പിഴല സമരം: ഒക്ടോബര്‍ ഒന്നിന് കളക്ടറുടെ ക്യാമ്പ് ഓഫീസ് വളയും

by admin | September 29, 2018 7:16 am

എറണാകുളം:പിഴല ദ്വീപുനിവാസികളുടെ മൗലികാവകാശമായ മൂലമ്പിള്ളി-പിഴല പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ‘പിഴല കരമുട്ടിക്കല്‍ സമര’ സമിതി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. അഡ്വ. അഥീന സുന്ദര്‍ ഉദ്ഘാടനം ചെയ്തു. പിഴലയുടെ ഈ ദുരിതങ്ങള്‍ക്കു കാരണം 55 വര്‍ഷക്കാലം ഭരിച്ച സര്‍ക്കാരുകളുടെ വീഴ്ചയാണെന്ന് അഥീന കുറ്റപ്പെടുത്തി. സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്നത് പിഴലയില്‍ മാത്രമല്ല ഇന്ത്യയിലാകമാനം നടക്കുന്ന മൗലികാവകാശ ലംഘനമാണ്. ഡാമുകള്‍ കെട്ടിപ്പെടുക്കാന്‍ കാണിക്കുന്ന വ്യഗ്രത പാലങ്ങള്‍ നിര്‍മ്മിക്കാന്‍ ഭരണകൂടങ്ങള്‍ കാണിക്കണം എന്ന് അഥീന ഓര്‍മപ്പെടുത്തി.
സമര സമിതി ചെയര്‍പേര്‍ഴ്‌സണ്‍ രാജലക്ഷ്മി പത്മനാഭന്‍ അധ്യക്ഷ പ്രസംഗം നടത്തി. പിഴലയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന അധികാരികളുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് രാജലക്ഷ്മി കുറ്റപ്പെടുത്തി. പ്രളയസമയത്ത് പിഴല അനുഭവിച്ച ക്ലേശങ്ങള്‍ വര്‍ണിക്കാന്‍ കഴിയുന്നതല്ല.
മൂലംമ്പിള്ളി – പിഴല പാലം ഇന്ന് പിഴലക്ക് സഞ്ചരിക്കാനുള്ള മാര്‍ഗം മാത്രമല്ല ജീവന്‍ നിലനിര്‍ത്താനുള്ള ഒരു മാര്‍ഗം കൂടിയാണ്. അത് തടയാന്‍ ശ്രമിക്കുന്ന അധികാരികളുടെ സമീപനം തുടര്‍ന്നാല്‍ പിഴല ശക്തമായി എതിര്‍ക്കുമെന്ന് ഓര്‍മപ്പെടുത്തി.
പി. വി ഡിജിന്‍ സമരത്തിന്റെ വിശദീകരണം നടത്തി. പിഴല രൂപം കൊണ്ടനാള്‍ മുതല്‍ 667 വര്‍ഷങ്ങളുടെ ഒറ്റപ്പെടലിന്റെ ദുരനുഭവങ്ങളാണ് പിഴലയ്ക്കുള്ളത്. വന്‍കര മുട്ടിയിട്ടില്ല. പിഴലക്കാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അദ്ദേഹം വിവരിച്ചു. പാലം പണി ആരംഭിച്ചിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പാലം സഞ്ചാരയോഗ്യമായില്ല. അധികാരികളുടെ ഈ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
സാന്ദ്ര മനു സമര പ്രഖ്യാപനം നടത്തി. പാലം പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് 2018 ഒക്ടോബര്‍ 1ന് കളക്ടറുടെ ക്യാമ്പ് ഓഫീസ് വളയാന്‍ തീരുമാനിച്ചു.
ജിഡ മെമ്പറായ എംഎല്‍എ എസ്. ശര്‍മ, മാഗ്ലിന്‍ ഫിലോമിന, ഫാ. റോബിന്‍സണ്‍ പനക്കല്‍, സണ്ണി കുമ്പിക്കാട്, ബിജു കണ്ണങ്ങനാട്, സി ആര്‍ നീലകണ്ഠല്‍, വേണു, ഹാഷിം ചേന്നാപ്പിള്ളി, എം ഗീതനാന്ദന്‍, ഷാജി ജോര്‍ജ്, അഡ്വ. ഷെറി ജെ. തോമസ്, ടി. എസ് സുഭാഷ്, ജെയ്‌സണ്‍, പുരുഷന്‍ ഏലൂര്‍, രാജശ്രീ, ജയഘോഷ്, സി. ജെ തങ്കച്ചന്‍, ബെന്നി, മുരളി, ഇ. എക്‌സ് ബെന്നി, പ്രകാശന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സമര സമിതി കണ്‍വീനര്‍ ഗ്രീന്‍ സണ്‍ പയസ് സ്വാഗത പ്രസംഗം നടത്തി. ലിബിന്‍ കല്ലുവീട്ടില്‍ കൃതജ്ഞതയര്‍പ്പിച്ചു. സമര പ്രഖ്യാപന കണ്‍വെന്‍ഷനെ തുടര്‍ന്ന് ഊരാളി ബാന്‍ഡിന്റെ സംഗീതവിരുന്നും നടന്നു.

Source URL: https://jeevanaadam.in/%e0%b4%aa%e0%b4%bf%e0%b4%b4%e0%b4%b2-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%92%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8/