പുതുവര്‍ഷ സമ്മാനമായി പ്രത്യാശയുടെ വാക്സിന്

മഹാമാരിയുടെ ഒരാണ്ടറുതിയില്, കൊടും ദുരിതങ്ങളുടെയും ഭയാശങ്കകളുടെയും വിമ്മിട്ടങ്ങളുടെയും ഇരുണ്ട കാലത്തില്‍ നിന്ന് പ്രത്യാശയിലേക്ക് ഒരു വഴിത്തിരിവിനായി കാത്തിരിക്കുമ്പോള്‍ ആശ്വാസത്തിന് ചില നല്ല വര്‍ത്തമാനങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. കൊറോണവൈറസിനുള്ള പ്രതിരോധ കുത്തിവയ്പ് ലോകമെങ്ങും വിപുലമായ തോതില്‍ ആരംഭിച്ചിരിക്കുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാസെനെക്കയുമായി ചേര്‍ന്ന് പുനെയിലെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് വാക്സിന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് അടിയന്തര ഉപയോഗ അനുമതി ഉടന്‍ നല്‍കുമെന്നാണ് പ്രതീക്ഷ. പുനെയില്‍ നിന്ന് വിതരണത്തിനായി അഞ്ചു കോടി വാക്സിന് ഡോസുകള്‍ ഒരുക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളില്‍ ഏഴു ജില്ലകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതിരോധകുത്തിവയ്പ്പിന് കോ-വിന് ആപ്ലിക്കേഷന്‍ കുറ്റമറ്റരീതിയില്‍ പ്രയോജനപ്പെടുത്തുന്നതിന് നടത്തിയ രണ്ടു ദിവസത്തെ ഡ്രൈ റണ്‍ ഫലവത്തായിരുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍, പകര്‍ച്ചവ്യാധിക്കെതിരെ മുന്‍നിര പോരാട്ടം നയിക്കുന്ന പൊലീസുകാര്‍ അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥര്‍, 50 വയസു കഴിഞ്ഞവര്‍, 50 വയസില്‍ താഴെയുള്ള ഇതര രോഗഗ്രസ്തര്‍ എന്നിങ്ങനെ മുന്‍ഗണന പട്ടികയുണ്ടാക്കി സംസ്ഥാന തലത്തില്‍ സ്റ്റിയറിങ് കമ്മിറ്റിയും ടാസ്ക് ഫോഴ്സും ബ്ലോക്ക് തലം വരെ പ്രത്യേക ദൗത്യസംഘങ്ങളും രൂപവത്കരിച്ച് കേരളത്തിലും വാക്സിന് കുത്തിവയ്പ്പിന് ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്.
പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് ലോകത്തിലെതന്നെ ഏറ്റവും വിപുലമായ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. ഏറ്റവും ഫലപ്രദമായ വാക്സിന് ഏതെന്നു നിശ്ചയിച്ച്, ഏറ്റവും അര്‍ഹരായവര്‍ക്ക് മുന്‍ഗണന നല്കി നീതിപൂര്‍വകമായും സുതാര്യമായും അത് കൃത്യമായും സുരക്ഷിതമായും എത്തിച്ചുനല്കുക എന്നതാണ് ഭരണകൂടത്തിന്റെ ചുമതല. കേരളത്തില്‍ എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്ന് തദ്ദേശഭരണ തിരഞ്ഞെടുപ്പുവേളയില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. വാക്സിന് ലഭ്യത, മുന്‍ഗണനാക്രമത്തിലുള്ള രജിസ്ട്രേഷന്, കുത്തിവയ്പുകേന്ദ്രങ്ങള്‍ നിര്‍ണയിക്കല്‍, വാക്സിന് സുരക്ഷിതമായി സൂക്ഷിക്കുന്നതിനും എത്തിക്കുന്നതിനുമുള്ള കോള്‍ഡ് ചെയിന്‍ പോയിന്റ്, ഐസ്-ലൈന്ഡ് റഫ്രിജറേറ്റര്‍, വാക്ക്-ഇന്‍ കൂളര്‍, ഫ്രീസേഴ്സ്, റീഫര്‍ വാന്‍, നിശ്ചിത ആഴ്ചക്രമത്തില്‍ രണ്ട് കുത്തിവയ്പുകള്‍ക്കുള്ള ക്രമീകരണം, ഡേറ്റാശേഖരണം തുടങ്ങി സൂക്ഷ്മവും വിശദവുമായ ഏകോപനത്തിന്റെയും നിരീക്ഷണത്തിന്റെയും വിലയിരുത്തലിന്റെയും കാര്യനിര്‍വഹണത്തിന്റെയും ധനവിനിയോഗത്തിന്റെയും പ്രശ്നങ്ങള്‍ വാക്സിനേഷനുമായി ബന്ധപ്പെട്ടതായുണ്ട്.
പ്രതിരോധകുത്തിവയ്പ് നിര്‍ബന്ധിതമല്ല. താല്പര്യമുള്ളവര്ക്ക് ലഭ്യമാക്കുക എന്നതാണ് പൊതുവെ ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കുന്ന നയം. പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കകളും മറ്റും ചിലയിടങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇതിനിടെയാണ് സാര്‍സ്-കോവ്-2 എന്ന കൊറോണവൈറസിന്റെ ജനിതക വകഭേദത്തെക്കുറിച്ചുള്ള പുത്തന്‍ ഭീതികള്‍ ഉടലെടുക്കുന്നത്. എല്ലാ ആര്‍എന്‍എ വൈറസുകളെയും പോലെ കൊവിഡ്-19 എന്ന രോഗത്തിന് ഇടയാക്കുന്ന കൊറോണവൈറസും നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കും. ഇതുവരെ കണ്ടതിനെക്കാള്‍ 70 ശതമാനത്തോളം കൂടുതല്‍ സാംക്രമികശേഷിയുള്ള കൊറോണവൈറസ് യുകെയിലെ ലണ്ടനിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും രോഗബാധിതരില്‍ നിന്നുള്ള സ്രവസാംപിളുകളുടെ ജിനോം സീക്വന്‍സിങ് പരിശോധനയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ ക്രിസ്മസ് കാലത്ത് വീണ്ടും സംപൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങള്‍ യുകെയുമായുള്ള വ്യോമയാനബന്ധം വിഛേദിക്കുകയും ചെയ്തു. സ്പൈക് പ്രോട്ടീനില്‍ ഉള്‍പ്പെടെ വൈറസിന്റെ 17 ഘടകങ്ങളിലാണ് കൊവിഡ്-19 ജിനോമിക്സ് യുകെ മ്യൂട്ടേഷന് കണ്ടെത്തിയത്. അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ ഇനം സാര്‍സ്-കോവ്-2 (പരിശോധനയിലിരിക്കുന്ന വകഭേദം എന്നു സൂചിപ്പിക്കുന്ന ‘വിയുഐ-202012/01’ എന്നാണ് അതിന് തത്കാലം പേരിട്ടിരിക്കുന്നത്) ഫ്രാന്‍സ്, സ്പെയിന്, ഡെന്മാര്ക്ക്, സ്വീഡന്, നെതര്‍ലന്‍ഡ്സ്, ജര്‍മനി, ഇറ്റലി, കാനഡ, ജപ്പാന്, ഓസ്ട്രേലിയ, ലബനോന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പടര്‍ന്നുകഴിഞ്ഞു. മീററ്റിലെ രണ്ടു വയസുകാരിക്ക് ഉള്‍പ്പെടെ ഇന്ത്യയില്‍ 20 കൊവിഡ് രോഗികളില്‍ യുകെയില്‍ കണ്ട പുതിയ ഇനം വൈറസ് സ്ഥിരീകിരിച്ചിട്ടുണ്ട്.
കൊറോണവൈറസിലെ ജനിതകമാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് രോഗവ്യാപനനിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വൈറല്‍ ജിനോമിക് സര്‍വെയ്ലന്‍സ് കണ്‍സോര്‍ഷ്യം (ഇന്‍സാകോഗ്) രൂപവത്കരിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കൊവിഡ് പോസിറ്റീവ് കേസുകളില്‍ അഞ്ചു ശതമാനം വീതം സാമ്പിള്‍ ജനിതകഘടനാ പരിശോധനയ്ക്കു വിധേയമാക്കാനാണ് ദേശീയ ടാസ്ക് ഫോഴ്സ് നിര്‍ദേശിക്കുന്നത്. പുനെ, ബംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വര്‍, ഡല്‍ഹി, കോല്‍ക്കത്തയിലെ കല്യാണി എന്നിവിടങ്ങളിലായി 10 റീജണല്‍ ലബോറട്ടറികളില്‍ പൂര്‍ണ ജിനോം സീക്വന്‍സിങ് (ഡബ്ല്യുജിഎസ്) പരിശോധന നടത്താന്‍ സൗകര്യമുണ്ട്.
നവംബര്‍ 25നും ഡിസംബര്‍ 23നും മധ്യേ യുകെയില്‍നിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ കണ്ടെത്തി കൊവിഡ് രോഗലക്ഷണമുള്ള എല്ലാവരുടെയും സാംപിള്‍ ജിനോം സിക്വന്‍സിങ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. തത്കാലം കൊവിഡ്-19 വ്യാപന നിയന്ത്രണത്തിനുള്ള മാര്‍ഗരേഖപ്രകാരമുള്ള നടപടികള്‍ തന്നെ തുടരും. രോഗപ്രതിരോധ, പരിചരണവിധികളില് മാറ്റമൊന്നും നിര്‍ദേശിക്കുന്നില്ല. പുതിയ ഇനം വൈറസിനെ പ്രതിരോധിക്കാനും ഇപ്പോള്‍ വികസിപ്പിച്ചിട്ടുള്ള വാക്സിനു കഴിയുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
സെപ്റ്റംബറില്‍ മൂര്ധന്യാവസ്ഥയിലേക്കു നീങ്ങിയ തരംഗങ്ങളില്‍ നിന്ന് രോഗപ്പകര്‍ച്ചയുടെ തോത് അനുദിനം കുറഞ്ഞുവരുന്നു എന്ന ആശ്വാസസൂചനയും ഇതിനിടെ ഉയരുന്നുണ്ട്. ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗബാധയുടെ തോത് കഴിഞ്ഞ 187 ദിവസങ്ങള്‍ക്കിടെ ഏറ്റവും കുറവ് ഇക്കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ദൈനിക കണക്കില്‍ ആറുമാസത്തിനിടെ ആദ്യമായി പോസിറ്റീവ് കേസുകളുടെ എണ്ണം 16,432 ആയി കുറഞ്ഞു. മൊത്തം രോഗബാധിതരുടെ എണ്ണം 1.02 കോടി ആയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ആക്ടീവ് കേസുകള്‍ 2,68,581 മാത്രമാണ്. ഇതൊക്കെയാണെങ്കിലും, വിദേശത്തുനിന്ന് എത്തി രോഗലക്ഷണം പ്രകടിപ്പിക്കുന്നവരുടെ സ്രവസാമ്പിളുകളുടെ ജനിതകഘടനയുടെ അടിസ്ഥാനത്തിലുള്ള വിശദപരിശോധനയുടെ കാര്യത്തില്‍ മാത്രമല്ല, നാട്ടിലുള്ളവരില്‍ പ്രകടമായ രോഗലക്ഷണമില്ലാതെതന്നെ വൈറസ് വ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും ഗൗരവതരമായ വിലയിരുത്തല്‍ കൂടിയേതീരൂ. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ഒന്‍പതു മാസമായി അടഞ്ഞുകിടന്ന ബാറുകളിലും ബിയര്‍-വൈന്‍ പാര്‍ലറുകളിലും ക്ലബ്ബുകളിലും തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ മറപറ്റി വീണ്ടും മദ്യം വിളമ്പാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ അവസരമൊരുക്കിയിട്ടുണ്ട്. ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റുകളില് രാത്രി ഒന്പതുവരെ മദ്യം കിട്ടും. ബാറില്‍ നിന്നിറങ്ങുമ്പോള്‍ മാസ്ക് ധരിക്കുന്നതുകൊണ്ടു മാത്രം കൊറോണവൈറസിനെ തടഞ്ഞുനിര്‍ത്താനാകും എന്ന ധാരണ മദ്യപര്ക്കുണ്ടാകാതിരിക്കട്ടെ!
യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 45 കോടി ജനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധകുത്തിവയ്പ്പിനായി ജര്‍മനിയിലെ ബയോഎന്‍ടെക്, അമേരിക്കയിലെ ഫൈസര്‍ എന്നിവ ചേര്‍ന്ന് ബെല്‍ജിയം ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന വാക്സിന് മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപമാനത്തില്‍ സൂക്ഷിക്കുന്ന സൂപ്പര്‍-കോള്‍ഡ് കണ്ടെയ്നറുകളില്‍ എത്തിച്ച് മുന്‍ഗണനാപട്ടികയിലുള്ളവര്‍ക്ക് ആദ്യ ഡോസ് നല്‍കിത്തുടങ്ങി. ഓരോ രാജ്യത്തും 10,000 ഡോസ് വാക്സിനാണ് ആദ്യറൗണ്ടില്‍ നല്‍കുന്നത്. പുതുവര്‍ഷത്തോടെ 125 ലക്ഷം ഡോസ് ഫൈസര്‍ വാക്സിന് യൂറോപ്പില്‍ കുത്തിവച്ചുകഴിഞ്ഞിരിക്കും. ബയോഎന്‍ടെക് കമ്പനിയുള്ള ജര്‍മനി കൂടുതല്‍ വാക്സിന് വിഹിതം സ്വന്തമാക്കിയെന്ന് ഇറ്റലിയിലെ ചില രാഷ്ട്രീയ നേതാക്കള്‍ കുറ്റപ്പെടുത്തുന്നുണ്ട്. ജര്‍മനിയുടെ വടക്കന്‍ തീരത്തെ സ്ട്രാല്സുണ്ടില് വയോജനകേന്ദ്രത്തിലെ എട്ടു ജീവനക്കാര്‍ക്ക് വാക്സിന് കുത്തിവയ്പ്പില്‍ ഡോസ് അഞ്ചിരട്ടിയായതിനെ തുടര്‍ന്ന് അവരെ ആശുപത്രിയിലെത്തിക്കേണ്ടിവന്നു. തെക്കന്‍ ജര്‍മനിയില്‍ ഒരിടത്ത് വാക്സിന് നിശ്ചിത താപനിലയില്‍ (മൈനസ് 70 സെല്‍ഷ്യസ്) സൂക്ഷിക്കുന്നതിനു പകരം 1,000 ഡോസുകള്‍ സാധാരണ ക്യാപിങ് ബോക്സുകളില്‍ കണ്ടെത്തിയതും വാക്സിന് വിതരണത്തിലെ പാളിച്ചകളുടെ സൂചനയാണ്. എന്നിരുന്നാലും, തെക്കന്‍ ജര്‍മനിയിലെ ലെയ്ക് കോണ്സ്റ്റാന്സിനു മീതെ സാമി ക്രാമര്‍ എന്ന ഇരുപതുകാരനായ പൈലറ്റ് ഡി-എനിഗ് വിമാനത്തില്‍ 200 കിലോമീറ്റര്‍ പറന്ന് വലിയൊരു സിറിഞ്ചിന്റെ രേഖാചിത്രം ആകാശത്തു വരച്ചിട്ടത് ഫ്ളൈറ്റ്റാഡര്24.കോം ലോകത്തിനു കാട്ടിക്കൊടുത്തതുപോലെ, മഹാമാരിയുടെ ഇരുണ്ടകാലത്തെ പ്രത്യാശയുടെ വെള്ളിരേഖതന്നെയാണ് കൊവിഡ് വാക്സിന്. കൊവിഡ് രോഗികള്‍ക്കായി ഐസിയു കിടക്കയും വെന്റിലേറ്ററും അനുവദിക്കുന്നതില്‍ പോലും പലതരം വിവേചനങ്ങള്‍ കാണിച്ചവര്‍, പ്രതിരോധവാക്സിന്റെ കാര്യത്തില്‍ ഏറ്റവും ദുര്‍ബലരും വ്രണിതരുമായവരെ ഒഴിവാക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പ യാചിക്കുന്നത് എന്തുകൊണ്ടാണെന്ന് കരുണാര്‍ദ്രരായ ഭരണാധികാരികള്‍ക്ക് മനസിലാകാതിരിക്കില്ല.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജെസ്യൂട്ട് വൈദീകര്‍
മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്യൂട്ട് പുരോഹിതര്‍ രംഗത്ത്. ബാന്ദ്രയിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിനു മുമ്പില്‍ സ്റ്റാന്‍
ലത്തീന്‍ സഭയുടെ പൗരാണിക രൂപതയുടെ പുതിയ അമരക്കാരന്
ഡോ. ബൈജു ജൂലിയാന്, എപ്പിസ്കോപ്പല്‍ വികാര്‍, കൊല്ലം രൂപത കേരളത്തിലെ കുലശേഖര സാമ്രാജ്യത്തിന്റെ അസ്തമയത്തോടുകൂടി ഉയര്‍ന്നുവന്ന രാജ്യമാണ് വേണാട്
ആറ്റില്‍ ചവിട്ടിത്താഴ്ത്താനോ ദളിതന്റെ പ്രണയവും ജീവനും
ജാതിരഹിത മനുഷ്യസാഹോദര്യത്തിന്റെ നവോത്ഥാന മൂല്യങ്ങളുടെയും പുരോഗമനശക്തികളുടെ സ്വാധീനതയുടെയും പേരില്‍ ഊറ്റംകൊള്ളുന്ന ആധുനിക കേരളീയ സമൂഹത്തിന്റെ ജീര്‍ണതയും കാപട്യവും ദുര്‍ഗതിയും വെളിവാക്കുന്ന അതിദാരുണവും പൈശാചികവുമായ ക്രൂരകൃത്യമാണ് കോട്ടയത്തെ ദളിത