പുത്തന്‍ അനുഭവം

പുത്തന്‍ അനുഭവം

സാധാരണക്കാരന്റെ ജീവിതമെന്നും പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്‌നങ്ങളുടെ ശവപ്പറമ്പായിരിക്കും. വല്ലപ്പോഴുമൊരിക്കല്‍ ആരെങ്കിലുമൊരാള്‍ അത്തരം ശവപ്പറമ്പില്‍ നിന്നും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചാലായി! തന്റെ കൊച്ചുമോഹങ്ങള്‍ യാഥാര്‍ഥ്യമാക്കാനാകാതെ വീര്‍പ്പുമുട്ടുന്ന ലോനപ്പനെന്ന സാധാരണക്കാരന്റെ കഥ പറയുകയാണ് ലിയോ തദേവൂസ് ലോനപ്പന്റെ മാമോദീസയിലൂടെ. മലയാള സിനിമയ്ക്ക് ലോനപ്പന്‍ ഒരു പുത്തന്‍ അനുഭവമാണ് പകരുന്നത്.
ക്രൈസ്തവമതാചാരവും വിശ്വാസവുമനുസരിച്ച് മാമോദീസയെന്നത് മനുഷ്യന്റെ പുതുസൃഷ്ടിയാണ്. അത്തരമൊരു പ്രക്രിയക്ക് വിധേയരാകേണ്ടതിന്റെ ആവശ്യകതയാണ് സിനിമ ചൂണ്ടിക്കാണിക്കുന്നത്. മോഹഭംഗങ്ങളും നിരാശയും കലര്‍ന്ന ജീവിതത്തെ തമാശയോടെയാണ് ലോനപ്പന്‍ നോക്കിക്കാണാനാഗ്രഹിക്കുന്നത്. പക്ഷേ പലപ്പോഴും അയാളുടെ ക്ഷമ നശിച്ചുപോകുന്നു. സാധാരണക്കാരനായൊരാള്‍ ജീവിതസാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനു സമാനമായാണ് ലോനപ്പന്റെയും പ്രതികരണങ്ങള്‍. പിന്നീടത് തീവ്രതപ്രാപിക്കുമ്പോള്‍ അയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലും ബാധിക്കുന്നു.
ഇരിങ്ങാലക്കുടയെന്ന ചെറുപട്ടണത്തിന്റെ ചാരെയുള്ള ചാമക്കുന്നെന്ന ഗ്രാമത്തിലാണ് ലോനപ്പനും കുടുംബാംഗങ്ങളായ മൂന്നു സഹോദരിമാരും താമസിക്കുന്നത്. നാലു പേരും അവിവാഹിതര്‍. തലമുറയായി ലഭിച്ച അമലോത്ഭവയെന്നു പേരുള്ള വാച്ച്കടയാണ് ലോനപ്പന്റെ സാമ്രാജ്യം. കട കാലത്തിനനുസരിച്ച് വികസിപ്പിക്കുവാനോ കച്ചവടം മോടിയാക്കാനോ ലോനപ്പന്‍ ശ്രമിക്കുന്നില്ല; അല്ലെങ്കില്‍ അയാള്‍ക്കതിനു കഴിയുന്നില്ല.
ഒരിക്കല്‍ പൂര്‍വവിദ്യാര്‍ഥി സംഗമത്തിനായി പഴയ വിദ്യാലയത്തിലേക്കു പോയ ലോനപ്പന്‍ കൂടുതല്‍ കനംതിങ്ങിയ മനസുമായാണ് തിരിച്ചുവരുന്നത്. സ്‌കൂളില്‍ കഥ പറഞ്ഞ് താരമായിരുന്ന ലോനപ്പന്‍ ഇപ്പോള്‍ പ്രഭ മങ്ങി ഭൂമിയില്‍ പതിച്ചിരിക്കുകയാണ്. അന്ന് എഴുതിതള്ളിയിരുന്നവരെല്ലാം ഇന്ന് പല മേഖലയില്‍ താരങ്ങളുമായി. തനിക്ക് എവിടേയും എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്ന അറിവ് ലോനപ്പനെ ആഴത്തില്‍ മുറിവേല്പിക്കുന്നു. പിന്നീട് ജീവിതത്തിലെ ഒരു വഴിത്തിരിവിനായി അയാള്‍ കഠിനപ്രയത്‌നം ചെയ്യുകയാണ്.
ലോനപ്പന്റെ ജീവിതം യഥാതഥമായി അവതരിപ്പിക്കുന്നിടത്താണ് ഈ സിനിമയുടെ വിജയം. അതിനുവേണ്ട ലൊക്കേഷനും താരങ്ങളെയും സംവിധായകന്‍ വിദഗ്ധമായി കൂട്ടിയോജിപ്പിച്ചിരിക്കുന്നു. ചാമക്കുന്ന് എന്ന സ്ഥലം പോലും ഒരു കഥാപാത്രമായി പ്രേക്ഷകന്റെ കൂടെയുണ്ട്.
മലയാള സിനിമയില്‍ നവതരംഗം ആഞ്ഞുവീശിക്കൊണ്ടിരിക്കുന്ന കാലമാണിത്. പല സിനിമകളും കുടുംബത്തോടൊപ്പമിരുന്ന് ആസ്വദിക്കാനും ബുദ്ധിമുട്ടുണ്ട്. ലോനപ്പന്റെ മാമോദീസ ഒരു കുടുംബചിത്രമെന്ന നിലയില്‍ 100 ശതമാനം സ്വീകാര്യമാകുന്നത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്.
മധ്യവയസിലെത്തിയ പ്രാരാബ്ധക്കാരനായ തനിനാട്ടിന്‍പുറത്തുകാരന്‍ ലോനപ്പനായി ജയറാം കസറുന്നു. മലയാള സനിമിയ്ക്ക് നിരവധി നല്ല കഥാപാത്രങ്ങളെ സംഭാവന ചെയ്ത ജയറാമിന്റെ ഒരുഗ്രന്‍ തിരിച്ചുവരുവിനു കൂടി ചിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്. ലോനപ്പന്റെ വല്ല്യേച്ചിയായി വേഷമിട്ട ശാന്തികൃഷ്ണ, സഹോദരിമാരായി അഭിനയിച്ച നിഷ സാരംഗ്, ഇവ പവിത്രന്‍ എന്നിവരും സ്വാഭാവിക അഭിനയമികവില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അങ്കമാലി ഡയറീസിലൂടെ കടന്നുവന്ന അന്ന രേഷ്മ രാജന്‍ തന്റെ നായികാവേഷം തൃപ്തികരമാക്കി. ഹനീഷ് കണാരന്‍, ദിലീഷ് പോത്തന്‍, ജോജു ജോസഫ്, ഇന്നസെന്റ്, കനഹ, അലന്‍സിയര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിനാരായണന്‍, ജോഫി തരകന്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകരുന്നു. ജോസഫ് നെല്ലിക്കലാണ് കലാസംവിധാനം.
തകര്‍ന്നു പോയേക്കാവുന്ന ജീവിതത്തെ പോസിറ്റീവ് എനര്‍ജി നല്കി പുതുജീവിതത്തിലേക്ക് നയിക്കുമ്പോഴാണ് മാമോദീസയുടെ വാക്യര്‍ത്ഥങ്ങള്‍ പൂര്‍ണമാകുന്നത്. ലോകത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മൂല്യബോധസംസ്‌കാരത്തിന്റെ തിരിച്ചുവരവുകൂടിയാണ് ഈ സിനിമ പങ്കുവയ്ക്കുന്നത്. അതിന്റെ തെളിവാണ് തിയ്യറ്ററില്‍ ഉയരുന്ന കയ്യടികള്‍. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പച്ചമരത്തണലില്‍, പയ്യന്‍സ്, ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്ത ലോനപ്പന്റെ മാമോദീസ സംവിധായകന്റെ കാര്യത്തിലും പുതുജീവന്‍ പകരുന്നുണ്ട്. നല്ല സിനിമകള്‍ ചെയ്താല്‍ മാത്രം പോര അതു സാധാരണക്കാരായ പ്രേക്ഷകരുമായി സംവദിക്കുമ്പോഴേ സംവിധായകന്റെ ഉത്തരവാദിത്വം പൂര്‍ണമാകുന്നുള്ളൂ എന്നതിന് ലോനപ്പന്‍ സാക്ഷ്യമേകുന്നു.


Related Articles

കൊറോണ കേരളത്തിനുപുറത്ത് നാലു മലയാളികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ്-19 ബാധിച്ച് കേരളത്തിനു പുറത്തുള്ള നാലുമലയാളികള്‍ മരിച്ചു. യുഎസില്‍ രണ്ടുപേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണുണ്ടായത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍

2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ ഫ്രാന്‍സിസ് പാപ്പ കുടുംബവര്‍ഷാചരണം പ്രഖ്യാപിച്ചു

  എറണാകുളം: കത്തോലിക്കാസഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്ന യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ തന്നെ കുടുംബവര്‍ഷാചരണം കൂടി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചതായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാ. റെൻസൻ പൊള്ളയിൽ അന്തരിച്ചു

വാഹനാപകടത്തെ തുടർന്നു അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഫാ. റെൻസൻ പൊള്ളയിൽ അന്തരിച്ചു. ആലപ്പുഴ രൂപത മെത്രാൻ ഡോ ജെയിംസ് ആനാപറമ്പിലാണ് മരണവാർത്ത സ്ഥിതീകരിച്ചത്. With heartfelt sorrow and

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*