പാഠം ഓണ്‍ലൈനാകുമ്പോള്‍ ആശങ്കകളോടെ മുന്നേറ്റംആശങ്കകളോടെ മുന്നേറ്റം

പാഠം ഓണ്‍ലൈനാകുമ്പോള്‍ ആശങ്കകളോടെ മുന്നേറ്റംആശങ്കകളോടെ മുന്നേറ്റം

തോമസ് കെ. സ്റ്റീഫന്‍

ഇനിയും ആശങ്കകള്‍ വിട്ടുമാറാതെ സ്‌കൂളുകളിലെ ഓണ്‍ലൈന്‍ പഠനസംവിധാനം മുന്നോറുകയാണ്. നിരവധി സുമനസുകളുടെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലുകളിലൂടെ ടി.വി.യും കേബിള്‍ കണക്ഷനും മിക്കവാറും വീടുകളില്‍ എത്തി എന്നത് നല്ലൊരു കൊവിഡ്കാല അതിജീവന പ്രവര്‍ത്തനമായി. ഇക്കാര്യത്തില്‍ സഭയുടെയും  സമുദായ സംഘടനകളുടെയും ഇടപെടലുകളും ശ്ലാഘനീയമാണ്. അതേസമയം ടി.വി. സ്ഥാപിക്കുവാന്‍ സാധ്യമല്ലാത്തവിധം ഓലമേഞ്ഞ കുടിലുകളില്‍ കഴിയുന്ന ജനങ്ങളുടെ ചിത്രവും ടി.വി.യോ കേബിളോ എന്തിനേറെ വൈദ്യുതി പോലും പ്രാപ്യമല്ലാതെ വിദൂരമേഖലകളില്‍ വസിക്കുന്ന മനുഷ്യരുടെ നേര്‍കാഴ്ചകളും നമ്മുടെ മുന്നില്‍ നില്‍ക്കുന്നുണ്ട്.
ഒന്നുമില്ലാത്തതിനേക്കാള്‍ എത്രയോ ഭേദമാണ് എന്തെങ്കിലും ഉണ്ട് എന്നുപറയുന്നത് എന്നതാണ് പൊതുമനസ്. ഇതല്ലാതെ മറ്റെന്ത് മാര്‍ഗം? എന്ന ചോദ്യം എല്ലാ വിമര്‍ശനങ്ങളുടെയും മുനയൊടിക്കുന്നുമുണ്ട്. നിഷോധാത്മകമായി കാര്യങ്ങള്‍ കാണാതെ പോസിറ്റീവായി കാര്യങ്ങള്‍ വിലയിരുത്തൂ എന്നത് കാലഘട്ടത്തിന്റെ ഉപദേശവുമാണ്.
ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ഞാന്‍ കാണുന്ന ഏറ്റവും വലിയ മെച്ചം അത് കുട്ടികളില്‍ വരുത്തിയിട്ടുള്ള ചില മനോഭാവമാറ്റങ്ങളാണ്. അവധിക്കാലം അവസാനിച്ചു; ഇനി പഠിക്കാനുള്ള കാലമാണ്; കഷ്ടപ്പെട്ടുതന്നെ പഠിക്കണം; ടി.വി.യും, കമ്പ്യൂട്ടറും, മൊബൈല്‍ ഫോണുകളുമൊക്കെ കേവലം വിനോദ ഉപാധികള്‍ അല്ല മറിച്ച് വിജ്ഞാനം വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന മഹാസൗഭാഗ്യങ്ങളാണ് തുടങ്ങിയുള്ള ശുഭകരമായ അവബോധത്തിലേക്ക് നമ്മുടെ കുട്ടികള്‍ ഉണര്‍ന്നിട്ടുണ്ട് എന്നും, ഒരു നിശ്ചിതസമയം പഠിക്കാനും എഴുതാനുമായി മാറ്റിവയ്ക്കണം എന്നൊരു മനസ്സ് ബഹുഭൂരിപക്ഷം കുട്ടികളിലും പാകപ്പെട്ടിട്ടുണ്ട് എന്നതും ഒരു നല്ല കാര്യമായിത്തന്നെ വിലയിരുത്തപ്പെടണം.
അതേസമയം ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ ദിനംപ്രതി വര്‍ധിക്കുന്നുവെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. എത്രശതമാനം കുട്ടികളാണ് ഓണ്‍ലൈന്‍ പഠനത്തിന്റെ ഗുണഭോക്താക്കളായി മാറിയിട്ടുള്ളത്? ഓണ്‍ലൈന്‍ പഠനം സാധാരണ ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണ്? ഓണ്‍ലൈനിലൂടെ നടക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണോ? തുടങ്ങിയ ചോദ്യങ്ങള്‍ നാം വസ്തുനിഷ്ഠമായി വിലയിരുത്തുകയും പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടുകയും വേണം. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങളില്‍ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ്. ഒന്ന്: ഡിജിറ്റല്‍ ഡിവൈഡ്, രണ്ട്: ഫലപ്രദമല്ലാത്ത പഠനം, മൂന്ന്: പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച.

ഡിജിറ്റല്‍ ഡിവൈഡ്
ഇതൊരു ആഗോള പ്രതിഭാസമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ ഇതിനെ ലാഘവത്തോടെ കാണുന്നത് ഉചിതമല്ലതന്നെ. എന്താണ് ഡിജിറ്റല്‍ ഡിവൈഡ്? ഉള്ളവനും ഇല്ലാത്തവനും എന്നുപറയുന്നതുപോലെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ കഴിവുള്ളവരും അതിന് കഴിവില്ലാത്തവരും എന്ന വിഭജനം അഥവാ വിടവിനെയാണ് ഡിജിറ്റല്‍ ഡിവൈഡ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരുകാലത്ത് നമ്മുടെ ഇടതുപക്ഷ ചിന്തകരും ബുദ്ധിജീവികളുമൊക്കെ ഇതൊരു വലിയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടി സാങ്കേതിക വിപ്ലവത്തിന് തടയിടാന്‍ ശ്രമിച്ചിരുന്നുവെന്നത് ഒരു പഴങ്കഥ. ഇന്ന് എന്തുകൊണ്ടോ ഇത്തരം ആള്‍ക്കാരും വിദ്യാഭ്യാസ സംരക്ഷകരും ബൗദ്ധിക പ്രസ്ഥാനങ്ങളുമൊക്കെ ഒരു വലിയ നിശബ്ദത ഇക്കാര്യത്തില്‍ പുലര്‍ത്തുന്നുണ്ട്. എന്നുമാത്രമല്ല ഈ പ്രശ്‌നത്തെ കൂടുതല്‍ ഗുരുതരമാക്കാന്‍ സാധ്യതയുള്ള ഓണ്‍ലൈന്‍ പഠനത്തെ ഇക്കൂട്ടര്‍ സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നുമുണ്ട്.
വാസ്തവത്തില്‍ ഓണ്‍ലൈന്‍ പഠനം മുന്നേറുമ്പോള്‍ ഈ വിടവ് വല്ലാതെ വര്‍ധിച്ചുവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമായി നാം വിലയിരുത്തേണ്ടതും ഈ ഡിജിറ്റല്‍ ഡിവൈഡ് തന്നെയാണ്. ഓണ്‍ലൈന്‍ പഠനം ഒരു ഡിജിറ്റല്‍ ഡിവൈഡിലേയ്ക്ക് നയിക്കുമെന്ന് വിലയിരുത്തപ്പെടുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ കൂടി നമുക്ക് നോക്കാം.

1. സാമ്പത്തിക പിന്നാക്കാവസ്ഥ
കേരളത്തില്‍ ഇന്നും 15 ശതമാനത്തിലധികം ആള്‍ക്കാര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ത്തന്നെ 80 ശതമാനം പേരും ദളിത്-ആദിവാസി-മത്സ്യത്തൊഴിലാളി ഗണത്തില്‍പ്പെട്ടവരായിരിക്കും എന്നത് അതര്‍ക്കിതവുമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ഉപകരണങ്ങള്‍ സ്വന്തമാക്കാനോ ഡിജിറ്റല്‍ സാങ്കേതികവിദ്യ ആര്‍ജ്ജിക്കാനോ ഇവരുടെ സാമ്പത്തിക പിന്നോക്കാവസ്ഥ ഇവരെ അനുവദിക്കുന്നില്ല. ഓണ്‍ലൈന്‍ പഠനത്തിന്റെ കാര്യം മാത്രം എടുത്താല്‍ത്തന്നെ ഏറ്റവും കുറഞ്ഞത് ടി.വി., കേബിള്‍ കണക്ഷന്‍, സ്മാര്‍ട്‌േഫാണ്‍, ഡാറ്റാ പാക്കേജ് എന്നിവ നിര്‍ബന്ധമായും ഉണ്ടാകണം. ഒന്നിലധികം കുട്ടികള്‍ ഉള്ള വീടുകളില്‍ കൂടുതല്‍ ഫോണുകളും അനിവാര്യമാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍പ്പോലും ടി.വി.യും കേബിളും ഇല്ലാത്തവര്‍ 10 ശതമാനത്തോളമുണ്ട്. സ്മാര്‍ട്ട് ഫോണ്‍ വീട്ടില്‍ ഒരെണ്ണമെങ്കിലും ഇല്ലാത്തവര്‍ കുറഞ്ഞത് 20 ശതമാനമെങ്കിലും വരും. ഇനി കുട്ടികള്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കുവാന്‍ ഒരു ഫോണ്‍ വേണമെന്നുവരികില്‍ അത് 90 ശതമാനം കുട്ടികള്‍ക്കും നിലവില്‍ പ്രാപ്യമല്ലതന്നെ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പത്തില്‍ ഇതൊന്നും സ്വായത്തമാക്കാന്‍ കഴിയില്ല എന്നതുതന്നെയാണ് സത്യം. പ്രത്യേകിച്ച് കൊവിഡിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടിരിക്കുന്ന സാമ്പത്തിക അനിശ്ചിതത്വവും അവരെ തളര്‍ത്തുന്നുണ്ട്.

2. മാനസിക സമ്മര്‍ദ്ദം
ഡിജിറ്റല്‍ ഡിവൈഡ് ജനങ്ങളില്‍ വിശിഷ്യ കുട്ടികളില്‍ ഉണ്ടാക്കിയിരിക്കുന്ന മാനസിക സമ്മര്‍ദ്ദം വളരെ വലുതാണ്. കുട്ടികളുടെ ആത്മഹത്യതന്നെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ടി.വി, ഫോണ്‍ എന്നിവ ഉള്ളവരും ഇല്ലാത്തവരും എന്ന വിവേചനം, ഉള്ളവര്‍തന്നെ വില കൂടിയതെന്നും കുറഞ്ഞതെന്നുമുള്ള താരതമ്യം; സാങ്കേതികമികവ് കൂടിയതും കുറഞ്ഞതും എന്ന വേര്‍തിരിവ്; ഒരു ഫോണ്‍ കൊണ്ട് ഒന്നിലധികം കുട്ടികള്‍ ഒരേസമയം പഠിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍; സ്വതന്ത്രമായി ഫോണ്‍ ലഭിക്കുന്നില്ല എന്ന പ്രശ്‌നം എന്നിങ്ങനെ തീവ്രമായ ആശങ്കയിലും ആകുലതയിലുമാണ് നമ്മുടെ മക്കള്‍. നിരാശയും നിസംഗതയും അവരെ വല്ലാതെ ബാധിച്ചിരിക്കുന്നു. അപകര്‍ഷതാബോധവും കുട്ടികളില്‍ വളരുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ട വേദിയില്‍ ഒരാള്‍ നടത്തിയ വേദനിപ്പിക്കുന്ന ന്യായീകരണവും കൂടി ഞാനിവിടെ അനുസ്മരിക്കുകയാണ്. ‘പുസ്തകവും ബുക്കും അനിവാര്യമായ ഒരുകാലത്ത് ഇത് രണ്ടുമില്ലാതെ പഠിച്ചവര്‍ ധാരാളംപേരുണ്ട്. അതുപോലെ ടി.വി.യും ഫോണും ഇല്ലാത്തവരും പഠിച്ചുകൊള്ളും’. കോരന് കഞ്ഞി എന്നും കുമ്പളില്‍ തന്നെയെന്ന് പറയാതെ പറയുന്നു.

3. പാര്‍ശ്വവത്ക്കരണം
നാം നിരന്തരം ഉപയോഗിക്കുന്ന പദമാണ് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ എന്നത്. ഈ പദം ഒന്നുകൂടി ശക്തമായി മറ്റൊരു മാനത്തില്‍ നമുക്ക് പ്രയോഗിക്കേണ്ടിവരും. എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമല്ലാത്ത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പഠനം മുന്നോട്ടുപോയാല്‍ ഇവിടെ വലിയൊരു പാര്‍ശ്വവത്ക്കരണം നടക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഈ പാര്‍ശ്വവത്ക്കരണത്തിന്റെ ഇരകളില്‍ 90 ശതമാനവും അടിസ്ഥാനവര്‍ഗങ്ങള്‍  ആയിരിക്കും എന്ന കാര്യവും സംശയമില്ല. സമ്പത്ത് തന്നെ അന്യമായ ഈ ജനസമൂഹത്തിന് അവസരം കൂടി അന്യമാക്കിയാല്‍ അവര്‍ അതിരുകളിലേക്ക് വലിച്ചെറിയപ്പെടുകതന്നെ ചെയ്യും.

4. ഫലപ്രദമല്ലാത്ത പഠനം
ഓണ്‍ലൈന്‍ പഠനം ഉയര്‍ത്തുന്ന രണ്ടാമത്തെ വെല്ലുവിളി കാര്യക്ഷമമല്ലാത്ത പഠനപ്രക്രിയയാണ്. ഇതൊരു താല്‍ക്കാലിക സംവിധാനം മാത്രമാണ് എന്ന് അധികാരികള്‍ ആവര്‍ത്തിക്കുന്നുണ്ട്. അങ്ങനെ ആയിരിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. ഓണ്‍ലൈന്‍ പഠനത്തിലൂടെ വിദ്യാഭ്യാസലക്ഷ്യങ്ങള്‍ എല്ലാം സാക്ഷാത്കരിക്കാന്‍ കഴിയില്ല എന്ന സത്യം എല്ലാ വിദ്യാഭ്യാസ വിചഷണന്മാരും അംഗീകരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ചില വസ്തുതകള്‍ കൂടി നമുക്ക് നോക്കാം.

1. സമഗ്രവികസനം അന്യമാക്കുന്നു
ഒരു കുട്ടിയുടെ ബൗദ്ധികവികാസം എന്നതിലുപരി ശാരീരിക, മാനസിക, സാമൂഹിക വികസനം ഉള്‍പ്പെടുന്ന സമഗ്രവികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. കേവലം അറിവ് പകരല്‍ പ്രക്രിയ മാത്രമാണ് ഓണ്‍ലൈനിലൂടെ നടക്കുന്നത്. മറ്റുതരത്തിലുള്ള എല്ലാ വികസനത്തിനും ഒരു വിദ്യാലയ അന്തരീക്ഷം അനിവാര്യമാണ്. അവിടെ നടക്കുന്ന പഠന-പഠനേതര പ്രവര്‍ത്തനങ്ങളാണ് ഒരുവനെ സമഗ്രതയിലേക്ക് നയിക്കുന്നത്.

2. ആശയവിനിമയശേഷിയുടെ കുറവ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനിവാര്യമായ നൈപുണികളില്‍ ഏറ്റവും പ്രധാനമാണ് ആശയവിനിമയം എന്നത്. ഒറ്റയ്ക്ക് വീട്ടിലിരുന്ന് മാധ്യമവുമായി സംവദിക്കുന്ന കുട്ടിയില്‍ ആശയവനിമയശേഷി ശക്തിപ്പെടാന്‍ സാധ്യത കുറവാണ്. പ്രത്യേകിച്ച് ഭാഷകളുടെ പഠനത്തിനും സാമൂഹ്യ ഇടപെടലുകള്‍ക്കും നേതൃപാടവത്തിനും  ആവശ്യമായ ആശയവിനിമയശേഷി ഒരുവന്‍ ആര്‍ജ്ജിക്കുന്നത് അധ്യാപകരോടും സഹപാഠികളോടും ഔപചാരികമായും അനൗപചാരികമായും നടത്തുന്ന ആശയവിനിമയങ്ങളിലൂടെ തന്നെയാണ്.

3. ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളുടെ അപര്യാപ്തത
ഓണ്‍ലൈന്‍ പഠനം എന്ന് നാം വിശേഷിപ്പിക്കുന്നുവെങ്കിലും നിലവില്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ നടക്കുന്നത് കേവലം ബ്രോഡ്കാസ്റ്റിംഗ് ആണ്. ഇവിടെ പഠിതാവിന്റെ പങ്ക് വളരെ പരിമിതപ്പെടുത്തിയിരിക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോകള്‍ കുട്ടികള്‍ക്ക് പ്രക്ഷേപണം ചെയ്യുന്നുവെന്ന് മാത്രമേ ഉള്ളൂ.

4. നഷ്ടമാകുന്ന അധ്യാപക-വിദ്യാര്‍ഥി ബന്ധം
വിക്‌ടേഴ്‌സ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യുന്ന ക്ലാസുകള്‍ കേള്‍ക്കുന്ന കുട്ടിക്ക് അത് അവതരിപ്പിക്കുന്ന അധ്യാപകരുമായി യാതൊരു ബന്ധവുമില്ല. അധ്യാപകരുമായി നടത്തുന്ന സംവാദത്തിലൂടെയാണല്ലോ കുട്ടികള്‍ അറിവുകള്‍ സ്വാംശീകരിക്കുന്നതും നിര്‍മിക്കുന്നതും. ഗുരുകുല വിദ്യാഭ്യാസത്തിന്റെ പിന്‍തലമുറക്കാരായ നമുക്ക് ഗുരുക്കന്മാരെ അന്യമാക്കിയുള്ള ഒരു വിദ്യാഭ്യാസ പ്രവര്‍ത്തനം വിഭാവനം ചെയ്യുക അത്ര എളുപ്പമായിരിക്കില്ലതന്നെ.

5. അന്യമാകുന്ന പ്രാദേശിക പാഠങ്ങള്‍
പ്രാദേശിക പാഠങ്ങള്‍ പഠനപ്രക്രിയയില്‍ വളരെ പ്രധാനമാണ്. ജീവിതഗന്ധിയും പ്രാദേശികവുമായ ഉദാഹരണങ്ങള്‍ കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ ഒരു പഠിതാവിന് അനിവാര്യമാണ്. കേരളത്തിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കുംകൂടി ഒരു ക്ലാസ് നടത്തിയാല്‍ ആ അധ്യാപകന് ഒരിക്കലും പ്രാദേശികവും ജീവിതഗന്ധിയുമായ സംഭവങ്ങള്‍ പഠനവുമായി ബന്ധിപ്പിക്കാന്‍ പരിമിതിയുണ്ട്. എറണാകുളത്തുകാര്‍ക്ക് പരിചിതമായ പ്രാദേശിക പാഠങ്ങള്‍ തിരുവനന്തപുരത്തുകാര്‍ക്ക് പരിചിതമാകണമെന്നില്ല. എന്നുമാത്രവുമല്ല അത് ചുറ്റുപാടുകളുമായി ബന്ധമില്ലാത്ത ഒരു പഠനാന്തരീക്ഷവും സൃഷ്ടിക്കുന്നുണ്ട്.

6. പ്രായോഗിക പരിശീലനങ്ങള്‍
പല വിഷയങ്ങള്‍ക്കും പ്രായോഗിക പരിശീലനങ്ങള്‍ അനിവാര്യമാണ്. ഇവ ഓണ്‍ലൈനായി നടത്തുക സാധ്യവുമല്ല. അങ്ങനെവരുമ്പോള്‍ സയന്‍സ്, ഐ.ടി. വിഷയങ്ങളുടെ പഠനങ്ങള്‍ അപൂര്‍ണ്ണമായി തന്നെ തുടരും.

7. തെറ്റായ ആശയങ്ങളും വസ്തുതകളും
കേരളത്തിലെ  എല്ലാ കുട്ടികളിലേക്കും പാഠ്യവസ്തുത പകരുന്നത് ഒരാള്‍ എന്നുവരുമ്പോള്‍ ആ അധ്യാപകന്‍ ഏതെങ്കിലും തെറ്റായ ആശയങ്ങളോ വസ്തുതകളോ പങ്കുവച്ചാല്‍ അത് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ബാധിക്കുന്ന ഒന്നായിത്തീരും. നിലവില്‍ എടുത്തുവരുന്ന ക്ലാസ്സുകള്‍ വിദഗ്ദ്ധ സമിതിയുടെ പരിശോധനയ്ക്ക് വിധേയമെങ്കിലും തെറ്റുകള്‍ കടന്നുകൂടുന്നുവെന്നത് ഈ ആക്ഷേപത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത് തന്നെയാണ്.

പൊതുവിദ്യാഭ്യാസ തകര്‍ച്ച
ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ഉയരുന്ന മൂന്നാമത്തെ പ്രശ്‌നം ഇത് പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കും എന്നതാണ്. ഈ ആക്ഷേപം ബലപ്പെടുത്തുന്ന വാദങ്ങള്‍കൂടി പരിശോധനവിധേയമാക്കാം.

1. അണ്‍എയ്ഡഡ് സ്‌കൂളുകളുടെ മേല്‍കൈ
അണ്‍എയ്ഡഡ് സ്‌കൂളുകളുടെ അതിപ്രസരണവും വളര്‍ച്ചയും പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് എന്നും ആഘാതങ്ങള്‍ ഏല്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനത്തിലും ഇത് പ്രതിഫലിച്ചുകഴിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ വിക്‌ടേഴ്‌സ് ചാനലിനെ മാത്രം ആശ്രയിക്കുമ്പോള്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ ഗൂഗിള്‍ മീറ്റ്, സൂം തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും സ്വന്തമായ ആപ്പുകളും ഇതിനായി ഉപയോഗിക്കുന്നു. പുതിയ സങ്കേതങ്ങളുടെ പേരുപറഞ്ഞ് അധികം തുകയും രക്ഷാകര്‍ത്താക്കളില്‍ നിന്ന് ഈടാക്കുകയും ചെയ്യുന്നവരുമുണ്ട്. അവിടെ പഠിക്കുന്ന കുട്ടികള്‍ സാധാരണ സ്‌കൂള്‍ സമയത്ത് സജീവമായ സ്വന്തം അധ്യാപകരുമായി സംവദിച്ച് പഠനം നടത്തുന്നു. ഇതേസമയം പൊതുവിദ്യാഭ്യാസ കുട്ടികള്‍ കേവലം അരമണിക്കൂര്‍ മാത്രം ഒരു പ്രക്ഷേപണ പരിപാടി കാണുന്നു. ഈ താരതമ്യചിന്ത ശക്തമാകുമ്പോള്‍ കുട്ടികള്‍ പൊതുവിദ്യാഭ്യാസ രംഗത്ത് നിന്നു വീണ്ടും സ്വാശ്രയമേഖലയിലേക്ക് മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

2. പ്രചോദനം നഷ്ടപ്പെടുന്ന കുട്ടികള്‍
അധ്യാപകരുമായി നേരിട്ട് ബന്ധമില്ലാതെ അകലങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് യാതൊരുവിധ പ്രചോദനവും അധ്യാപകരില്‍ നിന്ന് ലഭിക്കുന്നില്ല. പ്രായത്തിന്റെ പ്രത്യേകത കൊണ്ട് നിരന്തര പ്രേരണയും ചെറുശിക്ഷകളും പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും കുട്ടികള്‍ക്ക് അനിവാര്യമാണ്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ഇതൊന്നും പൂര്‍ണ്ണമായും പകരുക സാധ്യമല്ല. ഇനി ഉള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആവശ്യമായ കാര്യക്ഷമത എല്ലാ അധ്യാപകര്‍ക്കും ഇല്ലതന്നെ.

3. സാധാരണക്കാരായ മാതാപിതാക്കള്‍
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളില്‍ നല്ലൊരു ശതമാനവും സാധാരണക്കാരാണ്. വിദ്യാഭ്യാസവും സാങ്കേതികവിദ്യയുടെ പ്രയോഗവും ഇവര്‍ക്ക് സ്വതവേ അന്യമായിരിക്കും. ഇക്കൂട്ടര്‍ക്ക് മക്കളുടെ പഠനത്തില്‍ ഒരു പങ്കും വഹിക്കാന്‍ കഴിയുകയില്ല.

4. സൈബര്‍ വെല്ലുവിളികള്‍
ഒരുകാലത്ത് കുട്ടികള്‍ അധികസമയം ചെലവഴിക്കരുത് എന്ന് അധ്യാപകര്‍ നിഷ്‌കര്‍ഷിച്ചിരുന്ന ടി.വി., ഫോണ്‍ എന്നിവ നിരന്തരം ഉപയോഗിക്കണമെന്ന് അധ്യാപകര്‍തന്നെ പറയേണ്ടിവരുന്നു. പഠനത്തോടൊപ്പം പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും ഈ ഫോണ്‍ കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട് എന്നത് അതര്‍ക്കിതമായ കാര്യമാണ്. പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത പ്രായത്തില്‍ കുട്ടികള്‍ സ്വതന്ത്രമായി ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന സൈബര്‍ പ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍ പഠനത്തിലെ പുതിയ വെല്ലുവിളികളാകുന്നു.
അസാധാരണ കാലഘട്ടത്തിലെ അസാധാരണ തീരുമാനങ്ങള്‍ എന്നതാണ് ഇന്ന് ഏത് നയതീരുമാനത്തിന്റെ പിന്‍ബലമായി മാറിയിട്ടുള്ള പ്രയോഗം. തീര്‍ച്ചയായും ഒരു അസാധാരണ സാഹചര്യത്തിലൂടെ നമ്മുടെ നാട് കടന്നുപോകുമ്പോള്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഒരു സര്‍ക്കാരിന് കഴിയണം. പക്ഷേ, നയതീരുമാനങ്ങളുടെ അടിസ്ഥാന തത്വം എന്തായിരിക്കണം എന്നതാണ് പ്രശ്‌നം. ഗാന്ധിജിയുടെ ചിന്തകള്‍ ചേര്‍ത്തുവച്ചാല്‍ ഏതൊരു പദ്ധതിയും വിഭാവനം ചെയ്യുമ്പോള്‍ അത് ഏറ്റവും ദുര്‍ബലനെ എങ്ങനെ ബാധിക്കുന്നുവെന്നത് നമ്മുടെ പരിഗണനാവിഷയമാകണം. നിര്‍ഭാഗ്യവശാല്‍ അത്തരം തത്വങ്ങള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയതായി കാണുന്നില്ല. റിക്കാര്‍ഡും റേറ്റിംഗും വര്‍ത്തമാനകാല നയതീരുമാനങ്ങളുടെ അടിസ്ഥാനതത്വമായി മാറിയിരിക്കുന്നു.
ഇതല്ലാതെ മറ്റെന്തുമാര്‍ഗം എന്ന ചോദ്യം നാം ഏവരെയും ചിന്തിപ്പിക്കുന്നുണ്ട്്. ഒരു ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും താരതമ്യത്തിന് അധികം ഇടനല്‍കാതെ ഒരുപോലെയുളള പഠനസങ്കേതങ്ങള്‍ ഉണ്ടാകണമെന്നാണ് ഒരു അധ്യാപകന്‍ എന്ന നിലയിലുള്ള എന്റെ പക്ഷം. ഉദാഹരണത്തിന് എല്ലാ കുട്ടികള്‍ക്കും ഒരു നിശ്ചിത പ്രത്യേകതകള്‍ ഉള്ള ടാബ് ഉണ്ടാകണമെന്ന് നിഷ്‌കര്‍ഷിക്കാം. അതുതന്നെ സാമ്പത്തികതലം വിലയിരുത്തി സൗജന്യമായോ കുറഞ്ഞ നിരക്കിലോ എല്ലാ കുട്ടികള്‍ക്കും ഉറപ്പുവരുത്താം. അതുപോലെ പൊതുവെ നല്ല സേവനം നല്‍കുന്ന ഒരു മൊബൈല്‍ നെറ്റ്‌വര്‍ക്കുമായി പരിമിതപ്പെടുത്തി സൗജന്യമായോ കുറഞ്ഞ നിരക്കിലോ കുട്ടികള്‍ക്ക് ഡാറ്റ നല്‍കണം. കേന്ദ്രീകൃതമായ ക്ലാസെടുക്കല്‍ രീതി അടിയന്തിരമായി അവസാനിപ്പിച്ചു ക്ലാസുകള്‍ പ്രാദേശികവല്‍ക്കരിക്കണം. സാധ്യമായിടത്തോളം അതാതു സ്‌കൂളിലെ അധ്യാപകര്‍ തന്നെ ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഓണ്‍ലാന്‍ പ്ലാറ്റ്‌ഫോമുകള്‍ സജ്ജമാക്കണം. അസാധാരണ തീരുമാനമെന്ന നിലയില്‍ സിലബസ് കുറയ്ക്കണം. ഓണ്‍ലൈന്‍ പരീക്ഷകള്‍ കുട്ടികളെ പരിചിതപ്പെടുത്തണം. ഇനി യഥാര്‍ഥ ക്ലാസുകള്‍ തുടങ്ങിയാലും ഓണ്‍ലൈന്‍ പഠനം തുടരുമെന്ന ചിന്തയും തീരുമാനവും ഉണ്ടാകണം.
ഒരു ഡിജിറ്റല്‍ യുഗത്തില്‍ വസിക്കുന്ന നമ്മള്‍ എല്ലാപേര്‍ക്കും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉണ്ടാകുന്നതും ഡിജിറ്റല്‍ സാക്ഷരത ഉണ്ടാകുന്നതും തന്നെയാകണം പുതിയ വികസന അജണ്ടകള്‍. ഈ കൊറോണ അതിജീവനകാലത്ത് ഇത്തരം പുതിയ ചിന്തകള്‍ കൂടി ഏവരിലും സംലഭ്യമാകട്ടെ.

(ലേഖകന്‍ കെആര്‍എല്‍സിസി വിദ്യാഭ്യാസ കമ്മീഷന്റെ അസോസിയേറ്റ് സെക്രട്ടറിയാണ്)


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*