പുനര്‍നിര്‍മാണത്തിനൊരുങ്ങി മതിലകം സെന്റ് ജോസഫ് ലത്തീന്‍ പള്ളി സമൂഹം

by admin | October 9, 2018 11:55 am

 

ഇടവകയിലെ 70 ശതമാനത്തിലധികം ജനങ്ങള്‍ പ്രളയദുരിതം അനുഭവിച്ച സ്ഥലമാണ് മതിലകം സെന്റ് ജോസഫ് ലത്തീന്‍ പള്ളി. 50 ശതമാനത്തിലേറെ ഭവനങ്ങളില്‍ പൂര്‍ണമായും വെള്ളംകയറി. ഭീതിയും ആശങ്കയും നിറഞ്ഞ മനസുകളെ ആശ്വാസത്തിന്റെ തീരമണയ്ക്കാന്‍ മതിലകം സെന്റ് ജോസഫ് ലത്തീന്‍ പള്ളി വികാരി ഫാ. ജോഷി കല്ലറക്കലിന്റെയും സിഎസ്എസ്റ്റി സിസ്‌റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ യുവജനങ്ങളും ഇടവകാംഗങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമായി. ജാതി മത വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി ദുരിതമനുഭവിച്ച എല്ലാവരെയും ഒരേ മനസോടെ കാണാനും അവര്‍ക്കു വേണ്ട ശുശ്രൂഷകള്‍ ചെയ്യാനും സന്നദ്ധരായ ഫാ. ജോഷി കല്ലറക്കലിനെയും ഇടവകാംഗങ്ങളെയും കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയും ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റ് ഇ. ജി സുരേന്ദ്രനും അഭിനന്ദിച്ചു.
ആഗസ്റ്റ് 12ന് കാലവര്‍ഷം കനത്തപ്പോള്‍ രൂപതയില്‍ ജാഗ്രതാ നിര്‍ദേശം നല്കി. രൂപതയിലെയും സമീപപ്രദേശങ്ങളിലെയും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ കുടുംബയൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ധനശേഖരണം നടത്തി. ആഗസ്റ്റ് 15 ഓടെ പടിയൂര്‍, ഓലിയപ്പുറം, മഴുവഞ്ചേരി തുരുത്ത്, കിഴക്കുമ്പുറം, പണ്ടാറത്തറ, പഴുന്തറ തുടങ്ങിയ സ്ഥലങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ആദ്യഘട്ടത്തില്‍ പടിയൂരും ഓലിയപ്പുറത്തും നാലു ദുരിതാശ്വാസകേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇവിടേക്കുള്ള റോഡുകള്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു. ഓലിയപ്പുറത്തെ പ്രസോഹാളില്‍ കഴിഞ്ഞിരുന്ന അമ്പതോളം കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുക്കുവാന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെനാറ്റയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കു കഴിഞ്ഞു. കുടുംബ യൂണിറ്റ്, കേന്ദ്ര സമിതി, പാരീഷ് കൗണ്‍സില്‍ അംഗങ്ങളെല്ലാം ഏകമനസോടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായി. മനം തകര്‍ന്നവര്‍ക്ക് അന്നം അമൃതായും ഔഷധമായും ഭവിച്ച നിമിഷങ്ങള്‍. ആഗസ്റ്റ് 16ന് ഓലിയപ്പുറത്തെയും പടിയൂരിലെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലും വെള്ളം കയറിയപ്പോള്‍ മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ കെട്ടിടം ദുരിതബാധിതര്‍ക്കായി തുറന്നുകൊടുത്തു. ആദ്യദിനത്തില്‍ മുന്നൂറു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. 16ന് അര്‍ദ്ധരാത്രി മുതല്‍ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. പലപ്പോഴും സ്വന്തം ജീവന്‍ പണയം വച്ചാണ് ഇടവകാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.
അടുത്ത ദിവസം ഇടവകയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളംകയറി. ഇതോടെ കൂടുതല്‍ പേര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിലെത്താന്‍ തുടങ്ങി. സ്‌കൂള്‍ മുറികള്‍ നിറഞ്ഞതോടെ ഹയര്‍സെക്കണ്ടറി കെട്ടിടവും പിന്നീട് സിഎസ്എസ്റ്റി സഹോദരിമാരുടെ ഒഎല്‍എഫ്ജിഎച്ച്എസ്, സെന്റ് മേരീസ് എന്നീ സ്‌കൂള്‍ കെട്ടിടങ്ങളും അഭയാര്‍ഥികള്‍ക്കായി തുറന്നു നല്കി. ടൂത്തുബ്രഷും സോപ്പും പായും തലയിണയും പുതപ്പുകളും നല്കി. ഉടുതുണി മാത്രമായി വീടുകളില്‍ നിന്നും പലായനം ചെയ്തവരില്‍ കൈക്കുഞ്ഞുങ്ങളും പ്രായമായവരും ഉണ്ടായിരുന്നു. എല്ലാവര്‍ക്കും കരുതലും സാന്ത്വനവും നല്കാന്‍ വികാരിയച്ചന്റെ നേതൃത്വത്തില്‍ സന്നദ്ധസംഘം ക്യാമ്പുകളില്‍ തന്നെ കഴിഞ്ഞുകൂടി. വൈകുന്നേരങ്ങളില്‍ ആരാധനയും പ്രാര്‍ഥനയും നടത്തി. ആരാധന ആരംഭിച്ച ദിവസം തന്നെ മഴയുടെ ശക്തി കുറഞ്ഞത് എല്ലാവരിലും പ്രതീക്ഷയുണര്‍ത്തി.
പഞ്ചായത്തധികൃതരും എംഎല്‍എ ടൈസന്‍ മാഷും എല്ലാ സഹകരണവും നല്കി കൂടെയുണ്ടായിരുന്നു. ഇന്നസെന്റ് എംപി ക്യാമ്പ് സന്ദര്‍ശിച്ച് എല്ലാവരെയും തന്റെ സ്വതസിദ്ധമായ നര്‍മഭാഷയില്‍ തന്നെ ആശ്വസിപ്പിച്ചു. കോട്ടപ്പുറം രൂപതയില്‍ നിന്നും ലഭിച്ച ഭക്ഷ്യധാന്യങ്ങള്‍ ഈ ദിവസങ്ങളില്‍ ക്യാമ്പില്‍ വിതരണം ചെയ്തു. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോള്‍ ആഗസ്റ്റ് 24ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനായി പാരിഷ്‌കൗണ്‍സില്‍, കുടുംബ യൂണിറ്റ് ഭാരവാഹികള്‍, സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ചു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആക്ഷന്‍ പ്ലാന്‍ ക്രമപ്പെടുത്തി. വീടുകളിലും പരിസരങ്ങളിലും ചെളിനിറഞ്ഞ് വാസയോഗ്യമല്ലാത്ത സ്ഥിതിയായിരുന്നു. ശുചീകരണത്തിനുള്ളവരുടെ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് ആവശ്യമുള്ള വീടുകളിലേക്ക് അയച്ചു. ശുചീകരണ സാമഗ്രികള്‍ ആവശ്യമുള്ളവര്‍ക്ക് അതും വിതരണം ചെയ്തു. കുടിവെള്ളം സംഭരിച്ച് ടാങ്കുകളിലാക്കി വീടുകളിലെത്തിച്ചു നല്കി. ഭക്ഷ്യസാമഗ്രികള്‍ കിറ്റുകളിലാക്കി വീടുകളില്‍ വിതരണം ചെയ്തു. മറ്റു മതസ്ഥര്‍ക്കും ഈ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. ചെട്ടിക്കാട്, മടപ്ലാതുരുത്ത്, മണലിക്കാട്, മൂത്തകുന്നം തുടങ്ങി വെള്ളപ്പൊക്ക ദുരിതം നേരിട്ട മറ്റ് ഇടവകകളിലേക്കും വെള്ളം ഇവിടെ നിന്നു നല്കിയിരുന്നു. കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കിഡ്‌സിന് സംഭാവന നല്കാനും മതിലകം തയ്യാറായി.
വെള്ളപ്പൊക്കത്തില്‍ ഇടവകയിലെ നിരവധി വാഹനങ്ങളും മോട്ടോറുകളും തയ്യല്‍ മെഷീനുകളും കേടുവന്നിരുന്നു. വൈദ്യുതി വിതരണവും തകരാറിലായി. കിഡ്‌സിന്റെ അഭ്യര്‍ഥന പ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ ഇരുചക്രവാഹനങ്ങളും തയ്യല്‍മെഷീനുകളും മോട്ടോറുകളും പ്രവര്‍ത്തനക്ഷമമാക്കിയത് വലിയ സഹായമായി. വീടുകളിലെ വയറിംഗ് പ്രവര്‍ത്തനങ്ങളും ചെയ്തു.
വെള്ളപ്പൊക്കത്തില്‍ മനസുതകര്‍ന്നവരെ ആശ്വസിപ്പിക്കുവാന്‍ ഫാ. ജോഷി കല്ലറക്കലിന്റെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥനകള്‍ നടത്തി. പുനര്‍നിര്‍മാണ പ്രക്രിയയില്‍ സജീവമാകുകയാണ് ഇടവക ഇപ്പോള്‍. ആദ്യപടിയായി ദുരിതമനുഭവിക്കുന്നവരുടെ വിവരശേഖരണം നടത്തിവരികയാണ്.

Source URL: https://jeevanaadam.in/%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81/