പള്ളിപ്പുറത്തിന്റെ റോള്‍ദോന്‍


Sabu Pulikkathara
പോരാട്ട വീരന്മാരുടെ ചരിത്രവും കഥയും പേറുന്ന ‘കടല്വച്ചകര’-യുടെ മണ്ണില്‍ കാലുകുത്തുമ്പോള്‍ വാള്‍തലപ്പുകള്‍ ഉയരുന്ന സ്വരം കടല്‍കാക്കയുടെ ചിറകടിയായ് കാതുകളില്‍ നിറഞ്ഞു… സാമൂതിരിയുടെ ഒത്താശയോടെ, കോഴിക്കോട്ടെ പടയാളികള്‍ കൊടുങ്ങല്ലൂരിലെ മാര്‍തോമാ ദേവാലയം അഗ്നിക്കിരയാക്കിയപ്പോള്‍ ചിതറിയ ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം കുടിയേറിപ്പാര്‍ത്ത ഇടമെന്ന് ചരിത്രം പറയുന്നു. പടയോട്ടവീരനെ, ദൈവമാതാവണക്കം കൊണ്ട് ജയിച്ച പുണ്യഭൂമിയെന്ന് സത്യവിശ്വാസം…യൂറോപ്യന്‍ന്മാര്‍ ഇന്ത്യയില്‍ തീര്‍ത്ത ആദ്യകോട്ടയ്ക്ക് അടിത്തറകെട്ടിയത് ഈ മണ്ണില്‍…
1504ല്‍ പോര്‍ച്ചുഗീസുകാര്‍ പരിശുദ്ധ കന്യകാമാതാവിന്റെ നാമത്തില്‍ സ്ഥാപിച്ച ദേവാലയത്തിലേക്ക്, വൈസ്രോയ് ഫ്രാന്‍സിസ് അല്‍ബുക്കര്‍ക്ക്, ദൈവമാതാവിന്റെ അത്ഭുതചിത്രം കൊണ്ടുവന്നു. അതോടൊപ്പം മറ്റൊന്നുകൂടി ആഘോഷമായി മണ്ണിലേക്കെത്തി ‘ചുവടി’-തിന്മയ്ക്കെതിരെ പട നയിക്കുന്ന ക്രൈസ്തവവീരന്മാരുടെ കഥകള്‍ പറഞ്ഞ ചവിട്ടുനാടകത്തിന്റെ രംഗഭാഷ….
കൊച്ചി രാജാവിന്റെ സംരക്ഷകരായിരുന്ന ക്രിസ്ത്യന്‍ പടയാളികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഈ മണ്ണില്‍, പോരാട്ടത്തിന്റെ പാട്ടുകള്‍ ചുടുവീര്യമായ് നിറഞ്ഞു. അങ്ങനെ ചവിട്ടുനാടകം പള്ളിപ്പുറത്തുകാര്‍ക്ക് ഹരമായി… പിന്നീട്, പിറന്ന കുഞ്ഞുങ്ങളെല്ലാം അതിന്റെ താളത്തില്‍ ഉണ്ടു…. ഉറങ്ങി… സ്വപ്നം കണ്ടു… കാറള്സ്മാനേക്കാള് അധികമായി അവര്‍ റോള്ദോനെ സ്നേഹിച്ചു. അഞ്ചലിക്ക എന്ന സുന്ദരിക്കുവേണ്ടി അവസാനശ്വാസം വരെ പോരാടിയ ആ വീരന് യുവാക്കളുടെ മനസില്‍ നായകനായി. അവര്‍ ഒന്നടങ്കം പാടി നടന്നു. പന്ത്രണ്ട്പാരിമാരില് പ്രധാനിയായ റോള്‍ദോന്റെ
‘വന്തപിറംചിന്ത്’…
”എങ്കുമെങ്കും
പുകഴ്കൊണ്ടിലിങ്കിന
എന്തലേനും കാര്‍മാന്‍
തുരൈതന് ചുതന്…
ചരങ്കെചേര് ചെറിചിങ്ക റോള്‍ദോന്‍ തുരൈ
ചീരസപയില് ചിറപ്പുടന് വാരാര്‍..’
റോള്‍ദോന്റെ വേഷം കിട്ടാന്‍ നാട്ടിലെ സുന്ദരന്മാര് മത്സരിച്ചു… സുന്ദരികള്‍ അഞ്ചലിക്കയാവാനും… എന്നാല്‍ മോഹിക്കുന്നവര്‍ക്കെല്ലാം കിട്ടുന്നതല്ല ചവിട്ടുനാടക നായക വേഷങ്ങള്‍. അതിന് ലക്ഷണമൊത്ത ദേഹവും, ദേവഗുണമുള്ള മുഖവും വേണം. ആശാന്മാരായ ചാരങ്കുളത്ത് ആന്റണിയും, റാഫേല്‍ അച്ചാരുപറമ്പിലും, തോമസ് കുറുപ്പശേരിയും, കളരിയില്‍ ദക്ഷിണവച്ച് കളി പഠിപ്പിക്കാന്‍ വന്ന കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇരുപത്തിരണ്ട് കുട്ടികളില്‍, ശരീരവടിവും, കണ്ണുകളില്‍ തിളക്കവുമുള്ള ബാലനെകണ്ട് മൂന്ന് ആശാന്ന്മാരും ഒരേസ്വരത്തില്‍ പറഞ്ഞു: ”റോള്ദോനയിട്ട് ഇവന് മാത്യേട്ടാ… മോനെ നീ എവടത്തേണ്? ആരിടമോനാണ്?”പതിനഞ്ചു വയസുകാരന് ഭക്ത്യാദരവോടെ ആശാന്മാരുടെ കാല്‍തൊട്ട് വന്ദിച്ച് പറഞ്ഞു: ”ഞാന്‍ താളുപ്പാടത്ത് സേവ്യറിന്റേം പൗളിടേം മോന്…. അലക്സ്…”
അങ്ങനെ ചവിട്ടുനാടക പ്രേമികള്‍ കൊതിക്കുന്ന റോള്‍ദോന്‍ വേഷം തന്നെ ആദ്യ അരങ്ങില്‍ നേടിയെടുത്തു, ഊര്‍ജ്ജസ്വലനായ ആ കൊച്ചുമിടുക്കന്. നാലു പതിറ്റാണ്ടിനപ്പുറം ചവിട്ടുനാടക സാമ്രാജ്യത്തിലെ റോള്ദോനായി കാണികളുടെ കൈയടി നേടി. നാന്നൂറില്പരം ശിഷ്യഗണങ്ങളുടെ ആശാനായി. ചവിട്ടുനാടക ചരിത്രത്തില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന പള്ളിപ്പുറത്തിന്റെ മണ്ണിലേക്ക് ആദ്യമായി ചവിട്ടുനാടകത്തിനുള്ള അവാര്‍ഡ് കൊണ്ടുവരുന്നത് അലക്സ് താളൂപ്പാടത്ത് ആശാനാണ്. ഇപ്പോള്‍ കേരള സംസ്ഥാന ഫോക്ലോര് അക്കാദമി അവാര്‍ഡും പള്ളിപ്പുറത്തിന്റെ റോള്ദോനെ തേടി എത്തിയിരിക്കുന്നു. ആ സന്തോഷം പങ്കുവയ്ക്കുമ്പോള്‍ ആദ്യമായി വേഷമിട്ട പതിനഞ്ചു വയസുകാരന്റെ തിളക്കം ആശാന്റെ കണ്ണുകളില്‍.
കൊടുങ്ങല്ലൂര്‍, കൊച്ചി ശൈലികള്‍ ഇടകലര്‍ന്ന ചവിട്ടുനാടക സങ്കേതം ഉപയോഗിച്ച ചാരങ്കുളത്ത് ആന്റണി ആശാ
നും, റാഫേല്‍ അച്ചാരുപറമ്പില്‍ ആശാനും, തോമസ് കുറുപ്പശേരി ആശാനും നേതൃത്വം കൊടുത്ത കളരിയായിരുന്നു പള്ളിപ്പുറത്ത് ഉണ്ടായിരുന്നത്. സെന്റ് ആന്റണിസ് ബാലകലാലയം എന്നായിരുന്നു പേര്.
‘ഓലകൊണ്ട് കെട്ടിമറച്ച, ചാണകം മെഴുകിയ തറയില്‍, തിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നില്‍ മഞ്ഞുമാതാവിന്റെ ചിത്രം തൊട്ടടുത്ത് മരപ്പലകയ്ക്കു മുകളില്‍ ഭക്തിയോടെ ഒരുക്കിവച്ചിരിക്കുന്ന ചുവടിയും കൈത്താളവും… ആശാന് ദക്ഷിണവച്ച് ചുവടി വണങ്ങുമ്പോള്‍ എന്നോടൊപ്പം അന്ന് അപ്പനും അമ്മയും പിന്നെ നാലു സഹോദരങ്ങളുമുണ്ട്..’ നാല്പത് വര്‍ഷം മുന്‍പുള്ള ഒരു ഞായറാഴ്ചയെ ഓര്‍ത്തെടുക്കുകയായിരുന്നു അലക്സ് ആശാന്. 15-ാം വയസില്‍ തന്നെ 14 ചുവടും 4 കവിത്തങ്ങളും സ്വായത്തമാക്കി. പിന്നെയും ആറുമാസം കൂടി എടുത്താണ് അഞ്ചല്ലിക്ക നാടകം പഠിച്ചത്. 1980 ലെ പള്ളിപ്പെരുന്നാളിന് മാതാവിന്റെ നടയിലായിരുന്നു അരങ്ങേറ്റം. കളിച്ച ആദ്യ നാടകം അഞ്ചേലിക്ക. അതില്‍ റോള്ദോനായിട്ട്…”
തുടര്‍ വിദ്യാഭ്യാസത്തിനായി നാട്ടില്‍ നിന്നും വിട്ടുനിന്ന്, അലക്സ് താളൂപ്പാടത്ത് തിരികെയെത്തുമ്പോള്‍ ചുവടികള്‍ ബാക്കിവച്ച ഗുരുക്കന്മാര് മണ്ണിനോട് വിടപറഞ്ഞിരുന്നു. സെന്റ് ആന്റണിസ് ബാലകലാലയം ഇല്ലാതായി. സുഹൃത്തുക്കളായ ആന്റണി വലിയവീട്ടില്‍, സന്ധ്യാവ് എന്നിവരെ ഒപ്പം കൂട്ടി. പുതിയൊരു കളരിക്ക് തുടക്കമിട്ടു. പള്ളിപ്പുറത്തെ ചവിട്ടുനാടകപ്രേമികള് ഒപ്പം നിന്നു. അവര്‍ കുട്ടികളെ കളരിയിലേക്ക് അയച്ചു. അങ്ങനെ സെന്റ് റോക്കീസ് നൃത്തകലാഭവന്‍ തുടക്കമായി. കളരിക്ക് ആശാനാവാന്‍ അലക്സിനായിരുന്നു ദൈവനിയോഗം. ആശാന്മാരെ മനസില്‍ ധ്യാനിച്ച് നിയോഗം ഏറ്റെടുത്തു. അച്ചാരുപറമ്പില്‍ ആശാന്റെ ചുവടികള്‍ അദ്ദേഹത്തിന്റെ കുടുംബക്കാര് അലക്സ് ആശാന് കൈമാറി. റാഫേല്‍ അച്ചാരുപറമ്പിലിന്റെ ‘ദാവീദും ബെദ്ഷെബയും’, ‘ദാവീദും ഗോലിയാത്തും’ എന്നീ രണ്ട് നാടകങ്ങള്‍ സംഗ്രഹിച്ച് ഒറ്റ നാടകമാക്കി- ‘ആ മനുഷ്യന് നീ തന്നെ’. ഈ നാടകമാണ് അലക്സാശാന് ആദ്യമായി സംവിധാനം ചെയ്ത് തട്ടേലെത്തിച്ചത്. പിന്നീട് മുപ്പത് മിനിട്ട് ദൈര്‍ഘ്യമുള്ള രണ്ട് ചുവടികള്‍ ആശാന് എഴുതിയുണ്ടാക്കി. ‘ദൈവത്തിനൊരു പൂ
വും’, ‘മണികര്‍ണ്ണികയും’… ആധുനിക ചവിട്ടു നാടക തട്ടേല്‍ അപ്രത്യക്ഷമായ ആയോധന കളരിപാരമ്പര്യം തിരികെ എത്തിക്കാന്‍ എളിയ ശ്രമവും നടത്തിയിട്ടുണ്ട് ആശാന്. വിദേശപര്യടനം നടത്തി ചവിട്ടുനാടകം അവതരിപ്പിക്കാനുള്ള ഭാഗ്യവുമുണ്ടായി. മലയാളിസമാജത്തിന്റെ നേതൃത്വത്തില്‍ ഒരു ചവിട്ടു നാടകസംഘം ഇപ്പോള്‍ അബുദാബിയില്‍ രൂപീകരിച്ചിട്ടുണ്ട്.
അലക്സ് താളുപ്പാടത്തിന് ചവിട്ടുനാടകം, അതിജീവനത്തിന്റെ പടവാളുകൂടിയാണ്. അതുകൊണ്ടാണ് ഭിന്നശേഷി കലാകാരന്മാരെക്കൊണ്ട് ചവിട്ടുനാടകം കളിപ്പിക്കാന്‍ ചങ്കുറപ്പ് കാട്ടിയത്, ചരിത്രത്തില്‍ ആദ്യമായി സ്ത്രീകളെ മാത്രം അണിനിരത്തി ചവിട്ടുനാടകതട്ട് സമ്പന്നമാക്കിയത്, ഒരു പ്രദേശത്തിന്റെ വികസനസ്വപ്നങ്ങളെ മുന്‍നിറുത്തി ‘വെളിച്ചത്തിന്റെ കര്മ്മസാരഥി’ എഴുതി തെരുവില്‍ തട്ടുതകര്‍ത്ത് കളിച്ചത്, ചവിട്ടുനാടകം സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് വേദിക്കു പുറത്ത് ‘പോര്‍ത്തരു’ ചവിട്ടിയത്. പരമ്പരാഗത ചവിട്ടുനാടക സങ്കേതങ്ങള്‍, സാധ്യമെല്ലന്ന് പറഞ്ഞ വഴികളിലൂടെ അലക്സാശാന് മറ്റൊരു റോള്ദോനായി പാഞ്ഞു. കാറള്‍സ്മാന്റെ റോള്ദോര്, കൈയില്‍ ‘ദുരന്താന’യും മനസില്‍ ക്രിസ്തുസ്നേഹവുമാണ് പേറിയതെങ്കില്, പള്ളിപ്പുറത്തിന്റെ റോള്‍ദോന്റെ കൈയില്‍ വാളില്ലായിരുന്നു, പകരം സഹനശേഷിയും അടിയുറച്ച ദൈവവിശ്വാസവും.
കലയുടെ വഴികളില്‍ കൂട്ടായവരേയും കൂടെ നിന്നവരേയും ഓര്‍ത്തെടുക്കുമ്പോള്‍ ദൈവത്തിനു നന്ദി പറയുന്നു ആശാന്. പിന്നെ അപ്പനും അമ്മയും സഹോദരിസഹോദരന്മാരും. ചുവടുകള്‍ പഠിപ്പിച്ച ആശാന്മാരെ കളരികളിലെ സുഹൃത്തുക്കളെ… പള്ളിപ്പുറത്തുകാരെ, പിന്നെ കുതിപ്പിലും കിതപ്പിലും ഒപ്പം നിന്ന സ്വന്തം കുടുംബത്തെയും. ഭാര്യ മേരിഡിലറ്റ് ഹൈസ്കൂള്‍ അധ്യാപികയാണ്. വിദ്യാര്‍ത്ഥികളായ മക്കള്‍, അമൃതയും ആല്‍വിനും ചവിട്ടുനാടകരംഗത്ത് അപ്പന് കൂട്ടായുണ്ട്. ‘ചവിട്ടു നാടകം കളിക്കാന്‍ അത്യാവശ്യഘട്ടങ്ങളില്‍ പുറത്ത് ആളെ തേടേണ്ടതില്ല… ജ്യേഷ്ഠന്റെ മക്കളടക്കം ഞങ്ങള്‍ ഏഴുപേര്‍ ഈ കുടുംബത്തില്‍ ചവിട്ടുനാടകക്കാരായുണ്ട്…” പുഞ്ചിരിയോടെ ആശാന് പറയുന്നു. അരങ്ങ് നാടക ദേശീയ സംഘടനയുടെ ചവിട്ടുനാടക പുരസ്കാരം, കേരള ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് എന്നിവ ചവിട്ടുനാടകരംഗത്ത് പ്രധാന പുരസ്കാരങ്ങള്‍, ‘സ്വദേശത്തും വിദേശത്തുമുള്ള 400 ല്‍പരം ശിഷ്യസമ്പത്താണ് ഏറ്റവും വലിയ അവാര്‍ഡെന്ന് പ്രൊഫഷണല്‍ നാടകരംഗത്തെ അറിയപ്പെട്ടിരുന്ന നടന് കൂടിയായ അലക്സ് താളൂപ്പാടത്ത് ആശാന്റെ അഭിപ്രായം.
പുരസ്കാരങ്ങള്‍ ആശാനെ കൂടുതല്‍ കര്‍മനിരതനാക്കുന്നു. പാരമ്പര്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത വഴികളിലൂടെ ചവിട്ടു നാടകത്തെ നടത്തിയ കലാകാരന് എന്ന നിലയിലാവും ചരിത്രം അലക്സ് താളൂപ്പാടത്തിനെ അടയാളപ്പെടുത്തുക.പുരസ്കാരങ്ങള്‍ ആശാനെ കൂടുതല്‍ കര്‍മനിരതനാക്കുന്നു. പാരമ്പര്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത വഴികളിലൂടെ ചവിട്ടു നാടകത്തെ നടത്തിയ കലാകാരന് എന്ന നിലയിലാവും ചരിത്രം അലക്സ് താളൂപ്പാടത്തിനെ അടയാളപ്പെടുത്തുക.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
കമ്പനി സെക്രട്ടറിഷിപ്: അപേക്ഷ ഡിസംബര്‍ 15 വരെ
കോര്‍പ്പറേറ്റ് മേഖലയില്‍ ഉയര്‍ന്ന പദവിയിലെത്താന്‍ കുറഞ്ഞ ചെലവില്‍ അവസരമൊരുക്കുന്ന കമ്പനി സെക്രട്ടറിഷിപ് പരിശീലനത്തിനു ചേരാന്‍ www.icsi.edu എന്ന സൈറ്റിലെ ‘ഓണ്‍ലൈന്‍ സര്‍വീസസ്’ ലിങ്കില്‍ ഡിസംബര്‍ 15വരെ രജിസ്ട്രര്‍
ബിഷപ് പൗലോ മാര്‍ട്ടിനെല്ലി ദക്ഷിണ അറേബ്യ അപ്പസ്തോലിക വികാരി
അബുദാബി: ഐക്യ അറബ് എമിറേറ്റ്സ് (യുഎഇ), ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തിന്റെ അപ്പസ്തോലിക വികാരിയായി ഇറ്റലിയിലെ മിലാന് അതിരൂപതയിലെ സഹായമെത്രാനായ
സാമൂഹ്യ രാഷ്ട്രീയ രംഗത്ത് മുന്നേറ്റത്തിന് തയ്യാറാവുക: ബിഷപ്പ് ഡോ അലക്സ് വടക്കുംതല
( ലത്തീൻ കത്തോലിക്കാ സമുദായ ദിനം ആചരിച്ചു) കണ്ണൂർ: സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അദ്ധ്യാത്മിക രംഗങ്ങളിൽ ഒരു മുന്നേറ്റത്തിന് തയ്യാറെടുക്കാൻ ലത്തീൻ സമുദായ അംഗങ്ങളോട്