Breaking News

പാളിപ്പോയ കുതന്ത്രങ്ങളും പ്രത്യാശയുടെ ദൃഷ്ടാന്തങ്ങളും

പാളിപ്പോയ കുതന്ത്രങ്ങളും പ്രത്യാശയുടെ ദൃഷ്ടാന്തങ്ങളും

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിദൗര്‍ബല്യങ്ങളുടെ ദൂഷിതവും സമ്മോഹനവുമായ ദൃഷ്ടാന്തങ്ങളാണ് കര്‍ണാടക വിധാന്‍ സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അരങ്ങേറിയ ഉദ്വേഗഭരിതമായ രാഷ്ട്രീയ നാടകത്തിലെ ഓരോ രംഗത്തും മാറിമാറി തെളിഞ്ഞുവന്നത്. ത്രികോണ മത്സരത്തില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ തൂക്കുസഭയുടെ അനിശ്ചിതത്വത്തിനു മുന്‍പില്‍, ഭരണസ്ഥിരത ഉറപ്പുവരുത്താന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള സംസ്ഥാന ഗവര്‍ണര്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ചത് ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് എങ്ങനെയെങ്കിലും സര്‍ക്കാരുണ്ടാക്കാനുള്ള കുതന്ത്രങ്ങള്‍ക്കു ചൂട്ടുപിടിക്കാനാണ്. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം പൂര്‍ത്തിയാകും മുന്‍പേ കോണ്‍ഗ്രസ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ജനതാദളുമായി (സെക്യുലര്‍) സഖ്യമുണ്ടാക്കി ബിജെപിയുടെ വഴിമുടക്കാന്‍ ചടുല നീക്കം നടത്തി. രണ്ടിടത്ത് – കണക്കില്‍പെടാത്ത ആയിരകണക്കിനു വോട്ടര്‍ ഐഡികളുടെ ശേഖരം കണ്ടെത്തിയതിനെതുടര്‍ന്ന് രാജരാജേശ്വരി നഗറിലും, ബിജെപി സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് ജയനഗറിലും – വോട്ടിംഗ് മാറ്റിവച്ചിരിക്കെ മൊത്തം 222 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് 104 സീറ്റു കിട്ടി. 78 സീറ്റു നേടിയ കോണ്‍ഗ്രസ് 37 സീറ്റു നേടിയ ജെഡി-എസിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തുകൊണ്ട് രൂപം നല്‍കിയ സഖ്യം ജെഡി-എസുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയിരുന്ന ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ കര്‍ണാടകത്തിലെ ആദ്യ എംഎല്‍എയുടെയും ഒരു സ്വതന്ത്രന്റെയും കൂടി പിന്തുണയോടെ 117 അംഗങ്ങളുടെ പട്ടിക സഹിതം വിധാന്‍ സഭയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മന്ത്രിസഭയുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചപ്പോള്‍ ഗുജറാത്തുകാരനായ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കു തിടുക്കം ബിജെപിയുടെ നിയമസഭാകക്ഷി നേതാവ് ബി.എസ്. യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കാനായിരുന്നു. ബിജെപിക്ക് ഭരണത്തിലേറാന്‍ ആവശ്യമായ ഭൂരിപക്ഷമില്ലെന്നു വ്യക്തമായിരുന്നതിനാല്‍ കുതിരക്കച്ചവടത്തിലൂടെ എതിര്‍പാളയത്തില്‍ നിന്ന് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ വേണ്ടുവോളം സമയം അനുവദിച്ചുകൊണ്ട് 15 ദിവസത്തിനകം വിശ്വാസവോട്ടു തേടിയാല്‍ മതിയെന്നും ഗവര്‍ണര്‍ കല്പ്പിച്ചു. ഭരണഘടനാതത്വങ്ങളെയും ജനാധിപത്യ മര്യാദയെയും കീഴ്‌വഴക്കങ്ങളെയും കോടതിവിധികളെയും അവഗണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി ഇന്ത്യയിലെ രാഷ്ട്രവ്യവഹാരങ്ങളിലെ അധാര്‍മികതയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെ അധഃപതനത്തിന്റെയും ദുരന്തത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
നീതിക്കായി രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വാതിലില്‍ പാതിരായ്ക്ക് മുട്ടിവിളിക്കാനുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യകക്ഷികളുടെ അടിയന്തര നീക്കം നിര്‍ണായകമായി. പിറ്റേന്നു രാവിലെ ഒന്‍പതിനു നിശ്ചയിച്ചിരുന്ന യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹര്‍ജി ബുധനാഴ്ച രാത്രി 11.40നാണ് സുപ്രീം കോടതി രജിസ്ട്രി പരിശോധിച്ച് കൈപ്പറ്റുന്നത്. രാത്രി 12.10ന് അത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയിലെത്തുന്നു. ജസ്റ്റിസ് എ.കെ. സിക്രിയുടെ അധ്യക്ഷതയില്‍ ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചിനായി ആറാം നമ്പര്‍ കോടതി തുറക്കാനാണ് രജിസ്ട്രാര്‍ ജനറലിന് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്. രാത്രി 2.11 മുതല്‍ പുലര്‍ച്ചെ 5.28 വരെ ബെഞ്ച് വാദം കേട്ടു. ഗവര്‍ണറുടെ വിവേചനാധികാരത്തിന്മേലുള്ള കൈകടത്തലാകും എന്നതിനാല്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയില്‍ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി അടുത്ത ദിവസം ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് വിശദമായ വാദം കേള്‍ക്കാമെന്നു നിശ്ചയിച്ചു.
കര്‍ഷകരുടെയും ദൈവത്തിന്റെയും നാമത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ അധികാരമേറ്റ ഉടന്‍ ഏകാംഗ മന്ത്രിസഭാ യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നയവും പദ്ധതിയും പ്രഖ്യാപിച്ചു: ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിതള്ളും; ജലസേചന പദ്ധതികള്‍ക്കായി ഒന്നരലക്ഷം കോടി രൂപയുടെ ഫണ്ട് അനുവദിക്കും.
ഇതിനിടെ, വിശ്വാസവോട്ടിനുള്ള അംഗബലം ഉറപ്പിക്കുന്നതിന് ‘ഓപറേഷന്‍ ലോട്ടസ്’ ശൈലിയില്‍ ബിജെപിയുടെ ദേശീയ നേതാക്കളും പ്രാദേശിക മധ്യസ്ഥരും കൂറുമാറ്റത്തിന്റെ അടവുകളും തന്ത്രങ്ങളും പ്രലോഭനങ്ങളും സമ്മര്‍ദങ്ങളുമൊക്കെയായി കളത്തിലിറങ്ങിയിരുന്നു. മന്ത്രിസ്ഥാനവും 100 കോടി രൂപയും വരെ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തെ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ചില പ്രമുഖരുടെ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങി. തനിക്കുവേണ്ടി മനഃസാക്ഷി വോട്ടു തേടിയ മുഖ്യമന്ത്രിതന്നെ എതിര്‍ചേരിയിലെ ചിലരുമായി വിലപേശുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി നേതൃത്വം ഏതോ ഒളിസങ്കേതത്തിലേക്കു മാറ്റിയതായി ആക്ഷേപമുണ്ടായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരില്‍ ഏതാനും പേരെ ഒപ്പം കൂട്ടാന്‍ കഴിയുന്നില്ലെങ്കില്‍ അവരെ സഭയിലെത്തിക്കാതെ മാറ്റിനിര്‍ത്തുക, വേണ്ടിവന്നാല്‍ രാജിവയ്പ്പിക്കുക എന്നതായിരുന്നു പ്ലാന്‍. ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധിയെ അടിയന്തരമായി നാമനിര്‍ദേശം ചെയ്ത് അംഗബലം കൂട്ടാനും നീക്കമുണ്ടായത്രെ.
പതിനഞ്ചു ദിവസത്തിനു പകരം ഒരൊറ്റ ദിവസം കൊണ്ട്, മേയ് 19ന് വൈകുന്നേരം നാലിന്, യെദ്യൂരപ്പ വിധാന്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ബെഞ്ച് വിധിച്ചതോടെ ബിജെപിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തങ്ങളുടെ എംഎല്‍എമാരെ ആരും റാഞ്ചിക്കൊണ്ടുപോകാതിരിക്കാനായി കനത്ത സുരക്ഷാവലയത്തില്‍ ബംഗളൂരുവിലെ റിസോര്‍ട്ടിലും ഹൈദരാബാദിലെ ആഡംബര ഹോട്ടലിലുമൊക്കെയായി പാര്‍പ്പിച്ചു. തിരഞ്ഞെടുപ്പിനുശേഷമുള്ള ‘അവിശുദ്ധവും അവസരവാദപരവും അധാര്‍മികവുമായ’ കൂട്ടുകെട്ടാണ് എതിര്‍സഖ്യത്തിന്റേതെന്നും എംഎല്‍എമാരെ തടവില്‍ പാര്‍പ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ബിജെപി കുറ്റപ്പെടുത്തി.
നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിന് പ്രോടെം സ്പീക്കറായി ബിജെപി എംഎല്‍എ കെ.ജി. ബൊപ്പയ്യയെ നിയമിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നടപടിയും വിവാദമായി. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കുന്നതാണ് പൊതുവെ സ്വീകാര്യമായ കീഴ്‌വഴക്കം. കോണ്‍ഗ്രസിന്റെ ആര്‍.വി. ദേശ്പാണ്ഡെയാണ് ഏറ്റവും മുതിര്‍ന്ന അംഗം. സ്പീക്കര്‍ എന്ന നിലയില്‍ ബൊപ്പയ്യ 2011ല്‍ യെദ്യൂരപ്പയ്‌ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിനു മുന്‍പ് 11 വിമത ബിജെപി എംഎല്‍എമാരെയും അഞ്ച് സ്വതന്ത്ര എംഎല്‍എമാരെയും അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പ്രോടെം സ്പീക്കര്‍ നിയമനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സുപ്രീം കോടതി ബെഞ്ചിനെ സമീപിച്ചപ്പോള്‍, കോടതി നിര്‍ദേശിച്ചത് വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്ത് സുതാര്യത ഉറപ്പാക്കിയാല്‍ മതി എന്നാണ്. പ്രോടെം സ്പീക്കറുടെ പക്ഷം കൂടി കേള്‍ക്കാതെ നിയമനം റദ്ദാക്കാനാവില്ല. അങ്ങനെയാണെങ്കില്‍ വിശ്വാസവോട്ടെടുപ്പ് നീണ്ടുപോകും. അത് ഒഴിവാക്കുകയാണ് നല്ലതെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്തായാലും പദവിയും കോടികളും വാരിക്കോരി കൊടുത്ത് ഏതാനും പേരെ പാട്ടിലാക്കാമെന്നും സഭയില്‍ രഹസ്യസ്വഭാവത്തില്‍ മനഃസാക്ഷി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നുമുള്ള ബിജെപിയുടെ പ്രതീക്ഷകള്‍ പാടെ ഉലഞ്ഞു. ബിജെപി പക്ഷത്തേക്കു കടന്നുവെന്ന് കരുതിയിരുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ അവസാന നിമിഷം നഗരത്തിലെ ഒരു വന്‍കിട ഹോട്ടലില്‍ നിന്ന് പൊലീസ് സഹായത്തോടെ ‘മോചിപ്പിച്ച്’ വിധാന്‍ സഭയിലെത്തിച്ചതോടെ യെദ്യൂരപ്പയ്ക്ക് നില്‍ക്കകള്ളിയില്ലാതായി. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വലിയ പ്രവചനങ്ങള്‍ നടത്തിയും കര്‍ഷകരുടെ പേരില്‍ കണ്ണീര്‍ പൊഴിച്ചും യെദ്യൂരപ്പ വിശ്വാസവോട്ടിനു നില്‍ക്കാതെ 56 മണിക്കൂര്‍ മാത്രം നീണ്ട മുഖ്യമന്ത്രി സ്വപ്‌നപദത്തില്‍ നിന്ന് വിടവാങ്ങി.
കേന്ദ്രം ഭരിക്കുന്ന മുഖ്യകക്ഷിയുടെ സമഗ്രാധിപത്യ തന്ത്രങ്ങളില്‍ നിന്നു സുപ്രീം കോടതി പോലും വിമുക്തമല്ല എന്ന ആശങ്ക നിലനില്‍ക്കെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് പ്രതിപക്ഷ കക്ഷികള്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കൂടുതല്‍ അസ്വാസ്ഥ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്തായാലും കര്‍ണാടകത്തിലെ ജനവിധിയിലെ അനിശ്ചിതത്വം സൃഷ്ടിച്ച പ്രതിസന്ധിയില്‍ പരമോന്നത നീതിപീഠത്തിന്റെ സമയോചിതമായ ഇടപെടല്‍ രാജ്യത്തിന്റെ ഭരണഘടനാതത്വങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഐതിഹാസിക വിജയചരിത്രം രചിച്ചു. പണവും പദവിയും മറ്റു മോഹനവാഗ്ദാനങ്ങളുമായി ആരെയും വിലയ്ക്കുവാങ്ങാനും ജനവിധി അട്ടിമറിക്കാനും കഴിയും എന്ന് ഗോവയിലും മണിപ്പൂരിലും മേഘാലയത്തിലുമൊക്കെ തെളിയിച്ച ചാണക്യതന്ത്രജ്ഞര്‍ ദക്ഷിണേന്ത്യയില്‍ ആഞ്ഞുപിടിച്ചിട്ടും കോടികള്‍ എറിഞ്ഞിട്ടും അംഗബലം ലേശം പോലും കൂട്ടാന്‍ കഴിഞ്ഞില്ല എന്നത് അവരുടെ അധികാര ഹുങ്കിനുള്ള കനത്ത പ്രഹരം തന്നെയാണ്. ദേശീയതയുടെ ഉത്കൃഷ്ട സങ്കല്പങ്ങളില്‍ അഭിരമിക്കുന്ന ശ്രേഷ്ഠാലങ്കാര വിഭൂഷിതരുടെ കാപട്യം ജനം തിരിച്ചറിയും. എന്തൊക്കെ വിവേചനാധികാരത്തിന്റെ അപ്രമാദിത്ത കവചകുണ്ഡലം അണിഞ്ഞാലും അഭിനവ മന്നവന്മാരുടെ പിത്തലാട്ടം ഇനി അത്രയ്ക്കു വിലപ്പോവില്ല.
ദേശീയ തലത്തില്‍ ഇതിന്റെ അലയൊലി പ്രാദേശിക സഖ്യങ്ങളുടെയും രാഷ്ട്രീയ ചേരികളുടെയും പ്രയോഗസാധ്യതകളില്‍ മുഴങ്ങികേള്‍ക്കും.
വര്‍ഗീയ ധ്രുവീകരണവും വിദ്വേഷപ്രചാരണവും നെറികെട്ട കുതിരക്കച്ചവടവും അധികാരത്തിലേറാനുള്ള കുത്സിത തന്ത്രങ്ങളുടെ ഭാഗമാക്കിയവര്‍ക്കെതിരെ ജാഗ്രതാപൂര്‍ണവും സൂക്ഷ്മവുമായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ മതേതര ചേരിയെ ബലപ്പെടുത്താനും പ്രാദേശിക കക്ഷികളെ ഏകോപിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഫലം കാണുകതന്നെ ചെയ്യും എന്നതാണ് കര്‍ണാടകത്തില്‍ നിന്നു കേള്‍ക്കുന്ന സദ്‌വാര്‍ത്ത.


Related Articles

തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും മുമ്പേ, ഇടതുമുന്നണി ഭരണത്തുടര്‍ച്ചയിലെ ആദ്യത്തെ

തീരശോഷണത്തിന് ശാശ്വത പരിഹാരം തേടണം

ആര്‍ക്കും പ്രവചിക്കാവുന്ന ചാക്രിക പ്രതിഭാസമാണ് കാലവര്‍ഷവും കടല്‍ക്ഷോഭവും തീരദേശ ജനതയുടെ പ്രാണനൊമ്പരവും. ദീര്‍ഘകാല പരിപ്രേഷ്യത്തോടുകൂടി പ്രകൃതിദുരന്താഘാത പ്രതിരോധശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി കേരളം പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുന്നതായി ‘പ്രത്യേക മാനസികാവസ്ഥയുള്ള’

ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന്‍ അപ്പടി വേണം

കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത പ്രഹരമേറ്റു നടുവൊടിഞ്ഞ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുന്നതിന് വിശേഷിച്ച് എന്തെങ്കിലും പദ്ധതിയോ ഉത്തേജക പാക്കേജോ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*