പിഴല അവഗണനയുടെ തുരുത്ത്

പിഴല അവഗണനയുടെ തുരുത്ത്

കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതും ജീവരക്ഷാഔഷധങ്ങള്‍ ലഭിക്കാത്തതും പിഴലയിലെ പലരുടേയും ജീവനെടുത്തിട്ടുണ്ട്. ബന്ധുക്കളും നാട്ടുകാരും കണ്‍മുമ്പില്‍ വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നതിന് സാക്ഷികളായവര്‍ നിരവധി പേരാണ്. രാത്രികാലങ്ങളില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഏതെങ്കിലും വഞ്ചിയുള്ള വീട്ടില്‍ ചെന്ന് വീട്ടുകാരെ വിളിച്ചുണര്‍ത്തണം. രോഗിയെ കസേരയില്‍ ഇരുത്തി മറുകരയില്‍ എത്തിച്ച് ഏതെങ്കിലും വാഹനത്തെ ആശ്രയിച്ചാല്‍ മാത്രമേ ആശുപത്രിയില്‍ എത്താനാവൂ. വഞ്ചിയിലും ചങ്ങാടത്തിലും രോഗികള്‍ മരിക്കുകയും ഗര്‍ഭിണികള്‍ പ്രസവിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
അടുത്തിടെ 61 വയസുപ്രായമുള്ള ഒരു സ്ത്രീക്ക് അഗ്നിബാധയില്‍ സാരമായ പൊള്ളലേറ്റു. അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ പിഴലയുടെ മറുകരയിലുണ്ട്. റോഡ് യാത്രയാണെങ്കില്‍ ഏതാനും മിനിറ്റുകള്‍ കൊണ്ട് ആശുപത്രിയിലെത്താം. പക്ഷേ പരിക്കേറ്റ സ്ത്രീയെ പുഴകടത്തി ആശുപത്രിയിലെത്തിക്കാന്‍ ഏകദേശം ഒന്നര മണിക്കൂര്‍ സമയമെടുത്തു. ചികിത്സ ലഭിച്ചെങ്കിലും വൈകിപ്പോയിരുന്നു. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള ഒന്നര മണിക്കൂറോളം സമയം ഒരു ചികിത്സയും ലഭിക്കാതെ വേദനകൊണ്ട് നീറിപ്പിടഞ്ഞാണ് അവര്‍ മരിച്ചത്.
ഹൃദ്രോഗബാധിതനായ പണ്ടാരപ്പറമ്പില്‍ അഗസ്റ്റിന്‍ മരിച്ചത് ആശുപത്രിയിലേക്കുളള യാത്രയില്‍ ചങ്ങാടത്തില്‍ വച്ചാണ്. സമയത്തിനു ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാതെയും ചികിത്സകിട്ടാതെയും ജീവിതത്തില്‍ നിന്ന് വിടവാങ്ങേണ്ടിവന്ന നിരവധി പേര്‍ പിഴലയോടുള്ള ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടെയും അവഗണനയുടെ പ്രതീകങ്ങളാണ്.
പിഴല- മൂലമ്പിള്ളി പാലം എന്ന കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കൊച്ചി നഗരത്തിനു സമീപമുള്ള ദ്വീപുകളുടെ വികസന ചുമതലയുള്ള ജിഡ (ഗോശ്രീ ഐലന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി) എറണാകുളത്തെ വൈപ്പിന്‍കരയുമായി ബന്ധപ്പെടുത്തി ഗോശ്രീപാലങ്ങള്‍ പണിതപ്പോള്‍ പിഴലയിലെ ജനങ്ങള്‍ക്കു നല്കിയ വാക്കാണ് പിഴല പാലം. പക്ഷേ ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും പാലം പൂര്‍ത്തിയായില്ലെന്നു മാത്രം. കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തു പെയ്ത കനത്ത മഴയില്‍ പെരിയറ്റില്‍ വെള്ളം പൊങ്ങിയതോടെ ദ്വീപും പരിസരപ്രദേശങ്ങളും തീര്‍ത്തും ഒറ്റപ്പെട്ടുപോയി. മഴക്കാലങ്ങളില്‍ പിഴലയിലേക്കുള്ള ചങ്ങാട സര്‍വീസുകള്‍ മുടങ്ങുന്നത് പതിവാണ്. പണി ആരംഭിച്ച് 5 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത പാലം നോക്കുകുത്തി പോലെ പിഴലക്കാരെ പരിഹസിച്ചു നില്‍ക്കുന്നു.
കടമക്കുടി പഞ്ചായത്തിലെ ചെറു ദ്വീപുകളാണ് പിഴല, ചേന്നൂര്‍, ചെറിയ കടമക്കുടി, വലിയകടമക്കുടി, മൂലമ്പിള്ളി, കോതാട്, ചെരിയന്തുരുത്ത്, പാലിയംതുരുത്ത് എന്നിവ. കടമക്കുടി പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയെല്ലാം പിഴലയിലാണ്. ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം ജനങ്ങള്‍ ഇവിടെയുണ്ട്. പഞ്ചായത്തിലെ മറ്റു ദ്വീപുകള്‍ക്ക് കരയുമായി ബന്ധമുണ്ടെങ്കിലും പിഴല മാത്രമാണ് ഇപ്പോഴും ദ്വീപായി തുടരുന്നത്.
ചങ്ങാടവും വഞ്ചികളുമാണ് ദ്വീപ് നിവാസികളുടെ യാത്രാമാര്‍ഗങ്ങള്‍. പിഴല ദ്വീപിന്റെ രണ്ടു വശത്തത്തേക്കും ചങ്ങാടവും ഒരു വശത്തേക്ക് കടത്തുവഞ്ചിയുമുണ്ട്. രാവിലെ അഞ്ചു മണിക്ക് ആരംഭിക്കുന്ന ചങ്ങാട സര്‍വീസ് രാത്രി പത്തോടെ അവസാനിക്കും. ഈ സമയത്തിനു ശേഷം ദ്വീപില്‍ നിന്നു പുറത്തെത്താന്‍ വഞ്ചികളല്ലാതെ ഒരു മാര്‍ഗവുമില്ല. മഴ പെയ്യുന്ന സമയമാണെങ്കില്‍ വഞ്ചികളും ലഭിക്കില്ല. പലപ്പോഴും യാത്രക്കിടെ നിലച്ചുപോകുന്ന ചങ്ങാട സര്‍വീസ് മണിക്കൂറുകളെടുത്താണ് തകരാര്‍ പരിഹരിച്ച് വീണ്ടും ഓടിക്കുന്നത്. മഴക്കാലത്ത് ജിവന്‍ പണയംവച്ചാണ് പുഴവഴിയുള്ള യാത്ര. വെള്ളം ഉയര്‍ന്നാല്‍ ജെട്ടിയില്‍ നിന്ന് രണ്ടു മീറ്ററെങ്കിലും ഉയരത്തിലായിരിക്കും ചങ്ങാടത്തിന്റെ നില്പ്. റാമ്പുകള്‍ വഴി ചങ്ങാടത്തിലേക്ക് ഇരുചക്രവാഹനങ്ങള്‍ കയറ്റാന്‍ പരസഹായം വേണം. പലപ്പോഴും അപകടങ്ങളുണ്ടായിട്ടുമുണ്ട്.
ചങ്ങാടങ്ങള്‍ പലപ്പോഴും കനത്ത മഴയിലും കാറ്റിലും നിയന്ത്രണം വിട്ട് ഒഴുകിപ്പോയിട്ടുണ്ട്. കുട്ടികളെ വഞ്ചിയില്‍ കയറ്റി സ്‌കൂളിലേക്ക് അയയ്ക്കുന്നതിനെകുറിച്ചു പറയുമ്പോള്‍ അമ്മമാരുടെ മുഖത്ത് ഭീതി പടരും. വഞ്ചിയോ ചങ്ങാട സര്‍വീസോ വൈകിയാല്‍ കൃത്യസമയത്ത് ഓഫീസിലും വിദ്യാലയങ്ങളിലും എത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വേലിയിറക്ക സമയത്ത് വഞ്ചി തീരത്ത് അടുക്കാതെ വരുമ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഏറെ വിഷമിക്കും. വലിയ വാഹനങ്ങളൊന്നും ദ്വീപില്‍ എത്താത്തതിനാല്‍ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ബുദ്ധിമുട്ടുകയാണ്.
മൂലമ്പിള്ളി-ചാത്തനാട് പാത പദ്ധതി
അധികൃതര്‍ കനിയാതായപ്പോഴാണ് ജനങ്ങള്‍ സംഘടിച്ച് രംഗത്തെത്തിയത്. കെസിവൈഎം പോലുള്ള സംഘടനകള്‍ പ്രക്ഷോഭത്തിന് മുന്‍കയ്യെടുത്തു. പിഴല ജനകീയ സമിതി രൂപീകരിച്ച് സംഘടനകളും വ്യക്തികളും അതിനു പിന്നില്‍ അണിനിരന്നു. നിരന്തരമായ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പാലത്തിന് അനുമതിയായി. മൂലമ്പിള്ളി-ചാത്തനാട് പാത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു മൂലമ്പിള്ളി-പിഴല പാലത്തിന് അനുമതി നല്കിയത്. പറവൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള പുതിയ പാതയാണ് നിര്‍ദിഷ്ട മൂലമ്പിള്ളി-ചാത്തനാട് പാത പദ്ധതി. മൂലമ്പിള്ളി-പിഴല, പിഴല-കടമക്കുടി, ചാത്തനാട്-കടമക്കുടി എന്നിങ്ങനെ മൂന്നു പാലങ്ങളാണ് പദ്ധതിയിലുള്ളത്. 2014 ഡിസംബറില്‍ പിഴല-മൂലമ്പിള്ളി പാലത്തിന് തറക്കല്ലിട്ടെങ്കിലും പാലം നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പാലം നിര്‍മാണം ഇഴയുന്നതില്‍ പ്രതിഷേധിച്ച് പിഴല കെസിവൈഎം ഘടകം ജിഡ ഓഫീസിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
ആറുവര്‍ഷം മുമ്പ് ശിലാസ്ഥാപനം നടന്ന പദ്ധതിയില്‍ ചാത്തനാട്–- കടമക്കുടി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. മൂലമ്പിള്ളി-പിഴല പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നു. പാലത്തില്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പണിക്കുള്ളത്. കഴിഞ്ഞ വര്‍ഷം പാലത്തിന്റെ നിര്‍മാണത്തിലിരുന്ന ഭാഗം പൊളിഞ്ഞുവീണതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. പാതയുടെ ഏകദേശം മധ്യഭാഗത്തുള്ള പിഴല-കടമക്കുടി പാലത്തിന്റെ നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. അപ്രോച്ച്‌റോഡിനായുള്ള സ്ഥലം ഏറ്റെടുക്കല്‍, കലുങ്കുകളുടെ നിര്‍മാണം, പുനരധിവാസം തുടങ്ങിയ കാര്യങ്ങളില്‍ ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല.
പാലങ്ങളുടെ ഇരുഭാഗങ്ങളിലും അപ്രോച്ച് റോഡും തുടര്‍പാതകളും നിര്‍മിക്കാതെ പദ്ധതി പൂര്‍ത്തിയാക്കുവാന്‍ സാധിക്കില്ല. പാലങ്ങള്‍ കൊണ്ട് കാര്യമായ പ്രയോജനവും ഉണ്ടാകില്ല. ഇതിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ചാത്തനാടു മുതല്‍ മൂലമ്പിള്ളി വരെയുള്ള ഭാഗങ്ങളില്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ചാത്തനാട്, കടമക്കുടി ഭാഗങ്ങളില്‍ കുടിയൊഴിപ്പിക്കലും വേണ്ടിവരും. ഇതിനായി പല തവണ സ്ഥല ഉടമകളുമായി ചര്‍ച്ചനടത്തിയെങ്കിലും പ്രയോജനമൊന്നുമുണ്ടായിട്ടില്ല. സ്ഥലം വിട്ടുകൊടുക്കാന്‍ പലരും തയ്യാറാണെങ്കിലും അധികൃതര്‍ പറയുന്ന പാക്കേജിനോടു യോജിപ്പില്ല. പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സ്ഥലമുടമകള്‍ ആവശ്യപ്പെടുന്നു. കുടിയൊഴിപ്പിക്കുന്നവരെ കടമക്കുടിയില്‍ തന്നെ പുനരധിവസിപ്പിക്കണമെന്നും ആവശ്യമുണ്ട്.
കടമക്കുടി-പിഴല പാലത്തിനായി ബജറ്റില്‍ 40 കോടി രൂപ വകയിരുത്തിയെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. ഈ പാലത്തിന്റെ അപ്രോച്ച്‌റോഡ് പാടങ്ങളിലൂടെയും ചതുപ്പുപ്രദേശങ്ങളിലൂടെയുമാണ് കടന്നുപോകേണ്ടത്. ഇത്തരം സ്ഥലങ്ങളില്‍ തൂണു നിര്‍മിച്ച് റോഡ് നിര്‍മിക്കേണ്ടിവരും. മൂലമ്പിള്ളി-ചാത്തനാട് പാത പദ്ധതി പൂര്‍ത്തിയാകുന്നതോടെ കടമക്കുടിയിലെ വിവിധ ദ്വീപുകള്‍ എറണാകുളം നഗരവുമായി ബന്ധിക്കപ്പെടും. പറവൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള ദൂരം ഗണ്യമായി കുറയും. ഈ പാത പദ്ധതി ഒരു സ്വപ്‌നമായി അവശേഷിക്കരുതെന്നാണ് ദ്വീപ് നിവാസികളുടെ ആഗ്രഹം.


Related Articles

കടല്‍ കടന്നെത്തിയ ‘ദിവ്യ’കാരുണ്യം

  ആവശ്യത്തിലും അവശതയിലും കഴിയുന്നവര്‍ക്കു നേരെ സഹായഹസ്തം നീട്ടുന്നതാണല്ലോ യഥാര്‍ത്ഥ ക്രൈസ്തവ അരൂപി. വിദേശത്ത് സേവനം ചെയ്യുന്ന കോട്ടപ്പുറം രൂപതാംഗങ്ങളായ ഫാ. ആന്റണി കല്ലറക്കലും ഫാ. നോബി

ദളിത് കാത്തലിക് മഹാജനസഭ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

തിരുവനന്തപുരം: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി 1996ല്‍ കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ കത്ത് അയക്കുക, ത്രിതല പഞ്ചായത്ത് തലങ്ങളില്‍ പഞ്ചായത്ത് രാജ്

കീഴാറ്റൂര്‍ ശരിയോ തെറ്റോ?

കേരളത്തിലെ വയലുകളെല്ലാം കൃഷിചെയ്യപ്പെടുന്നുണ്ടോ അല്ലെങ്കില്‍ യഥാവിധി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതല്ല ഇവിടെ വിഷയം. പരിസ്ഥിതി വിഷയമാണ് സമരായുധം. കണ്ണൂര്‍ തളിപ്പറമ്പയിലൂടെ കടന്നുപോകുന്ന നിലവിലെ ദേശീയ പാത 45 മീറ്ററാക്കുമ്പോള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*