പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അനീറ്റ ജോസഫിന് സ്വർണ്ണം; ആലപ്പുഴ രൂപതക്ക് അഭിമാന നിമിഷം

ആലപ്പുഴ: റഷ്യയിൽ വച്ച് നടന്ന നാലാമത് ലോക യൂണിവേഴ്സിറ്റിതല പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അനീറ്റ ജോസഫ് സ്വർണ്ണം നേടി. പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ 320 കിലോഗ്രാം വിഭാഗത്തിലാണ് അനീറ്റ ജോസഫ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരിക്കുന്നത്. ആലപ്പുഴ രൂപതയിലെ ഔർ ലേഡി ഓഫ് അസംപ്ഷൻ പുത്തൻകാട് ഇടവകാംഗമാണ്.
അനീറ്റയുടെ പിതാവ് ജോസഫ് ജിംനേഷ്യം ഇൻസ്ട്രറ്ററും, മാതാവ് പുഷ്പ്പമ്മ ആലപ്പുഴ ഡയറക്റ്ററേറ്റ് ഓഫ് എഡ്യൂക്കേഷനിൽ ജൂനിയർ ഡെപ്യൂട്ടി സൂപ്രണ്ടുമാണ്. ഇരുവരും ജി.വി.രാജാ അവാർഡ് നേടിയിട്ടുണ്ട്. പവർ ലിഫ്റ്റിങ്ങിൽ ജോസഫ് സീനിയർ നാഷണൽ ചാമ്പ്യനും, പുഷ്പ്പമ്മ ഏഷ്യൻ ചാമ്പ്യനും ആയിരുന്നു.
ആലപ്പുഴ സെന്റ്. ജോസഫ്സ് കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കിയ അനീറ്റ ജോസഫ് ആലപ്പുഴ എസ്.ടി.കോളേജിൽ കെമിസ്ട്രിയിൽ ബിരുദാന്തര ബിരുദ വിദ്യാർത്ഥിനിയാണ്.
2019-ൽ ജൂനിയർ നാഷണൽ ചാമ്പ്യനായും, സ്ട്രോങ്ങ് വുമൺ ഓഫ് കേരള, സ്ട്രോങ്ങ് വുമൺ ഓഫ് ഇന്ത്യ, ആൾ ഇന്ത്യൻ യൂണിവേഴ്സിറ്റി ചാമ്പ്യൻ ഷിപ്പ്, സ്റ്റേറ്റ് സീനിയർ ചാമ്പ്യൻ ഷിപ്പിൽ ഫസ്റ്റ് നാഷണൽ റണ്ണർ അപ്പ് എന്നീ ബഹുമതികളും അനീറ്റ കരസ്ഥമാക്കിയിട്ടുണ്ട്.
സ്പോർട്സ് കൗൺസിൽ കോച്ച് സുരാജ് സുന്ദർ ആണ് പരിശീലകൻ. പ്ലസ് ടു പഠനം പൂർത്തിയാക്കിയ സഹോദരി അലീന ജോസഫ് സബ് ജൂനിയർ നാഷണൽ ചാമ്പ്യൻ, സ്ട്രോങ്ങ് ഗേൾ ഫസ്റ്റ് റണ്ണർ അപ്പ്, സ്കൂൾ നാഷണൽ ചാമ്പ്യൻ, ജൂനിയർ നാഷണൽ ചാമ്പ്യൻ 2019 തുടങ്ങിയ ബഹുമതികളും നേടിയിട്ടുണ്ട്.
ഇത് ആദ്യമായാണ് ഇന്ത്യ ലോക യൂണിവേഴ്സിറ്റിതല പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നത്. അതിനാൽ തന്നെ ഇന്ത്യക്കും, കേരളത്തിനും പ്രതേകിച്ച് ആലപ്പുഴ രൂപതക്കും അഭിമാന നേട്ടമാണ്.