Breaking News

പാപ്പാ സന്ദര്‍ശന ലോഗോയ്ക്ക് മലയാളി സ്പര്‍ശം

പാപ്പാ സന്ദര്‍ശന ലോഗോയ്ക്ക് മലയാളി സ്പര്‍ശം

ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ സന്ദര്‍ശനം ഫെബ്രുവരി അഞ്ചിന് പൂര്‍ത്തിയായപ്പോള്‍ അത് വത്തിക്കാനും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും കത്തോലിക്ക സഭയും ഇസ്ലാംമതവും തമ്മിലുള്ള ബന്ധത്തിലും ഊഷ്മളതയുടെ ഇഴയടുപ്പത്തിന്റെ ഐതിഹാസിക ചരിത്ര മുഹൂര്‍ത്തമായി മാറി. അതിന്റെ ആനന്ദനിര്‍വൃതിയിലാണ് പ്രവീണ്‍ ഐസക്ക്. കാരണം പാപ്പായുടെ സന്ദര്‍ശനത്തിന്റെ ലോഗോ മെനെഞ്ഞെടുക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് ഇദ്ദേഹത്തിനാണ്.
ഒലിവു ചില്ലയിലേന്തിയ പ്രാവ്. യുഎഇയുടെ പതാകയുടെ നിറത്തില്‍ പ്രാവിന്റെ തൂവല്‍. ലളിത സുന്ദരവും അര്‍ത്ഥപൂരിതവുമാണ് ലോഗോ. കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തിന്റെ പകുതിയിലാണ് പാപ്പായുടെ യുഎഇ സന്ദര്‍ശനത്തിന്റെ ലോഗോ തയ്യാറാക്കാന്‍ വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, മലയാളിയായ ഇ.ജെ ജോണ്‍ പ്രവീണിനെ ചുമതലയേല്‍പ്പിക്കുന്നത്. പാപ്പായുടെ സന്ദര്‍ശനത്തിന് ഔദ്യോഗിക സ്ഥിരീകരണം വരാനിരക്കെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. ദുബായില്‍ പതിന്നൊന്ന് വര്‍ഷം സേവനം ചെയ്ത കാലയളവില്‍ വികാരിയച്ചന്റെ പ്രേഷിത പ്രവര്‍ത്തനവുമായി പ്രവീണിന് അടുത്ത ബന്ധമുണ്ടായിരുന്നു. നാട്ടിലെത്തിയിട്ടും ബന്ധം തുടര്‍ന്നു. ഇതായിരുന്നു ലോഗോ മെനഞ്ഞൊരുക്കുന്നതിന് നിമിത്തമായത്.
അറേബ്യന്‍ നാടുകളില്‍ സുവിശേഷ പ്രഘോഷണം നടത്തിയ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമധാരിയായ പാപ്പായെത്തിയത് ആ വിശുദ്ധന്റെ അറേബ്യയിലെ സുവിശേഷ പ്രഘോഷണത്തിന്റെ എണ്ണൂറാം വാര്‍ഷികത്തിലാണ്. വിശുദ്ധ ഫ്രാന്‍സിസ് 1219ല്‍ ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍ കമിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ച ആലേഖനം ചെയ്ത സമ്മാനമാണ് ഫ്രാന്‍സിസ് പാപ്പാ അബുദാബി കിരീടാവകാശിക്ക് കൈമാറിയത് എന്നതും ഒരു ചരിത്രമായി. ‘എന്നെ സമാധാനത്തിന്റെ ഉപകരണമാക്കണേ’ എന്ന വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രാര്‍ഥനയായിരുന്നു പാപ്പാ സന്ദര്‍ശനത്തിന്റെ പ്രമേയം തന്നെ. ഫ്രാന്‍സിസ്‌കന്‍ ചൈതന്യമുള്ള കപ്പുച്ചിന്‍ വൈദികരാണ് വികാരിയേറ്റില്‍ പ്രവര്‍ത്തിക്കുന്നത് എന്നതും ഒരു ശുഭ സൂചനയാണ്. പാവപ്പെട്ടവന്റെ പക്ഷം പിടിക്കുന്ന പാപ്പാ സമാധാന ദൂതനായാണ് യുഎഇയില്‍ എത്തിയത്. അങ്ങനെയാണ് ഒലിവിലയേന്തി നില്‍ക്കുന്ന പ്രാവ് ലോഗോയുടെ ഭാഗമായത്. ഒലിവിലയുടെ പച്ചനിറം സമാധാനത്തിന്റെ പ്രതീകമാണ്. പേപ്പല്‍ പതാകയുടെ നിറമായ മഞ്ഞയാണ് പ്രാവിന്. ഫ്രാന്‍സിസ്‌കന്‍ സന്ന്യാസസഭയുടെ വസ്ത്രത്തിന്റെ നിറമായ ബ്രൗണ്‍ ആണ് പോപ്പ് ഫ്രാന്‍സിസ് എന്ന് എഴുതാന്‍ പ്രവീണ്‍ ഉപയോഗിച്ചത്. വികാരിയത്തിന്റെ വ്യക്തവും കൃത്യവുമായ നിര്‍ദ്ദേങ്ങള്‍ എപ്പോഴും ലോഗോ ചമച്ചൊരുക്കുന്നതിനു പിന്നില്‍ ഉണ്ടായിരുന്നു.
നൂറിലധികം ലോഗോ തയ്യാറാക്കിയതില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ട ലോഗോയില്‍ എത്തിച്ചേര്‍ന്നത്. തനിക്കു ലഭിച്ച ഈ അവസരം വലിയ ദൈവാനുഗ്രമാണെന്ന് പ്രവീണ്‍ പറയുന്നു. അനേകം ദിവസങ്ങള്‍ ദൈവാലയത്തില്‍ പ്രാര്‍ഥനാപൂര്‍വ്വം ധ്യാനിച്ചൊരുക്കിയതിന്റെ ഫലമാണ് ലോഗോയെന്ന് എളിമയോടെ മനസുനിറഞ്ഞ സന്തോഷത്തോടെ അദ്ദേഹം ഏറ്റുപറയുന്നു.
ഇരുപതോളം വര്‍ഷമായി ക്രിയേറ്റീവ് ഡിസൈനറായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പ്രവീണ്‍. ബംഗളൂരുവിലും ദുബായിലുമൊക്കെ ജോലി ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ജോയ് ആലൂക്കാസ് ഗ്രൂപ്പിന്റെ തൃശൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ ഡിജിറ്റല്‍ മീഡിയ മാനേജരായി പ്രവര്‍ത്തിക്കുന്നു. വെബ് ഡിസൈനിംഗ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവീണിന് പ്രാവിണ്യമുണ്ട്. ബ്രാന്‍ഡിംഗിലാണ് വൈദഗ്ധ്യം. ക്ലരീഷ്യന്‍ പബ്ലിക്കേഷന്റെ കണ്‍സള്‍ട്ടന്റായി സേവനം ചെയ്തിട്ടുണ്ട്. സിബിസിഐ മീഡിയ കമ്മീഷന്‍ സെക്രട്ടറിയായിരുന്ന റവ. ഡോ ജോര്‍ജ് പ്ലാത്തോട്ടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഡല്‍ഹി നിസ്‌കോട്ടില്‍ പാസ്റ്ററല്‍ കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് പഠനശിബിരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പിഒസിയില്‍ ബൈബിളിന്റെ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യുന്ന ടീമിലും അംഗമായിരുന്നു.
വിജയപുരം രൂപത വാഴൂര്‍ മൗണ്ട് കാര്‍മ്മല്‍ ഇടവകാംഗമായ പ്രവീണിന്റെ മാതാപിതാക്കള്‍ പരേതനായ അടിച്ചിക്കാട്ടില്‍ തമ്പി തോമസും തങ്കമ്മയുമാണ്. പിതാവ് നല്ലൊരു ചിത്രകാരനായിരുന്നു. വളരെയധികം നാടകങ്ങള്‍ക്ക് രംഗപടം ഒരുക്കിയിട്ടുണ്ട്. ആന്‍മരിയയാണ് പ്രവീണിന്റെ ഭാര്യ. കോട്ടപ്പുറം രൂപതാ പീച്ചി എലങ്ങന്നൂര്‍ സെന്റ് ജോസഫ് ഇടവകാംഗമാണ്. മക്കള്‍: ശീതാരേസ് മരിയ, ജോവാന മരിയ, റോസ് മരിയ. തികഞ്ഞ മരിയ ഭക്തയായ ഭാര്യയുടെ പ്രാര്‍ത്ഥനകള്‍ ജീവിതത്തില്‍ തനിക്ക് വലിയ ശക്തിയാണെന്ന് പ്രവീണ്‍ വിശ്വസിക്കുന്നു.
അനുഗൃഹീത സംഗീതജ്ഞന്‍ കൂടിയാണ് പ്രവീണ്‍. ഇരുപതോളം ഭക്തിഗാനങ്ങള്‍ രചിക്കുകയും അത്രതന്നെ ഗാനങ്ങള്‍ക്ക് ഈണം പകരുകയും ചെയ്തിട്ടുണ്ട്. ചെറുപ്പത്തിലേ സംഗീതം ആഭ്യസിച്ചിരുന്നു. സ്‌കൂള്‍ തലത്തില്‍ കലാപ്രതിഭയായി തിളങ്ങി. ചിത്രരചനയും സംഗീതവുമെല്ലാം ഇഷ്ടവിനോദങ്ങളായിരുന്നു. ധ്യാനടീമുകളില്‍ ഓര്‍ഗണിസ്റ്റും ഗായകനുമായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. ദൂബായ് സെന്റ് മേരീസ് പള്ളിയിലെ ഗായകസംഘത്തില്‍ ഉണ്ടായിരുന്നു. സ്വന്തം ഇടവകയിലും ജോലി ചെയ്യുന്ന തൃശൂരിലെ തിരുഹൃദയ ലത്തീന്‍ പള്ളിയിലും ഗായകസംഘമാണ്. മുന്‍പ് ബംഗളൂരുവിലെ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയിലെ ഗായകസംഘത്തിലും അംഗമായിരുന്നു.


Related Articles

മുന്നൊരുക്ക സിനഡ് ആരംഭിച്ചു: യുവജനം പുതുചൈതന്യയുടെ ശില്പികൾ: ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി : “യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന പ്രമേയം സ്വീകരിച്ചിരിച്ചുകൊണ്ട് ഈ വർഷം ഒക്ടോബർ 03 മുതൽ 28 വരെ നടക്കുവാൻ പോകുന്ന സിനഡിനുള്ള

കെസിവൈഎം കൊച്ചി രൂപതയുടെ കലോത്സവം ‘ഫെസ്റ്റാ 2020’ ന്‌ തുടക്കമായി.

കൊച്ചി രൂപതയിലെ ഇടവകകളിൽ നിന്നുള്ള യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന കെ.സി.വൈ.എം. കൊച്ചി രൂപതാ കലോത്സവം ‘Festa 2020’ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു

മാര്‍ച്ച് 10-‘കമ്മ്യൂണിയോ ഇന്ത്യ’ ഞായര്‍

കേരളത്തിലെ ലത്തീന്‍ കത്തോലിക്കാസഭ ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് തപസുകാലത്തെ ആദ്യത്തെ ഞായര്‍ മാര്‍ച്ച് 10-ാം തീയതി കമ്മ്യൂണിയോ ഇന്ത്യ ഞായര്‍ ആയി ആചരിക്കുകയാണ്. ‘കമ്മ്യൂണിയോ’

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*