Breaking News

പാവങ്ങളുടെ പേരില്‍ തീരം തീറെഴുതുമോ?

പാവങ്ങളുടെ പേരില്‍ തീരം തീറെഴുതുമോ?

അഡ്വ. ഷെറി ജെ. തോമസ്

തീരനിയന്ത്രണ വിജ്ഞാപനത്തില്‍ ഇളവുകള്‍ തേടി സംസ്ഥാന സര്‍ക്കാര്‍ ഭവനരഹിതരുടെ ഒപ്പം ചേരുന്നു എന്ന നിലപാട് എടുത്തിട്ട് നാളേറെയായി. പക്ഷേ അതാണെങ്കില്‍ പോലും കേന്ദ്ര വിജ്ഞാപനം ആയതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ തന്നെ മാറ്റം വന്നെങ്കില്‍ മാത്രമേ തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനനിര്‍മാണത്തിന് സാഹചര്യം ഒരുങ്ങുകയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരള തീരമേഖല മാനേജ്‌മെന്റ് അതോറിറ്റി ഇതുസംബന്ധിച്ച തീരുമാനമെടുത്ത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് ഔദ്യോഗികമായി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.  

എന്തായിരുന്നു ആ നിര്‍ദേശങ്ങള്‍?

കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച തീരനിയന്ത്രണ വിജ്ഞാപനത്തിലെ ഭേദഗതികള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ഇന്ന് പലരും മറന്നുകഴിഞ്ഞു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ വീണ്ടും ഈ സമയം ഓര്‍ക്കുന്നത് നല്ലതാണ്. അതിലെ പ്രധാന ആവശ്യം മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവന നിര്‍മാണം സംബന്ധിച്ച് തീരനിയന്ത്രണ വിജ്ഞാപനം മൂലം ഉണ്ടായിട്ടുളള തടസങ്ങള്‍ മാറ്റണമെന്നതാണ്. സിആര്‍ഇസഡ് 3ല്‍ കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന വിദൂരത്തുള്ള ജലാശയങ്ങള്‍ പോലും 5 പിപിടി എന്ന അളവില്‍ ഉപ്പുരസത്തിനുള്ളില്‍ വരുന്നതിനാല്‍ സിആര്‍ഇസഡില്‍ ഉള്‍പ്പെടും. ഇതു തദ്ദേശവാസികളുടെ ജീവിതത്തെ തന്നെ ബാധിച്ചിട്ടുണ്ട് എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അതോടൊപ്പം തന്നെ അവരുടെ വീടും താമസ സ്ഥലങ്ങളും ഉണ്ടാക്കുന്നതിന് നിലവില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യവും എടുത്തു പറഞ്ഞിട്ടുണ്ട്.  
പരമ്പരാഗതമായി അവര്‍ക്കു കിട്ടിയിട്ടുള്ള കുടുംബ അവകാശത്തില്‍ പോലും വീടു നിര്‍മിക്കുവാന്‍ ആകാത്തത് ഗുരുതരമായ പ്രശ്‌നമായാണ് സൂചിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ പ്രത്യേക സാഹചര്യം അനുസരിച്ച് സിആര്‍ഇസഡിന്റെ നിര്‍മാണ നിയന്ത്രണ മേഖല കണക്കാക്കിയിരിക്കുന്നത് ശരിയായ രീതിയിലല്ലായെന്നും അത്തരമൊരു കണക്ക് തീരദേശ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നും വിലയിരുത്തുന്നു. അതോടൊപ്പം തന്നെ 10 മീറ്ററില്‍ താഴെയുള്ള ചെറുകിട ജലാശങ്ങളെ സിആര്‍ഇസഡ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.  കൂടാതെ 100 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള ഭവനങ്ങള്‍ നിര്‍മിക്കുന്നതിന് തദ്ദേശവാസികള്‍ക്ക് അനുവാദം നല്‍കണം. അതോടൊപ്പം തന്നെ പുനര്‍ നിര്‍മാണത്തിനുള്ള അനുവാദം നല്‍കിയിരുന്നത് ചുരുങ്ങിയത് 100 സ്‌ക്വയര്‍ മീറ്ററെങ്കിലും ആക്കണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു.
കായല്‍ ദ്വീപുകളില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തദ്ദേശ സമൂഹത്തിനും ഭവനങ്ങള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ള അംഗീകൃത കെട്ടിടങ്ങള്‍, റോഡ,് കര ഭാഗത്തേക്ക് ഭവനങ്ങള്‍ നിര്‍മിക്കാനും അനുവാദം നല്‍കണമെന്നും അപേക്ഷിച്ചിരുന്നു. തീരമേഖല പരിപാലന അതോറിറ്റിയുടെ മിനിറ്റ്‌സില്‍ ഇതിന്റെ കൂടെ പ്രത്യേകമായി എടുത്തു പറഞ്ഞിരുന്നത് മേല്‍പറഞ്ഞ ഇളവുകളെല്ലാം ആവശ്യപ്പെടുന്നത് മത്സ്യത്തൊഴിലാളികള്‍ക്കും തദ്ദേശവാസികള്‍ക്കും മാത്രമായിട്ടാണെന്നും ഒരു സാഹചര്യത്തിലും വാണിജ്യ ആവശ്യങ്ങള്‍ക്കോ ടൂറിസ്റ്റ് ആവശ്യങ്ങള്‍ക്കോ ഇളവ് നല്‍കരുതെന്നുമാണ് മിനിറ്റ്‌സില്‍  ഉണ്ടായിരുന്നതിനെക്കാള്‍ ചില കാര്യങ്ങള്‍ കൂടുതലായി സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ഉണ്ടെന്ന് ഈ ശുപാര്‍ശകളൊക്കെ കണക്കിലെടുത്ത ശൈലേഷ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും മിനിറ്റ്‌സില്‍ കൃത്യമായി നിലപാടെടുത്തിരുന്നത് മത്സ്യത്തൊഴിലാളികള്‍ക്കും തദ്ദേശവാസികള്‍ക്കും അനുകൂലമായി മാത്രമായിരുന്നു.

ഇപ്പോഴെന്താണ് നിലപാട്?

2018 ഏപ്രില്‍ 18നു പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിലെ മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും അത് കൊണ്ടുവന്നിരിക്കുന്നത് തന്നെ ടൂറിസം മേഖലയ്ക്കുവേണ്ടിയാണെന്ന്. കായല്‍ ദ്വീപുകള്‍ക്ക് 20 മീറ്ററായി നിയന്ത്രണ മേഖല ചുരുക്കി എന്നത് ആശ്വാസകരമാണെന്നതൊഴിച്ചാല്‍ സിആര്‍ഇസഡ് 3 മേഖലകളില്‍ ടൂറിസ്റ്റ് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നിര്‍മാണം അനുവദിച്ചിരിക്കുന്നു എന്നുള്ളത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും. സിആര്‍ഇസഡ് 3 മേഖലകളില്‍ ടൂറിസ്റ്റ് ഹോട്ടലുകള്‍ക്കും, റിസോര്‍ട്ടുകള്‍ക്കും നിര്‍മാണം അനുവദിച്ചപ്പോള്‍തന്നെ തദ്ദേശവാസികളുടെ ഭവനനിര്‍മാണത്തിന് അനുവാദം ഇല്ല.  
അതേസമയം കായല്‍ ദ്വീപുകളിലാകട്ടെ 20 മീറ്റര്‍ മാത്രമായി നിര്‍മാണ നിയന്ത്രണം ചുരുക്കിയപ്പോള്‍ അവിടെ തദ്ദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മാത്രമല്ല മുഴുവന്‍ ആളുകള്‍ക്കും വാണിജ്യാവകാശങ്ങള്‍ക്കും ടൂറിസാവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ തുറന്നുകൊടുക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ഇതു സംബന്ധിച്ച് നേരത്തെ തന്നെ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി എടുത്ത തീരുമാനങ്ങള്‍ക്ക് എതിരാണ്.  അവിടെ തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവന നിര്‍മാണത്തിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കണം എന്നതാണ് സര്‍ക്കാരിന്റെ മുഖ്യമായ ആവശ്യം. പക്ഷേ അതിന്റെ ചുവടുപിടിച്ച് ആ ആവശ്യം നിരാകരിച്ചുകൊണ്ടു പോലും ടൂറിസത്തിന് തുറന്നുകൊടുക്കുന്നതാണ് പുതിയ കരട് വിജ്ഞാപനം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അടിയന്തിരമായി കേന്ദ്ര മന്ത്രാലയത്തെ അറിയിക്കുകതന്നെ വേണം.  നിലപാടെടുക്കുമ്പോള്‍ പരിസ്ഥിതി സൗഹൃദമായ രീതിയിലും, തദ്ദേശവാസികളുടെയും മത്സ്യതൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലും ആകണം. അതിന് ഇനിയും വൈകിക്കൂടാ.

Related Articles

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സെമന്‍ട്രല്‍ കൗണ്‍സില്‍

യുവജനസംഗമം സംഘടിപ്പിച്ചുഎറണാകുളം: കിട്ടുമ്പോഴല്ല കൊടുക്കുമ്പോഴാണ് നാം സന്തോഷിക്കേണ്ടതെന്ന് വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്‍ ഡയറക്ടറും സെന്റ് ആല്‍ബര്‍ട്‌സ് കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോണ്‍ ക്രിസ്റ്റഫര്‍ വടശേരി

തോപ്പുംപടി കെസിവൈഎം യൂണിറ്റ് ഫെസ്റ്റാ 2020 ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

  കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഫെസ്റ്റാ 2020 കലോത്സവത്തിൽ കെ.സി. വൈ. എം തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ഇടവക ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹരായി. കെ.സി.വൈ.എം

ആരാണ് ഇന്ത്യന്‍ പൗരന്‍?

ആരാണ് ഇന്ത്യന്‍ പൗരന്‍ എന്ന ചോദ്യത്തിന് മറുപടി ആരംഭിക്കുന്നത് ഭരണഘടനയുടെ രണ്ടാംഭാഗം ആര്‍ട്ടിക്കിള്‍ 5 മുതല്‍ 11 വരെയുള്ള വിവരണങ്ങളിലാണ്. ഭരണഘടന രൂപീകരിക്കപ്പെട്ട സമയം ഇന്ത്യയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*