പരിഗണിക്കുകയും പാലിക്കപ്പെടുകയും ചെയ്യേണ്ട വസ്തുതകളും വ്യവസ്ഥകളും

പരിഗണിക്കുകയും പാലിക്കപ്പെടുകയും ചെയ്യേണ്ട വസ്തുതകളും വ്യവസ്ഥകളും

കേരളത്തിലെ പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകളായ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള ആറാംവട്ട തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ ഭരണസംവിധാനത്തിലെ മൂന്നാം തലത്തിലെയും താഴെത്തട്ടിലെയും സര്‍ക്കാരുകളെന്ന നിലയില്‍ ജനങ്ങളുമായി അടുപ്പവും ആഭിമുഖ്യവും ഉള്ളതും അവരുടെ നിത്യജീവിതത്തെയും നിലനില്പിനെയും ഏറ്റവുമധികം സ്വാധീനിക്കുന്നതുമായ ഭരണകൂടങ്ങളാണ് ത്രിതല പഞ്ചായത്തുകളും നഗരസഭകളും. അധികാര വികേന്ദ്രീകരണത്തിനും വികേന്ദ്രീകൃത പങ്കാളിത്ത ആസൂത്രണത്തിനും ഊന്നല്‍ നല്‍കി പ്രാദേശിക സാമ്പത്തിക വികസനവും സാമൂഹ്യനീതിയും കൈവരിക്കുകയെന്നതാണല്ലോ പ്രാദേശിക ഭരണകൂടങ്ങളുടെ പരമമായ ലക്ഷ്യം. ഈ ലക്ഷ്യസാക്ഷാത്കരണത്തിനുതകും വിധം തദ്ദേശഭരണ സ്ഥാപനങ്ങളെ സദ്ഭരണകൂടങ്ങളാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.
അതിനുവേണ്ടത് ഭരണവികസനരംഗത്ത് സുതാര്യത, ഉത്തരവാദിത്വം, ജനപങ്കാളിത്തം, നിയമവാഴ്ച, കാര്യക്ഷമത തുടങ്ങിയ സദ്ഭരണമൂല്യങ്ങള്‍ പ്രയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തലാണ്. ഇത്തരം ഒരു സദ്ഭരണം സാധ്യമാക്കണമെങ്കില്‍ അതിനുതകുന്ന നിയമവ്യവസ്ഥകളും സംവിധാനങ്ങളും മാത്രം ഉണ്ടായാല്‍ പോരാ, മറിച്ച് സങ്കുചിത കക്ഷി-രാഷ്ട്രീയ, ജാതി-മത ചിന്തകള്‍ക്കും സ്ഥാപിത താല്പര്യങ്ങള്‍ക്കും അതീതമായി ഭരണ-വികസന രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ അറിവും കഴിവും പ്രതിബദ്ധതയും മൂല്യബോധവും ചുമതലാബോധവുമുള്ള യോഗ്യരായ ജനപ്രതിനിധികളുണ്ടാകണം. ആയതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ രീതിയിലുള്ള യോഗ്യതകളുണ്ടോയെന്നു കണ്ടെത്തി യോഗ്യരായവര്‍ക്ക് തങ്ങളുടെ വിലപ്പെട്ട സമ്മതിദാനമായ വോട്ട് രേഖപ്പെടുത്തി അവരെ ഭരണരംഗത്തേയ്ക്ക് ആനയിക്കുകയെന്നതാണല്ലോ വോട്ടര്‍മാരായ ഓരോ പൗരന്റെയും മുഖ്യധര്‍മം. കാലാകാലങ്ങളായി തിരഞ്ഞെടുപ്പു രംഗത്തു കണ്ടുവരുന്ന അഴിമതി, കുറ്റകൃത്യങ്ങള്‍, പെരുമാറ്റച്ചട്ടലംഘനങ്ങള്‍ എന്നിവയെല്ലാം സ്വതന്ത്രമായും നീതിപൂര്‍വകമായും നിഷ്പക്ഷവുമായും വോട്ടു രേഖപ്പെടുത്തുന്നതിന് ഒട്ടേറെ തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
അടുത്തുവരുന്ന തിരഞ്ഞെടുപ്പിലും ഇതെല്ലാം ആവര്‍ത്തിക്കുവാന്‍ സാധ്യതയുണ്ടെന്നു മാത്രമല്ല ഇന്നത്തെ സാഹചര്യത്തില്‍ ഈ തിരഞ്ഞെടുപ്പ് ഒട്ടേറെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വളരെ തിടുക്കത്തില്‍ നടത്തേണ്ടിവരുന്നതുകൊണ്ട് തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. സാഹചര്യങ്ങളും സമ്മദ്ദങ്ങളും എന്തുതന്നെയായാലും തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവും അഴിമതിരഹിതവും സമാധാനപരവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വോട്ടര്‍മാര്‍, സ്ഥാനാര്‍ത്ഥികള്‍, പൗരസംഘടനകള്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവര്‍ക്കും പൂര്‍ണ ഉത്തരവാദിത്വമുണ്ടെന്ന് തിരിച്ചറിയണം. തന്മൂലം വളരെ കരുതലോടും ഒരുക്കത്തോടുമായിരിക്കണം ബന്ധപ്പെട്ടവരെല്ലാവരും തിരഞ്ഞെടുപ്പിനെ കാണുവാനും സമീപിക്കുവാനും അതില്‍ ഇടപെടുവാനും. ഇതിനു സഹായകമായ ചില ചിന്തകളും വസ്തുതകളും വ്യവസ്ഥകളും ചടങ്ങുകളുമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചില പൊതുവിവരങ്ങള്‍
നിയമാനുസൃതം നിലവിലുള്ള തദ്ദേശഭരണ സമിതികളുടെ കാലാവധി നവംബര്‍ 11-ാം തീയതി അവസാനിച്ചതിനാല്‍ 12-ാം തീയതി പുതിയ ഭരണസമിതി അധികാരം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം മൂലം തിരഞ്ഞെടുപ്പു നീട്ടിവയ്ക്കേണ്ടിവന്നതിനാല്‍ അതിനു കഴിയാതെ പോയി. ഈ പ്രത്യേക സാഹചര്യത്തില്‍ നവംബര്‍ 12 മുതല്‍ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കു
ന്നതുവരെ ഓരോ തദ്ദേശ ഭരണസ്ഥാപനത്തിന്റെയും ഭരണ ചുമതല അതിനുവേണ്ടി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ സമിതികള്‍ക്ക് നല്‍കിയിരിക്കുന്നു.
നവംബര്‍ ആറാം തീയതിയിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമനുസരിച്ച് ഡിസംബര്‍ 8, 10, 14 തീയതികളില്‍ മൂന്നു ഘട്ടങ്ങളിലായി വോട്ടെടുപ്പും 16-ാം തീയതി വോട്ടെണ്ണലും ഫലപ്രഖ്യപനവും നടത്തുകയും 23-ാം തീയതി പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം മുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പു വിജ്ഞാപനം തുടങ്ങിയ നവംബര്‍ 12 മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങി. പത്രികാസ്വീകരണം 19-ാം തീയതി അവസാനിക്കും. അവയുടെ സൂക്ഷ്മപരിശോധന 20-ാം തീയതിയാണ്. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 23 ആണ്.
സംസ്ഥാനത്തെ 1,200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മട്ടന്നൂര്‍ നഗരസഭ ( ഇവിടെ ഭരണകാലാവധി അവസാനിച്ചിട്ടില്ല) ഒഴികെയുള്ള 1,199 സ്ഥാപനങ്ങളിലേയ്ക്കാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍ 941 ഗ്രാമപഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും, 14 ജില്ലാ പഞ്ചായത്തുകളും, 86 മുനിസിപ്പാലിറ്റികളും, ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഉള്‍പ്പെടുന്നു. ഇവിടെയുള്ള 21,865 വാര്‍ഡുകളില്‍ 11,299 എണ്ണം (51.68 ശതമാനം) സ്ത്രീകള്‍ക്കും 2,220 എണ്ണം പട്ടികജാതിക്കും 294 എണ്ണം പട്ടികവര്‍ഗത്തിനും സംവരണം ചെയ്തിരിക്കുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയനുസരിച്ച് ഈ തിരഞ്ഞെടുപ്പില്‍ 2,71,20,823 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,29,25,716 പേര്‍ (47.66 ശതമാനം) പുരുഷന്മാരും, 1,41,94,725 പേര്‍ (52.34 ശതമാനം) സ്ത്രീകളും, 282 പേര്‍ ട്രാന്‍സ്ജെന്‍ഡറുമാണ്. വോട്ടുരേഖപ്പെടുത്തുന്നതിനുവേണ്ടി സംസ്ഥാനത്താകെ 34,744 പോളിങ്ങ് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പോളിങ്ങ് സമയം രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ്. അവശരോ അന്ധരോ ആയവരുടെ വോട്ടു രേഖപ്പെടുത്തുവാന്‍ 18 വയസില്‍ കുറയാത്ത പ്രായമുള്ള ഒരാളുടെ സഹായം ഉപയോഗപ്പെടുത്താം. കൊവിഡ് ബാധിച്ചവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

ഒരു തിരിഞ്ഞുനോട്ടം
തദ്ദേശ തിരഞ്ഞെടുപ്പു പ്രക്രിയകളിലേക്ക് നാം അടുത്തുകഴിഞ്ഞു. രാഷ്ട്രീയ കക്ഷികള്‍ അവരുടെ പ്രകടനപത്രികകള്‍ ജനമധ്യത്തില്‍ അവതരിപ്പിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പു പ്രചരണങ്ങളും വോട്ടുചോദിക്കലും സജീവമായി ആരംഭിച്ചുകഴിഞ്ഞു. എന്നിരുന്നാലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നാം തിരഞ്ഞെടുത്ത് തദ്ദേശസ്വയംഭരണ സംവിധാനങ്ങളിലേക്കയച്ച ജനപ്രതിനിധികളുടെ ഭരണ, വികസന പ്രവര്‍ത്തനങ്ങളിലെ പ്രകടനങ്ങളെ ഒന്നു പരിശോധിക്കുന്നതും അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, ആരായിരിക്കണം അല്ലെങ്കില്‍ ആരായിരിക്കരുത് ഒരു ജനപ്രതിനിധി എന്ന യുക്തമായ തീരുമാനമെടുക്കുന്നതിന് സഹായമാകും.
അനുകരണീയവും നവീനവും മാതൃകാപരവുമായ ഭരണ, വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകളും അവയ്ക്ക് നേതൃത്വം നല്‍കുന്ന ജനപ്രതിനിധികളും ഉണ്ടെന്നുള്ളത് ആശ്വാസകരമായ ഒരു വസ്തുതയാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങളുടെയും ഭരണനേതൃത്വത്തിന്റെയും എണ്ണം വിരളമാണെങ്കിലും തദ്ദേശഭരണരംഗത്ത് അത്തരം മാതൃകാപ്രവര്‍ത്തനങ്ങള്‍ സാധ്യമാണെന്നും പ്രാദേശിക വികസനത്തിന്റെ സുസ്ഥിതിക്കും സുസ്ഥിരതയ്ക്കും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും ഇത് അനിവാര്യമാണെന്നും നാം മനസിലാക്കേണ്ടതുണ്ട്. 2018ലെ മഹാപ്രളയത്തിന്റെ അവസരങ്ങളിലും കൊവിഡ് 19 എന്ന ഈ മഹാമാരിയുടെ കാലയളവിലും ഒട്ടേറെ തദ്ദേശഭരണകൂടങ്ങളും ജനപ്രതിനിധികളും നിസ്തുലവും സ്തുത്യര്‍ഹവുമായ സേവനം ചെയ്തു എന്നത് എടുത്തുപറയേണ്ടതാണ്. എന്നിരുന്നാലും തദ്ദേശഭരണരംഗത്ത് ഭരണ, വികസന രംഗങ്ങളെ പിന്നാക്കം വലിക്കുന്നതും നിഷ്‌ക്രിയമാക്കുന്നതും ദുഷിപ്പിക്കുന്നതുമായ ഒട്ടേറെ ദുഷ്പ്രവണതകള്‍ നിലനില്‍ക്കുന്നുവെന്നതും പരാമര്‍ശവിധേയമാക്കേണ്ട വിഷയമായതിനാല്‍ അവയെ ഹ്രസ്വമായൊന്നു പ്രതിപാദിക്കുന്നു.

ചുവടെ ചേര്‍ക്കുന്ന പോരായ്മകളും പ്രവര്‍ത്തനങ്ങളുമാണ് തദ്ദേശഭരണരംഗത്ത് നാളിതുവരെ ഉണ്ടായിരുന്ന ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളില്‍ പൊതുവേ കാണാന്‍ കഴിഞ്ഞിരുന്നത്.

1. തിരഞ്ഞെടുപ്പില്‍ വിജയിച്ചു കഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തേക്ക് തങ്ങളെ ഒന്നും ചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് കഴിയില്ല എന്നതിനാല്‍ അവരെ അവഗണിച്ചുകൊണ്ട് സ്വാര്‍ത്ഥ-സ്ഥാപിത താല്പര്യത്തോടെയുള്ള ജനപ്രതിനിധികളുടെ പെരുമാറ്റവും യജമാനഭാവവും ജനങ്ങളെ അത്തരക്കാരില്‍ നിന്നകറ്റി. ജനപ്രതിനിധികള്‍ അഴിമതി, സ്വജനപക്ഷപാതം, വിഭാഗീയത, അധികാര ദുര്‍വിനിയോഗം, കെടുകാര്യസ്ഥത തുടങ്ങിയവയ്ക്ക് കൂട്ടുനില്‍ക്കുകയോ അടിമകളാക്കുകയോ ചെയ്യുന്ന അവസ്ഥ.
2. ജനപ്രതിനിധിയായിക്കഴിഞ്ഞാല്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിലെ എല്ലാ ജനങ്ങളുടെയും പ്രതിനിധിയാണെന്ന മനോഭാവത്തിലും ശൈലിയിലും പ്രവര്‍ത്തിക്കുക എന്നതാണ് ജനാധിപത്യമര്യാദ. ബഹുഭൂരിപക്ഷം ജനപ്രതിനിധികളും ഇതു പാലിക്കുന്നില്ല എന്നു മാത്രമല്ല, അവര്‍ തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വക്താക്കളായി മാത്രം മാറുകയോ നേതൃത്വത്തിന്റെ പിണിയാളുകളായി തീരുകയോ ചെയ്യുന്ന അവസ്ഥയ്ക്കും കാരണമായി.
3. ഭരണരംഗത്തെ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരവും തല്‍ഫലമായുണ്ടാകുന്ന പകയും വിദ്വേഷവും കിടമത്സരങ്ങളും പലപ്പോഴും ജനാധിപത്യ ഭരണക്രമത്തിന് തടസം സൃഷ്ടിച്ചു.
4. പാര്‍ട്ടികള്‍ക്കുള്ളിലെ വിഭാഗീയത, അധികാരവടംവലി, പാര്‍ട്ടികളില്‍ നിന്നുള്ള കൂറുമാറല്‍, അവിശ്വാസപ്രമേയം പാസാക്കി നിലവിലുള്ള ഭരണസമിതി പിരിച്ചുവിടാന്‍ പ്രയത്നിക്കല്‍ തുടങ്ങിയവ മൂലമുണ്ടായ ഭരണ അസ്ഥിരതകളും ഭരണസ്തംഭനങ്ങളും ജനാധിപത്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തി.
5. ജനകീയ ജനാധിപത്യവേദികളായ ഗ്രാമ/വാര്‍ഡ് സഭകള്‍, വാര്‍ഡ് കമ്മിറ്റികള്‍ എന്നിവ ഭരണഘടനാ പിന്‍ബലമുള്ള ജനകീയ അസംബ്ലികളാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കാതെ പ്രവര്‍ത്തിക്കല്‍. മനസിലാക്കിയാല്‍ തന്നെ അവ ചട്ടങ്ങള്‍ക്കു വിധേയമായി ക്രമപ്രകാരം വേണ്ട തയ്യാറെടുപ്പുകളോടെ സംഘടിപ്പിക്കുവാന്‍ കഴിയാതിരിക്കുക. ചട്ടപ്രകാരമുള്ള ക്വാറം തികഞ്ഞു എന്നു വരുത്തിത്തീര്‍ക്കാന്‍ കൃത്രിമമാര്‍ഗങ്ങള്‍ അവലംബിക്കുക. ഈ സഭകളെ ശക്തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ചുള്ള സേവഗ്രാം ഗ്രാമകേന്ദ്രം, വാര്‍ഡ് വികസനസമിതി, അയല്‍സഭകള്‍ എന്നിവ രൂപീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കാതിരിക്കുക. പ്രസ്തുത സഭകളില്‍ ഉണ്ടാകേണ്ട യഥാര്‍ത്ഥ ജനപങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുക: തുടങ്ങിയവയാണ് ജനപ്രതിനിധികളുടെ ഭാഗത്ത് വ്യാപകമായി ഉണ്ടായ മറ്റൊരുപറ്റം പിഴവുകള്‍.
6. ഭരണസമിതിയില്‍ ഭരണപക്ഷം-പ്രതിപക്ഷം എന്ന രീതിയില്‍ ചേരിതിരിഞ്ഞിരുന്നുള്ള പ്രവര്‍ത്തനശൈലിയും അതുമൂലമുണ്ടായ ഭരണവികസന തടസങ്ങളും.
7. പ്രാദേശിക വികസനത്തെ ദീര്‍ഘകാല കാഴ്ചപ്പാടോടെ കണ്ടുകൊണ്ട് ദീര്‍ഘകാല, ഹ്രസ്വകാല പദ്ധതികള്‍ക്കു രൂപം നല്‍കുന്നതില്‍ ക്രിയാത്മക പങ്കുവഹിക്കുന്നതിനും ഭരണ, വികസന, ആസൂത്രണ, നിര്‍വഹണ, വിലയിരുത്തല്‍ പ്രക്രിയകളില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചും ഉറപ്പുവരുത്തിയും അധികാരവികേന്ദ്രീകരണത്തിന്റെയും പങ്കാളിത്ത ആസൂത്രണത്തിന്റെയും മൂല്യങ്ങള്‍ പ്രായോഗികമാക്കിയും പരിപോഷിപ്പിച്ചും പങ്കാളിത്ത ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട ചുമതല ഓരോ ജനപ്രതിനിധിക്കുമുണ്ട്. ഈ വസ്തുത മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ വേണ്ട കഴിവും ശരിയായ മനോഭാവവുമുള്ള ജനപ്രതിനിധികള്‍ വിരളമാണെന്നതാണ് ഈ രംഗത്തെ മറ്റൊരു പോരായ്മ.
8. പ്രായോഗിക വികസനത്തിന്റെ കാര്യത്തില്‍ ഒരു തദ്ദേശഭരണ സ്ഥാപനത്തെ ഒറ്റ യൂണിറ്റായി കണ്ടുകൊണ്ടുവേണം വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ എന്നുള്ള നിര്‍ദേശം കാറ്റില്‍ പറത്തി വികസനഫണ്ട് മെംബര്‍മാര്‍ തമ്മില്‍ വീതിച്ചെടുത്ത് വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവണത വ്യാപകമായി നിലനില്‍ക്കുന്നു. ഇത് പ്രാദേശിക വികസനപ്രവര്‍ത്തനങ്ങളെ ചേര്‍ച്ചയില്ലാത്തതോ തുടര്‍ച്ചയില്ലാത്തതോ ആക്കി മാറ്റുന്നു. ഈ പ്രവണത വികസന മുന്നേറ്റത്തിനു പകരം വികസന മുരടിപ്പിന് കാരണമായെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം.
9. ഓരോ ധനകാര്യ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതി വിഹിതം പോലും സമയബന്ധിതമായി ചിലവഴിച്ച് വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ പോകുന്ന ദുരവസ്ഥ ബഹുഭൂരിപക്ഷം തദ്ദേശഭരണസ്ഥാപനങ്ങളിലും ഇന്നും നിലനില്‍ക്കുന്നവെന്നത് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടായി കാണേണ്ടതുണ്ട്.
10. തദ്ദേശഭരണ വികസനരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ചില മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പല മാറ്റങ്ങള്‍ക്കും കാരണമായെങ്കിലും അവയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന സമീപനങ്ങളും മനോഭാവങ്ങളും പെരുമാറ്റങ്ങളും പ്രവര്‍ത്തന രീതികളുമൊക്കെയാണ് പൊതുവില്‍ നോക്കിയാല്‍ തദ്ദേശഭരണത്തിലുണ്ടായിരുന്ന ഭൂരിപക്ഷം ജനപ്രതിനിധികളില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന യാഥാര്‍ത്ഥ്യമാണ് മുന്‍വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇത് ജനാധിപത്യമൂല്യങ്ങള്‍ക്കും സദ്ഭരണ തത്വങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങളായതിനാല്‍ ഈ പ്രവണതകള്‍ ഭരണരംഗത്തുനിന്ന് തുടച്ചുനീക്കേണ്ടത് അനിവാര്യമാണ്. അതു സാധ്യമാകണമെങ്കില്‍ യോഗ്യരായ ജനപ്രതിനിധികള്‍ ഭരണരംഗത്തേയ്ക്ക് കടന്നുവരണം. അത്തരക്കാരെ കണ്ടെത്തി തിരഞ്ഞെടുക്കാനുള്ള ഏറ്റവും നല്ല അവസരമായി ഈ തദ്ദേശ തിരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്താന്‍ പൗരബോധമുള്ള ഓരോ വോട്ടര്‍ക്കും കഴിയണം.

തിരഞ്ഞെടുപ്പ് സംബന്ധമായ പ്രധാന ചട്ടങ്ങളും വ്യവസ്ഥകളും
മത്സരരംഗത്ത് കഴിവും പ്രാപ്തിയും പ്രതിബദ്ധതയും മൂല്യബോധവുമുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാലേ അവരില്‍ നിന്ന് കൂടുതല്‍ യോഗ്യതയുള്ളവരെ തിഞ്ഞെടുക്കുവാന്‍ വോട്ടര്‍മാര്‍ക്കു കഴിയൂ. ഭയലേശമന്യേ നിഷ്പക്ഷമായി തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്ക് അവസരം ലഭിച്ചാലേ ഇത് സാധ്യമാകൂ. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവും അഴിമതിരഹിതവുമാണെങ്കിലേ വോട്ടര്‍മാര്‍ക്ക് ഇതിനുള്ള അവസരം ലഭിക്കൂ. ഇങ്ങനെയുള്ള സംശുദ്ധമായ ഒരു തിരഞ്ഞെടുപ്പ് സംബന്ധമായ നിയമവ്യവസ്ഥകളെയും ചട്ടങ്ങളെയും കുറിച്ച് വോട്ടര്‍മാരടക്കം ബന്ധപ്പെട്ട എല്ലാവര്‍ക്കും വ്യക്തമായ അറിവും ധാരണയും ഉണ്ടായിരിക്കണമെന്നു മാത്രമല്ല ഇത് കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ കഴിയുകയും വേണം. ആയതിനാല്‍ പ്രസ്തുത വ്യവസ്ഥകളുടെയും ചട്ടങ്ങളുടെയും സാരാംശങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്നു പരിശോധിക്കാം.

തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ക്രമപ്രകാരം ചുവടെ ചേര്‍ക്കുന്നു.
1. ഉദ്യോഗസ്ഥരെ നിയമിക്കല്‍. തിരഞ്ഞെടുപ്പ് നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ ജില്ലാ കളക്ടര്‍മാരെ ജില്ലാ ഉദ്യോഗസ്ഥരായി നിയമിക്കുന്നു. വാര്‍ഡുകളിലെ മേല്‍നോട്ടത്തിനായി വരണാധികാരികളെയും (റിട്ടേണിങ്ങ് ഓഫീസര്‍) സഹവരണാധികാരികളേയും (അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍) നിയമിക്കുന്നു. ഓരോ വരണാധികാരിക്കും ഒന്നിലധികം വാര്‍ഡുകളുടെ ചുമതല ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പു വിജ്ഞാപനവും തിരഞ്ഞെടുപ്പിനുള്ള കാര്യപരിപാടികളും പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതുവരെയുള്ള പ്രവര്‍ത്തന മേല്‍നോട്ടം വരണാധികാരികള്‍ക്കാണ്.
2. തിരഞ്ഞെടുപ്പു പ്രഖ്യാപനവും തിഞ്ഞെടുപ്പു വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കലും. ഇതു രണ്ടും നടന്നു കഴിഞ്ഞു.
3. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം
4. ഗസറ്റ് വിജ്ഞാപനം വന്ന നവംബര്‍ 12-ാം തീയതി മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ആരംഭിച്ചു.
പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍: നിശ്ചിത ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി നോട്ടീസില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്തുവച്ച് വരണാധികാരികളുടെയോ സഹവരണാധികാരിയുടെയോ മുമ്പാകെ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിട്ടോ നാമനിര്‍ദേശം ചെയ്യുന്ന ആള്‍ മുഖേനയോ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥി ക്വാറന്റീനിലായാല്‍ നിര്‍ദേശങ്ങള്‍ മുഖേന പത്രിക നല്‍കാം. സ്ഥാനാര്‍ത്ഥിയോ നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്നുപേരേ പത്രിക സമര്‍പ്പിക്കുന്നതിന് ഹാജരാകാന്‍ പാടുള്ളൂ. സ്ഥാനാര്‍ത്ഥിക്കൊപ്പം ജാഥയോ ആള്‍ക്കൂട്ടമോ പാടില്ല. ഹാജരാകുന്നവര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചിരിക്കണം. മത്സരാര്‍ത്ഥി താന്‍ മത്സരിക്കുന്ന തദ്ദേശഭരണസ്ഥാപനത്തിലെ ഏതെങ്കിലുമൊരു വാര്‍ഡിലെ വോട്ടറാകണം.
5. ഒരാള്‍ക്ക് ഒരു തദ്ദേശഭരണസ്ഥാപനത്തിലെ ഒരു വാര്‍ഡിലേക്കു മാത്രമേ പത്രിക സമര്‍പ്പിക്കാന്‍ കഴിയൂ. മത്സരിക്കുന്ന വാര്‍ഡിലേക്ക് മൂന്നു പത്രികകള്‍ വരെ സമര്‍പ്പിക്കാം. എല്ലാത്തിനുംകൂടി ഒരു ഡിപ്പോസിറ്റു തുക മതിയാകും. നാമനിര്‍ദേശം ചെയ്യുന്നയാള്‍ മത്സരിക്കാന്‍ പത്രിക നല്‍കുന്ന വാര്‍ഡിലെ വോട്ടറായിരിക്കണം. ഒരു വോട്ടര്‍ ഒരു വാര്‍ഡിലേക്ക് ഒന്നിലധികം പേരെ നാമനിര്‍ദേശം ചെയ്യാന്‍ പാടില്ല.
6. പത്രികയോടൊപ്പം ജാമ്യത്തുക കെട്ടിയതിന്റെ രസീത് സമര്‍പ്പിക്കണം. കെട്ടിവയ്ക്കുന്ന തുക ട്രഷറിയിലോ തദ്ദേശ സ്ഥാപനത്തിലോ ഒടുക്കാം.
കെട്ടിവയ്ക്കേണ്ട തുക: ഗ്രാമപഞ്ചായത്ത് 1,000 രൂപ, ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 2,000 രൂപ, ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 3,000 രൂപ, പട്ടികജാതി പട്ടിക വിഭാഗക്കാര്‍ക്ക് ഇതിന്റെ 50 ശതമാനം തുക അടച്ചാല്‍ മതി.
7. നിശ്ചിത ഫോമിലുള്ള സത്യപ്രതിജ്ഞ വരണാധികാരി മുമ്പാകെയോ കമ്മീഷന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ മുമ്പാകയോ പത്രികയ്ക്കൊപ്പം സമര്‍പ്പിക്കണം.
8. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്യുന്ന സീറ്റില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് പത്രികയോടൊപ്പം ഹാജരാക്കുകയും ജാതി സംബന്ധിച്ച ഒരു സത്യപ്രതിജ്ഞ തന്റെ നാമനിര്‍ദേശ പത്രികയില്‍ ഉള്‍ക്കൊള്ളിക്കുകയും വേണം.
9. സൂക്ഷ്മപരിശോധന, പത്രിക പ്രസിദ്ധീകരണം, പിന്‍വലിക്കല്‍: പട്ടികസമര്‍പ്പണ സമയം പൂര്‍ത്തിയാകുമ്പോള്‍ ഓരോ വാര്‍ഡിലെയും സമര്‍പ്പിച്ച പത്രികകളുടെ പട്ടിക പ്രസിദ്ധീകരിക്കും. സൂക്ഷ്മപരിശോധന മുന്‍നിശ്ചയപ്രകാരമുള്ള സ്ഥലത്തും തീയതിയിലും സമയത്തും നടത്തും. സൂക്ഷ്മപരിശോധന നടത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിക്കും കൊവിഡ് നിയന്ത്രണങ്ങള്‍ക്കനുസരിച്ചുള്ള അവരുടെ പ്രതിനിധികള്‍ക്കും സന്നിഹിതരാകാം. പരിശോധനാവേളയില്‍ എതിര്‍സ്ഥാനാര്‍ത്ഥിക്ക് എതിര്‍പ്പുകള്‍ ഉന്നയിക്കാനും സ്ഥാനാര്‍ത്ഥിക്ക് അവ പ്രതിരോധിക്കാനും അവകാശമുണ്ട്. വസ്തുനിഷ്ഠമായി എതിര്‍പ്പുകള്‍ സ്ഥാപിക്കപ്പെട്ടാല്‍ പത്രിക അസാധുവായി പ്രഖ്യാപിക്കും. ഇങ്ങനെ ഒരു പത്രിക അസാധുവായാലും സാധുവായ മറ്റൊരു പത്രികയുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം നിലനില്‍ക്കും.
10. സൂക്ഷ്മമായ പരിശോധന പൂര്‍ത്തിയായാല്‍ സാധുവായ പത്രികകളുടെ പട്ടിക പ്രസിദ്ധീകരിക്കാം. സൂക്ഷ്മപരിശോധനാ തീയതിക്കുശേഷം അടുത്ത മൂന്നു ദിവസം വരെ പത്രിക പിന്‍വലിക്കാം. പിന്‍വലിക്കുന്നതിനുള്ള നോട്ടീസ് സ്ഥാനാര്‍ത്ഥി ഒപ്പുവച്ചോ നേരിട്ടോ നിര്‍ദേശകനല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഏജന്റ് വഴിയോ വരണാധികാരിക്കു നല്‍കാം. അതിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ വരണാധികാരി അത് സ്വീകരിക്കുകയും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിച്ചാല്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കും. അതില്‍ അക്ഷരമാലാ ക്രമത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും അതിനു നേരെ അനുവദിച്ച ചിഹ്നത്തിന്റെ പേരും ചേര്‍ത്തിരിക്കും.
11. ചിഹ്നം: നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ത്ഥി ആഗ്രഹിക്കുന്ന മൂന്നു ചിഹ്നങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ ചേര്‍ക്കാം. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് ദേശീയ തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ച ചിഹ്നം ഉപയോഗിക്കാന്‍ അവകാശമുണ്ട്. മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ച പൊതുചിഹ്നങ്ങള്‍ സ്വീകരിക്കാം. ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ ഒരേ ചിഹ്നത്തിന് ഒന്നാം മുന്‍ഗണന നല്‍കിയാല്‍ അതിന്മേല്‍ വരണാധികാരി നിര്‍ദേശിക്കുന്ന ചിഹ്നം സ്ഥാനാര്‍ത്ഥി സ്വീകരിക്കണം.
12. തിരഞ്ഞെടുപ്പ് പ്രചരണം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പല നിയന്ത്രണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നു. വീടുകളില്‍ വോട്ടുചോദിക്കാന്‍ പോകുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേരേ പാടുള്ളൂ. സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കാന്‍ പൂച്ചെണ്ട്, ഹാരം, നോട്ടുമാല, ഷാള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ല. റോഡ്ഷോയ്ക്കും വാഹനറാലിക്കും പരമാവധി മൂന്നു വാഹനങ്ങളേ ഉപയോഗിക്കാവൂ. ജാഥയും ആര്‍ഭാടവും കലാശക്കൊട്ടും പാടില്ല. പ്രചരണത്തിന് നോട്ടീസും ലഘുലേഖകളും ചുരുക്കണം. സാമൂഹ്യമാധ്യമങ്ങള്‍ പരമാവധി ഉപയോഗിക്കണം. പൊതുയോഗങ്ങളും കുടുംബയോഗങ്ങളും നിയന്ത്രണങ്ങള്‍ പാലിച്ചും പൊലീസിന്റെ അനുമതി വാങ്ങിയും വേണം നടത്താന്‍. രാഷ്ട്രീയ കക്ഷികളുടെ യോഗങ്ങളിലും സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗങ്ങളിലും പരമാവധി 30 പേരെയും ജില്ലാ യോഗങ്ങളില്‍ പരമാവധി 40 പേരെയുമേ പങ്കെടുപ്പിക്കാവൂ തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
13. ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു തിരഞ്ഞെടുപ്പ് ഏജന്റിനെ നിയമിക്കാം. നിയമനം പിന്‍വലിക്കുകയും ചെയ്യാം. ഇതിലേതാണെങ്കിലും അതു കാണിച്ചുകൊണ്ടുള്ള കത്ത് വരണാധികാരികള്‍ക്ക് സ്ഥാനാര്‍ത്ഥി നല്‍കണം. വോട്ടു രേഖപ്പെടുത്തല്‍ അവസാനിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പേ പ്രചരണപരിപാടികള്‍ അവസാനിപ്പിക്കണം.
14. പ്രചരണവേളയില്‍ പെരുമാറ്റചട്ടങ്ങള്‍ പാലിക്കുകയും ഇന്ത്യന്‍ പീനല്‍ കോഡ്, ജനപ്രാതിനിത്യ നിയമം, പഞ്ചായത്തു ചട്ടങ്ങള്‍ എന്നിവ ലംഘിക്കാതിരിക്കുകയും ചെയ്യേണ്ടതാണ്.
15. തിരഞ്ഞെടുപ്പു ചെലവുകള്‍ പരമാവധിയില്‍ കവിയാന്‍ പാടില്ല. സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പില്‍ ചെലവാക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തുകളില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും ജില്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും 1,50,000 രൂപയുമായി നിജപ്പെടുത്തിയിരിക്കുന്നു. ഈ നിജപ്പെടുത്തിയ തുകയില്‍ കവിഞ്ഞ തുക ചെലവഴിക്കുന്നത് ചട്ടവിരുദ്ധവും കുറ്റകരവുമാണ്. തിരഞ്ഞെടുപ്പു ചെലവുകള്‍ കണക്കാക്കി പരിധി ലംഘിക്കുന്നുവെങ്കില്‍ നടപടി സ്വീകരിക്കുവാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ടെന്ന കാര്യം ബന്ധപ്പെട്ടവര്‍ മനസിലാക്കിയിരിക്കണം.

 


Related Articles

വിശുദ്ധ യൗസേപ്പിതാവിനെ മാതൃകയാക്കാം

അനീതി നിറഞ്ഞ ലോകത്തില്‍ നീതിപൂര്‍വം എങ്ങനെ ജീവിക്കാമെന്ന്, മാതൃകയാലും മാധ്യസ്ഥത്താലും നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്ന മഹാവിശുദ്ധനാണ് ‘നീതിമാനായ’ വിശുദ്ധ യൗസേപ്പ്. നാം ജീവിക്കുന്ന ഈ ലോകവും സമൂഹവും

വറുതിയും വരൾച്ചയും വരുന്നോ

കാരൂര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയ ഉതുപ്പാന്റെ കിണര്‍ നാളുകള്‍ക്കുശേഷം വീണ്ടും വായിച്ചു. കാലത്തെ കടന്നുകാണുന്ന സാഹിത്യത്തിന്റെ ഉജ്വലമായ കണ്ണ്. മഹത്തായ കലാരചനകള്‍ ഭാവിയെ എത്ര കൃത്യതയോടെ പ്രവചിക്കുന്നു! സ്വന്തമായി

സ്നേഹശുശ്രൂഷയുടെ മധുരിത സാക്ഷ്യങ്ങള്‍

  കൊവിഡ് മഹാമാരിക്കാലത്ത് മരണത്തിന്റെ താഴ്വരയിലൂടെ തീര്‍ഥാടനം ചെയ്യു ദൈവജനത്തെ വിലാപത്തിലും കണ്ണുനീരിലും അനുധാവനം ചെയ്യു ദൈവിക കാരുണ്യത്തിന്റെ പ്രതിരൂപമാണ് വൈദികന്‍. ലോക്ഡൗണിലെ നിശ്ചലതയില്‍ അടഞ്ഞുകിടക്കു ദേവാലയത്തിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*