പിന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ അധികാരത്തില്‍ പങ്കാളിത്തം അനിവാര്യം – മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കൊല്ലം: ഭരണഘടന അനുശാസിക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി പാവപ്പെട്ടവര്‍ക്കും പിന്നാക്ക സമുദായക്കാര്‍ക്കും ലഭിക്കണമെങ്കില്‍ അധികാരത്തില്‍ അവര്‍ക്കും പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്ന് ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 34-ാം ജനറല്‍ അസംബ്ലി കൊട്ടിയം ക്രിസ്തുജ്യോതിസ് ആനിമേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം എവിടേക്കാണ് പോകുന്നതെന്ന് പറയാനാകാത്ത സ്ഥിതിയാണിന്ന്. കുറെ ആളുകളുടെ കൈകളില്‍ അധികാരം കേന്ദ്രീകരിക്കുന്ന സ്ഥിതിവിശേഷമാണ്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം 72 വര്‍ഷമായി സാമൂഹിക നീതി എവിടെ എത്തിനില്‍ക്കുന്നു എന്ന് ഗൗരവതരമായി നാം ആലോചിക്കണം. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിനാണ് മുന്‍തൂക്കം. ഏതെങ്കിലും ഒരു ഭൂരിപക്ഷ സമുദായത്തിന്റെ താല്പര്യങ്ങള് നടപ്പാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയോ എന്നു തോന്നിപ്പോകുന്ന സാഹചര്യമാണിന്നുള്ളത്. സാമ്പത്തിക സമത്വം സംബന്ധിച്ച രാജ്യത്തിന്റെ നിലവാരവും എവിടെയാണ് നില്‍ക്കുന്നതെന്ന് അന്വേഷിക്കണം. സ്കാന്ഡിനേവിയന് രാജ്യങ്ങളിലെ ജനങ്ങള്‍ സാമ്പത്തികമായി എത്രമാത്രം സന്തുഷ്ടരാണെന്നു സൂചിപ്പിക്കുന്ന ചില കണക്കുകളുണ്ട്. അവിടെ ഏറ്റവും കുറഞ്ഞ വരുമാനക്കാരും ഏറ്റവും ഉയര്‍ന്ന വരുമാനക്കാരുമായുള്ള അനുപാതം 1:4 ആണ്; നികുതി കിഴിച്ചുള്ള കണക്കില്‍ ഈ അനുപാതം 1:2 ആകുന്നു. ഇന്ത്യയിലാകട്ടെ ഇന്ന് താഴെത്തട്ടിലുള്ളവന് ഏറ്റവും സമ്പന്നരായവരുടെ ഒപ്പമെത്തണമെങ്കില്‍ 964 കൊല്ലം അധ്വാനിക്കണം എന്നതാണ് അവസ്ഥ. ഇതാണ് സ്വാതന്ത്ര്യത്തിന്റെ അവസാന വാക്യം.
നമ്മള് പൊതുവെ കാണാതെ പോകുന്ന ഒരു അസമത്വം കൂടി വന്നിരിക്കുന്നു. സാങ്കേതികമായ അറിവുള്ളവരും അറിവില്ലാത്തവരും തമ്മിലുള്ള അസമത്വം. ടെക്നോളജി ആരുടെ കൈവശമാണോ അവര്‍ സമ്പന്നരാകുന്നു, സമ്പത്തും അധികാരവും അവരില്‍ കേന്ദ്രീകരിക്കപ്പെടുന്നു. ടെക്നോളജി സമൂഹത്തെ എങ്ങനെ മാറ്റുന്നുവെന്ന് മനസിലാക്കേണ്ടതുണ്ട്. സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്തവര്‍ എവിടെ ചെന്നുനില്ക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ് എന്നിങ്ങനെ സാങ്കേതികവിദ്യയുടെ മുന്നേറ്റം മൂലം ജീവിതത്തിന്റെ പല മേഖലകളിലും മനുഷ്യനെ തന്നെ ആവശ്യമില്ലാത്ത അവസ്ഥയും സംജാതമാകുന്നുണ്ട്.
സംവരണത്തിന്റെ ലക്ഷ്യം കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കുക എന്നതല്ല, അധികാരത്തില്‍ പങ്കാളികളാകുക എന്നതാണ്. പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനോ ജില്ലാ സൂപ്രണ്ടോ ആയി വന്നാല്‍ പാവപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകണമെന്നില്ല. എന്നാല്‍ അങ്ങനെ ഒരാള്‍ അധികാരത്തിലുണ്ടെങ്കില്‍ താഴെ തട്ടിലുള്ളവര്‍ പൊലീസ് സ്റ്റേഷനിലോ സര്‍ക്കാര്‍ ഓഫിസിലോ ഏതെങ്കിലും അപേക്ഷയുമായി ചെന്നാല്‍ അത് എടുത്തുകളയാന്‍ ആരും ധൈര്യപ്പെടില്ല. എന്നാല്‍ ആ സംവരണ തത്വത്തിലും വെള്ളം ചേര്‍ത്തുവരികയാണ്. അധികാരത്തില്‍ പങ്കാളിത്തമുണ്ടായാലേ പാവപ്പെട്ടവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കുകയുള്ളൂ.
കേരളത്തിന്റെ പുരോഗതിയെക്കുറിച്ച് നാം അഭിമാനിക്കാറുണ്ട്. എന്നാല്‍ സംസ്ഥാനത്ത് കുടിവെ
ള്ളം കിട്ടാത്ത വീടുകളുടെ കണ
ക്കുകേട്ടാല് നാം അത്ഭുതപ്പെടും. 84 ലക്ഷം വീടുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ കുടിവെള്ളം ലഭിക്കുന്ന വീടുകള്‍ 22 ലക്ഷം മാത്രമാണ്; ബാക്കിയുള്ളവയ്ക്ക് വാട്ടര്‍ കണക്ഷനില്ല. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തുമ്പോള്‍ അതു ശേഖരിക്കാനായി വീട്ടിലെ പെണ്‍കുട്ടികളെ സ്കൂളില്‍ അയക്കാതെ വീട്ടില്‍ നിര്‍ത്തുന്ന സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. പക്ഷേ ആര്‍ക്കും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ല. കാര്‍ഷികമേഖലയും മത്സ്യബന്ധനമേഖലയും വലിയ തകര്‍ച്ചയിലാണ്. രാജ്യാന്തര കരാറുകള്‍ പല വിധത്തിലുള്ള ദോഷമുണ്ടാക്കുന്നുണ്ട്. കുത്തക കമ്പനികള്‍ക്ക് ഇറക്കുമതിക്കുള്ള സൗകര്യങ്ങള്‍ ധാരാളമായി ചെയ്തുകൊടുത്തുകൊണ്ടിരിക്കുകയാണ്. നാളികേര വില അധികം താമസിയാതെ ഏഴു രൂപയില്‍ എത്തുമെന്നാണ് അറിയുന്നത്. അതേസമയം ഔഷധവില എട്ട് ഇരട്ടിയെങ്കിലും കൂടും. ന്യൂസിലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാല്‍പ്പൊടി കലക്കിയാണ് ഇനി നമ്മുടെ നാട്ടില്‍ പാല് വിതരണം വ്യാപകമായി നടക്കുക. ഇത് ഇവിടത്തെ ക്ഷീരകര്ഷരുടെ നില പരുങ്ങലിലാക്കും. ഓസ്ട്രേലിയയില്‍ നിന്ന് ഗോതമ്പ് വിപുലമായ തോതില്‍ ഇറക്കുമതി ചെയ്യാന്‍ പോകുന്നു. ഇത്തരം കാര്യങ്ങളൊന്നും നിയമസഭകളിലും പാര്‍ലമെന്റിലും ചര്‍ച്ച പോലും ആകുന്നില്ല.
തീരദേശത്തെ പ്രശ്നങ്ങള്‍ രൂക്ഷമാണ്. കടല്‍ക്ഷോഭവും പുനരധിവാസവുമുള്‍പ്പെടെ തീരദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര പ്രധാന്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നത്. തീരദേശത്തെ മുഴുവന്‍ എംഎല്‍എമാരുടെയും യോഗം വിളിച്ചുകൂട്ടിയും തീരദേശ സമൂഹത്തിന്റെ മറ്റു പ്രതിനിധികളുമായി ചര്‍ച്ച ചെയ്തും പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കുകയാണ്. കടല്‍ഭിത്തി കെട്ടാനുള്ള കരിങ്കല്ല് കിട്ടുന്നില്ല, ടെന്‍ഡര്‍ എടുക്കാന്‍ ആളെ കിട്ടുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. എസ്റ്റിമേറ്റ് തുക കുറവാണെന്ന പരാതിക്കു പരിഹാരമായി ടെന്‍ഡര്‍ തുക പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 1200 കോടി രൂപ ഇതിനുവേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. കടല്‍ക്ഷോഭം നേരിടാനുള്ള സ്ഥിരംസംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ തീരമേഖലയുടെയും സവിശേഷത കണക്കിലെടുത്ത് ശാസ്ത്രീയമായ രീതിയില്‍ വേണം പുലിമുട്ടും കടല്‍ഭിത്തിയും മറ്റും നിര്‍മിക്കാന്‍. കടലോരത്തെ അപകട മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള പദ്ധതിയില്‍ പുനരധിവാസത്തിന് 10 ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത് – ആറു ലക്ഷം രൂപ സ്ഥലം വാങ്ങാനും, നാലു ലക്ഷം രൂപ വീടു പണിയാനും. പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ലത്തീന്‍സഭയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
സാധാരണക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പൊതുവിഷയങ്ങളില്‍ ജനാഭിപ്രായം രൂപീകരിക്കാനും കെആര്‍എല്‍സിസി പോലുള്ള സംഘടനകള്‍ മുന്‍കയ്യെടുക്കണം. ജനപ്രതിനിധികളെന്നാല് ജനങ്ങളുടെ വേലക്കാരാണ്. ജനങ്ങളാണ് യജമാനന്മാര് എന്ന് രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ബോധ്യമുണ്ടാകണമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
Related
Related Articles
കെ.ആർ.എൽ.സി.സി സംഘം ചെല്ലാനം ദുരന്ത മേഖല സന്ദർശിച്ചു
ചെല്ലാനത്തെ മഴക്കെടുതി മേഖലകളിലെ ദുരിതബാധിതരെയും കടലാആക്രമണ സ്ഥലങ്ങളും കെ.ആർ.എൽ.സി.സി. ദൗത്യസംഘം സന്ദർശിച്ചു. രണ്ടായിരത്തോളം ദുരന്ത ബാധിതരാണ് ചെല്ലാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുള്ളത്. മഴവെള്ളം ഇറങ്ങി
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ: ആനന്ദലഹരിയായി ഒരു ദൈവം
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ വിചിന്തനം:- ആനന്ദലഹരിയായി ഒരു ദൈവം (യോഹ 2: 1-11) കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തൻ്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍