Breaking News

പുനര്‍ഗേഹത്തിന്റെ ഐശ്വര്യത്തിന്

പുനര്‍ഗേഹത്തിന്റെ ഐശ്വര്യത്തിന്

സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിലൂടെ 2,14,262 വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറുന്നതിന്റെ ആഘോഷപ്രഖ്യാപനം മാന്ദ്യകാലത്തും കേരളത്തിലെ ഇടതുമുന്നണി ഗവണ്‍മെന്റ് സാമൂഹിക വികസനരംഗത്ത് നടത്തുന്ന അഭൂതപൂര്‍വമായ ഇടപെടലിന്റെ ഏറ്റവും വലിയ രാഷ്ട്രീയ വിളംബരമാണ്. വീടില്ലാത്ത ഒരു കുടുംബവും സംസ്ഥാനത്തില്ല എന്ന് ഉറപ്പുവരുത്താനുള്ള ദൃഢനിശ്ചയം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരദേശത്തിനായുള്ള പുനര്‍ഗേഹം പദ്ധതിപ്രഖ്യാപനത്തിലൂടെ.
ലൈഫ് മിഷന്റെ ഭാഗമായി ഫിഷറീസ് മേഖലയില്‍ 280 കോടി രൂപ ചെലവില്‍ 7,000 വീടുകള്‍ നിര്‍മിക്കുമെന്നും, റീബില്‍ഡ് കേരളയില്‍ നിന്ന് തീരദേശത്തുള്ള മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് കുടുംബം ഒന്നിന് 10 ലക്ഷം രൂപ വീതം 2,450 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ടെന്നും 2020ലെ സംസ്ഥാന ബജറ്റിന്റെ തീരദേശ പാക്കേജില്‍ ധനമന്ത്രി തോമസ് ഐസക് എടുത്തുപറയുകയുണ്ടായി. തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ കീഴില്‍ മൂന്നു വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പാര്‍പ്പിട പദ്ധതിയുടെ പുതിയ പേരാണ് പുനര്‍ഗേഹം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1,398 കോടി രൂപയും, ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്ന് 1,052 കോടിയും ചേര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. ഒന്‍പതു തീരദേശ ജില്ലകളിലായി ആദ്യഘട്ടത്തില്‍ 8,487 കുടുംബങ്ങളെയും, രണ്ടും മൂന്നും ഘട്ടത്തിലായി 5,099 കുടുംബങ്ങളെ വീതവും പുനരധിവസിപ്പിക്കും. വ്യക്തിഗത വീടുകളും ഫഌറ്റ് സമുച്ചയങ്ങളും ഉള്‍പ്പെടുന്ന പദ്ധതിക്കായി 421 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.
തുടര്‍ച്ചയായി കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശത്തെ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതിയില്‍, മാറിതാമസിക്കാനുള്ള സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപയും വീടു പണിയുന്നതിന് നാലു ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. കോര്‍പറേഷന്‍/മുനിസിപ്പല്‍ മേഖലയില്‍ രണ്ടു സെന്റും പഞ്ചായത്ത് പ്രദേശത്ത് മൂന്നു സെന്റും കണ്ടെത്തി ഗുണഭോക്താവിനു നേരിട്ടു വീടുപണിയാം. തീരപരിപാലന നിയമത്തിലെ സിആര്‍സെഡ് മേഖലയിലാണെങ്കില്‍ കെട്ടിടനിര്‍മാണത്തിന് അനുവദനീയമായ സ്ഥലമായിരിക്കണം. 500 ചതുരശ്രയടിയില്‍ കുറയാത്ത വാസയോഗ്യമായ വീട് വാങ്ങുകയുമാകാം. ഒരു പ്രദേശത്തെ ഗുണഭോക്താക്കള്‍ക്ക് റെസിഡന്റ് ഗ്രൂപ്പായി സംഘം ചേര്‍ന്ന് ഭൂമി വാങ്ങി ഫഌറ്റ് സമുച്ചയം നിര്‍മിക്കാനും വ്യവസ്ഥയുണ്ട്.
നിലവിലുള്ള വീട് സ്വന്തം നിലയില്‍ പൊളിച്ചുമാറ്റുകയും വസ്തുവിന്മേലുള്ള അവകാശം പരിത്യജിച്ചുകൊണ്ട് ഫിഷറീസ് വകുപ്പുമായി ഉടമ്പടിയുണ്ടാക്കുകയും ചെയ്യണമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. അഞ്ചു സെന്റിനു മുകളില്‍ ഭൂമിയുള്ള ഗുണഭോക്താക്കള്‍ക്ക് നിബന്ധനയ്ക്കു വിധേയമായി സ്ഥലം കൃഷിക്കായി ഉപയോഗിക്കാം. താമസക്കാര്‍ ഒഴിഞ്ഞുപോകുന്ന സ്ഥലത്ത് മരങ്ങള്‍ വച്ചുപിടിപ്പിച്ച് തീരത്ത് ഹരിതകവചം തീര്‍ക്കുകയാണ് ലക്ഷ്യം. ഫിഷറീസ് വകുപ്പിന് വിട്ടുകൊടുക്കുന്ന ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുകയില്ലെന്ന് സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്.
തീരമേഖലയില്‍ നിന്ന് ആരെയും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുകയില്ലെന്ന് ഗവണ്‍മെന്റ് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പുനര്‍ഗേഹം പദ്ധതി പ്രകാരം മാറിതാമസിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് കടല്‍ക്ഷോഭം മൂലം വീടിനോ ഭൂമിക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കുകയില്ല എന്നും വ്യക്തമാക്കുന്നു.
കടലാക്രമണം മൂലം അതിരൂക്ഷമായ തീരശോഷണം സംഭവിക്കുന്ന കൊച്ചി ചെല്ലാനം മേഖലയിലും മറ്റും 10 ലക്ഷം രൂപയുടെ പുനരധിവാസ പദ്ധതി തീര്‍ത്തും അപര്യാപ്തമാണ്. കൊച്ചി നഗരത്തിന്റെ ഉപഗ്രഹ മേഖലയില്‍ ആറു ലക്ഷം രൂപയ്ക്ക് ഒരു സെന്റ് ഭൂമിപോലും കിട്ടുകയില്ല. സ്ഥലത്തിന്റെയും നിലവിലുള്ള വീടിന്റെയും വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ നഷ്ടപരിഹാര പാക്കേജ് നിശ്ചയിക്കേണ്ടതുണ്ട്. കടലിനും കായലിനുമിടയ്ക്ക് 1.72 കിലോമീറ്റര്‍ വീതിയില്‍ നീണ്ടുകിടക്കുന്ന ഈ പ്രദേശത്തെ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 5,000 പേരാണ്. തീരശോഷണത്തിന് ഉത്തരവാദികള്‍ പാവപ്പെട്ട തീരദേശവാസികളല്ല. കടലില്‍ നിന്ന് വിട്ടകന്ന് അവര്‍ക്കൊരു ജീവിതവും ജീവസന്ധാരണവുമില്ലതാനും.
പ്രകൃതിക്ഷോഭത്തില്‍ നിന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ശാശ്വതമായി സംരക്ഷിക്കാനുള്ള പുനരധിവാസ പദ്ധതിയാണിതെങ്കില്‍, പ്രദേശത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് അത് പുനഃസംവിധാനം ചെയ്യണം. വനത്തിന്റെ ഉള്‍ക്കാടുകളിലുള്ള താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നൂതന ഇടപെടലിനെക്കുറിച്ച് സംസ്ഥാന ബജറ്റില്‍ പ്രതിപാദിക്കുന്നുണ്ട്. ദേശീയ കടുവ പരിപാലന അതോറിറ്റിയുടെ പദ്ധതിപ്രകാരം വനമേഖയില്‍ കടുവകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന് നിബിഡ ഉള്‍ക്കാടുകളില്‍ മനുഷ്യ ഇടപെടലുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പട്ടികവര്‍ഗക്കാരെയും പരമ്പരാഗതമായി വനത്തില്‍ താമസിച്ച് കൃഷിയും മറ്റും ചെയ്യുന്ന ഇതര വിഭാഗങ്ങളെയും മാറ്റിപാര്‍പ്പിക്കുന്നു. ലോകത്തില്‍തന്നെ കടുവകളുടെ സാന്ദ്രത ഏറ്റവും കുടുതലുള്ള (570) ബന്ദിപ്പൂര്‍-മുതുമല-വയനാട് മേഖലയിലും പെരിയാര്‍ കടുവ സങ്കേതത്തിലും ചെന്തുരുണി വന്യജീവിസങ്കേതത്തിലും മറ്റും നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയില്‍ ഒരു കുടുംബത്തിന് 45 ലക്ഷം രൂപ വരെ ലഭിക്കാന്‍ വ്യവസ്ഥയുണ്ട്. മാതാപിതാക്കളും കുട്ടികളും ഉള്‍പ്പെടുന്ന ഒരു കുടുംബത്തിന് 15 ലക്ഷം രൂപയാണ് പുനരധിവാസത്തിന് പ്രാഥമികമായി അനുവദിക്കുക. വീട്ടില്‍ 18 വയസു കഴിഞ്ഞ മകനുണ്ടെങ്കില്‍ അയാള്‍ക്ക് മറ്റൊരു കുടുംബം പുലര്‍ത്താനായി 15 ലക്ഷത്തിന് അര്‍ഹതയുണ്ട്. വിവാഹമോചനം നേടിയ ഒരു മകള്‍ ആ വീട്ടിലുണ്ടെങ്കില്‍ അവള്‍ക്ക് 15 ലക്ഷം അവകാശപ്പെടാം. വനമേഖലയില്‍ റീബില്‍ഡ് കേരളയില്‍ നിന്ന് പുനരധിവാസത്തിന് 15 ലക്ഷം വീതം ഇങ്ങനെ അനുവദിക്കുമ്പോള്‍ തീരദേശവാസികള്‍ക്ക് 10 ലക്ഷം മാത്രമായി പരിമിതപ്പെടുത്തുന്നതില്‍ എന്തു ന്യായമാണുള്ളത്?
ഒരേ വീട്ടില്‍ വെവ്വേറെ റേഷന്‍ കാര്‍ഡുള്ള കുടുംബങ്ങള്‍ താമസിക്കുന്നുവെങ്കില്‍ വ്യത്യസ്ത ഗുണഭോക്താക്കളായി പരിഗണിച്ച് പുനരധിവാസത്തിന് സൗകര്യമൊരുക്കുമെന്ന് പുനര്‍ഗേഹം പദ്ധതിയില്‍ പറയുന്നുണ്ട്. ഭൂമിയുടെയും വീടിന്റെയും ഉടമയ്ക്ക് ആദ്യ പരിഗണന നല്‍കിയാവും വീട്ടിലെ മറ്റ് അവകാശികളുടെ കാര്യം പരിശോധിക്കുക. എന്തായാലും വേലിയേറ്റ രേഖയ്ക്കടുത്ത് വിട്ടൊഴിയുന്ന ഭൂമി പണയപ്പെടുത്തുകയോ ക്രയവിക്രയം നടത്തുകയോ ചെയ്യുകയില്ല എന്ന വ്യവസ്ഥയില്‍ അത് ഗുണഭോക്താവിനുതന്നെ തീരപരിപാലന നിയമം അനുവദിക്കുന്ന രീതിയില്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട ജീവനോപാധികള്‍ക്കോ ഹോംസ്‌റ്റേ പോലുള്ള സംവിധാനങ്ങള്‍ക്കോ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ പുനര്‍ഗേഹം പദ്ധതി കുറെക്കൂടി ആകര്‍ഷകമാകും. അങ്ങനെയാണെങ്കില്‍ തീരദേശവാസികളുടെ പൈതൃകഭൂമി അന്യാധീനപ്പെട്ടുപോകും എന്ന ആശങ്ക ഒഴിവാകുകയും ചെയ്യും. കടലുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്തു ജീവിക്കുന്നവരെ തൊഴിലിടങ്ങളില്‍ നിന്ന് ആട്ടിപ്പായിക്കുന്ന ഒരു പുനരധിവാസ പദ്ധതിയും തീരദേശ ജനതയ്ക്ക് ഒരിക്കലും ആകര്‍ഷകമാവില്ല.
‘മനസ്സാലെ നമ്മള്‍ നിനയ്ക്കാത്തതെല്ലാം കൊടുങ്കാറ്റുപോലെ വരുന്ന കാല’ത്തിന്റെ വേവലാതികള്‍ പങ്കുവയ്ക്കുമ്പോഴും ‘തെറ്റിവരച്ച വീട് കുട്ടി റബ്ബര്‍ കൊണ്ട് മാച്ചുകളയുന്നതുപോലെ’ പുനര്‍നാമകരണം കൊണ്ടുമാത്രമല്ല, ഭാവനാപൂര്‍ണമായ പുനഃസംവിധാനം കൊണ്ട് പുനര്‍ഗേഹം തീരമേഖലയിലെ ഗൃഹപ്രവേശങ്ങള്‍ കൂടുതല്‍ മംഗളകരമാക്കട്ടെ.


Related Articles

അമര ലതാംഗുലി പ്രകാശനം ചെയ്തു

എറണാകുളം: ജീവനാദം വാരികയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച ജീവനാദം പബ്ലിക്കേഷന്‍സ് ആദ്യമായി പ്രസിദ്ധീകരിച്ച ‘അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും’ എന്ന പുസ്തകം

തീരത്തിന്റെ ഈണമുള്ള സങ്കീര്‍ത്തനം പോലെ

ബെന്നി പി. നായരമ്പലം-അന്നാ ബെന്‍ അഭിമുഖം തയ്യാറാക്കിയത് ജയിംസ് അഗസ്റ്റിന്‍ 1988-ലെ ഒരു സന്ധ്യ. വരാപ്പുഴ അതിരൂപതയുടെ വാടേല്‍ ഇടവകയുടെ ഉപകേന്ദ്രമായ മാനാട്ടുപറമ്പ് കപ്പേളയില്‍ ഒരു ഹാസ്യനാടകത്തിന്

സെപ്റ്റംബര്‍ 22ന് പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായുള്ള സാര്‍വ്വദേശീയ ദിനം

സ്വന്തം ദേശത്ത് കുടിയൊഴിപ്പിക്കപ്പെട്ട്- യേശുക്രിസ്തുവിനെപ്പോലെ പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട മനുഷ്യരെ സ്വീകരിക്കുക, പരിരക്ഷിക്കുക, വളര്‍ത്തുക, അനുരൂപണം ചെയ്യുക എന്ന സഭയുടെ ദൗത്യമാണ് പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായുള്ള 106-ാമത് സാര്‍വദേശീയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*