Breaking News

പറന്ന് പറന്ന്…ചന്ദ്രനിലേക്ക്

പറന്ന് പറന്ന്…ചന്ദ്രനിലേക്ക്
അമേരിക്കയിലെ ഒഹായോയിലെ ചെറിയ എയര്‍പോര്‍ട്ടിനടുത്തുള്ള റോഡിലൂടെ പതിനഞ്ചുവയസു കൗമാരക്കാരന്‍ അവന്റെ ഡാഡിയുമൊന്നിച്ച് കാറില്‍ പോകുമ്പോള്‍ പെട്ടെന്ന് ഒരു ചെറിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് കണ്‍ട്രോള്‍ നഷ്ടപ്പെട്ട് റണ്‍വേയ്ക്കടുത്തുള്ള റോഡിലേക്ക് തലകുത്തനെ വീണു. അവരുടെ കാറിന്റെ തൊട്ടടുത്താണ് ആ വിമാനം തകര്‍ന്നുവീണത്. വെറും 21 വയസു പ്രായമുള്ള ട്രെയ്‌നി ആയിരുന്നു ആ വിമാനത്തിലെ പൈലറ്റ്. വിമാനം ടേയ്ക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലനം നേടുകയായിരുന്നു ആ ചെറുപ്പക്കാരന്‍. വീഴ്ചയുടെ ആഘാതത്തില്‍ അവന്‍ മരണമടയുന്നത് അവന്റെ സുഹൃത്തായിരുന്ന ആ കൗമാരക്കാരന്റെ മനസില്‍ ഒരിക്കലും മായാത്ത ഒരു മുറിവായി.
അന്നു രാത്രി അവന് ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല. അപകടത്തിന്റെ ഭീകരദൃശ്യങ്ങള്‍ മനസിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. ആരോടും ഒന്നും പറയാതെ അവന്‍ മുറിയില്‍ കയറി കതകടച്ചു. ഒരു പൈലറ്റ് ആകാന്‍ ആഗ്രഹിക്കുന്ന തനിക്ക് എങ്ങനെ ഭയപ്പെടുത്തുന്ന ഓര്‍മയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും?
തങ്ങളുടെ മകനെ ഈ അപകടം വല്ലാതെ ഉലച്ചിരിക്കുന്നു എന്നു മനസിലാക്കിയ അവന്റെ മാതാപിതാക്കള്‍ ഇനി വിമാനം പറപ്പിക്കുവാനുള്ള മോഹം തന്നെ മകന്‍ ഉപേക്ഷിക്കുമോ എന്നു ശങ്കിച്ചു. മകനെ എന്തായാലും നിര്‍ബന്ധിച്ച് ഒരു പൈലറ്റാക്കേണ്ട എന്ന് അവര്‍ തീരുമാനിച്ചിരുന്നു. ദൈവഹിതം എന്താണോ അത് നിറവേറ്റുവാന്‍ തങ്ങളുടെ മകന് ഇടവരട്ടെ എന്ന് അവര്‍ പ്രാര്‍ത്ഥിച്ചു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ അമ്മ മകന്റെ മുറിയില്‍ വന്നപ്പോള്‍ മേശപ്പുറത്ത് അവന്റെ ഡയറി ഇരിക്കുന്നതു കണ്ടു. തുറന്നു വച്ചിരുന്ന ആ ഡയറിയില്‍ വലിയ അക്ഷരത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു: ”യേശുവിന്റെ സ്വഭാവം”. അതിനു താഴെ യേശുവിന്റെ ചില ഗുണവിശേഷങ്ങള്‍ എഴുതിച്ചേര്‍ത്തിരുന്നു: നീതിമാനായ മനുഷ്യന്‍, വിനീതഹൃദയന്‍, ആത്മാര്‍ത്ഥ സുഹൃത്ത്, കരുണാമയന്‍, ദൈവഹിതം നിറവേറ്റിയവന്‍….
ആ സമയത്ത് മുറിയിലേക്ക് വന്ന മകനോട് അമ്മ ചോദിച്ചു: ”യേശുവിന്റെ നന്മകളെക്കുറിച്ചാണല്ലോ  നീ ഇവിടെ കുറിച്ചിരിക്കുന്നത്; നിന്റെ പൈലറ്റാകാനുള്ള തീരുമാനത്തെക്കുറിച്ച് ഈശോയോട് ആരാഞ്ഞോ’? കണ്ണുകളിലേക്ക് നോക്കി ആ ചെറുപ്പക്കാരന്‍ പറഞ്ഞു: ”മമ്മീ, കര്‍ത്താവ് എപ്പോഴും എന്റെ കൂടെയുണ്ട്. ഞാനൊരു പൈലറ്റാകും.”
തന്റെ കൂട്ടുകാരന്റെ മരണം പൈലറ്റാകാനുള്ള അവന്റെ ആഗ്രഹത്തെ തളര്‍ത്തിയില്ല. അവന്‍ നല്ലവണ്ണം പഠിച്ച്, ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കി ഏറ്റവും നല്ല ഒരു പൈലറ്റായി. ആ യുവാവാണ് ലോകപ്രസിദ്ധനായ നീല്‍ ആംസ്‌ട്രോംഗ്-ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ മനുഷ്യന്‍. 1969 ജൂലൈ 20 ചരിത്രത്തിന്റെ താളുകളില്‍ മായാത്ത ഒരു ഏടായി കുറിക്കപ്പെട്ടത് നീല്‍ ആംസ്‌ട്രോംഗിന്റെ അടിയുറച്ച ദൈവവിശ്വാസത്തിന്റെ ഒരു സാക്ഷ്യമാണ്. യേശുവില്‍ നിന്നാണ് അദ്ദേഹത്തിന് ഇത്രയും സാഹസികമായ ഒരു പ്രവൃത്തി ചെയ്യുവാനുള്ള ധൈര്യവും ആത്മവിശ്വാസവും ലഭിച്ചത്.
യേശുവിന്റെ അടിയുറച്ച വിശ്വാസമുണ്ടായിരുന്ന മറ്റൊരു മഹത്‌വ്യക്തിയാണ് ഡോക്ടര്‍ വിക്ടര്‍ ഫ്രാങ്കല്‍. രണ്ടാം ലോകമഹായുദ്ധ സമയത്ത് പോളണ്ടിലെ ഓഷ്‌വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ തടവുപുള്ളിയായിരുന്ന ഡോ. വിക്ടര്‍ തന്റെ ഒഴിവു സമയത്തെല്ലാം ക്യാമ്പിലുണ്ടായിരുന്ന അവശരും മരണാസന്നരുമായിരുന്ന രോഗികളോടൊപ്പം ചിലവഴിച്ചു. അദ്ദേഹത്തിന്റെ സാന്ത്വന ശുശ്രൂഷ പലര്‍ക്കും മരണത്തെ ധൈര്യപൂര്‍വം നേരിടാന്‍ ശക്തി നല്‍കി.
ഒരിക്കല്‍ ഡോ. വിക്ടറിന്റെ ഒരു സ്‌നേഹിതന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു തന്ത്രം ആസൂത്രണം ചെയ്തു. ഡോക്ടര്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ എടുത്തുകൊണ്ട് രോഗികളോട് യാത്ര ചോദിക്കാന്‍ ചെന്നപ്പോള്‍ മരണാസന്നനായ ഒരു തടവുകാരന്‍ വേദനയോടെ ആരാഞ്ഞു: ”അപ്പോള്‍ നിങ്ങളും രക്ഷപ്പെടുകയാണല്ലേ?”
നിരാശരുടെ ഏക ആശ്രയമായ ഡോക്ടര്‍ തന്റെ പ്രാണന്‍ രക്ഷിക്കാന്‍ മറ്റുള്ളവരെയൊക്കെ ഉപേക്ഷിച്ചു പോവുകയാണല്ലോ എന്ന ധ്വനിയാണ് ആ ചോദ്യത്തിനു പിന്നില്‍. വല്ലാത്ത ഒരു മാനസിക സംഘര്‍ഷത്തിലായി ഡോക്ടര്‍. രക്ഷപ്പെടാന്‍ തനിക്കു കൈവന്നിരിക്കുന്ന ഈ അപൂര്‍വ അവസരം ഉപയോഗിക്കണമോ അതോ ഇവിടെ നരകയാതന അനുഭവിക്കുന്നവര്‍ക്ക് തന്റെ ശുശ്രൂഷയിലൂടെ പ്രത്യാശ നല്‍കണമോ? ഒരു നിമിഷം ക്രൂശിതനായ ഈശോയുടെ മുഖം അദ്ദേഹത്തിന്റെ മുമ്പില്‍ തെളിഞ്ഞുവന്നു. അതോടൊപ്പം ഒരുപക്ഷേ ഈ സ്വരവും: ”ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ ശുശ്രൂഷിച്ചു; ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു…”
ഉടനെ ഒരു ഉറച്ച തീരുമാനത്തിലെത്താന്‍ ആ നിമിഷം അദ്ദേഹത്തിന് സാധിച്ചു. തന്റെ സ്‌നേഹിതനോട്  ”ഞാന്‍ വരുന്നില്ല നിങ്ങള്‍ രക്ഷപ്പെട്ടോളൂ” എന്നു പറഞ്ഞ് അദ്ദേഹം ആ തടവറയില്‍ തന്നെ കഴിഞ്ഞു. ജീവിതത്തിന്റെ ചില നിര്‍ണായകമായ നിമിഷങ്ങളില്‍ നമ്മളെടുക്കുന്ന തീരുമാനങ്ങളാണ് നമ്മെ പറന്ന് പറന്ന് ചന്ദ്രനിലെത്താന്‍ സഹായിക്കുക. ആ തീരുമാനങ്ങള്‍ യേശുവിന്റെ പ്രബോധനങ്ങള്‍ക്കനുസരിച്ചാകുമ്പോള്‍ നമുക്ക് യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇടവരില്ല.
അടുത്ത ലക്കത്തില്‍ വിശ്വാസത്തിന്റെ റിസ്‌ക്

Related Articles

മരണശേഷം

പുത്തന്‍പുരയ്ക്കല്‍ ഔസേപ്പുകുട്ടി ഒരു സുപ്രഭാതത്തില്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. നാട്ടിലെ പ്രമാണിയും ഇടവകയിലെ കാര്യസ്ഥനുമായിരുന്നു അദ്ദേഹം. പ്രായം എണ്‍പതു കഴിഞ്ഞിട്ടും എന്തും സ്വന്തം ഇഷ്ടപ്രകാരം മാത്രം ചെയ്തിരുന്ന ആ

ദാസനാകുന്ന ദൈവം: ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

  ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ First Reading: Isaiah 53:10-11 Responsorial Psalm: Ps 33:4-5,18-19,20,22 Second Reading: Hebrews 4:14-16 Gospel Reading: Mark 10:35-45 (or 10:42-45)   വിചിന്തനം:-

“നീ അനുഗ്രഹീത/തൻ ആണ്”- ആഗമനകാലം നാലാം ഞായർ

ആഗമനകാലം നാലാം ഞായർ വിചിന്തനം:- “നീ അനുഗ്രഹീത/തൻ ആണ്” (ലൂക്കാ 1:39 – 45) സ്ത്രീകളുടെ സന്തോഷം ലോകത്തോട് പങ്കുവയ്ക്കുന്ന ഒരു സുവിശേഷഭാഗം. മറിയം – പരിശുദ്ധാത്മാവിനാൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*