പുതിയ പഠനകാലം തുടങ്ങുമ്പോള്‍

പുതിയ പഠനകാലം തുടങ്ങുമ്പോള്‍

റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍

          പുത്തന്‍ അധ്യയന വര്‍ഷം തുടങ്ങി. അക്ഷരലോകത്തേക്കു വരുന്ന കുഞ്ഞുങ്ങള്‍ തുടങ്ങി ബിരുദ ബിരുദാനന്തര പഠനത്തിനായെത്തുന്നവര്‍ വരെ ശുഭപ്രതീക്ഷയോടെ പുതിയ പഠനകാലത്തെ സ്വാഗതം ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസത്തിനായെത്തുന്നവര്‍ പലപ്പോഴും കൃത്യമായ ലക്ഷ്യബോധത്തോടെയാകണമെന്നില്ല പഠന വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുന്നത്. സ്വന്തം താല്പര്യങ്ങളെയും അഭിരുചികളെയും മനസിലാക്കിയെത്തുന്നവരും ഉണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
          പന്ത്രണ്ടാം ക്ലാസിനുശേഷം എന്ത് എന്നത് പലര്‍ക്കും കീറാമുട്ടിയായ ചോദ്യം തന്നെ. മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഭാവിയെപ്പറ്റിയുള്ള ചോദ്യങ്ങളുമായി കുമാരി-കുമാരന്മാരെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങുന്ന ഈ സമയത്ത് എല്ലാവരുടെയും വായ അടപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഏതെങ്കിലുമൊരു കോഴ്‌സിനു ചേരുന്നവര്‍ നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നു. അതു വ്യക്തിയുടെ താല്പര്യങ്ങളെ മാത്രമല്ല ഉന്നത വിദ്യാഭ്യാസരംഗത്തെയും ഗുണകരമായി സഹായിക്കില്ല. കൃത്യമായ ലക്ഷ്യബോധത്തോടെയല്ല ബിരുദക്ലാസുകളെത്തുന്നതെങ്കിലും അദ്ധ്യാപകരുമായും സഹപാഠികളുമായും ഇടപഴകിയും ക്ലാസുകളില്‍ സജീവമാകുന്ന പലര്‍ക്കും ഭാവിയെക്കുറിച്ചുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതില്‍ വെളിച്ചം കിട്ടാറുണ്ട്.
          എന്തുതരം കോഴ്‌സുകളാണ് ഒരാള്‍ തന്റെ ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത് എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അവരോടു പലരും ഈചോദ്യം ചോദിച്ചിട്ടുണ്ടാകും: വലുതാകുമ്പോള്‍ നിനക്ക് ആരാകണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന്, പലതരം ഉത്തരങ്ങള്‍, അവരുടെ പ്രായത്തിന്റെ കൗതുകമനുസരിച്ച് പലരും പറഞ്ഞിട്ടുണ്ടാകും. പന്ത്രണ്ടാംക്ലാസ് കഴിഞ്ഞു നില്‍ക്കുന്ന ഒരാളോട് ഈ ചോദ്യം ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം അയാള്‍ക്ക് ഉണ്ടാകണമെന്നില്ല. അതിലേക്ക് ഉത്തരങ്ങളിലേക്ക് എത്തിപ്പെടാന്‍ സമ്മര്‍ദങ്ങള്‍ക്ക് കീഴ്‌പ്പെടാതെ ഒരാള്‍ക്ക് കഴിയേണ്ടതാണ്. അയാള്‍ കണ്ടെത്തുന്ന അയാളുടെ ഭാവിയെക്കുറിച്ചുള്ള ഉത്തരങ്ങള്‍ യാഥാര്‍ത്ഥ്യബോധ്യത്തോടെയും വിമര്‍ശനാത്മകതയോടെയും പരിശോധിക്കാന്‍ പ്രാപ്തിയുള്ളവരുമായി സംസാരിക്കാന്‍ അവര്‍ക്ക് അവസരമുണ്ടാകണം.
             മാതാപിതാക്കള്‍ക്ക് തന്നെ എല്ലാ കാര്യങ്ങളും അറിയണമെന്നില്ലല്ലോ. കുടുംബയൂണിറ്റുകളെന്നോ ബിസിസികളെന്നോ വിളിക്കപ്പെടുന്ന അടിസ്ഥാന സമൂഹത്തിലെ വിദ്യാഭ്യാസസമിതികളുടെ ചുമതലയാണിതെന്നു തോന്നുന്നു. മാര്‍ക്കു കൂടുതല്‍ വാങ്ങിയവരെ സമ്മാനം കൊടുത്ത് ആദരിക്കാന്‍ മാത്രമല്ലല്ലോ ഈ സമിതിയുടെ ചുമതല. മാര്‍ക്കുള്ളവരെയും കുറഞ്ഞവരെയും ഒരുപോലെ ലക്ഷ്യബോധം നല്‍കി നയിക്കാന്‍ പ്രാപ്തിയുള്ളവര്‍കൂടിയാകണം ഇത്തരം സമിതികളില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഇടവകയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കും കൂടി ഈ കാര്യങ്ങളില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ടാകും. ഇടവകകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനസംഘടനയുടെ സഹകരണത്തോടെ ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ അടിസ്ഥാന സമൂഹങ്ങളുടെ ചെറിയ ചെറിയ ഗ്രൂപ്പുകളായി സംഘടിപ്പിക്കാനാകും. ചെറിയ സമൂഹങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തവും ശ്രദ്ധയോടെയുള്ള പങ്കുചേരലും സാധ്യമാകും.
              വലിയ ഇടവകകളില്‍ ഇത്തരം പ്രോഗ്രാമുകള്‍ ഇടവകതലത്തില്‍ സംഘടിപ്പിക്കപ്പെടാറുണ്ടെങ്കിലും അത്രക്ക് വിജയകരമാകുന്നത് കണ്ടിട്ടില്ല. യുവജനങ്ങള്‍ മനസു തുറക്കുന്നത് ചെറിയ സമൂഹങ്ങളിലാകാനാണ് സാധ്യത കൂടുതല്‍. സാമ്പത്തികമായും സംഘടനത്തിനും ക്ലേശമുണ്ടാകുമെങ്കിലും ചെറിയ സമൂഹങ്ങളിലെ ചര്‍ച്ചകള്‍ തന്നെയാകും ഫലപ്രദമാകുന്നത്.
             ബിരുദവിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥിയുടെ പഠനാഭിരുചി മനസിലാക്കി മുന്‍ഗണന നിശ്ചയിക്കേണ്ടതാണ്. തൊഴില്‍ സാധ്യതകള്‍ അന്വേഷിച്ച് അതിനുതകുന്ന കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പഠനാഭിരുചി മനസിലാക്കി ബിരുദ പഠനത്തിനിറങ്ങുന്നതും. കലാപഠനത്തിന് താല്പര്യമുള്ള ഒരാള്‍ അത് തിരഞ്ഞെടുക്കട്ടെ. മാനസിക-സാമൂഹ്യ വിഷയങ്ങളില്‍ പഠനത്തിന് താല്പര്യമുള്ളവര്‍ അതിലേക്കു നീങ്ങണം. ശാസ്ത്ര വിഷയങ്ങളോട് അഭിരുചിയുള്ളവര്‍ അതില്‍ ശ്രദ്ധ പുലര്‍ത്തണം.
              മെഡിക്കല്‍ ബിരുദവും എഞ്ചിനീയറിംഗ് ബിരുദവും മാത്രമല്ല തുറന്നുകിട്ടുന്ന സാധ്യതകളെന്ന് കേരളത്തിലെ യുവാക്കളെ ബോധ്യപ്പെടുത്താന്‍ സാധിക്കേണ്ടതാണ്. നിയമപഠനവും മാധ്യമപഠനവും ആര്‍ക്കിടെക്ചര്‍ പഠനവും അടക്കം വ്യത്യസ്ത മേഖലകളും സാധ്യതകളും ഇന്ന് ലഭ്യമാണ്. വിവിധ വിഷയങ്ങളില്‍ ബിരുദപഠനം നടത്താന്‍ അവസരമൊരുക്കുന്ന കലാലയങ്ങള്‍, ബിരുദ പഠനത്തിനുശേഷം സാധ്യമാകുന്ന ഉന്നത പഠനമേഖലകള്‍ ലഭ്യമാക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍, ഗവണ്‍മെന്റ് നല്‍കുന്ന അന്താരാഷ്ട്രമേഖലകളിലെ പഠനസാധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ ആധുനിക ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി മനസിലാക്കിയെടുക്കാന്‍ യുവജനങ്ങള്‍ തയ്യാറാകണം. അതിനുള്ള അവസരങ്ങള്‍ ലഭിക്കാത്തവരെ സഹായിക്കാന്‍ ഇടവക കേന്ദ്രീകരിച്ചുള്ള സംഘനകള്‍ മുന്നിട്ടിറങ്ങുക തന്നെ വേണം. നിസ്വാര്‍ത്ഥമായ ശുശ്രൂഷ തന്നെയാണല്ലോ ആത്മീയത!
               അദ്ധ്യാപക മേഖലകളില്‍ താല്പര്യമുള്ളവരെ അതിനൊരുക്കമായുള്ള ‘നെറ്റ്’ പരീക്ഷയെഴുതാന്‍ തയ്യാറെടുപ്പിക്കുകയും, ഗവേഷണാഭിമുഖ്യമുള്ളവര്‍, അതേ ‘നെറ്റ്’ പരീക്ഷ തന്നെ കൂറെക്കൂടി ശ്രദ്ധയോടെ എഴുതി ഫെലോഷിപ്പുകള്‍ക്ക് അര്‍ഹമായി പഠനകാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതും നല്ലതാണ്. ഗവണ്‍മെന്റ് നല്‍കുന്ന വിവിധ മന്ത്രാലയങ്ങള്‍ നല്‍കുന്ന പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകളെപ്പറ്റി നമ്മുടെ യുവജനങ്ങള്‍ മനസിലാക്കിയെടുക്കണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി. എന്ന ഐഐടികളില്‍ ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ക്കടക്കം ഗവേഷണ സാധ്യതകളുണ്ടെന്നും, അവിടെ പഠിക്കാന്‍ അവസരം നേടിയെടുക്കാന്‍ ശ്രമിക്കേണ്ടതാണെന്നും പറയുമ്പോഴാണ് പല കുട്ടികളും ഐഐടികളെക്കുറിച്ചു കേള്‍ക്കുന്നതു തന്നെ. ശാസ്ത്രാഭിരുചിയുള്ളവര്‍, ബിരുദാനന്തര പഠനശേഷം ഗവേഷകരാകാന്‍ താല്പര്യപ്പെടുകയാണെങ്കില്‍, അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണ സൗകര്യമൊരുക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഇന്ത്യയിലെമ്പാടും ഉണ്ടെന്നറിയുന്നതും നല്ലതാണ്. ഗവേഷണപ്രബന്ധം തീര്‍ത്തുകഴിഞ്ഞാല്‍ ഗവേഷണം തീര്‍ന്നു എന്ന പഴഞ്ചന്‍ ചിന്താഗതിയൊക്കെ മാറിയ കാര്യം ഇന്ന് ഗവേഷണമേഖലയിലുള്ളവര്‍ക്ക് അറിയാവുന്നതാണ്. കൂടുതല്‍ കൂടുതല്‍ ഗവേഷണ മേഖലകള്‍ തുറന്നുവരുന്ന കാലഘട്ടമാണ് നമ്മുടേത്. അത് ശാസ്ത്രമേഖലയുടെ മാത്രം പ്രതിഭാസമല്ല; സാമൂഹ്യ-മാനസിക വിഷയങ്ങളുടെയും കൂടി കാര്യമാണ്.
               സിവില്‍ സര്‍വീസ് മേഖലകളിലേക്ക് തിരിയാന്‍ താല്പര്യമുള്ളവര്‍ അതിനനുസരിച്ചുള്ള ഭാഷാ നൈപുണ്യവും വായനാശീലവും ചിന്താപദ്ധതികളും ആര്‍ജിക്കണം. നല്ല ലൈബ്രറികള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ധാരണയുള്ളവരുമായി സംസാരിച്ച് വ്യക്തത നേടണം. അടുക്കും ചിട്ടയോടും കൂടിയ പഠനത്തിന് തുടക്കം കുറിക്കണം. സര്‍ക്കാര്‍ മേഖലയില്‍ ജോലി നേടാന്‍ പരിശ്രമിക്കുന്നവരും ഈ രീതിയിലുള്ള പഠനശ്രമം നടത്തേണ്ടതാണ്. താല്പര്യമുള്ള ജനങ്ങള്‍ക്ക് ഒരുമിച്ചുകൂടി പഠനപ്രവര്‍ത്തനങ്ങളും ഒരുക്കവും നടത്താനുള്ള സ്ഥല സൗകര്യമുണ്ടെങ്കില്‍ ഇടവക കേന്ദ്രീകരിച്ച് അത് നല്കുന്നത് ഉചിതമായിരിക്കും. ഏത് നേട്ടവും നിരന്തരമായ അന്വേഷണത്തിലൂടെയും കഠിനമായ പരിശ്രമത്തിലൂടെയും മാത്രമേ ആര്‍ജിക്കാനാവൂ. അവസരങ്ങള്‍ തേടിവരുന്നതല്ല; അന്വേഷിച്ച് കണ്ടെത്തുന്നതാണ്. ജീവിത മത്സരം കൊടുമ്പിരികൊള്ളുന്ന കാലത്ത് ഉത്സാഹഭരിതമായി അതിലിടപെടാന്‍ യുവാക്കളെ പരിശീലിപ്പിക്കല്‍ കൂടിയാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിലൊന്ന.് സമൂഹങ്ങള്‍ വളരുന്നത് ലക്ഷ്യബോധമുള്ള ചെറുപ്പക്കാരെ രൂപീകരിച്ചെടുക്കുമ്പോഴാണ്. അവരവരുടെ കംഫര്‍ട്ട് സോണുകള്‍ വിട്ട് സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പ്രയ്ത്‌നിക്കുമ്പോഴാണ് ഏതു സമുദായത്തിന്റെയും നേതൃനിരയിലുള്ളവര്‍ അവരവരുടെ ധര്‍മം നിറവേറ്റുന്നവരാവുകയുള്ളൂ. വാതിലുകള്‍ കൊട്ടിയടക്കുന്നവരെയല്ല അവസരങ്ങളുടെ വാതായനങ്ങള്‍ വലിച്ചുതുറക്കുന്നവരെയാണ് കാലഘട്ടത്തിനാവശ്യം. അറിയാനും അറിയിക്കാനും വേണ്ടി പള്ളിക്കൂടങ്ങള്‍ തുറന്നവരുടെ പിന്‍ഗാമികള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്.


Related Articles

കൊവിഡിനിടെ വിലങ്ങിട്ട വംശീയക്കൊല; പ്രതിഷേധം പടരുന്നു

മിനിയാപൊളിസ്/വാഷിങ്ടണ്‍: നിരായുധനായ കറുത്തവംശജനെ വിലങ്ങണിയിച്ച് തെരുവിലിട്ട് ശ്വാസം മുട്ടിച്ച് കൊന്ന പൊലീസ് നിഷ്ഠുരതയ്‌ക്കെതിരെയുള്ള പ്രക്ഷോഭം അമേരിക്കയാകെ പടര്‍ന്നു. നിരന്തരമായ വംശീയ വിവേചനവും പീഡനവും നേരിടുന്നവരുടെ രോഷത്തീയില്‍  പൊലീസ്

സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജെസ്യൂട്ട് വൈദീകര്‍

മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്യൂട്ട് പുരോഹിതര്‍ രംഗത്ത്. ബാന്ദ്രയിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിനു മുമ്പില്‍ സ്റ്റാന്‍

നുണയുടെ കെണിയും കാണാക്കിനാക്കളും

വക്രബുദ്ധി കൊണ്ട് ജീവിക്കുന്ന പരാന്നഭോജികള്‍ (parasites) ലോകത്തെങ്ങുമു ണ്ട്. എങ്കിലും മോന്‍സണ്‍ മാവുങ്കല്‍ എല്ലാരെയും അതിശയിപ്പിച്ചു. വമ്പന്‍മാരെ അനായാസം വീഴ്ത്തിയ അയാളുടെ നാവിനെ ചിലര്‍ വാഴ്ത്തുന്നു. ആന്റിസോഷ്യല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*