പാപിയോട് കുമ്പസാരിച്ച പാപ്പ

പാപിയോട് കുമ്പസാരിച്ച പാപ്പ
റോമാ നഗരത്തിലെ മേരി മജോറ ബസിലിക്കയുടെ അനേകം കല്പടവുകളില്‍ ഒന്നിലാണ് ബൈബിള്‍ പണ്ഡിതനായ സ്‌കോട്ട്ഹാന്‍ എന്ന വൈദികന്‍ അയാളെ കണ്ടത്. മുഷിഞ്ഞു കീറിയ വസ്ത്രങ്ങള്‍ അണിഞ്ഞ, താടിയും മുടിയും നീട്ടി വളര്‍ത്തിയ ഭിക്ഷക്കാരിലൊരാളായി അയാളായിരുന്നു. എവിടെയോ വച്ച് കണ്ടു പരിചയമുള്ള ഒരു മുഖം. ”ഇയാള്‍ അയാള്‍ തന്നെയായിരിക്കുമോ?” എന്ന സംശയം-പണ്ട് തന്നോടുകൂടെയുണ്ടായിരുന്ന പീറ്റര്‍ ബ്ലാക്ക്.
ഫാദര്‍ സ്‌കോട്ട് ഹാന്‍ ആ ഭിക്ഷക്കാരന്റെ അടുക്കല്‍ച്ചെന്ന് അയാളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു: ”പീറ്റര്‍ ബ്ലാക്തല്ലേ നിങ്ങള്‍?” അല്പനേരത്തെ മൗനത്തിനുശേഷം അതേ എന്ന അര്‍ത്ഥത്തില്‍ അയാള്‍ തലകുലുക്കി. ”നമ്മള്‍ രണ്ടുപേരും ഒരേ ക്ലാസില്‍ പഠിച്ചവരല്ലേ? ഒരേ വര്‍ഷം നമ്മുടെ ഓര്‍ഡിനേഷനും കഴിഞ്ഞതാണ്. ഒരു പുരോഹിതനായിരുന്ന താങ്കള്‍ക്ക് ഇത് എന്തുപറ്റി?”, അത്ഭുതത്തോടെ സ്‌കോട്ട് ഹാന്‍ പീറ്ററിനോട് ചോദിച്ചു. ”അതെല്ലാം പണ്ട്. ഇന്ന് ഞാന്‍ ആരുമല്ല. എന്നെ വെറുതെ വിട്ടേക്കൂ.” പിന്നീട് അയാളൊന്നും സംസാരിച്ചില്ല.
അന്ന് വൈകുന്നേരം ഫാദര്‍ സ്‌കോട്ട് ഹാന് പാപ്പായുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ലഭിച്ചിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ കാണാനാണ് സ്‌കോട്ട് ഹാന്‍ വത്തിക്കാനില്‍ വന്നത്. പലരെയും കാണുന്ന അവസരത്തില്‍ പാപ്പ സ്‌കോട്ടിനെയും കണ്ടു. അപ്പോള്‍ പെട്ടെന്ന് ആ പുരോഹിതന്‍ രാവിലെ താന്‍ മേരി  മേജോറ ബസിക്കിയുടെ മുമ്പില്‍ കണ്ടുമുട്ടിയ തെന്റ സഹപാഠിയെ ഓര്‍ത്തു. പാപ്പയോട് ആ സംഭവത്തെക്കുറിച്ച് സൂചിപ്പിക്കുകയും ”അങ്ങ് എന്റെ സഹപാഠിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം” എന്നഭ്യര്‍ത്ഥിക്കുകയും ചെയ്തു. പാപ്പ തന്നെക്കൊണ്ട് സാധിക്കാവുന്നത് ചെയ്യാം എന്ന് പറഞ്ഞ് മുന്നോട്ടുപോയി. 
ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പാപ്പയുടെ പ്രൈവറ്റ് സെക്രട്ടറി ഫാ. സ്‌ക്കോട്ടിനെ ഫോണില്‍ വിളിച്ച് ”നിങ്ങളെയും നിങ്ങളുടെ സഹപാഠിയായിരുന്ന മുന്‍ വൈദികനെയും പാപ്പ നാളെ ഡിന്നറിനു ക്ഷണിക്കുന്നു” എന്നറിയിച്ചു. ഉടനെ തന്നെ ഫാദര്‍ സ്‌ക്കോട്ട് ബസിലിക്കയിലേക്കോടി, തന്റെ സ്‌നേഹിതനെക്കണ്ട് ഈ കാര്യം പറയാന്‍. അപ്പോഴേക്കും സന്ധ്യയായിരുന്നു. പല ഭിക്ഷക്കാരും തങ്ങളുടെ താവളങ്ങളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. എന്നാല്‍ ഭാഗ്യത്തിന് ഫാദര്‍ പീറ്റര്‍ അവിടെത്തന്നെയുണ്ടായിരുന്നു.
പാപ്പ നമ്മളെ രണ്ടുപേരെയും നളെ ഡിന്നറിന് ക്ഷണിച്ചിരിക്കുന്നു എന്ന് ഫാദര്‍ സ്‌ക്കോട്ട് സ്‌നേഹിതനോട് പറഞ്ഞു. പക്ഷേ, പീറ്ററിന് അതത്ര സ്വീകാര്യമായിത്തോന്നിയില്ല. തന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ വത്തിക്കാനില്‍ പോയി പാപ്പയുമൊത്ത് ഡിന്നര്‍ കഴിക്കുവാനുള്ള മാനസികാവസ്ഥയിലോ ശാരീരികാവസ്ഥയിലോ അല്ല താന്‍. മുഷിഞ്ഞുകീറിയ വസ്ത്രം, മുടിവെട്ടിയിട്ടും ഷേവ് ചെയ്തിട്ടും മാസങ്ങളായി; ഒരു നല്ല വസ്ത്രം പോലുമില്ലാത്ത താന്‍ എങ്ങനെ അവിടെ ചെല്ലും? കൂട്ടുകാരന്‍ പറഞ്ഞു: ”അതൊന്നും സാരമില്ല. എന്റെ ഒരു ജോഡി ഡ്രസ് ഞാന്‍ തരാം. നമുക്ക് വേഗം പോയി ഒരു ബാര്‍ബര്‍ ഷാപ്പില്‍ കയറി മുടിയും താടിയുമൊക്കെ ശരിയാക്കാം.”
സ്‌ക്കോട്ടിന്റെ നിര്‍ബന്ധത്തില്‍ വഴങ്ങി അവസാനം പീറ്റര്‍ കുളിച്ചു വൃത്തിയായി പുതിയ വസ്ത്രം ധരിച്ച് പിറ്റേ ദിവസം ഡിന്നറിന് പാപ്പയുടെ അതിഥികളായെത്തി. ഡിന്നറിനുശേഷം പാപ്പ തനിക്ക് ആ മുന്‍ വൈദികനോട് രഹസ്യമായി ചിലത് സംസാരിക്കാനുണ്ട് എന്നറിയിച്ചു. പീറ്ററും മാര്‍പാപ്പയും മാത്രമായപ്പോള്‍ പാപ്പ പീറ്ററിന്റെ കഥയെല്ലാം ക്ഷമാപൂര്‍വം കേട്ടു. അവസാനം പാപ്പ പീറ്ററിനോട് പറഞ്ഞു: ”നിങ്ങളോട് ഞാന്‍ കുമ്പസാരിക്കാന്‍ ആഗ്രഹിക്കുന്നു.” പീറ്ററിന് അത് ഒട്ടും വിശ്വസിക്കാനായില്ല. ”പരിശുദ്ധ പിതാവേ,  ഞാനിപ്പോള്‍ ഒരു പുരോഹിതനല്ല-വെറും പിച്ചക്കാരനാണ്.”
തനിക്ക് കുമ്പസാരം കേള്‍ക്കാനുള്ള ഫാക്കല്‍റ്റിയൊന്നും ഇല്ല എന്ന് പീറ്റര്‍ പറഞ്ഞെങ്കിലും ആ അധികാരമെല്ലാം റോമിലെ മെത്രാന്‍ എന്ന നിലയില്‍ ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു” എന്നാണ് പാപ്പ പറഞ്ഞത്. എന്നിട്ട് പാപ്പ ഭിക്ഷക്കാരനായ വൈദികന്റെ മുന്‍പില്‍ മുട്ടുകുത്തി തന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരം നടത്തി. പീറ്റര്‍ തനിക്കറിയാവുന്ന രീതിയില്‍ പാപ്പയുടെ പാപങ്ങള്‍ പൊറുത്ത് പ്രായശ്ചിത്തം നിര്‍ദ്ദേശിച്ചു. അതിനുശേഷം അദ്ദേഹം മാര്‍പാപ്പയുടെ മുന്നില്‍ മുട്ടുകുത്തി തന്റെ എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞ് വീണ്ടും സഭയുമായി അനുരഞ്ജനപ്പെട്ടു.
റോമാ രൂപതയിലെ ഒരു വൈദികനായി പാപ്പ ഫാദര്‍ പീറ്ററിനെ അവരോധിച്ചുകൊണ്ട് അദ്ദേഹത്തിന് ആദ്യത്തെ ചുമതല നല്‍കി: ”നിങ്ങള്‍ റോമിലുള്ള ദൈവാലയങ്ങളുടെ മുന്നില്‍ ഭിക്ഷയാചിക്കുന്നവര്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യുക. അവരെയെല്ലാവരെയും ദൈവകാരുണ്യാനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുവരുക”. അങ്ങനെ ഒരു പാപിയോട് കുമ്പസാരിച്ചുകൊണ്ട് പാപ്പ ആ പുരോഹിതനെ വീണ്ടെടുത്തു. 
 ഈ അവസരത്തില്‍ വഴിതെറ്റിപ്പോയവരോടും പൗരോഹിത്യവും സന്യാസ ജീവിതവും ഉപേക്ഷിച്ചവരോടും നമുക്കുള്ള മനോഭാവം എന്താണെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. 
അടുത്ത ലക്കത്തില്‍ ഒരു ധനവാന്റെ മരണം

Related Articles

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍

Daily Reading for Sunday February 7, 2021 Reading 1, Job 7:1-4, 6-7 Responsorial Psalm, Psalms 147:1-2, 3-4, 5-6 Reading 2, First Corinthians 9:16-19,

മലമുകളിലെ റെയില്‍പ്പാത

തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ മലനിരകളാണ് ആന്‍ഡസ് (ANDES) പര്‍വതനിരകള്‍. ഏഴായിരം കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന ഈ മലനിരകള്‍ സമുദ്രനിരപ്പില്‍ നിന്ന് 13000 അടി മുകളിലാണ്.

പറന്ന് പറന്ന്…ചന്ദ്രനിലേക്ക്

അമേരിക്കയിലെ ഒഹായോയിലെ ചെറിയ എയര്‍പോര്‍ട്ടിനടുത്തുള്ള റോഡിലൂടെ പതിനഞ്ചുവയസു കൗമാരക്കാരന്‍ അവന്റെ ഡാഡിയുമൊന്നിച്ച് കാറില്‍ പോകുമ്പോള്‍ പെട്ടെന്ന് ഒരു ചെറിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് കണ്‍ട്രോള്‍ നഷ്ടപ്പെട്ട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*