പറവൂര്‍ ജോര്‍ജ് അരനൂറ്റാണ്ടുകാലം അരങ്ങില്‍ നിറഞ്ഞുനിന്ന നാടകപ്രതിഭ

പറവൂര്‍ ജോര്‍ജ് അരനൂറ്റാണ്ടുകാലം അരങ്ങില്‍ നിറഞ്ഞുനിന്ന നാടകപ്രതിഭ

പ്രശസ്ത നാടകകൃത്ത് പറവൂര്‍ ജോര്‍ജ് അരങ്ങൊഴിഞ്ഞിട്ട് 2018 ഡിസംബര്‍ 16ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കര്‍മപഥങ്ങളിലേക്ക് ഒരെത്തിനോട്ടം.
മലയാളത്തിലെ അമച്വര്‍ നാടകരംഗത്ത് അരനൂറ്റാണ്ടുകാലത്തോളം നിറഞ്ഞുനിന്ന നാടകൃത്തും നടനും നാടക സംവിധായകനുമായിരുന്നു പറവൂര്‍ ജോര്‍ജ്. ഗ്രാമീണ ജീവിതത്തിന്റെ സ്വപ്‌നങ്ങളും സ്വപ്‌നഭംഗങ്ങളും പങ്കുവയ്ക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങള്‍ നാട്ടില്‍ നടമാടുന്ന അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ ചൂണ്ടുപലകകള്‍ കൂടിയായിരുന്നു. സനാതന മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന മിഴിവുറ്റ കഥാപാത്രങ്ങളെയാണ് അദ്ദേഹം തന്റെ നാടകങ്ങളിലൂടെ പ്രേഷകര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചത്.
കോഴിക്കള്ളന്‍ അവ്വക്കറും നരസിംഹ കമ്മത്തും മണ്ടന്‍ പത്രോയും പെനാംഗ് കത്രീനയും കണ്ടക്ടര്‍ ജോണിയും ഈപ്പച്ചന്‍ കുഞ്ഞും തിരുവനന്തപുരത്തുകാരന്‍ ലംബോദരന്‍ പിള്ളയും ശുചിത്വം വൈദ്യനും സൈക്കിള്‍ യജ്ഞക്കാരനും തമിഴന്‍ സെല്‍വരാജുമെല്ലം എക്കാലത്തും ആസ്വാദക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ജോര്‍ജിയന്‍ ‘ടച്ചു’ള്ള കഥാപാത്രങ്ങളാണ്.
നാട്ടിന്‍പുറത്തെ കലാസമിതികള്‍ നാടിന്റെ മുക്കിലും മൂലയിലും നാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന ഒരുകാലം നമുക്കുണ്ടായിരുന്നു. കലാഹൃദയമുള്ള ഏതാനും ചെറുപ്പക്കാര്‍ ഒത്തുകൂടി ഒരു നാടകം കണ്ടെത്തുകയും ഒന്നോ രണ്ടോ മാസം റിഹേഴ്‌സല്‍ നടത്തിയ ശേഷം അത് നാട്ടിന്‍പുറത്തെ വേദികളില്‍ അവതരിപ്പിക്കുകയുമായിരുന്നു അന്നത്തെ പതിവ്. അക്കാലത്താണ് സി. എല്‍ ജോസും പറവൂര്‍ ജോര്‍ജും പി. ആര്‍ ചന്ദ്രനും കടവൂര്‍ ജി. ചന്ദ്രന്‍ പിള്ളയും ശ്രീമന്ദിരം കെ.പിയും ശ്രീമൂലനഗരം മോഹനും പടിയൂര്‍ ക്ലീറ്റസും ടി. എല്‍ ജോസും മുഹമ്മദ് പുഴക്കരയും ജോസ് കൊഴുവനാലുമെല്ലാം നാടകരംഗത്തേയ്ക്ക് കടന്നു വന്നത്. അതില്‍ ഏറ്റവും കൂടുതല്‍ മുന്നിട്ടുനിന്നത് സി. എല്‍ ജോസും പറവൂര്‍ ജോര്‍ജുമായിരുന്നു. സാധാരണക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്ന ജനപ്രിയ നാടകങ്ങളായിരുന്നു പറവൂര്‍ ജോര്‍ജിന്റേത്. അറുപതോളം സമ്പൂര്‍ണ നാടകങ്ങളും നൂറില്‍പ്പരം ഏകാങ്ക നാടകങ്ങളും അദ്ദേഹം കൈരളിക്കു സമ്മാനിച്ചു. പ്രൊഫഷണല്‍ വേദിക്കുവേണ്ടി അദ്ദേഹം രചിച്ച ‘പമ്പുകവലയില്‍ ബസ്റ്റോപ്പില്ല’ എന്ന നാടകം മുന്നൂറോളം വേദികളില്‍ അവതരിപ്പിക്കപ്പെട്ടു.

ചൂടപ്പം പോലെ വിറ്റഴിഞ്ഞ നാടകങ്ങള്‍
1959ല്‍ പ്രസിദ്ധീകരിച്ച ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന കൃതിയിലൂടെയായിരുന്നു ജോര്‍ജിന്റെ അരങ്ങേറ്റം. നാടകകലാകാരന്മാര്‍ കൊതിയോടെ കാത്തിരുന്നു നാടകങ്ങളായിരുന്നു പറവൂര്‍ ജോര്‍ജിന്റേത്. ചൂടപ്പം പോലെയാണ്. അദ്ദേഹത്തിന്റെ പല നാടകങ്ങളും വിറ്റഴിഞ്ഞത്. ‘ദിവ്യബലി’ എന്ന നാടകത്തിന്റെ രണ്ടായിരം കോപ്പികള്‍ ഒരു മാസം കൊണ്ട് വിറ്റു തീര്‍ന്നത് അക്കാലത്തെ പുസ്തക വില്‍പ്പന രംഗത്ത് ഒരു റെക്കോര്‍ഡായിരുന്നു.
നേര്‍ച്ചക്കോഴി, അഗ്നിപര്‍വ്വതം, ഒഴുക്കിനെതിരെ, ചെകുത്താന്‍ കയറിയ വീട്, അക്ഷയപാത്രം, കള്ളിപ്പൂച്ച, നരഭോജികള്‍, അഭിലാഷം, നല്ലവരുടെ ഭൂമി, ഭൂകമ്പം, ചുഴലിക്കാറ്റ്, ആയിരംതലൈവാങ്കി, അപൂര്‍വ ചിന്താമണി, രക്തരേഖ, ശത്രുപാളയം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നാടകങ്ങളില്‍ ഉള്‍പ്പെടുന്നു. ബൈബിള്‍ കഥകളുടെ നാടകാവിഷ്‌ക്കാരമായ ‘പറവൂര്‍ ജോര്‍ജിന്റെ ബൈബിള്‍ നാടകങ്ങള്‍’ എന്ന കൃതിയും എടുത്തുപറയത്തക്കതാണ്. ‘ദിവ്യബലി’ നാടകം എംജി യൂണിവേഴ്‌സിറ്റിയും ‘അഭിലാഷം’ നാടകം കോഴിക്കോട് യൂണിവേഴ്‌സിറ്റിയും ബിഎയ്ക്കുള്ള പാഠപുസ്തകമായി വളരെ നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. വിശുദ്ധ നാടുകള്‍ സന്ദര്‍ശിച്ച് അദ്ദേഹം എഴുതിയ ‘പിന്നെയും പൂക്കുന്ന ഒലിവുമരം’ നല്ലൊരു യാത്രാവിവരണ കൃതിയാണ്. വിശുദ്ധ അന്തോണീസിന്റെയും യൂദാതദേവൂസിന്റെയും ജീവചരിത്ര ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
അംഗീകാരത്തിന്റെ തൂവലുകള്‍
നാടകരചനയുമായി ബന്ധപ്പെട്ട നിരവധി അവാര്‍ഡുകളും ബഹുമതികളും പറവൂര്‍ ജോര്‍ജിനെത്തേടിയെത്തിയിട്ടുണ്ട്. 1995ല്‍ അദ്ദേഹത്തിന്റെ ‘നരഭോജികള്‍’ എന്ന നാടകം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. തുടര്‍ന്ന് കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കെസിബിസി അവാര്‍ഡ്, മേരി വിജയം അവാര്‍ഡ്, കേസരി അവാര്‍ഡ്, വി. ടി അരവിന്ദാക്ഷ മേനോന്‍ സ്മാരക പുരസ്‌കാരം, ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, കേരള സഭാതാരം അവാര്‍ഡ് എന്നീ ബഹുമതികളും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.
നീതിമാനായ വിധികര്‍ത്താവ്
വെറുമൊരു നാടകപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല പറവൂര്‍ ജോര്‍ജ്. കേരളത്തിലെമ്പാടും നടക്കുന്ന സ്‌കൂള്‍ കലോത്സവങ്ങളുടെയും സംസ്ഥാനതല നാടകോത്സവങ്ങളുടെയും വിധികര്‍ത്താവെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. മൂന്നു പതിറ്റാണ്ടുകാലം അദ്ദേഹം സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ മിമിക്രി, മോണോ ആക്ട്, നാടകം എന്നീ മൂന്നിനങ്ങളില്‍ പ്രധാന വിധികര്‍ത്താവായി പ്രവര്‍ത്തിച്ചിരുന്നു. കെസിബിസിയുടെ അഖിലകേരള പ്രൊഫഷണല്‍ നാടകമത്സരത്തിന്റെ വിധി നിര്‍ണയത്തിന് പലപ്പോഴും മുഖ്യസാരഥ്യം വഹിച്ചിരുന്നതും അദ്ദേഹം തന്നെയായിരുന്നു. ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത വിധം ഓരോ കലാരൂപത്തിന്റെയും അവതരണ മികവുകളും ന്യൂനതകളും കണ്ടെത്തി വിധി നിര്‍ണയം നടത്താന്‍ അദ്ദേഹത്തിന് പ്രത്യേകം പ്രാഗത്ഭ്യം ഉണ്ടായിരുന്നു. ഈ പ്രാഗത്ഭ്യം മനസിലാക്കിക്കൊണ്ട് ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പലരും അദ്ദേഹത്തെ ”പെരുന്തച്ചന്‍” എന്നാണ് വിളിച്ചിരുന്നത്. സംസ്ഥാന കലോത്സവത്തിന്റെ അപ്പീല്‍ കമ്മിറ്റി അംഗമായും അദ്ദേഹം പലവട്ടം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മികച്ച ‘കിങ്ങ് മേക്കര്‍’
കലാസാഹിത്യരംഗത്തെ ഭാവിവാഗ്ദാനങ്ങളെ കണ്ടെത്തി അവരെ വളര്‍ത്തി വലുതാക്കുന്ന ഒരു ‘കിങ്ങ് മേക്കര്‍’ കൂടിയായിരുന്നു പറവൂര്‍ ജോര്‍ജ്; പ്രസംഗ പരിശീലന കളരികള്‍, നേതൃത്വ പരിശീലന ക്യാമ്പുകള്‍, സാഹിത്യപഠന ക്ലാസുകള്‍ എന്നിവയ്ക്കു നേതൃത്വം നല്‍കുന്നതില്‍ അദ്ദേഹത്തിനുള്ള പാടവം വളരെ വലുതായിരുന്നു. സ്വന്തം അനുഭവങ്ങളും വായനയില്‍ നിന്നും കിട്ടിയ അനുഭവങ്ങളും പങ്കുവച്ചുകൊണ്ട് സരസമായ രീതിയിലാണ് അദ്ദേഹം ഈ ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഇത്തരം കളരികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി പുത്തന്‍പ്രതിഭകള്‍ വളര്‍ന്നുവരാന്‍ ഇടയായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ എഴുത്തുകാരും പ്രസംഗകരും സാഹിത്യകാരന്മാരും വൈദികരുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. അവരില്‍ പലരും ജോര്‍ജ് സാറിനെ ഒരു ‘കിങ്ങ് മേക്കറാ’യിട്ടാണ് വിശേഷിപ്പിക്കാറുള്ളത്.
അതോടൊപ്പം തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം നടത്തിവന്നിരുന്ന ‘മാര്യേജ് പ്രിപ്പറേഷന്‍ കോഴ്‌സുകളും’ ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ ക്രിസ്ത്യന്‍ രൂപതകളിലും എസ്എന്‍ഡിപി ശാഖകളിലും ഇതേ വിഷയത്തെ ആസ്പദമാക്കി ക്ലാസെടുക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ മികച്ച പ്രാവീണ്യം ഒന്നുകൊണ്ടു മാത്രമാണ്.
സംശുദ്ധ ജീവിതത്തിന്റെ ഉടമ
1938 മേയ് 19ന് വടക്കന്‍ പറവൂരില്‍ ജനിച്ച പ്രതിഭാധനനായ ജോര്‍ജ് കളങ്കമില്ലാത്ത നല്ലൊരു ജീവിതത്തിന്റെ ഉടമകൂടിയായിരുന്നു. 32 വര്‍ഷക്കാലം നല്ലൊരു അധ്യാപകനായി സേവനം ചെയ്യാനും നിരവധി ശിഷ്യഗണങ്ങളെ സമ്പാദിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മൂന്നു മക്കളും സഹധര്‍മിണിയുമടങ്ങിയ ഒരു മാതൃകാ കുടുംബത്തിന്റെ നായകനായിരുന്നു അദ്ദേഹം. സഹധര്‍മിണി റോസി ടീച്ചര്‍ കടവാതുരുത്ത് ഹോളിക്രോസ് എല്‍. പി സ്‌കൂളില്‍ നിന്ന് പ്രധാനാദ്ധ്യാപികയായി വിരമിച്ചു. മക്കളായ ഡെന്നിയും ഇബ്‌സണും ഗള്‍ഫ് നാടുകളില്‍ സേവനം ചെയ്യുന്നു. മകള്‍ സിമി നല്ലൊരു കലാ-സാംസ്‌കാരിക പ്രവര്‍ത്തകയാണ്. ഏവര്‍ക്കും സ്‌നേഹം പങ്കുവച്ചുകൊണ്ട് 2013 ഡിസംബര്‍ 16നാണ് ആ സര്‍ഗധനന്‍ നമ്മോട് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ കലാസ്മരണകള്‍ക്കു മുന്നില്‍ നമുക്ക് ശിരസ് നമിക്കാം.


Tags assigned to this article:
latin catholicsparoor george

Related Articles

ശ്രീ ഇഗ്‌നേഷ്യസ് ഗോൻസാൽവെസ് ICPA പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷൻ പ്രസിഡൻറായി മുതിർന്ന മാധ്യമപ്രവർത്തകനായ ശ്രീ. ഇഗ്‌നേഷ്യസ് ഗോൻസാൽവെസ് തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷൻറെ ആറുപതിറ്റാണ്ടിൻറെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ നിന്ന് ഒരു വ്യക്തി ഉന്നതപദവിയിൽ എത്തുന്നത്.

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറിതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കൊച്ചി:വാളായാര്‍ കേസില്‍ പ്രതികള വെറുതെ വിട്ട വിജരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുനര്‍ വിജാരണ നടത്തണമെന്നാണ് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടുകളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ്

വേറിട്ട രാഷ്ട്രീയത്തിന്റെ കേരള തനിമ

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഭീമമായ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ ചരിത്ര ഭാഗധേയം തിരുത്തികുറിക്കുമ്പോള്‍ കേരളത്തിന്റെ പൊതുമനസ്സ് ദേശീയ മുഖ്യധാരയില്‍ നിന്നു വേറിട്ടുനില്‍ക്കുന്നത് ആശ്ചര്യകരമായി തോന്നാം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*