Breaking News

പാവങ്ങളുടെ മാലാഖ

പാവങ്ങളുടെ മാലാഖ


2021 സെപ്റ്റംബര്‍ 23-ാം തീയതി അന്തരിച്ച ഫാ. മൈക്കിള്‍ തലക്കെട്ടിയെ അനുസ്മരിക്കുന്നു

വരാപ്പുഴ അതിരൂപതയുടെ അനര്‍ഘ നിധിയായിരുന്ന വൈദികന്‍, മൈക്കിള്‍ തലക്കെട്ടിയച്ചന്റെ സ്മരണകള്‍ക്കു മുന്നില്‍ കണ്ണീര്‍ പ്രണാമം. ഇത് മൈക്കിള്‍ തലക്കെട്ടിയച്ചനെകുറിച്ചുള്ള ചില സ്മരണകളാണ്. ആത്മീയ പിതാവിനെക്കുറിച്ചുള്ള ആത്മീയ പുത്രന്റെ ഓര്‍മ്മകള്‍, ഒരു ജ്യേഷ്ഠവൈദികനെപ്പറ്റിയുള്ള അനുജന്റെ ഓര്‍മ്മക്കുറിപ്പുകള്‍.

ഇരുപത്തെട്ടു വര്‍ഷത്തെ എന്റെ പൗരോഹിത്യജീവിതത്തിനിടയില്‍ മൈക്കിള്‍ തലക്കെട്ടിയച്ചനെപോലൊരു വൈദികനെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. അത്രയ്ക്ക് വ്യത്യസ്തനായിരുന്നു അദ്ദേഹം. ആത്മീയ പാതയിലൂടെ ചരിക്കുന്ന ഏതൊരാള്‍ക്കും വഴികാട്ടിയും മാതൃകയുമായിരുന്നു ആ മഹത്ജീവിതം. ഒരു വൈദികനെ യഥാര്‍ത്ഥത്തില്‍ മനസിലാക്കാന്‍ മറ്റൊരു വൈദികനേ കഴിയൂ. എന്റെ വ്യക്തിപരമായ അടുപ്പത്തിന്റെ വെളിച്ചത്തില്‍ മൈക്കിളച്ചനെക്കുറിച്ച് പറയുവാനുള്ള ഒറ്റവാക്ക് അദ്ദേഹം കറയറ്റ ഒരു വൈദികനായിരുന്നു എന്നതാണ്.

തലക്കെട്ടി തറവാടിന് ഒരുചരിത്രം ഉണ്ട്. ചോരയുടെ മണമുള്ള ചരിത്രം. വരാപ്പുഴയിലും ഏലൂരും നിറഞ്ഞുനില്‍ക്കുന്ന ഒരു തറവാട്. തൈപ്പറമ്പില്‍ എന്നായിരുന്നുവ്രേത ആദ്യത്തെ കുടുംബനാമം. മറ്റു തറവാട്ടുകാരുമായുള്ള ശത്രുതയില്‍ തലകള്‍ അരിഞ്ഞു വീഴ്ത്തിയപ്പോള്‍ ആ തറവാടിനെ ‘തലവെട്ടി’ തറവാടെന്ന് വിളിച്ചു തുടങ്ങി. അതു ലോപിച്ച് പിന്നീട് ‘തലക്കെട്ടി’ എന്ന് അറിയപ്പെടാന്‍ തുടങ്ങിയെന്ന് കഥകള്‍…

അങ്ങനെ കൊല്ലും കൊലയുമായി നടന്നിരുന്നവരുടെ തറവാട്ടില്‍ നിന്ന് ആദ്യമായി ദൈവം തിരഞ്ഞെടുത്ത അഭിഷിക്തനാണ് മൈക്കിള്‍ തലക്കെട്ടിയച്ചന്‍.

വരാപ്പുഴ യൗസേപ്പിതാവിന്റെയും കര്‍മ്മല മാതാവിന്റെയും ഇടവകയിലെ തലക്കെട്ടി തറവാട്ടിലെ ജോര്‍ജിന്റെയും മേരിയുടെയും ആറാമത്തെ സന്താനമായി 1957 ഡിസംബര്‍ 30ന് അദ്ദേഹം ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വൈദികനായിത്തീരുവാനുള്ള ആഗ്രഹത്തോടെ അദ്ദേഹം ഏറ്റുമാനൂരുള്ള കര്‍മ്മലീത്താ ആശ്രമത്തില്‍ ചേര്‍ന്നു. എന്നാല്‍ മൂന്നാം വര്‍ഷം ദൈവശാസ്ത്രം പഠിക്കവേ അദ്ദേഹം കര്‍മ്മലീത്താ സഭയില്‍ നിന്ന് പിന്‍വാങ്ങി തിരുവനന്തപുരം രൂപതാംഗമായി ചേരുകയും
പഠനം തുടരുകയും ചെയ്തു. 1985 ഡിസംബര്‍ 18ന് വരാപ്പുഴ ദേവാലയത്തില്‍ വച്ച് അന്നത്തെ തിരുവനന്തപുരം മെത്രാന്‍ ജേക്കബ് അച്ചാരുപറമ്പില്‍ പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. രണ്ടര വര്‍ഷത്തിനുശേഷമാണ് അദ്ദേഹത്തെ നിത്യരോഗിയാക്കിയ സംഭവം അരങ്ങേറിയത്. പൂന്തുറയിലെ വര്‍ഗീയ കലാപത്തിനിടയില്‍ ആസിഡ് ബള്‍ബ് കൊണ്ടുള്ള ആക്രമണത്തില്‍ അദ്ദേഹത്തിന് സാരമായ പരിക്കേറ്റു. പുറം ചിന്നിച്ചിതറി. ചില്ലുചീളുകള്‍ ആ ശരീരത്തില്‍ ആഴത്തില്‍ തറച്ചു. നീണ്ട 40 ദിവസങ്ങളാണ് ലൂര്‍ദ് ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നത്. ഈ അപകടത്തിനുശേഷം അദ്ദേഹം കോട്ടപ്പുറം രൂപതയില്‍ ചേര്‍ന്ന് സേവനം തുടര്‍ന്നു. ബിഷപ് ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവിന്റെ സെക്രട്ടറിയായി; തുടര്‍ന്ന് മാള പള്ളിപ്പുറം, തുരുത്തൂര്‍, മൂലമ്പിള്ളി, വെണ്ടുരുത്തി, പിഴല, അത്താണി, മാമംഗലം, ശാന്തിനഗര്‍, എട്ടേക്കര്‍, വല്ലാര്‍പാടം തുടങ്ങിയ ഇടവകകളില്‍ സേവനം അനുഷ്ഠിച്ചു. വരാപ്പുഴ അതിരൂപത തന്റെ മാതൃരൂപതയാണെന്നുള്ള ചിന്ത അദ്ദേഹത്തെ വരാപ്പുഴ അതിരൂപതയില്‍ ചേര്‍ന്ന് ശുശ്രൂഷ ചെയ്യുവാന്‍ പ്രേരിപ്പിച്ചു. അങ്ങനെ മൂന്നു രൂപതകളില്‍ അദ്ദേഹം സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു.

വൈദികപട്ടം സ്വീകരിച്ച് വീട്ടില്‍ വന്ന മൈക്കിളച്ചന്‍ വീട്ടുകാരോടായി പറഞ്ഞത് ഇതാണ്: ”ഞാന്‍ നിങ്ങളുടെ അച്ചനാണെന്നു കരുതി എന്റെ അടുക്കല്‍ കൂടെ കൂടെ വന്ന് എന്നെ ബുദ്ധിമുട്ടിക്കരുത.്” കുടുംബത്തിന് ഉപകാരമില്ലാത്ത അച്ചന്‍ എന്നു വിളിക്കപ്പെടാന്‍ ഈ വാക്ക് ധാരാളം മതിയായിരുന്നു. എന്നാല്‍ തന്റെ ശുശ്രൂഷയിലൂടെ അനേകം കുടുംബങ്ങളെ ശുശ്രൂഷിക്കുവാനും നേടാനും അച്ചന് കഴിഞ്ഞു എന്നത് സത്യം.

മൈക്കിളച്ചന്‍ ചെയ്ത വിലമതിക്കാനാവാത്ത നന്മയാണ് സ്വന്തമായി കിടപ്പാടമില്ലാത്ത 1,480 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുവാന്‍ നിമിത്തമായി എന്നത്. ആ കുടുംബാംഗങ്ങളുടെ മനസുകളില്‍ മൈക്കിളച്ചന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ തിളങ്ങിവിളങ്ങുന്നുണ്ടാവും.

പാവങ്ങളോടുള്ള അച്ചന്റെ കരുതല്‍ നിസ്സീമമായിരുന്നു. തനിക്ക് സമ്മാനമായി കിട്ടുന്ന എന്തും അദ്ദേഹം പാവങ്ങള്‍ക്കു നല്‍കി. മൈക്കിളച്ചന്റെ ആത്മീയതയും ദാരിദ്ര്യാരൂപിയും മനസിലാക്കണമെങ്കില്‍ ആര്‍ക്കും പ്രവേശനം അനുവദിക്കാത്ത അദ്ദേഹത്തിന്റെ ഉറക്കമുറിയിലേക്ക് എത്തിനോക്കിയാല്‍ മതി. ഒരു പഴയ കിടക്ക, കീറിത്തുടങ്ങിയ ഒരു പുതപ്പ്, രണ്ട് പാന്റ്‌സ്, രണ്ട് പഴകിയ ബനിയന്‍, ഒരു കാലന്‍ കുട, പിന്നെ… കട്ടിലിനരുകില്‍ വച്ചിരിക്കുന്ന ഒരു ചാട്ട. ശിക്ഷണത്താലും പ്രായശ്ചിത്തത്താലും ശരീരത്തെ മെരുക്കി, മനസിനെ നിയന്ത്രിച്ച് ആത്മീയ ജീവിതം നയിക്കാന്‍ ആ ചാട്ടവാര്‍ അച്ചന്‍ ഉപയോഗിച്ചു. തന്റെ ശരീരത്തിലെ വേദനയും മുറിപ്പാടുകളും ഈശോയുടെ സഹനത്തോട് ചേര്‍ത്തുവച്ച് പാപങ്ങള്‍ക്ക് പരിഹാരം ചെയ്തു.

തികഞ്ഞ ദൈവഭക്തനും ആത്മീയഗുരുവുമായിരുന്നു മൈക്കിളച്ചന്‍. തീര്‍ത്ഥാടനകേന്ദ്രങ്ങളായ എട്ടേക്കര്‍, വല്ലാര്‍പാടം എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ അനേകം മണിക്കൂറുകളാണ് അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനും ചെലവഴിച്ചിരുന്നത്. ഒരുപാടുപേര്‍ അദ്ദേഹത്തിനു ചുറ്റിനുമുണ്ടാകുമായിരുന്നേനെ. പക്ഷേ അദ്ദേഹം അതിന് അനുവദിച്ചില്ല. ആരോടും അധികം അടുക്കാതിരുന്ന അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നവരും സൗഹൃദം ആഗ്രഹിച്ചിരുന്നവരും നിരവധിയായിരുന്നു എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ അദ്ദേഹം ശബ്ദകോലാഹലങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞ് ദീര്‍ഘനേരം ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരു കുഞ്ഞിനെപ്പോലെ സക്രാരിയിലേക്ക് നോക്കി ഏറെനേരം പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പ്രാര്‍ത്ഥന കഴിയുമ്പോള്‍ ആ മുഖത്ത് വിരിഞ്ഞിരുന്ന തേജസ് അദ്ദേഹം എത്രമാത്രം യേശുവില്‍ വസിച്ചിരുന്നു എന്നതിന്റെ തെളിവുതന്നെ.

തലക്കെട്ടി തറവാടും തൈപ്പറമ്പില്‍ തറവാടും ഒന്നാണ് എന്ന അറിവാണ് ആദ്യമായി എന്നെ മൈക്കിളച്ചനിലേക്ക് അടുപ്പിച്ചത്. പിന്നീട് ആ വ്യക്തിപ്രഭാവലയത്തില്‍ ഞാന്‍ മുങ്ങിപ്പോയി. ചേട്ടായി എന്നാണ് അച്ചനെ ഞാന്‍ വിളിച്ചിരുന്നത്. എന്നെ മോനെ എന്നും അച്ചന്‍ വിളിച്ചിരുന്നു. അച്ചന്റെ അരികില്‍ നില്‍ക്കുമ്പോഴെല്ലാം അതിരറ്റ സ്‌നേഹവാത്സല്യങ്ങള്‍ ഞാന്‍ നുകര്‍ന്നിരുന്നു. തീര്‍ത്ഥാടനകേന്ദ്രമായ എട്ടേക്കറില്‍ എന്നെ സ്ഥിരം ശുശ്രൂഷയ്ക്ക് വിളിച്ചിരുന്നു അദ്ദേഹം. എന്റെ ബലിയര്‍പ്പണത്തിലും ശുശ്രൂഷകളിലും കണ്ണുകളടച്ച് പങ്കുചേരുകയും ശുശ്രൂഷ അവസാനിക്കുമ്പോള്‍ ആലിംഗനം ചെയ്ത് സന്തോഷവും സ്‌നേഹവും പ്രകടിപ്പിക്കുമായിരുന്നു… എന്റെ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളായിരുന്നു അവ.

തന്റെ വ്രതങ്ങള്‍ പാലിക്കുന്നതില്‍ അതീവ നിഷ്ഠ അച്ചന്‍ പുലര്‍ത്തിയിരുന്നു.

അനുസരണത്തെക്കുറിച്ച് അച്ചന്‍ പറഞ്ഞിരുന്നത് ഇങ്ങിനെ: ”മോനേ, മോശ കാനാന്‍ ദേശത്തേക്ക് പ്രവേശിച്ചേനെ. പക്ഷേ അനുസരണക്കേടുകൊണ്ട് ദൂരെ നിന്ന് നോക്കിക്കാണാനേ കഴിഞ്ഞുള്ളൂ. നമ്മള്‍ ദൈവരാജ്യം ദൂരെ നിന്ന് നോക്കികാണേണ്ടവരല്ല. അതില്‍ കാലുകുത്തേണ്ടവരാണ്. അതിനാല്‍ ഞാന്‍ എന്റെ ജീവിതത്തില്‍ എന്റെ അധികാരികളോട് അനുസരണക്കേട് കാണിക്കില്ല.”

ദാരിദ്ര്യത്തെ അദ്ദേഹം സ്വന്തം സഹോദരി എന്നപോലെ സ്‌നേഹിച്ചു. സ്വയം ഒതുങ്ങി, കൈയില്‍ ഉള്ളത് മുഴുവന്‍ ദരിദ്രര്‍ക്ക് നല്‍കി ഒരു ദരിദ്രനായി ജീവിച്ചു. ഇട്ടുമൂടുവാനുള്ള ധനം തറവാട്ടിലുണ്ടായിട്ടും ദാരിദ്ര്യത്തെ പ്രണയിച്ച് നിസ്വനായി അദ്ദേഹം ജീവിച്ചു.

 

ബ്രഹ്മചര്യനിഷ്ഠയുടെ കാര്യത്തില്‍ അതിജാഗ്രത പുലര്‍ത്തിയിരുന്നു മൈക്കിളച്ചന്‍. ചിന്തകളില്‍പ്പോലും പാപം ഉദിക്കാതിരിക്കാന്‍ സാത്വികനായി ജീവിച്ചു. ഭക്ഷണകാര്യങ്ങളില്‍ ക്രമീകരണം നടത്തി.

ഏത് പ്രതിസന്ധിയിലും കുലുങ്ങാതെ ധീരതയോടെ അദ്ദേഹം നിലനിന്നിരുന്നത് ഈശോയോടുള്ള ആഴമായ ബന്ധത്തിന്റെ അടയാളമായിരുന്നു. യുക്തമായ തീരുമാനങ്ങളെടുക്കാനും അതു നിറവേറ്റുന്നതിന് എന്തു ത്യാഗവും സഹിക്കാനും അദ്ദേഹം സന്നദ്ധനായിരുന്നു. ദൈവത്തെ ഒഴികെ മറ്റാരെയും അദ്ദേഹം ഭയപ്പെട്ടിരുന്നില്ല.

പ്രാര്‍ത്ഥനയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം അതിശക്തമായിരുന്നു. വല്ലാര്‍പാടത്ത് ശുശ്രൂഷ ചെയ്യവേ തനിക്ക് പ്രോസ്റ്റേറ്റ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് വൈദികമന്ദിരത്തിലേക്ക് താമസം മാറ്റിയത്. എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുമ്പോഴും കര്‍ത്താവ് തിരുമനസായാല്‍ താന്‍ സുഖം പ്രാപിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ആ ആഴമായ വിശ്വാസമാണ് തീവ്രവേദനയില്‍ ശ്വാസം പോലും കിട്ടാതെ വിഷമിക്കുമ്പോള്‍ എന്റെ ജ്യേഷ്ഠവൈദികനായ മൈക്കിളച്ചന്റെ ശബ്ദസന്ദേശം എനിക്ക് ഫോണിലൂടെ ലഭിച്ചത്. അന്തരാത്മാവില്‍ നിന്നും മുഴങ്ങിയ ആ ശബ്ദസന്ദേശം ഇങ്ങനെയായിരുന്നു.

”മോനേ, ഫിലിപ്പച്ചാ. ഒട്ടും പറ്റണില്ലട്ടാ… ഈശോയെ നന്നായി വിളിച്ചോ… ഈശോയെ അറിയുന്നവനല്ലേ.” ഈശോയെ നന്നായി വിളിച്ചോ എന്നു പറഞ്ഞപ്പോള്‍ ഒന്നിനും നടുങ്ങാത്ത ഞാന്‍ ഒന്നു നടുങ്ങി. വിട്ടുമാറാത്ത നടുക്കം. അച്ചന്റെ ഹൃദയത്തില്‍ എനിക്കുണ്ടായിരുന്ന വലിയ സ്ഥാനത്തിന്റെ പ്രകടനമായിരുന്നു ആ വാക്കുകളെന്ന് കരുതി ഞാന്‍ ആശ്വസിക്കുന്നു.

വല്ലാര്‍പാടം ദേവാലയത്തിലെ തിരുനാള്‍ കൊടികയറ്റത്തിന് ദിവ്യബലിമധ്യേ അദ്ദേഹം പറഞ്ഞു: ”നമുക്ക് ഇനിയും ഒരുപാട് ലക്ഷ്യങ്ങളുണ്ട്.” അതെന്താണ് എന്ന് ആരോടും പറയാതെ തന്റെ 63-ാം വയസില്‍ സഹനത്തിലൂടെ വിശുദ്ധീകരിക്കപ്പെട്ട അദ്ദേഹം തന്റെ നിത്യസമ്മാനത്തിനായി യാത്രയായി.

തീര്‍ച്ചയായും ഏലൂര്‍ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ കുഴിമാടത്തിങ്കല്‍ തിരികള്‍ തെളിയും. ദൈവസന്നിധിയില്‍ അദ്ദേഹം നമുക്ക് മാധ്യസ്ഥ്യം വഹിക്കും. പാവപ്പെട്ടവന്റെ മാലാഖ എന്നും കുടിലില്ലാത്തവന്റെ സംരക്ഷകനെന്നും ജനഹൃദയങ്ങള്‍ വാഴ്ത്തിപ്പാടിയ മൈക്കിളച്ചനെ ഭൂമിക്കു നല്‍കിയ പരമകാരുണികനായ ദൈവത്തിന് സ്തുതി.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
fr michael thalakatty

Related Articles

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

പുതിയ പല്ല്, ഇപ്പോള്‍ അതിവേഗത്തില്‍!

ഡെന്റല്‍ ഇംപ്ലാന്റേഷന്‍ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകള്‍ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍! പ്രായമേറുന്നതിനൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍

അപഹാസ്യമാകുന്ന മദ്യനയം

മദ്യലഭ്യത കൂട്ടി മദ്യവര്‍ജ്ജനം സാധ്യമാക്കുന്നതാണല്ലോ സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ മദ്യനയത്തിന്റെ കാതലായ വശം. രാത്രി ആഘോഷത്തിന്റെ ഭാഗമായി പുതിയതായി തുറക്കുമെന്നു പറഞ്ഞിരുന്ന പബ്ബുകള്‍ തല്ക്കാലത്തേയ്ക്ക് വേണ്ടെന്നുവച്ചത്, അവിടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*