Breaking News

പാരിസ്ഥിതിക പാപവും മരട് പ്രായശ്ചിത്തവും

പാരിസ്ഥിതിക പാപവും മരട് പ്രായശ്ചിത്തവും

നമ്മുടെ പൊതുഭവനമായ ഭൂമിക്കും സഹജീവികള്‍ക്കും വരുംതലമുറയ്ക്കും പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനുമെതിരെ പ്രവൃത്തിയാലും ഉപേക്ഷയാലും ചെയ്തുപോയ അപരാധങ്ങളെക്കുറിച്ച് മനസ്തപിക്കുന്നത് പാരിസ്ഥിതിക പരിവര്‍ത്തനത്തിനും ആഴത്തിലുള്ള ആത്മപരിവര്‍ത്തനത്തിനുതന്നെയും ഇടയാക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെയും പരിപാലനത്തിന്റെയും ദൈവിക ഉടമ്പടി ലംഘിക്കപ്പെടുമ്പോഴുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ലൗദാത്തോ സീ എന്ന 2015ലെ ചാക്രികലേഖനത്തില്‍ പ്രതിപാദിച്ച പരിശുദ്ധ പിതാവ് കഴിഞ്ഞ ഒക്‌ടോബറില്‍ റോമില്‍ വിളിച്ചുചേര്‍ത്ത വിശാല ആമസോണ്‍ മേഖലയിലെ മെത്രാന്മാരുടെ സിനഡില്‍ സമഗ്രമായ പരിസ്ഥിതിവിജ്ഞാനീയത്തില്‍ സഭയുടെ പുതുപാതകളെക്കുറിച്ചും, തുടര്‍ന്ന് സഭയുടെ മതബോധനത്തില്‍ പാരിസ്ഥിതിക പാപം നിര്‍വചിക്കുന്നതിനെക്കുറിച്ചും ഹൃദയം തുറക്കുകയുണ്ടായി.
നിയന്ത്രിതമായ ആന്തരസ്‌ഫോടനത്തിലൂടെ കൊച്ചി നഗരപ്രാന്തത്തിലെ മരട് മുനിസിപ്പാലിറ്റിയില്‍ 114 കോടി രൂപ വിലമതിപ്പുള്ള 350 അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടുന്ന നാല് ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ രണ്ടു ദിവസത്തിനിടെ മൊത്തം 32 സെക്കന്‍ഡുകൊണ്ട് തകര്‍ന്നടിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഗ്രാഫിക് ഡിസ്‌പ്ലേ വാര്‍ത്താചിത്രങ്ങളും അനുനിമിഷവിവരണാഖ്യാനവുമൊക്കെയായി ആഘോഷിച്ചവര്‍ പരിസ്ഥിതി സംരക്ഷണത്തിനുള്ള ദൈവശാസ്ത്ര ദര്‍ശനത്തെക്കുറിച്ചോ, വാസസ്ഥലങ്ങളും ജീവിതസ്വപ്‌നങ്ങളും നഷ്ടപ്പെട്ട കുറെ മനുഷ്യരുടെ വേവലാതിയെക്കുറിച്ചോ, പൊളിക്കല്‍ ദൗത്യത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ചുറ്റുവട്ടത്തെ വീട്ടുകാരുടെ പറഞ്ഞുതീരാത്ത യാതനകളെക്കുറിച്ചോ ചിന്തിക്കണമെന്നില്ല. ഏതു ദുരന്തത്തിന്റെയും സിനിമാസ്‌കോപ് ദൃശ്യസങ്കലനം എത്രമേല്‍ ഹൃദയഭേദകമാകുന്നോ അത്രത്തോളം കൊണ്ടാടപ്പെടുകയാണിന്ന്.
തീര പരിപാലന നിയമത്തിലെ നിയന്ത്രണ വ്യവസ്ഥയില്‍ സിആര്‍സെഡ്-മൂന്ന് വിഭാഗത്തില്‍ പെടുന്ന വേമ്പനാടു കായലിന്റെ അതീവലോല നീര്‍ത്തട മേഖലയില്‍ വേലിയേറ്റരേഖയില്‍ നിന്ന് 200 മീറ്റര്‍ പരിധിയില്‍ യാതൊരു നിര്‍മിതിയും പാടില്ലാത്തിടത്ത് അനധികൃതമായി നിര്‍മിച്ചതായി കണ്ടെത്തിയ ഫഌറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് 2019 മേയിലാണ് സുപ്രീം കോടതി വിധിച്ചത്. തൈക്കൂടം പാലത്തിനപ്പുറത്ത് കണ്ണാടിക്കാട് ചമ്പക്കര കനാലില്‍ നിന്ന് ഒന്‍പതു മീറ്റര്‍ അകലെയായി 20 കൊല്ലം മുന്‍പ് പണിത, 17 നിലകളിലായി 40 അപ്പാര്‍ട്ടുമെന്റുമുള്ള ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ കേട്ടെഴുത്തും കടവില്‍ 17 നിലകളിലായി 122 ഫഌറ്റുകളുള്ള ജെയിന്‍ കോറല്‍ കോവ്, കുണ്ടന്നൂര്‍-തേവര ഫ്‌ളൈഓവറിനു സമീപം 19 നിലകളിലായി 90 അപ്പാര്‍ട്ടുമെന്റുള്ള ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂരില്‍ 16 നിലകളുടെ രണ്ടു ടവറുകളിലായി 80 ഫഌറ്റുകള്‍ വീതമുള്ള ആല്‍ഫാ സെറീന്‍ എന്നിവ എന്തുവന്നാലും പൊളിക്കണമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടത്.
തീരത്തെ നിയന്ത്രിത മേഖലയില്‍ വ്യവസ്ഥകള്‍ ലംഘിച്ച് പാര്‍പ്പിട സമുച്ചയങ്ങള്‍ പണിയുന്നതിനെതിരെ 13 കൊല്ലം മുന്‍പ് മരട് ഗ്രാമപഞ്ചായത്ത് അഞ്ചു ബില്‍ഡര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തതില്‍ നിന്നു തുടങ്ങിയ വ്യവഹാരപരമ്പരയുടെ പരിസമാപ്തിയാണിത്. ബില്‍ഡര്‍മാര്‍ കേരള ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ഉത്തരവു നേടി പണി തുടര്‍ന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ പഞ്ചായത്ത് സമീപിച്ചെങ്കിലും വിധി ബില്‍ഡര്‍മാര്‍ക്ക് അനുകൂലമായിരുന്നു. തങ്ങളുടെ അനുമതിയില്ലാതെയാണ് പഞ്ചായത്തില്‍ നിന്ന് കെട്ടിടനിര്‍മിതിക്കുള്ള അനുമതിപത്രം വാങ്ങിയതെന്നു ചൂണ്ടിക്കാട്ടി കേരള തീരമേഖല മാനേജ്‌മെന്റ് അഥോറിറ്റി സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. തീരമേഖല മാനേജ്‌മെന്റ് അഥോറിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജിയിന്മേലാണ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ ഒടുവില്‍ ഉത്തരവുണ്ടായത്.
നഗരസഭയില്‍ കരമൊടുക്കിയും രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചും രേഖകളെല്ലാം സൂക്ഷ്മമായി പരിശോധിച്ച് അംഗീകരിച്ച ബാങ്കുകളില്‍ നിന്ന് ഭവനവായ്പയെടുത്ത് വാങ്ങിയ പാര്‍പ്പിടം പൊളിച്ചുനീക്കാനുള്ള കോടതി ഉത്തരവ് ഫഌറ്റ് ഉടമകള്‍ക്ക് ഇടിത്തീപോലെയായിരുന്നു. എന്നാല്‍ റിവ്യൂ ഹര്‍ജികള്‍ അപ്പാടെ കോടതി നിരാകരിക്കുകയാണുണ്ടായത്. ഒരു കോടിയിലേറെ രൂപ മുതല്‍മുടക്കിയ ഫഌറ്റുകളില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മറ്റൊരിടവുമില്ലാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. തത്കാലം 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കി താമസത്തിന് ബദല്‍ സംവിധാനം വാഗ്ദാനം ചെയ്താണ് ഫഌറ്റുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചത്.
പാര്‍പ്പിട സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചപ്പോള്‍തന്നെ ചുറ്റുവട്ടത്തെ വീടുകളില്‍ പലതിനും വിള്ളലും കേടുപാടുകളുമുണ്ടായ സാഹചര്യത്തില്‍ കനത്ത ആശങ്കയിലായിരുന്നു പരിസരവാസികള്‍. ഇന്‍ഷ്വറന്‍സ് പരിരക്ഷയും മൂന്നു മാസത്തേക്ക് സുരക്ഷിതമായി മാറിത്താമസിക്കാനുള്ള സൗകര്യവും മറ്റും ഉറപ്പാക്കിയാണ് അവര്‍ തത്കാലത്തേക്ക് ഒഴിഞ്ഞുപോയത്. മാസങ്ങള്‍ നീണ്ട വിശദവും സൂക്ഷ്മവുമായ ആസൂത്രണത്തോടെ നടത്തിയ പൊളിക്കല്‍ ദൗത്യം സമ്പൂര്‍ണ വിജയമായിരുന്നുവെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചിട്ടുണ്ട്. നിമിഷങ്ങള്‍കൊണ്ട് കൂറ്റന്‍ കോണ്‍ക്രീറ്റ് ടവറുകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്ന കനത്ത പൊടിപടലവും സ്ഥലത്ത് കുന്നുകൂടിയ 76,350 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു.
നിയമവും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്കുള്ള താക്കീത് എന്ന നിലയ്ക്ക് മരടിലെ അനധികൃത നിര്‍മിതി ഉന്മൂലനം ശ്രദ്ധേയമാണ്. എന്നാല്‍ 2019 ഫെബ്രുവരിയിലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം ഇപ്പോള്‍ സിആര്‍സെഡ്-രണ്ടില്‍ വരുന്ന മരടിലെ വിവാദ തീരത്ത് വേലിയേറ്റ രേഖയില്‍ നിന്ന് 20 മീറ്റര്‍ മാറി പുതിയ കെട്ടിടം നിര്‍മിക്കാം എന്നിരിക്കെ, ഇത്ര വലിയ പ്രത്യാഘാതങ്ങള്‍ വരുത്തിതീര്‍ക്കുന്ന ഇടിച്ചുവീഴ്ത്തല്‍ അനിവാര്യമായിരുന്നോ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.
സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് നിക്ഷേപ മേഖലയില്‍ ഇത് ദൂരവ്യാപകമായ ആഘാതം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. അതേസമയം കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിക്ക് സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റ് പ്രോജക്റ്റുകളുടെ പ്രൊമോട്ടര്‍മാരും റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരും പാര്‍പ്പിടങ്ങളും കമേഴ്‌സ്യല്‍ വസ്തുക്കളും വാങ്ങുന്നവരുമായി കൂടുതല്‍ ആധികാരികമായും കാര്യക്ഷമമായും ഇടപെടാനുള്ള സാഹചര്യം ഉടലെടുത്തിട്ടുണ്ട്. കൈപ്പുസ്തകത്തിലെ മാര്‍ഗനിര്‍ദേശങ്ങളല്ല, നിയമവും ചട്ടങ്ങളും മറികടക്കാന്‍ ഒത്താശചെയ്യുന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അഴിമതി തടയാനും നിക്ഷേപകര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാനും കര്‍ശന നിയന്ത്രണ നടപടികള്‍ തന്നെ വേണം.
മരടില്‍ നിയമലംഘനത്തിനും അഴിമതിക്കും ക്രമക്കേടുകള്‍ക്കും ചുക്കാന്‍ പിടിച്ചവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരെ വിജിലന്‍സും ക്രൈം ബ്രാഞ്ചും എടുത്ത കേസുകളില്‍ കുറ്റപത്രം നല്‍കാനിരിക്കയാണ്. ബില്‍ഡര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരത്തുകയും കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചതിന്റെ ചെലവും അവരില്‍ നിന്നാണല്ലോ ഈടാക്കേണ്ടത്.
ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നിവ രൂക്ഷമാക്കുന്ന പ്രകൃതിക്ഷോഭങ്ങളുടെ മുനമ്പില്‍ നിന്ന് കേരളത്തിന്റെ വീണ്ടെടുപ്പിന് പാരിസ്ഥിതിക പാപങ്ങളുടെ പൊറുതി അത്യന്താപേക്ഷിതമാണ്. കേരളത്തിന്റെ ജലസംഭരണിയെന്നു വിശേഷിപ്പിക്കപ്പെടുന്ന പശ്ചിമഘട്ടത്തിലെ നിത്യഹരിത നിബിഢവനങ്ങളുടെ നശീകരണവും, മലകള്‍ ഒന്നൊന്നായി ഇടിച്ചുനിരത്തുന്ന 5,000 ക്വാറികളും, 44 നദികളിലെയും 900 പോഷകനദികളിലെയും നീരൊഴുക്കിനെ ബാധിക്കുന്ന മണല്‍ ഖനനവും, കായലുകളും ശുദ്ധജല തടാകങ്ങളും മറ്റു ജലാശയങ്ങളും നീര്‍ത്തടങ്ങളും ചതുപ്പുനിലങ്ങളും നെല്‍പ്പാടങ്ങളും കുളങ്ങളും വ്യാപകമായി നികത്തിക്കൊണ്ടിരിക്കുന്നതുമൊക്കെ പ്രളയദുരന്തങ്ങള്‍ക്ക് ആക്കംകൂട്ടുന്ന ഘടകങ്ങളാണ്. സംസ്ഥാനത്തെ നദികള്‍ പുനരുദ്ധരിക്കുന്നതിനും, പരിസ്ഥിതി പുനഃസ്ഥാപനത്തിനുമായി പ്രത്യേക അഥോറിറ്റികള്‍ രൂപവത്കരിക്കയാണ് പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിനുള്ള പ്രാഥമിക ഉപാധി.
മാനുഷിക ഇടപെടല്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധികള്‍ക്കു പരിഹാരമുണ്ടാകാന്‍ ആത്മപരിവര്‍ത്തനം ആവശ്യമാണെന്നും പ്രകൃതിസംരക്ഷണം സൃഷ്ടിയുടെ പരിപാലനവും സാമൂഹിക നീതിയും സമാധാനവുമൊക്കെയായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്നുമുള്ള തിരിച്ചറിവ് ഉണ്ടായാലേ പ്ലാസ്റ്റിക് മാലിന്യനിയന്ത്രണത്തിനുള്ള ജനകീയ മുന്നേറ്റം പോലും ഫലപ്രദമാകൂ.


Related Articles

ആഗസ്റ്റ് 25 കേരളസഭയുടെ പ്രാര്‍ഥനാദിനം

എറണാകുളം: പ്രളയദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ദൈവസന്നിധിയില്‍ ഓര്‍ത്ത് പ്രാര്‍ഥിക്കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ആഹ്വാനം ചെയ്തു. വേര്‍പാടിന്റെയും നഷ്ടങ്ങളുടെയും

ചെല്ലാനത്തെ രക്ഷിക്കാൻ രാഷ്ട്രപതിക്ക് കത്തെഴുതി 14 കാരൻ എഡ്ഗർ സെബാസ്റ്റ്യൻ

ചെല്ലാനത്തെ 14 വയസ്സുകാരൻ എഡ്ഗർ സെബാസ്റ്റ്യൻ കാത്തിരിക്കുന്നു പ്രതീക്ഷയോടെ രാഷ്ട്രപതിയുടെ മറുപടിക്കായി…….ചെല്ലാനത്തെ ദുരന്തങ്ങൾ കണ്ണീരോടെ വിവരിച്ച് പത്താം ക്ലാസുകാരൻ രാഷ്ട്രപതിക്ക് ഇന്നലെ കത്തയച്ചു. എഡ്ഗറിൻ്റെ കത്ത് പൂർണ്ണരൂപത്തിൽ

കൊച്ചി രൂപത 58 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കൊച്ചി രൂപതയിലെ ഇടവകകളിൽനിന്നും പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ശേഖരിച്ച തുക കൊച്ചി രൂപത മെത്രാൻ ഡോ ജോസഫ് കരിയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ ഏൽപ്പിച്ചു. കൊച്ചി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*