പുല്ലുവിള നീയെത്ര ധന്യ

തിരുവനന്തപുരത്തെ തീരദേശഗ്രാമമാണ് പുല്ലുവിള. മഹത്തുക്കളുടെ ജന്മംകൊണ്ടും അസാധാരണമായ മാനവ വിഭവശേഷികൊണ്ടും ഇത്രമാത്രം ശ്രദ്ധേയമായ മറ്റൊരു തീരഗ്രാമം കേരളത്തില്‍ ഉണ്ടാവില്ല.
വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ 1545 ജനുവരി 27ന് ഇഗ്നേഷ്യസ് ലയോളയ്ക്ക് എഴുതിയ കത്തില്‍ പുല്ലുവിള ഉള്‍പ്പെടെയുള്ള തെക്കന്കേരളത്തില് ക്രൈസ്തവര്‍ ഉണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്ക്രൈസ്തവ വേദഗ്രന്ഥങ്ങളായ പുരാതിമകാണ്ഡവും പശ്ചിമകാണ്ഡവും ഈ പ്രദേശങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. ലയോളയ്ക്ക് എഴുതിയ കത്തില്‍, ഗ്രാമത്തില്‍ ക്രിസ്തുമത വിശ്വാസികള്‍ അധിവസിക്കുന്നുവെന്നും അവര്‍ ജ്ഞാനസ്നാനം സ്വീകരിച്ചു എന്നും വ്യക്തമാക്കിയിട്ടുണ്ട്.
പേരിനുമാത്രം ക്രിസ്ത്യാനികളായ ഇവരെ വിശ്വാസത്തില്‍ ആഴപ്പെടുത്തിയതും ക്രിസ്തുമത തത്വങ്ങള്‍ പഠിപ്പിക്കുകയും ചെയ്തത് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ്. അവര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം ‘കട്ടപ്പാദ്രി’ എന്നുവിളിച്ചു. കട്ടപ്പാദ്രി എന്നാല്‍ പൊക്കം കുറഞ്ഞ പാതിരി എന്നര്‍ത്ഥം. ഫ്രാന്‍സിസ് സേവ്യറിന് പൊക്കം കുറവായിരുന്നു. ഏതായാലും പുല്ലുവിളക്കാര്‍ ഫ്രാന്‍സിസ് സേവ്യറിനെ ഹൃദയത്തില്‍ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് റസിഡന്റ് ആയിരുന്ന കേണല്‍ മണ്‍റോയ്ക്ക് റോമന്‍ കത്തോലിക്കാ കേന്ദ്രങ്ങളെപ്പറ്റി 1818-ല്‍ ലഭിച്ച പട്ടികയില്‍ പൂവാര്‍, പരുത്തിയൂര്‍, കൊല്ലംകോട് നീരോടി, മാര്‍ത്താണ്ഡംതുറ, വള്ളവിള, കരുംകുളം, മാമ്പിള്ളി എന്നീ പ്രദേശങ്ങള്‍ ഫ്രാന്‍സിസ് സേവ്യറിന്റെ സംഘത്തില്‍പ്പെട്ടവരുടെ പ്രവര്‍ത്തന മേഖലകളായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. (Political Consultation 1818 volume 128) വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ സ്ഥാപിച്ച കരകുളം പള്ളിയാണ് പുല്ലുവിളയുടെ തലപ്പള്ളി.
പുല്ലുവിളയുടെ സ്ഥലനാമത്തെക്കുറിച്ച് എ.വില്‍ഫ്രഡ് എഴുതിയിട്ടുള്ള ‘കാഴ്ച -പുല്ലുവിള നൂറ്റാണ്ടുകളിലൂടെ’ എന്ന പുസ്തകത്തില്‍ ഇങ്ങനെയാണ് പറയുന്നത്. സംഘകാലത്ത് തെക്ക് നാഗര്‍കോവില്‍ മുതല്‍ വടക്ക് തിരുവല്ല വരെ ആയ് രാജാക്കന്മാരാണ് ഭരിച്ചിരുന്നത്. ആയ് രാജവംശത്തിലെ ഏറ്റവും പ്രസിദ്ധനായ ആയ് ആണ്ടിരന് രാജാവ് ബ്രിന്ജത്ത്(വിഴിഞ്ഞം) സാഗര സാമീപ്യം ആസ്ഥാനമാക്കി ദേവപ്രീതിക്കായി യാഗങ്ങള്‍ നടത്തിപ്പോന്നു. യാഗാനന്തരം തര്‍പ്പണം ചെയ്ത് സാഗരതീര്ത്ഥസ്നാനം ചെയ്യാന്‍ ആയിരിക്കണം യാഗശാല കടല്‍ത്തീരത്ത് ഒരുക്കിയത് എന്ന് വേണം കരുതാന്‍. യാഗത്തിന് ദര്‍ഭപ്പുല്ല് അനുപേക്ഷണീയമാണല്ലോ. തൊട്ടടുത്ത സ്ഥലമായ പുല്ലുവിളയില്‍ അടുമ്പ് വള്ളിയും ദര്‍ഭപ്പുല്ലും സുലഭമായിരുന്നു. അഗസ്ത്യമുനിയുടെ പരമ്പരയില്‍പ്പെട്ട മുനിശിഷ്യന്മാര്‍ ഗുണമേന്മയുള്ള ഈ പുല്ല് തേടി ഇവിടെയെത്തുകയും ദര്‍ഭപ്പുല്ല് ധാരാളം വിളയുന്ന സ്ഥലം എന്നര്‍ത്ഥത്തില്‍ പുല്ലുവിള എന്ന് അവര്‍ ഈ സ്ഥലത്തിന് നാമകരണം ചെയ്തതായി പൗലോസ് ബര്‍ത്തലോമിയ എന്ന പാതിരി അവകാശപ്പെടുന്നു. തൊട്ടടുത്ത പല പ്രദേശങ്ങളും തുറ എന്ന സംജ്ഞ ചേര്‍ത്ത് കൊച്ചുതുറ, ഇലയിമന്തുറ ചെമ്പകരാമന്‍തുറ, പുതിയതുറ, അടിമലത്തുറ എന്നിങ്ങനെ അറിയപ്പെടുമ്പോള്‍ പുല്ലുവിള എന്ന നാമധേയം വ്യത്യസ്തമായി നില്‍ക്കുന്നത് യുക്തിവിചാരം ചെയ്താല്‍ അദ്ദേഹത്തിന്റെ അഭിപ്രായം കൂടുതല്‍ പ്രസക്തമാണ് എന്ന് തോന്നും. പുഷ്പങ്ങള്‍ വിടര്‍ന്ന് പരിലസിക്കുന്ന സ്ഥലമെന്ന അര്‍ത്ഥത്തില്‍ ഫുല്വിള എന്ന് ആദ്യവും ആ പദം പരിണമിച്ച് പുല്ലുവിള എന്ന് പിന്നീടും പറഞ്ഞുവന്നതായി ചിലര്‍ പറയുന്നു.
പുല്ലുവിള ഗ്രാമത്തിലെ തൊണ്ണൂറ്റിയഞ്ചു ശതമാനം ആളുകളും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്. ഈ ഗ്രാമത്തില്‍നിന്ന് സമൂഹത്തിന്റെ ഉന്നത ശ്രേണിയിലേക്ക് വളര്‍ന്നവര്‍ നിരവധിയാണ്. ശ്രീമൂലം തിരുനാള്‍ സ്റ്റേററ് കൗണ്‍സിലില്‍ മഹാരാജാവിനാല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എസ്.ജി. ലോപ്പസ്, തിരുവിതാംകൂര്‍ നിയമസഭയിലെ അംഗമായിരുന്ന ജെ.റ്റി.മൊറായിസ,് മജിസ്ട്രേറ്റായി സേവനമനുഷ്ഠിച്ചതിനുശേഷം കേരള നിയമാസഭാംഗമായ ജെ.സി. മൊറായിസ്, കേരള ഹൈക്കോടതിയിലെ ആദ്യത്തെ ലത്തീന്‍കാരനായ ജഡ്ജി ജസ്റ്റിസ് ജെ.എം.ജയിംസ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ലിഡാ ജേക്കബ് ഐഎഎസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന പുല്ലുവിള സ്റ്റാന്‍ലി, ടിഡിഎഫ്എഫ് സ്ഥാപകന്‍ യൂജിന്‍ കുലാസ്, ഫിഷറീസ് ജോയിന്റ് ഡയറക്റ്ററായിരുന്ന ക്ലമന്റ് ലോപ്പസ്, കെ.എല്‍സി.എ സംസ്ഥാന വൈസ് പ്രസിഡന്റും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവുമായ അഡോള്‍ഫ് മൊറായിസ് എന്നിവര്‍ ആ നീണ്ടനിരയിലെ ചുരുക്കം ചിലര്‍ മാത്രമാണ്. തിരുവനന്തപുരം അതിരൂപതയിലെ വനിതകളില്‍ നിന്ന് ആദ്യമായി ബിരുദം നേടിയത് പുല്ലുവിള സ്വദേശിനിയായ ഡെയ്സ് മൊറായിസും ആദ്യ ബിരുദാനന്തരബിരുദം നേടിയ വനിത ഏലിക്കുട്ടിയുമാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ബലിയര്‍പ്പിച്ച കെ. ഫ്രാന്‍സിസ് ഉള്‍പ്പെടെ നിരവധി ജവാന്മാരും പുല്ലുവിളയ്ക്കഭിമാനമാണ്.
കായികരംഗത്ത് ഈ ഗ്രാമം നല്‍കിയിട്ടുള്ള സംഭാവനകള്‍ മഹത്തരമാണ്. ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് താരോദയം സഞ്ജു വി. സാംസണ് പുല്ലുവിളക്കാരനാണ്. ദേശീയ മാരത്തോണ്താരം ബെനഡിക്റ്റ് ഡിക്രൂസ്, അത്ലറ്റിക് ചാമ്പ്യന്‍ ധര്മ്മന് എന്നിവരെ പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ഫുട്ബോളില്‍ പുല്ലുവിള ഗ്രാമം നല്കിയ സംഭാവനകള്‍ എടുത്തുപറയേണ്ട ഒന്നാണ്. ജയ് ഹിന്ദ് സ്പോര്‍ട്സ് ക്ലബാണ് ഇതിനു കാരണം. നാല്പതു വര്‍ഷം മുമ്പ് ആരംഭിച്ച പുല്ലുവിള ഫുട്ബോള്‍ ടൂര്‍ണമെന്റ് അഥവാ ജയ് ഹിന്ദ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനകീയ ഉത്സവമാണ്. സംസ്ഥാന താരം ബോണിഫസ്, യൂണിവേഴ്സിറ്റി താരമായിരുന്ന സി.ജോയി, ആര്.റെനി, ജോസഫ് താര്‍സിയൂസ്, മാര്ട്ടിന് മസ്ക്രീന്, എസ്.എം.ജോണ്‍, ബിജു എന്നിവര്‍ ഈ ക്ലബിലൂടെ വളര്‍ന്നവരാണ്. 2011-ലെ അണ്ടര്‍ 13 അന്തര്‍ദേശീയ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ പുല്ലുവിളയിലെ ബെന്റോ ജോയുമുണ്ടായിരുന്നു. ഫുട്ബോളില്‍ മാത്രമല്ല പഠനത്തിലും മികവു തെളിയിച്ച ബെന്റോ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ പ്രതിഭയാണ്. വോളിബോള്‍ മത്സരങ്ങള്‍ക്കും പുല്ലുവിള വേദിയായിട്ടുണ്ട്. പുല്ലുവിളയിലെ പട്ടാളക്കാരുടെ സഹായത്താല്‍ ആരംഭിച്ച ടൂര്‍ണമെന്റാണ് ജവാന്‍സ് ട്രോഫീസ് വോളിബോള്‍ ടൂര്‍ണമെന്റ്.
മത്സ്യത്തൊഴിലാളികളില്‍ വീരേതിഹാസം രചിച്ചവര്‍ പുല്ലുവിളയില്‍ നിരവധിയാണ്. എട്ടും ഒന്‍പതും ദിവസങ്ങള്‍ കടലില്‍ അകപ്പെട്ട് ജീവനോടെ തിരിച്ചെത്തിയ ധീരസാഹസികരുടെ കഥകള്‍ ഏറെയുണ്ട് പറയാന്‍. സമരങ്ങളിലും പുല്ലുവിളക്കാര്‍ മോശക്കാരല്ല. അടുത്തിടെ പുല്ലുവിളയില്‍ കണ്ട 102 വയസ്സുകാരി ശകുന്തള അക്കഥകള്‍ ആവേശത്തോടെ എന്നോടും പോള്‍ സണ്ണിയച്ചനോടും പങ്കുവെച്ചു. 1957-ലെ വിമോചന സമരക്കാലത്ത് ഗ്രാമം നിരവധിപേരെ സമരരംഗത്തേക്ക് അയച്ചു. അക്കാലത്ത് പുല്ലുവിളയില്‍ പൊലീസ്വാന് തടഞ്ഞ് ജനം പ്രതിഷേധിച്ചു. മേരി എന്ന സ്ത്രീ പൊലീസില്‍നിന്നും തോക്കു തട്ടിപ്പറിച്ചു. ശകുന്തള അതെടുത്ത് കടലില്‍ എറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ വെടിവെയ്ക്കാന്‍ തോക്കുമായി വന്ന ഇന്‍സ്പെക്ടറുടെ തൊപ്പി ശകുന്തള തട്ടിത്തെറിപ്പിച്ചു. എന്നിട്ടവര്‍ ആക്രോശിച്ചു: ‘ഇവനെ കടപ്പുറത്തുകൊണ്ടിടീനടാ…’ ഞാന്‍ ഉപ്പുവെള്ളത്തി കുളിപ്പാട്ടി എടുത്തുതരാം.’ ഇതിനിടയില്‍ പൊലീസ്വാന് മറിച്ചിടാന്‍ ജനക്കൂട്ടം ശ്രമിച്ചു. ഇത്രയുമായപ്പോള്‍ വെടിവെയ്ക്കാന്‍ ഇന്‍സ്പെക്ടര്‍ ഓര്‍ഡര്‍ നല്കി. ആദ്യം ആകാശത്തേക്കും പിന്നെ ജനക്കൂട്ടത്തിനുനേരെയും. ചുണയുണ്ടെങ്കി വയ്യാ വെടി എന്നലറി രണ്ടു മത്സ്യത്തൊഴിലാളികള്‍ തോക്കുചൂണ്ടിയ പൊലീസിനുനേരെ ചാടി. യാക്കോബും, യാഗപ്പനും. പോലീസ് വെടിവെച്ചു! മരിച്ചുവീണു ആ ധീരസമരയോദ്ധാക്കള്. 1959 ജൂണ്‍ 12-ന് ഉച്ചയ്ക്ക് 12.30നാണ് ആ സംഭവം നടന്നത്. ഇതൊക്കെ വിവരിക്കുമ്പോള്‍ വാര്‍ധക്യം തളര്‍ത്താത്ത ആവേശം ശകുന്തളയുടെ മുഖത്തുണ്ടായിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പുല്ലുവിളക്ക് പറയാനുണ്ട് നിരവധി സങ്കടകഥകള്‍. അധികാരികള്‍ തിരസ്കരിച്ചതുകൊണ്ടുമാത്രം വികസനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് അരികുചേര്ത്തവരുടെ കഥ. അക്കഥയിലെ വേദനിപ്പിക്കുന്ന മുഖമാണ് ശീലുവമ്മയുടേത്. പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യങ്ങള്‍ ഇല്ലാത്ത വീട്ടില്‍നിന്ന് അതിനുവേണ്ടി സന്ധ്യാനേരത്ത് കടപ്പുറത്തേക്ക് പോയ ശീലുവമ്മയെ തെരുവുപട്ടികള്‍ കടിച്ചുകീറി. അമ്മയെ കാണാതെ അന്വേഷിച്ചുപോയ മകന് അമ്മയുടെ ശരീരഭാഗങ്ങള്‍ പട്ടികള്‍ കടിച്ചെടുത്തുകൊണ്ടുപോകുന്നതാണ് കണ്ടത്. തീരത്തിന്റെ രക്തസാക്ഷി ശീലുവമ്മ.
ഇന്ത്യാരാജ്യത്തിന് കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യവും മാനവവിഭവശേഷിയുടെ അസാമാന്യ കരുത്തും സമ്മാനിക്കുന്ന മത്സ്യതൊഴിലാളി സമൂഹം ഇന്നും അവഗണനയുടെ ഇരകളാണ്. അധികാരികള്‍ അവരെ തോല്പിക്കാന് ശ്രമിക്കുന്നു. പക്ഷേ അവര്‍ക്ക് ആ ജനതയെ തോല്പിക്കാനാവില്ല. പുല്ലുവിള അതിനുദാഹരണമാണ്. ഇന്ത്യയുടെ ആകാശത്ത് പുല്ലുവിള ഒരു ശുഭ്രനക്ഷത്രമായി പ്രശോഭിക്കുന്നു. പുല്ലുവിള, നീയെത്രധന്യ.!
Related
Related Articles
കടൽക്ഷോഭം നേരിടാൻ എസ് പി വി രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണം
കേരളത്തിലെ തീരദേശ ജില്ലകളിൽ, നിലവിലുള്ള കടൽ ഭിത്തികൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും തകർന്നുപോയ ഇടങ്ങളിൽ പുതിയവ നിർമ്മിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണമെന്ന് കെഎൽസിഎ
കടല്‍ കടന്നെത്തിയ ‘ദിവ്യ’കാരുണ്യം
ആവശ്യത്തിലും അവശതയിലും കഴിയുന്നവര്‍ക്കു നേരെ സഹായഹസ്തം നീട്ടുന്നതാണല്ലോ യഥാര്‍ത്ഥ ക്രൈസ്തവ അരൂപി. വിദേശത്ത് സേവനം ചെയ്യുന്ന കോട്ടപ്പുറം രൂപതാംഗങ്ങളായ ഫാ. ആന്റണി കല്ലറക്കലും ഫാ. നോബി
മീനില്ല; മത്സ്യത്തൊഴിലാളികള്‍ പട്ടിണിയില്‍
കൊച്ചി: കടല്‍മീനുകളുടെ കുറവ് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കി. ജൂണ്‍-ജൂലൈ മാസങ്ങളിലെ സീസണ് മുന്നില്‍ക്കണ്ട് പ്രതീക്ഷകളോടെ ലക്ഷങ്ങള്‍ കടം വാങ്ങി വള്ളവും വലയും അറ്റകുറ്റപ്പണി നടത്തിയ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്