ന് സീനിയര്‍ ജഡ്ജിമാരോടൊപ്പം 2018 ജനുവരിയില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയ ന്യായാധിപനാണ് രഞ്ജന്‍ ഗൊഗോയ്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന അതിഗുരുതരമായ ആരോപണത്തെ നേരിടാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അറ്റോര്‍ണി ജനറലിന്റെയും സൊളിസിറ്റര്‍ ജനറലിന്റെയും പിന്തുണയോടെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരെയോ വനിതാ ജഡ്ജിയെയോ ഉള്‍പ്പെടുത്താതെ മാസ്റ്റര്‍ ഓഫ് റോള്‍സ് എന്ന അധികാരത്തോടെ സീനിയോറിറ്റിയില്‍ നാലാം സ്ഥാനത്തും 27-ാം സ്ഥാനത്തുമുള്ള രണ്ടു ജഡ്ജിമാരെ ഒപ്പംകൂട്ടി അടിയന്തരമായി ഒരു ബെഞ്ച് രൂപീകരിച്ച് അതിന്റെ തലപ്പത്തിരുന്നു എന്നതാണ് ഖേദകരം.
കേസില്‍ ഉത്തരവു പുറപ്പെടുവിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് വിട്ടുനിന്നു എന്നതു നേരാണ്. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനും വിശ്വാസ്യതയ്ക്കും സല്‍കീര്‍ത്തിക്കും അപരിഹാര്യമായ കോട്ടം വരുത്തുന്ന അപകീര്‍ത്തികരമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ സ്വയംനിയന്ത്രണം പാലിക്കണമെന്നാണ് ബെഞ്ചിലെ മറ്റു രണ്ട് അംഗങ്ങള്‍ കൈയൊപ്പുചാര്‍ത്തിയ ഉത്തരവില്‍ പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമപ്രവര്‍ത്തനത്തിന്റെ മൗലിക ധര്‍മത്തിനും നേരെ ദേശീയ തലത്തില്‍ ഭരണകൂടത്തില്‍ നിന്ന് അതിഭയാനകമായ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ പരമോന്നത കോടതിയും മാധ്യമങ്ങളുടെമേല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നത്.
സ്വാഭാവിക നീതിയുടെ അടിസ്ഥാന പ്രമാണങ്ങളായി നിയമജ്ഞര്‍ ഉദ്ധരിക്കാറുള്ള രണ്ട് ലത്തീന്‍ സൂക്തങ്ങളുണ്ട്: നെമോ യൂദെക്‌സ് ഇന്‍ കൗസാ സുവാ (സ്വന്തം കേസില്‍ ആരും സ്വയം വിധികര്‍ത്താവാകരുത്); ഔദി ആള്‍ത്തേരാം പാര്‍ത്തെം (മറുഭാഗത്തെയും കേള്‍ക്കുക). എന്തായാലും സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി എസ്.എ. ബോബ്‌ഡെയെയും സീനിയോറിറ്റിയില്‍ മൂന്നാമനായ എന്‍.വി. രമണയെയും വനിതാ ജഡ്ജി എന്ന നിലയ്ക്ക് ഇന്ദിരാ ബാനര്‍ജിയെയും ഉള്‍പ്പെടുത്തി പുതിയ സമിതിയെ ചീഫ് ജസ്റ്റിസ് തന്റെ കേസ് പരിശോധിക്കാന്‍ ചുമതലപ്പെടുത്തി എന്നത് ശുഭസൂചകമാണ്. അതേസമയം ചീഫ് ജസ്റ്റിസിനെ ലൈംഗിക പീഡനക്കേസില്‍ കുടുക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായി തനിക്ക് ഒന്നര കോടി രൂപയുടെ വാഗ്ദാനം ലഭിച്ചുവെന്ന വെളിപ്പെടുത്തലുമായി സത്യവാങ്മൂലം സമര്‍പ്പിച്ച അഭിഭാഷകന്റെ മൊഴി മൂന്നംഗ ജഡ്ജിമാരുടെ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നുണ്ട്.
പ്രതിദിനം എഴുന്നൂറോളം വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ബൃഹത്തായ നീതിപീഠങ്ങളിലൊന്നാണ് ഇന്ത്യയിലെ സുപ്രീം കോടതി. ജനപ്രാതിനിധ്യ നിയമവ്യവസ്ഥയെയും ജനാധിപത്യ മര്യാദകളുടെ കീഴ്‌വഴക്കങ്ങളെയും തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റചട്ടങ്ങളെയും രാജ്യത്തെ സമുന്നത രാഷ്ട്രീയ നേതാക്കള്‍ പോലും പരസ്യമായി വെല്ലുവിളിക്കുന്ന അവസ്ഥയില്‍ തെരഞ്ഞെടുപ്പു കമ്മീഷനെ സ്വന്തം അധികാരത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനും കുറച്ചൊക്കെ ധൈര്യം പകരുന്നതിനും സുപ്രീം കോടതിയുടെ ഇടപെടല്‍ അനിവാര്യമായിരിക്കെ, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട റഫാല്‍ പോര്‍വിമാന ഉടമ്പടി സംബന്ധിച്ച ഹര്‍ജികളും ചൗക്കീദാര്‍ ചോര്‍ ഹേ എന്ന പ്രയോഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ നേരിടുന്ന കോടതിയലക്ഷ്യ നടപടിയും കണ്‍മുന്നില്‍ ഉയര്‍ന്നുനില്‍ക്കെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖ്യകാവലാളായ ചീഫ് ജസ്റ്റിസിന്റെ ആത്മവീര്യവും നൈതികശക്തിയും ഏതെങ്കിലും തരത്തില്‍ ചോര്‍ന്നുപോകുന്നത് അത്യാപത്താണ്.


Related Articles

രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളി ദുരിതത്തിൽ

പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ചെങ്ങന്നൂർ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ രത്നകുമാർ എന്ന ചെറുപ്പക്കാരനാണ് ഈ ദുരനുഭവം. ചെങ്ങന്നൂർ പാണ്ടനാട് വെച്ചാണ് രത്നകുമാറിന് പരിക്കേറ്റത് അപകടത്തിൽപ്പെട്ട ഒരു യുവാവിനെ രക്ഷിക്കുവാനായി

ഒരു മനുഷ്യന് മാലാഖയെ തന്റെ ഭവനത്തിലേക്ക് വിളിച്ചുവരുത്തുവാന്‍ സാധിക്കുമോ? ഒരു മനുഷ്യന് മാലാഖയെ മറ്റു ഭവനങ്ങളിലേക്ക് പറഞ്ഞയക്കുവാന്‍ കഴിയുമോ?

ഒരു മനുഷ്യന് മാലാഖയെ തന്റെ ഭവനത്തിലേക്ക് വിളിച്ചുവരുത്തുവാന്‍ സാധിക്കുമോ? ഒരു മനുഷ്യന് മാലാഖയെ മറ്റു ഭവനങ്ങളിലേക്ക് പറഞ്ഞയക്കുവാന്‍ കഴിയുമോ? ഈ ദിവസങ്ങളില്‍ ചില ക്രിസ്തീയ കുടുംബങ്ങളില്‍ മാലാഖമാരെ

കടം വാങ്ങിയും സഹായിക്കുമെന്ന് പ്രകാശ്‌രാജ്

ചെന്നൈ: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഒരുപറ്റം ആളുകള്‍ക്ക് ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ളവ വിതരണം ചെയ്ത് കൈത്താങ്ങാവുകയാണ് നടന്‍ പ്രകാശ് രാജ്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*