പാവങ്ങളാകാന്‍ പരക്കംപാച്ചില്‍

പാവങ്ങളാകാന്‍ പരക്കംപാച്ചില്‍


അഡ്വ. ഷെറി ജെ. തോമസ്
(കെ.എല്‍.സി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി)

രാജ്യത്ത് സംവരണേതര വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നല്കണം എന്ന 103ാമത് ഭരണഘടനാഭേദഗതി നിയമം നടപ്പിലായതോടുകൂടി പാവങ്ങളാകാന്‍ പലരും പരക്കംപായുകയാണ്. ഒരുകാലത്ത് സംവരണം നിയമനങ്ങളിലായാലും മറ്റെവിടെയായാലും മെറിറ്റ് തകര്‍ക്കുമെന്നും, അനര്‍ഹരും കഴിവില്ലാത്തവരും കയറിക്കൂടുമെന്നും പറഞ്ഞിരുന്ന വിഭാഗങ്ങളൊക്കെ ഇന്ന് തങ്ങള്‍ക്കും സംവരണം വേണം എന്ന ആരവം മുഴക്കുന്നു.  
ചരിത്രപരമായ നീതിനിഷേധത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കാലഘട്ടത്തില്‍ നിന്നു പുറത്തുകടക്കാന്‍ അത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായ ജനവിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെയും അധികാരഭരണകേന്ദ്രങ്ങളുടെയും മുഖ്യധാരയില്‍ എത്തുന്നതിനുവേണ്ടി മതിയായ പ്രാതിനിധ്യം നല്കാനായാണ് സംവരണം ഭരണഘടനയില്‍ വ്യവസ്ഥചെയ്തത്. ജാതിയുടെ പിന്‍ബലത്തിലാണ് അടിച്ചമര്‍ത്തല്‍ സാഹചര്യങ്ങള്‍ സംജാതമായതെന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ ഏര്‍പ്പാടാക്കിയതും. കമ്യൂണല്‍ റിസര്‍വേഷന്‍ സംബന്ധിച്ച സ്വാതന്ത്ര്യസമരകാലത്തെ സംവാദങ്ങളും ഗാന്ധി – അംബേദ്കര്‍ ആശയസംഘര്‍ഷവും സുവിദിതമാണല്ലോ.  
സാമൂഹിക പശ്ചാത്തലം നോക്കാതെ, മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള ഭരണഘടനാഭേദഗതി യഥാര്‍ഥത്തില്‍ പ്രാതിനിധ്യം എന്ന പ്രശ്നമല്ല അഭിസംബോധന ചെയ്യുന്നത്. സമൂഹത്തില്‍ പാവങ്ങളായിട്ടുള്ള ആളുകള്‍ക്കുകൂടി സംവരണം നല്കണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ ഭരണഘടനാഭേദഗതി കൊണ്ടുവന്നത്. ഒരു കാര്യം വ്യക്തം: സാമ്പത്തിക ദുര്‍ബല വിഭാഗത്തിന് (ഇഡബ്ല്യുഎസ്) എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന സംവരണ വ്യവസ്ഥയ്ക്ക് അര്‍ഹത കൈവരുന്നത് അവര്‍ക്ക് എവിടെയെങ്കിലും പ്രാതിനിധ്യം ഇല്ലാത്തതുകൊണ്ടല്ല, അവര്‍ സാമ്പത്തികമായി ദുര്‍ബലാവസ്ഥയിലായതുകൊണ്ടാണ്.  

കോടതി തീരുമാനിക്കട്ടെ
ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന ഇഡബ്ല്യുഎസ് സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണോ അല്ലയോ എന്നതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ നിലവിലുണ്ട്. ഈ രാജ്യത്തിന്റെ ഭരണഘടന രണ്ടു വര്‍ഷവും 11 മാസവും 17 ദിവസവും സമയമെടുത്ത് ഉണ്ടാക്കിയതാണ്. ആ ഭരണഘടനപ്രകാരമാണ് രാജ്യത്ത് സുപ്രീം കോടതി രൂപംകൊണ്ടത്. ആ സുപ്രീം കോടതിയുടെ വിശാല ഭരണഘടനാ ബെഞ്ചാണ് സംവരണത്തിനായുള്ള ഭരണഘടനാവ്യവസ്ഥയുമായി ബന്ധപ്പെട്ട ഇന്ദിരാ സാഹ്നി കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ വിധി പറഞ്ഞിട്ടുള്ളത്. അതേ സുപ്രീം കോടതിയാണ് അതേ ഭരണഘടനാ വ്യവസ്ഥകളും സംവരണതത്വവും സംവരണപരിധിയും ഇപ്പോള്‍ പുനഃപരിശോധിക്കുന്നത്. പ്രത്യക്ഷത്തില്‍, ഇഡബ്ല്യുഎസ് സംവരണത്തിനായുള്ള ഭരണഘടനാഭേദഗതി രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്നു പറയേണ്ടിവരും. സുപ്രീം കോടതി അതു സ്ഥിരീകരിക്കും എന്ന് അനുമാനിക്കാം. അന്‍പതു ശതമാനത്തില്‍ അധികം സംവരണം പാടില്ല എന്ന തത്വം നിലനില്‍ക്കുമ്പോള്‍തന്നെ പല സംസ്ഥാനങ്ങളിലും ചില സാങ്കേതിക ന്യായവാദങ്ങളുയര്‍ത്തി സംവരണ പരിധി കൂട്ടിയിരിക്കുന്നു. രാജ്യമെമ്പാടും ഇത്തരം നിയമം നടപ്പാക്കുമ്പോള്‍ പരമോന്നത നീതിപീഠം ആത്യന്തികമായി സംവരണതത്വം നിര്‍വചിക്കേണ്ടിവരും. ഭരണഘടനാപരമായി സാധുവായ സംവരണ തോതിന്റെ കാര്യത്തില്‍ അങ്ങനെ ഒരു തീര്‍പ്പുണ്ടാകുമെന്നു പ്രത്യാശിക്കാം.

ഇങ്ങ് കേരളത്തിലോ?
ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴും കേരളത്തില്‍ ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കുന്നതിന് തിടുക്കം കൂട്ടുകയാണ്. പാവങ്ങളുടെ കൂടെ നില്ക്കുന്ന, പാവങ്ങളുടെ പടത്തലവന്മാരുടെ ഒരു മുന്നണി നയിക്കുന്ന സംസ്ഥാന സര്‍ക്കാരാണ് അതു ചെയ്യുന്നത് എന്നതാണ് വിരോധാഭാസം. പരമാവധി 10% ഇഡബ്ല്യുഎസ് സംവരണം നല്കാം എന്നു കേട്ടമാത്രയില്‍ ഇവിടെ കേരളത്തില്‍ മുഴുവന്‍ 10% ശതമാനവും വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും നല്കാന്‍ തയ്യാറായി, ഉദാരമനസ്‌ക്കരായ പാവങ്ങളുടെ പടത്തലവന്മാരായ സംസ്ഥാന സര്‍ക്കാര്‍. ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് ഒരു ശതമാനമാണ് ഡിഗ്രി, പിജി കോഴ്സ് പ്രവേശനത്തിനുള്ള സംവരണം. സംസ്ഥാന പി.എസ്.സി നിയമനങ്ങള്‍ക്ക് നാലു ശതമാനമുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ എല്ലാ കോഴ്സുകള്‍ക്കും നാലു ശതമാനം സംവരണം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി മാറിമാറിവരുന്ന ഭരണമുന്നണികളുടെ കേള്‍ക്കാത്ത കര്‍ണ്ണപുടങ്ങളില്‍ പതിഞ്ഞുകിടക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ എല്ലാ പിന്നാക്കവിഭാഗങ്ങള്‍ക്കും കൂടി ആകെ ഒന്‍പതു ശതമാനം സംവരണമാണ് ഇപ്പോഴുമുള്ളത്. എന്നാല്‍ സവര്‍ണസംവരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഭരണഘടനാഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍തന്നെ ഇഡബ്ല്യുഎസ് എന്ന സാമ്പത്തിക സംവരണം കൃത്യമായി നടപ്പിലാക്കാന്‍ കേരളത്തില്‍ ഭരണം കൈയാളുന്നവര്‍ തയ്യാറായി. അധികാരത്തിന്റെ അകത്തളങ്ങളില്‍ കൂടുതലും സാമ്പത്തിക സംവരണം തേടുന്ന മുന്നാക്ക വിഭാഗത്തില്‍പെട്ട ആളുകളാണ് ഇരിക്കുന്നത് എന്നതാണ് ഇതിന്റെ മൂലകാരണം.  
ഇന്ത്യയില്‍  ഭരണഘടനാവ്യവസ്ഥയിലൂടെ സംവരണം കൊണ്ടുവന്നത് ജാതിവിവേചനത്തിന്റെ അടിസ്ഥാനത്തില്‍ പതിറ്റാണ്ടുകളായി നിലനിന്ന ചില വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുന്നതിനും, പങ്കാളിത്തം ഇല്ലാത്ത ജനവിഭാഗങ്ങള്‍ക്ക് അധികാരകേന്ദ്രങ്ങളില്‍, സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രാതിനിധ്യം നല്കുന്നതിനും വേണ്ടിയാണ്. എന്നാല്‍, പ്രാതിനിധ്യത്തിന്റെയോ പങ്കാളിത്തത്തിന്റെയോ കുറവൊന്നുമില്ല എന്ന് അംഗീകരിച്ചുകൊണ്ടുതന്നെ മുന്നാക്കക്കാരിലെ നിര്‍ധനര്‍ക്കുവേണ്ടിയാണ് ഇഡബ്ല്യുഎസ് സംവരണം കൊണ്ടുവന്നിരിക്കുന്നത്.  സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാടുകളെ കേരളത്തിലെ ജനസംഖ്യയില്‍ 80% വരുന്ന പിന്നാക്കവിഭാഗങ്ങള്‍ എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തത്?  അതിന് ഒറ്റ ഉത്തരമേയുള്ളൂ:  ഇതുതന്നെയാണ് ഈ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥക്കുള്ള ഏറ്റവും വലിയ തെളിവ്.

ചില ചോദ്യങ്ങള്‍ക്ക്
സര്‍ക്കാര്‍ മറുപടി പറയണം
1.  പരമാവധി പത്തു ശതമാനം സംവരണം അനുവദിക്കാം എന്നു കേട്ടമാത്രയില്‍ എന്തു കണക്കുകളുടെ അടിസ്ഥാനത്തിലാണ് 10% സംവരണം മുഴുവനായും വിദ്യാഭ്യാസത്തിനും തൊഴിലിനും കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്? ഇതിനായി എന്തു പഠനമാണ് നടത്തിയത്?
2. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ചില മാനദണ്ഡങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ കേരളത്തില്‍ എന്തുകൊണ്ടാണ് ആ മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് കൂടുതല്‍ ആളുകളെ പാവപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്? മുനിസിപ്പല്‍ കോര്‍പറേഷനില്‍ 50 സെന്റും, മുനിസിപ്പാലിറ്റിയില്‍ 75 സെന്റും, പഞ്ചായത്തില്‍ രണ്ടര ഏക്കറും വരെ സ്ഥലമുള്ളവരെ പട്ടിണിപ്പാവങ്ങളുടെ പരിഗണനയില്‍ ഉള്‍പ്പെടുത്താന്‍ എന്തു തത്വമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്?
3. പിന്നാക്കവിഭാഗങ്ങളുടെയും ദളിതരുടെയും അവസരങ്ങള്‍ ഒന്നും കവര്‍ന്നെടുക്കുകയില്ല എന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ആകെയുള്ള സീറ്റുകളുടെ 10% ഇഡബ്ല്യുഎസ് സംവരണത്തിനായി ഉഴിഞ്ഞുവച്ചത്? പിന്നാക്കവിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരില്ലെന്നും ജനറല്‍ കാറ്റഗറിയില്‍ നിന്നാണ് 10% എടുക്കുന്നതെന്നുമാണല്ലോ സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. അപ്പോള്‍ ജനറല്‍ കാറ്റഗറിയുടെ 10 ശതമാനം എടുക്കാതെ, മുഴുവന്‍ സീറ്റുകളുടെയും 10 ശതമാനം സവര്‍ണ സംവരണത്തിനായി കണക്കിലെടുത്തത് എന്തു മാനദണ്ഡത്തിലാണ്?  

ഈ കണക്കുകള്‍ സര്‍ക്കാര്‍ ശ്രദ്ധയിലുണ്ടോ?
ഇത്തവണ പ്ലസ് 2 കോഴ്സ് പ്രവേശനത്തിന് പുറത്തുവന്ന കണക്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ? പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും നിര്‍മ്മാണത്തൊഴിലാളികളുടെയും മക്കള്‍ക്ക്, അവര്‍ സംവരണവിഭാഗത്തില്‍ ഉള്‍പ്പെട്ടുപോയതുകൊണ്ട് പ്ലസ് 2 പ്രവേശനം ലഭിക്കാതെ വരികയും, അവരുടേതിനെക്കാളും കുറഞ്ഞ മാര്‍ക്കുള്ള, അവരെക്കാളും ഉയര്‍ന്ന സാമ്പത്തികശേഷിയുള്ള, കൂടുതല്‍ വസ്തുവകകളുള്ള, സവര്‍ണവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം കൊടുത്തതും സര്‍ക്കാര്‍ അറിഞ്ഞില്ലെന്നുണ്ടോ? ഇതേ അവസ്ഥ തന്നെയല്ലേ സര്‍ക്കാര്‍ നിയമനത്തിലും തൊഴില്‍ മേഖലയിലും വരാനുള്ളത്?  

മുന്നണികള്‍ നിലപാടു വ്യക്തമാക്കണം
സംസ്ഥാനത്തെ രാഷ്ട്രീയ മുന്നണികള്‍ നിലപാടു വ്യക്തമാക്കേണ്ടതുണ്ട്. പിന്നാക്കവിഭാഗങ്ങള്‍ സംസ്ഥാന ജനസംഖ്യയുടെ 80% വരും. അവര്‍ ഒരുമിച്ച് നില്ക്കാന്‍ എല്ലാക്കാലവും മടിച്ചുനില്ക്കും എന്നു കരുതരുത്. പ്രത്യേക സാഹചര്യങ്ങളില്‍ ഒരുപക്ഷേ അത്തരം ഒരു നീക്കത്തിന് കേരളത്തിലെ ദളിത് പിന്നാക്കവിഭാഗങ്ങള്‍ ഒരുങ്ങിയാല്‍ അന്ന് പ്രതികരിക്കാം എന്നു കരുതി മുന്നണികള്‍ കാത്തിരിക്കരുത്. അവരുടെ പിന്നാക്കാവസ്ഥ കൊണ്ടാണ് അവര്‍ക്ക് വേണ്ടവണ്ണം പ്രതികരിക്കാനാകാത്തത് എന്നു നീതിബോധമുള്ള രാഷ്ട്രീയ കക്ഷികള്‍ തിരിച്ചറിയണം. സംവരണവിഭാഗങ്ങളെ ഇഡബ്ല്യുഎസ് സംവരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തരുതെന്നും, എല്ലാ പാവപ്പെട്ടവര്‍ക്കും ഒരേ നീതി ലഭ്യമാക്കണമെന്നും നോണ്‍ക്രീമിലെയര്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങള്‍ക്കും കേന്ദ്ര മാനദണ്ഡങ്ങള്‍ മുഴുവനായും സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിലും കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുന്നണികള്‍ പറയട്ടെ. അതല്ലാതെ, കേന്ദ്ര മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ത്ത് രണ്ടര ഏക്കര്‍ ഭൂമിയുള്ളവരെയും പാവങ്ങളാക്കി യഥാര്‍ത്ഥ പാവങ്ങളെ പറ്റിക്കരുതെന്ന് മുന്നണികള്‍ പറയട്ടെ.

യഥാര്‍ത്ഥ പാവങ്ങള്‍ രംഗത്തിറങ്ങണം
ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കുന്നതു സംബന്ധിച്ചാണെങ്കിലും ഇപ്പോള്‍ നടക്കുന്നത് യഥാര്‍ത്ഥ പാവങ്ങളോടുള്ള വഞ്ചനയാണ്. മുനിസിപ്പല്‍ കോര്‍പറേഷനില്‍ 50 സെന്റും, മുനിസിപ്പാലിറ്റിയില്‍ 75 സെന്റും, പഞ്ചായത്തില്‍ രണ്ടര ഏക്കറും ഭൂമിയുള്ളവരെ എങ്ങനെ പാവങ്ങളുടെ പട്ടികയില്‍പെടുത്തും? കേന്ദ്ര മാനദണ്ഡങ്ങളില്‍  നഗരപ്രദേശങ്ങളില്‍ രണ്ടു സെന്റ് (100 ചതുരശ്ര യാര്‍ഡ്), പഞ്ചായത്തുകളില്‍ നാലു സെന്റ് (200 ചതു. യാര്‍ഡ്) ഭൂമിയിലധികം ഉള്ളവര്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നു നിബന്ധനയുള്ളപ്പോഴും എന്താണ് കേരളത്തില്‍ രണ്ടര ഏക്കര്‍ കണക്കുകൊണ്ടുവന്നത്? ചോദിക്കണം, യഥാര്‍ത്ഥ പാവങ്ങള്‍ ഈ ചോദ്യമൊക്കെയും അധികാരികളോട്!

 


Related Articles

പതിനൊന്നുകാരി മെറ്റില്‍ഡ ജോണ്‍സണ്‍ ലോഗോസ് പ്രതിഭ

എറണാകുളം: കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇരിങ്ങാലക്കുട രൂപതയിലെ മെറ്റില്‍ഡ ജോണ്‍സണ്‍ 2019ലെ ലോഗോസ് പ്രതിഭയായി. ഏറ്റവും ജൂനിയര്‍ ഗ്രൂപ്പില്‍നിന്നുള്ള

നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ ഭീകരതയ്ക്ക് വളംവയ്ക്കുന്നു: ടി.പി.സെന്‍കുമാര്‍

എറണാകുളം: സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളാണ് ഭീകരതയ്ക്ക് അനുകൂലമായ പ്രധാന ഘടകമെന്നും ജനസംഖ്യാപെരുപ്പം ലാക്കാക്കിയുള്ള ലൗ ജിഹാദ്‌പോലുള്ള പ്രവര്‍ത്തനങ്ങള്‍ ചിലര്‍ തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഇതിന് വ്യക്തമായ

സ്രാവുകളുടെ ചിറകുള്ള മനുഷ്യര്‍

ഫാ. പോള്‍ സണ്ണി (കെആര്‍എല്‍സിബിസി യുവജന കമ്മീഷന്‍ സെക്രട്ടറി) ഒരൊറ്റ സ്വത്വം രക്തമില്ലെന്നുമാത്രം ഒരൊറ്റ സ്പര്‍ശം, മരണം, അല്ലെങ്കില്‍ ഒരൊറ്റ പനിനീര്‍പ്പൂ കടല്‍ വരുന്നൂ; അത് നമ്മുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*

Editorial

View more

പ്രകൃതിക്ഷോഭങ്ങള്‍ ദുരന്തമായി പരിണമിക്കുമ്പോള്‍

അത്യാഹിതങ്ങള്‍ ദുര്‍ബലതകളുമായി സന്ധിക്കുന്നിടത്താണ് ദുരന്തങ്ങളുണ്ടാകുന്നത്. ചുഴലിക്കാറ്റ്, കടലേറ്റം, പേമാരി,

ഒന്നിച്ചുള്ള യാത്രയുടെ സിനഡല്‍ പാതയില്‍

മനുഷ്യരെ അവരുടെ ജീവിതാവസ്ഥയില്‍ കണ്ടുമുട്ടുക, ഹൃദയംകൊണ്ട് അവരെ കേള്‍ക്കുക,

കര്‍ഷകപ്രക്ഷോഭം ചോരയില്‍ മുങ്ങുമ്പോള്‍

കൊവിഡ് മഹാമാരിയുടെ മൂര്‍ധന്യതീവ്രതയിലും അതിശൈത്യത്തിലും കൊടുംചൂടിലും തളരാതെ പത്തുമാസത്തിലേറെയായി

Untold stories of Polachan

View more

Scenes through window

View more

ജീവിതവിജയത്തിന്റെ പാത തെളിക്കുമ്പോള്‍

കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ യുവതീയുവാക്കളെ പരിശീലിപ്പിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുന്ന

ആത്മധൈര്യം വീണ്ടെടുക്കുന്നതെങ്ങനെ?

എങ്ങനെയാണ് നമ്മില്‍ തന്നെയുള്ള ധൈര്യവും ഉറപ്പും നമ്മില്‍ നിന്ന്

Ads