പിന്നാക്ക സംവരണത്തില്‍ തൊട്ടുകളിക്കരുത്

പിന്നാക്ക സംവരണത്തില്‍ തൊട്ടുകളിക്കരുത്

കേരള രാഷ്ട്രീയത്തിലെ ‘താക്കോല്‍സ്ഥാനത്തിനും’ മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ നിയമനങ്ങളിലും മറ്റും സംവരണത്തിനുമായി സമ്മര്‍ദതന്ത്രങ്ങള്‍ തുടര്‍ന്നുവരുന്ന പ്രബല സാമുദായിക പ്രസ്ഥാനമായ നായര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാനത്ത് ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണവ്യവസ്ഥകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. പിന്നാക്ക വിഭാഗത്തെ നിര്‍വചിക്കുന്നതിന് ജാതി മാനദണ്ഡമാക്കരുതെന്നാണ് അവരുടെ വാദം. ജാതിയുടെ അടിസ്ഥാനത്തിലുള്ള പിന്നാക്ക സമുദായ സംവരണം തുടരുന്നത് കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയ്ക്ക് കോട്ടംവരുത്തുമെന്നും, ആറു ദശകങ്ങളായി തുടരുന്ന ജാതി സംവരണം മുന്നാക്ക സമുദായങ്ങള്‍ക്ക് പ്രതികൂല സാഹചര്യം സൃഷ്ടിച്ചിരിക്കയാണെന്നും എന്‍എസ്എസ് ഹര്‍ജിയില്‍ പറയുന്നു.
സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ മാത്രമാണ് ഭരണഘടന പരിഗണിക്കുന്നതെന്നും സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ ഒന്‍പതംഗ ബെഞ്ച് 1992ല്‍ ഇന്ദ്ര സാഹനി കേസില്‍ വ്യക്തമാക്കിയിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഉയര്‍ന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പി.വി. നരസിംഹ റാവു ഗവണ്‍മെന്റ് മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി 10 ശതമാനം സംവരണ വിഹിതം പ്രഖ്യാപിച്ചത് റദ്ദാക്കിക്കൊണ്ടായിരുന്നു ആ വിധി. 25 വര്‍ഷങ്ങള്‍ക്കുശേഷം, കേരളത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി ഗവണ്‍മെന്റ് അഞ്ചു ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കായി 10 ശതമാനം സംവരണം പ്രഖ്യാപിച്ചുകൊണ്ട് സാമ്പത്തിക സംവരണവാദത്തിന് വീണ്ടും തിരികൊളുത്തി. ദേശീയ തലത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനായി ഭരണഘടനാഭേദഗതി വേണമെന്നാണ് ഇടതുമുന്നണി നിര്‍ദേശിച്ചത്.
സാമൂഹിക പിന്നാക്കാവസ്ഥയും സര്‍ക്കാര്‍ നിയമനങ്ങളിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ അപര്യാപ്തതയും സംബന്ധിച്ച സ്ഥിതിവിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലും, സംവരണത്തിന്റെ ഉയര്‍ന്ന തോത് 50 ശതമാനമായി നിജപ്പെടുത്തിയും, മറ്റു പിന്നാക്ക സമുദായക്കാരില്‍ സാമ്പത്തികമായി മെച്ചപ്പെട്ട ക്രീമി ലെയര്‍ വിഭാഗത്തെ സംവരണ ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കിയും വേണം സംസ്ഥാന സര്‍ക്കാര്‍ സംവരണ വ്യവസ്ഥകള്‍ നിശ്ചയിക്കേണ്ടതെന്ന 2006ലെ എം. നാഗരാജ് കേസിലെ സുപ്രീം കോടതി വിധിയിലേക്ക് എന്‍എസ്എസ് വിരല്‍ചൂണ്ടുന്നുണ്ട്. പിന്നാക്കാവസ്ഥയുടെയും അപര്യാപ്തമായ പ്രാതിനിധ്യത്തിന്റെയും കാര്യത്തില്‍ സ്ഥിതിവിവരശേഖരണം പൂര്‍ത്തിയാകുംവരെ ജാതിയെ അടിസ്ഥാനമാക്കിയ പിന്നാക്ക സംവരണ പ്രക്രിയ നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജിയില്‍ നിര്‍ദേശിക്കുന്നു. സാമ്പത്തിക സംവരണത്തിന് കരുക്കള്‍ നീക്കുന്നതിനു മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും വിദഗ്ധ സമിതിയെയോ കമ്മീഷനയോ ഇത്തരം നിജസ്ഥിതിപഠനത്തിന് നിയോഗിച്ചിരുന്നോ എന്നും അന്വേഷിക്കേണ്ടതല്ലേ?
കേരള സര്‍ക്കാരിന്റെ 299 വകുപ്പുകള്‍, ജുഡീഷ്യറി, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ഇതര സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയിലെ പബ്ലിക് സര്‍വീസസ് റിക്രൂട്ട്‌മെന്റില്‍ പിന്നാക്ക വിഭാഗങ്ങളും മുന്നാക്ക വിഭാഗങ്ങളും പട്ടികജാതി-വര്‍ഗക്കാരും ഉള്‍പ്പെടെയുള്ളവരുടെ പ്രാതിനിധ്യത്തെക്കുറിച്ച് ഏറ്റവും അവസാനമായി പഠിച്ചത് കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനാണ്. 2001 സെപ്റ്റംബറില്‍ നരേന്ദ്രന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറഞ്ഞത് സര്‍ക്കാര്‍ സര്‍വീസില്‍ പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യത്തില്‍ സുവ്യക്തമായ അപര്യാപ്തത ഉണ്ടെന്നാണ്. ഈ അപര്യാപ്തതയുടെ വ്യാപ്തി ഓരോ സമുദായത്തിനും വ്യത്യസ്തമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2001 ഓഗസ്റ്റ് ഒന്നിന് സര്‍ക്കാര്‍ വകുപ്പുകളിലെയും ജുഡീഷ്യറിയിലെയും 325554 ജീവനക്കാരില്‍ 157008 പേര്‍ പിന്നാക്ക വിഭാഗക്കാരായിരുന്നു (48.23 ശതമാനം പേര്‍). മുന്നാക്കക്കാരുടെ പ്രാതിനിധ്യം 38.73 ശതമാനമായിരുന്നു. സംസ്ഥാനത്തെ 68 പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ‘വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച’ ഈഴവ സമുദായം തങ്ങളുടെ നിശ്ചിത സംവരണ വിഹിതത്തെക്കാള്‍ (14 ശതമാനം) കൂടുതല്‍ പ്രാതിനിധ്യം പല മണ്ഡലത്തിലും കൈവരിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ സ്ഥിരീകരിച്ചു. ‘ഈ നേട്ടത്തിന്റെ അര്‍ഥം, പബ്ലിക് സര്‍വീസസില്‍ പര്യാപ്തമായ പ്രാതിനിധ്യം കൈവരിക്കാന്‍ സംവരണ നയം അവരെ സഹായിക്കുന്നു എന്നതാണ്. സംവരണമില്ലാതെ സാമൂഹിക, വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കാവസ്ഥയില്‍ മാറ്റമുണ്ടാകില്ല,’ കമ്മീഷന്‍ നിരീക്ഷിച്ചു. 12 ശതമാനം സംവരണമുള്ള മുസ്ലിം വിഭാഗത്തിന്റെ പ്രാതിനിധ്യം 0.3 മുതല്‍ ആറു ശതമാനം വരെ കുറവായിരുന്നുവെന്ന് കമ്മീഷന്‍ കണ്ടെത്തി.
നാലു ശതമാനം സംവരണമുള്ള ലത്തീന്‍ കത്തോലിക്കരുടെ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ 10 വര്‍ഷത്തെ കണക്കെടുത്തപ്പോള്‍ കമ്മീഷന്‍ കണ്ടെത്തിയത് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ 4370 തസ്തികകള്‍ ഈ വിഭാഗത്തിനു നഷ്ടമായി എന്നാണ്. നാടാര്‍ വിഭാഗത്തിന് (രണ്ടു ശതമാനം സംവരണം) 2614 തസ്തികയും, ദലിത ക്രൈസ്തവ വിഭാഗത്തിന് (ഒരു ശതമാനം സംവരണം) 2290 തസ്തികകളും നഷ്ടമായി. സംവരണവ്യവസ്ഥയുടെ പരിരക്ഷ ഉണ്ടായിട്ടുപോലും ആംഗ്ലോ-ഇന്ത്യന്‍ ഉള്‍പ്പെടെയുള്ള ലത്തീന്‍ സമുദായത്തിന് വിദ്യാഭ്യാസം, സര്‍ക്കാര്‍ നിയമനം, ഉദ്യോഗക്കയറ്റം എന്നിവയുടെ കാര്യത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കാന്‍ കഴിയുന്നില്ല എന്ന യാഥാര്‍ഥ്യം പല സര്‍വേകളിലും തെളിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ 16(4) അനുഛേദത്തില്‍ പറയുന്ന പിന്നാക്കാവസ്ഥ എന്ന സങ്കല്പം കേരള സമൂഹം കൈവരിച്ച സാമൂഹീക പുരോഗതിയുടെ വെളിച്ചത്തില്‍ സമൂലം മാറിയിട്ടുണ്ടെന്നാണ് സാമ്പത്തിക സംവരണവാദികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ റാങ്ക്‌ലിസ്റ്റുകളുടെ സമഗ്രപഠനത്തില്‍ നിന്നു വെളിപ്പെടുന്നത് ലത്തീന്‍ സമുദായത്തിന്റെ പരമ്പരാഗത നൈപുണ്യ മേഖലയില്‍ പോലും ഉദ്യോഗാര്‍ഥികള്‍ പിന്തള്ളപ്പെടുന്ന ദൈന്യാവസ്ഥയാണ്. വര്‍ഷങ്ങളോളം കിട്ടാതെപോയ ഉദ്യോഗങ്ങളുടെ കുടിശിക തീര്‍ക്കാന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തിയാലും നിഷേധിക്കപ്പെട്ട സാമൂഹിക നീതി വീണ്ടെടുക്കാനാവില്ലല്ലോ. യുപിഎസ്‌സി, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് തുടങ്ങിയ സ്വപ്‌നമേഖലകളില്‍ ഓപ്പണ്‍ മെരിറ്റിന്റെ ‘തുല്യ അവസരം’ എത്ര ലത്തീന്‍കാര്‍ക്ക് കരഗതമാകും?
തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ തമിഴ് ബ്രാഹ്മണ അധിപത്യത്തിനെതിരെ 1891ല്‍ ഇതര വിഭാഗക്കാര്‍ മുറവിളികൂട്ടിയതോടെയാണ് സംവരണ വ്യവസ്ഥയ്ക്ക് തുടക്കമായത്. ഓരോ സമുദായത്തിന്റെയും അംഗബലത്തിന് ആനുപാതികമായി നിയമനിര്‍മാണസഭയിലും സര്‍ക്കാര്‍ സര്‍വീസിലും ഈഴവ, മുസ്ലിം, ലത്തീന്‍ വിഭാഗക്കാര്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നത് 1932ലാണ്. തിരുക്കൊച്ചിയില്‍ ഒബിസി വിഭാഗത്തിന് 35 ശതമാനവും എസ്‌സി-എസ്ടി വിഭാഗത്തിന് 10 ശതമാനവും സംവരണം അനുവദിച്ചു. മദ്രാസ് പ്രസിഡന്‍സിയില്‍ 1921 മുതല്‍ ബ്രാഹ്മണരല്ലാത്തവര്‍ക്കായി ഉദ്യോഗ സംവരണ വ്യവസ്ഥയുണ്ടായിരുന്നു. കേരളം രൂപീകൃതമായപ്പോള്‍, 20 സര്‍ക്കാര്‍ തസ്തികകളില്‍ 11 എണ്ണം ഓപ്പണ്‍ മെരിറ്റിലും ഏഴെണ്ണം പിന്നാക്ക വിഭാഗ സംവരണത്തിലും രണ്ടെണ്ണം പട്ടികജാതി-വര്‍ഗ സംവരണത്തിലുമായി വ്യവസ്ഥ ചെയ്തിരുന്നു. 57ല്‍ പിന്നാക്ക സംവരണ വിഹിതം 35 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തി.
സംവരണത്തിന്റെ ഉയര്‍ന്ന തോത് 50 ശതമാനമാണെന്ന് സുപ്രീം കോടതി നിശ്ചയിച്ചിട്ടുണ്ടെന്നിരിക്കെ കര്‍ണാടക (70 ശതമാനം), തെലങ്കാന (62 ശതമാനം), ആന്ധ്രപ്രദേശ് (55 ശതമാനം), മഹാരാഷ്ട്ര, രാജസ്ഥാന്‍, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ ആ പരിധി ഉയര്‍ത്താന്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തിവരികയാണ്. തമിഴ്‌നാട് 1993ല്‍ 69 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി നിലനിര്‍ത്തി. രാജ്യമൊട്ടാകെ സമുദായിക സംവരണ ആനുകൂല്യങ്ങള്‍ക്കായി കൂടുതല്‍ ജനവിഭാഗങ്ങള്‍ ജനകീയപ്രക്ഷോഭം നടത്തിവരികയാണ്. ഉദ്യോഗക്കയറ്റത്തിലെ സംവരണത്തിനായി പട്ടികവിഭാഗങ്ങളും ചിലയിടങ്ങളില്‍ സമരം ശക്തമാക്കിയിട്ടുണ്ട്. പിന്നാക്ക സംവരണത്തിന്റെ നിജസ്ഥിതിപഠനത്തിനായി നാഷണല്‍ സാമ്പിള്‍ സര്‍വേയ്ക്കു പുറമെ 2021ലെ സെന്‍സസില്‍ പ്രത്യേക ഡേറ്റ ശേഖരിക്കണമെന്ന നിര്‍ദേശത്തിനു പിന്നിലെ രാഷ്ട്രീയവും പരിശോധിക്കപ്പെടേണ്ടതാണ്.
കേവലം ദാരിദ്ര്യനിര്‍മാര്‍ജനത്തിനോ തൊഴില്‍ദാനത്തിനോ വേണ്ടിയുള്ള പദ്ധതിയല്ല സാമുദായിക സംവരണം എന്നോര്‍ക്കണം. പിന്നാക്ക സമുദായങ്ങള്‍ അനുഭവിച്ച ചരിത്രപരമായ സാമൂഹിക അനീതികളുടെ പ്രത്യാഘാതങ്ങള്‍ക്ക് ആധുനിക ജനാധിപത്യ ഭരണഘടനാവ്യവസ്ഥിതി നിര്‍ദേശിക്കുന്ന സാമൂഹിക നീതിയുടെയും തുല്യാവകാശങ്ങളുടെയും പ്രാമാണീകരണമാണത്. പിന്നാക്ക സംവരണ നയത്തിന്റെ അലംഘനീയതയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ഒബിസി വിഭാഗങ്ങള്‍ക്കായുള്ള സംവരണം അട്ടിമറിക്കാനുള്ള ഏതു ശ്രമത്തെയും കേരളത്തിലെ എല്ലാ പിന്നാക്ക ജനവിഭാഗങ്ങളും ഒരുമിച്ചുനിന്ന് ചെറുത്തുതോല്പിക്കണം.


Tags assigned to this article:
classlatin catholicsminorityreservation

Related Articles

കുളത്തൂപ്പുഴ പ്രത്യേക നിരീക്ഷണത്തില്‍; കൊല്ലം അതിര്‍ത്തിയില്‍ നിരോധനാജ്ഞ

കൊല്ലം: പതിനൊന്നു ദിവസത്തിനുശേഷം കൊല്ലം ജില്ലയില്‍ വീണ്ടും ഒരാള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം പത്തായി. ഇതില്‍ മൂന്നുപേര്‍ രോഗവിമുക്തരായി ആശുപത്രിവിട്ടു. പുതിയ പോസിറ്റീവ്

എവര്‍ഗ്രീന്‍ സീനിയര്‍ സിറ്റിസണ്‍സ് സംഗമം

കോഴിക്കോട്: സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ മുതിര്‍ന്നവരുടെ സംഗമം എവര്‍ഗ്രീന്‍ സീനിയര്‍ സിറ്റിസണ്‍സ് ദിനമായി ആചരിച്ചു. ദിവ്യബലിക്ക് ഫാ. ജോസ് പുളിക്കത്തറ, ഫാ. ജോസഫ് വാളന്നൂര്‍, ഫാ.

പ്രളയം: സെന്റ് ആല്‍ബര്‍ട്‌സ് കോളജ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

എറണാകുളം: സെന്റ് ആല്‍ബര്‍ട്‌സ് കോളജ് (ഓട്ടോണമസ്) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമഴ്‌സിന്റെ നേതൃത്വത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും (സിഐഐ), വരാപ്പുഴ അതിരൂപത ഇഎസ്എസ്എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ റീബില്‍ഡ് കേരള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*