പെണ്‍വാഴ്ചയുടെ സുകൃതങ്ങള്‍

പെണ്‍വാഴ്ചയുടെ സുകൃതങ്ങള്‍

 

താരുണ്യവും ശ്രീത്വവും അധികാര രാഷ്ട്രീയത്തിന് സവിശേഷ മുഖശോഭയും ചാരുതയും ചാര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കേരള തലസ്ഥാനനഗരിയില്‍ ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന്‍ അധികാരമേല്‍ക്കുന്നതും, തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു തലേന്ന് 21 വയസു തികഞ്ഞ രേഷ്മ മറിയം റോയി പത്തനംതിട്ടയിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലും, വയനാട്ടിലെ ഏറ്റവും പ്രായംകുറഞ്ഞ (23 വയസ്) പഞ്ചായത്ത് പ്രസിഡന്റായി അനസ് റോസ്‌ന സ്റ്റെഫി പൊഴുതനയിലും, ഇരുപത്തിരണ്ടുകാരിയായ നിയമവിദ്യാര്‍ഥിനി പി. ശാരുതി കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലും തദ്ദേശഭരണച്ചുമതലയേല്‍ക്കുന്നതും വലിയ സാമൂഹിക മാറ്റത്തിന്റെ ദിശാസൂചിയാണ്. പ്രകൃതിക്കും പെണ്മയ്ക്കുമെതിരെ അക്രമങ്ങള്‍ പെരുകുന്നതിന്റെ ആകുലതകള്‍ ശമിക്കുന്നില്ലെങ്കിലും സമനീതിക്കും അവകാശങ്ങള്‍ക്കും, നേതൃത്വത്തിനും അവസരങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ തന്റെ ഇടം തിരിച്ചറിയുന്ന സ്ത്രീയുടെ ഇഛാശക്തിയുടെയും ആത്മധൈര്യത്തിന്റെയും നിദര്‍ശനം കൂടിയാണ് കേരളത്തിലെ തദ്ദേശഭരണ രംഗത്തെ വനിതകളുടെ അപ്രതിരോധ്യമായ മുന്നേറ്റം. സംശുദ്ധവും പ്രതിജ്ഞാബദ്ധവുമായ ജനസേവനത്തിനായി ചുവടുറപ്പിക്കുന്ന സ്ത്രീസാന്നിധ്യം.

പഞ്ചായത്തീരാജ്-നഗരപാലിക നിയമത്തിന്‍ കീഴില്‍ നിര്‍ണയിക്കപ്പെട്ട 50 ശതമാനം സംവരണ പരിധിയും കടന്ന്, സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് വാര്‍ഡ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഡിവിഷന്‍ തലങ്ങളിലായി 1,199 തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരിച്ച 36,305 വനിതകളില്‍ നിരവധിപേര്‍ ജനറല്‍ സീറ്റുകളില്‍ നിന്നാണ് ജയിച്ചുകയറിയത്. അധികാരവികേന്ദ്രീകരണത്തിന്റെ പ്രാദേശിക രാഷ്ട്രീയത്തെ യൗവനയുക്തമാക്കി ഒട്ടേറെ പുതുമുഖ ജനപ്രതിനിധികള്‍ ഭരണസമിതികളിലെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിച്ച 21,000 വനിതകളില്‍ മൂന്നിലൊന്ന് കുടുംബശ്രീ അംഗങ്ങളാണ്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ 2,159 പേര്‍ ഭരണരംഗത്ത് എത്തിയിട്ടുണ്ട്. ആശാവര്‍ക്കര്‍, അങ്കണവാടി, സാന്ത്വനപരിചരണ പ്രവര്‍ത്തകര്‍, ദുരന്തരക്ഷാ വോളന്റിയര്‍മാര്‍ തുടങ്ങി സാമൂഹികസേവനത്തിന്റെ അടിസ്ഥാനതലം മുതല്‍ പ്രവര്‍ത്തിക്കുന്നവര്‍ പുതിയ ഭരണസമിതികളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നവരായുണ്ട്. നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതികളിലും, പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനും ദുരിതനിവാരണത്തിനും ജനക്ഷേമത്തിനുമായുള്ള അടിയന്തര നടപടികളിലും ജലസംരക്ഷണം, മാലിന്യസംസ്‌കരണം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളിലും താഴെത്തലത്തില്‍ നിന്നുള്ള ജനകീയ ആസൂത്രണത്തിലും ഇടപെടുന്നതിന് ഇതുവരെ കാണാത്ത കരുത്തോടെ, സംഘാതശക്തിയോടെ വനിതാ നേതാക്കള്‍ നമുക്കു മുന്നിലുണ്ട്.

സാമൂഹികനീതിയും തുല്യപങ്കാളിത്തവും എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ”അധികാരം കൊയ്യണമാദ്യം നാം” എന്നത് കാലത്തിന്റെ അനിവാര്യതയാണ്. മഹാമാരിക്കാലത്തു നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ലത്തീന്‍ ജനസമൂഹത്തില്‍ നിന്ന് ജയിച്ച 455 ജനപ്രതിനിധികളില്‍ വനിതകള്‍ 264 പേരാണെന്ന് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അഞ്ചു മാസത്തിനകം വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കെ ലത്തീന്‍ സമുദായത്തിന്റെ സ്വാധീന മേഖലകളില്‍ മുന്നണിരാഷ്ട്രീയത്തിലെ പങ്കുവയ്പ്പുകളില്‍ നമ്മുടെ വനിതാ നോമിനികള്‍ ആരായിരിക്കണം എന്ന് രൂപതാ രാഷ്ട്രീയകാര്യ സമിതികള്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണം.

കാര്യനിര്‍വ്വഹണത്തില്‍ പുരുഷന്മാരെക്കാള്‍ പൊതുവെ ഏറെ മികവ് സ്ത്രീകള്‍ക്കാണെന്ന് താന്‍ വിശ്വസിക്കുന്നതായി ‘നമുക്ക് സ്വപ്‌നം കാണാം: മെച്ചപ്പെട്ട ഭാവിയിലേക്കുള്ള പാത’ എന്ന പുതിയ പുസ്തകത്തില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നു. ഗൃഹനാഥ ഒരേസമയം മൂന്നു ഭാഷകള്‍ സംസാരിക്കുന്നു: മനസിന്റെ, ഹൃദയത്തിന്റെ, കരങ്ങളുടെ ഭാഷകള്‍. ഒരേസമയം നിരവധി വ്യത്യസ്ത സംഗതികള്‍ ചെയ്യുകയും, പലതരം താല്പര്യങ്ങളുമായി പൊരുത്തപ്പെടുകയും അനായാസം അയവും സാമര്‍ഥ്യവും ലേശം കൗശലവുമൊക്കെ പ്രയോഗിക്കുകയും ചെയ്യുന്നതാണ് ഗൃഹവിചാരിപ്പ്. വീട്ടുകാര്യം നോക്കുന്നവള്‍ എന്നു പറയുന്നത് അന്തസ്സുകുറവാണെന്ന് ചിലര്‍ കരുതുന്നുണ്ടാകും. എന്നാല്‍ തന്റെ മാതൃഭാഷയായ സ്പാനിഷില്‍ ‘അാമ റല രമമെ’ (കുടുംബനാഥ) എന്ന വിശേഷണത്തില്‍ ഗ്രീക്ക് പദങ്ങളായ ‘ീശസീ,െ’ ‘ിീാീ’െ എന്നിവയുടെ അര്‍ത്ഥധ്വനി അടങ്ങിയിട്ടുണ്ട്. വീട്ടുകാര്യങ്ങളുടെ മാനേജ്‌മെന്റ് എന്ന കലയായ ‘ഋരീിീാശര’െ എന്നതിന്റെ മൂലം അതാണ്. പ്രക്രിയകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് സ്ത്രീകളെന്നും പരിശുദ്ധ പിതാവ് പറയുന്നു. പദ്ധതികള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന് അവര്‍ക്കു നന്നായി അറിയാം. സഭയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലെ തന്റെ അജപാലന അനുഭവങ്ങളില്‍ പലപ്പോഴും ഏറ്റവും സൂക്ഷ്മവും കൃത്യവുമായ അഭിപ്രായങ്ങളും ഉപദേശവും ലഭിച്ചിട്ടുള്ളത് സ്ത്രീകളില്‍ നിന്നാണ്. വിവിധ വശങ്ങളെക്കുറിച്ച് ചിന്തിക്കാനും, ആളുകളുടെ പരിമിതികളും കഴിവുകളും കണ്ടറിഞ്ഞ്, പ്രായോഗികമായി കാര്യങ്ങള്‍ എങ്ങനെ നടക്കുമെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ വിശദമാക്കാനും അവര്‍ക്കു കഴിയും.

റോമില്‍ എത്തുന്നതിന് മുന്‍പ്, ബുവനോസ് ഐറിസിലെ മെത്രാപ്പോലീത്തയായി താന്‍ ശുശ്രൂഷ ചെയ്യുന്ന കാലത്ത് അതിരൂപതയിലെ സാമ്പത്തികകാര്യ ഡയറക്ടര്‍, ചാന്‍സലര്‍, ആര്‍ക്കൈവ്‌സിന്റെ മേധാവി തുടങ്ങിയ തസ്തിക കളില്‍ വനിതകളെയാണ് നിയമിച്ചിരുന്നത്. അജപാലനവും ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട കൗണ്‍സിലുകളില്‍ സ്ത്രീകളുടെ ഉപദേശനിര്‍ദേശങ്ങള്‍ മിക്കപ്പോഴും പല പുരുഷന്മാരുടേതിനെക്കാളും വിലപ്പെട്ടതായി അനുഭവപ്പെട്ടിരുന്നു. വത്തിക്കാനിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ സ്ത്രീകളുടെ സാന്നിധ്യവും സംവേദനക്ഷമതയും സൂക്ഷ്മബോധവും കൂടി എങ്ങനെ സമന്വയിപ്പിക്കാനാകും എന്നതിനെക്കുറിച്ച് താന്‍ ഗൗരവതരമായി ആലോചിച്ചിട്ടുണ്ട്. അവിടെ തങ്ങളുടേതായ ഒരു സംസ്‌കാരം രൂപപ്പെടുത്തുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കുംവണ്ണം അവര്‍ക്ക് നേതൃത്തിനുള്ള ഇടം ഉണ്ടാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അവരെ മാനിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന അന്തരീക്ഷമുണ്ടാകണം. സഭയുടെ ബ്യൂറോക്രസിയുടെ കാഴ്ചപ്പാടിലും ചിന്താധാരയിലും അവരുടെ സ്വാധീനം ഉള്‍ച്ചേരണം എന്നു കണ്ടാണ് നൈപുണ്യവും വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള വനിതകളെ വത്തിക്കാനിലെ ചില സുപ്രധാന പദവികളില്‍ താന്‍ നിയമിച്ചിട്ടുള്ളത്. ഒരു സ്ഥാപനത്തിന്റെ സംസ്‌കാരം മാറ്റുക എന്നത് ജൈവികമായ ഒരു പ്രക്രിയയാണ്. സ്ത്രീകളുടെ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതിനുള്ള ഇടമുണ്ടാക്കുമ്പോള്‍ തന്നെ അവര്‍ക്ക് തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കൂടി കഴിയണം എന്ന ചിന്തയിലാണ് വത്തിക്കാനിലെ പല സംവിധാനങ്ങളിലും സ്ത്രീകളെ കണ്‍സള്‍ട്ടന്റുമാരായി നിയമിക്കുന്നത്.

വത്തിക്കാനില്‍ പല സുപ്രധാന പദവികളിലും വനിതകള്‍ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അല്മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള കാര്യാലയത്തിലെ രണ്ട് സബ്‌സെക്രട്ടറിമാര്‍ വനിതകളാണ് – അവരാണ് ആ വകുപ്പിലെ ഇടപാടുകളെല്ലാം മുന്നോട്ടുകൊണ്ടുപോകുന്നത്. വത്തിക്കാന്‍ മ്യൂസിയങ്ങളുടെ ഡയറക്ടര്‍ ഒരു വനിതയാണ്. ഒരുപക്ഷെ വത്തിക്കാനില്‍ ഒരു വനിത വഹിക്കുന്ന പരമോന്നത് പദവി സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റിലേതാണ്. ഐക്യരാഷ്ട്ര സഭ, കൗണ്‍സില്‍ ഓഫ് യൂറോപ്പ് തുടങ്ങിയ ബഹുരാഷ്ട്ര സംഘടനകളുമായുള്ള സഭയുടെ ബന്ധത്തിന്റെ ചുമതല വഹിക്കുന്ന വിദേശകാര്യ അണ്ടര്‍സെക്രട്ടറി ഒരു വനിതയാണ്. പല വനിതകളെയും താന്‍ പ്രധാനപ്പെട്ട തസ്തികകളിലേക്കു നിയമിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അതൊക്കെ വര്‍ഷങ്ങളുടെ ഇടവേളയിലെ ഒറ്റപ്പെട്ട നിയമനങ്ങളായതിനാല്‍ അധികം ശ്രദ്ധിക്കപ്പെട്ടിരിക്കില്ല. എന്നാല്‍ 2020ല്‍ ആറു വനിതകളുടെ ഒരു സംഘത്തെ വത്തിക്കാനിലെ ധനകാര്യ കൗണ്‍സിലിലേക്കു നാമനിര്‍ദേശം ചെയ്തത് വലിയ വാര്‍ത്തയായി. വത്തിക്കാന്‍ ധനകാര്യ മാനേജ്‌മെന്റിന്റെയും സാമ്പത്തികനയരൂപീകരണത്തിന്റെയും ചുമതല വഹിക്കുന്ന ആ കൗണ്‍സിലില്‍ ഏഴ് കര്‍ദിനാള്‍മാരും ഏഴ് അല്മായരുമാണ് അംഗങ്ങളായുള്ളത്. ഏഴ് അല്മായരില്‍ ഒരാള്‍ മാത്രമാണ് ആണായിട്ടുള്ളത്, ബാക്കി ആറുപേരും സ്ത്രീകളാണ്! യോഗ്യത പരിഗണിച്ചുതന്നെയാണ് ആ ആറുപേരെയും നിയമിച്ചത്. പ്രൊഫഷണല്‍ വൈദഗ്ധ്യവും പരിചയസമ്പത്തുമുള്ള പുരുഷന്മാരും ഏറെയുണ്ടാകും. എന്നാല്‍ അമ്മ, ഗൃഹനാഥ, ചര്‍ച്ചാസംഘങ്ങളിലെ അംഗം തുടങ്ങിയ നിലകളില്‍ ദൈനംദിന ജീവിതത്തില്‍ വൈവിധ്യമാര്‍ന്ന കാര്യങ്ങള്‍ ഒരേസമയം നിര്‍വഹിക്കുന്ന അനുഭവസമ്പത്തുള്ള സ്ത്രീകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ പുരുഷന്മാരെക്കാള്‍ ഏറെ മെച്ചമായിരിക്കുമെന്നാണ് തന്റെ പക്ഷം.

സഭയില്‍ സ്ത്രീകള്‍ക്ക് നേതൃത്വപരമായ പങ്കാളിത്തം ലഭിക്കേണ്ടത് വത്തിക്കാനില്‍ നിന്നല്ലെന്ന് പാപ്പ വ്യക്തമാക്കുന്നു. നിശ്ചിത പദവികളില്‍ മാത്രം അവരെ പരിമിതപ്പെടുത്തേണ്ടതില്ല. സഭയുടെ നേതൃത്വം പുരുഷകേന്ദ്രീകൃതമാണെന്ന തെറ്റായ ധാരണ നിലനിര്‍ത്തുന്നത് പൗരോഹിത്യത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളില്‍ നിന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്കാ രൂപതകളില്‍ വിദ്യാലയങ്ങളും ആശുപത്രികളും വിവിധ വകുപ്പുകളും പ്രസ്ഥാനങ്ങളും സംഘടനകളും പദ്ധതികളും നടത്തുന്നത് സ്ത്രീകളാണെന്നു കാണാം. ചിലയിടങ്ങളില്‍ നേതൃസ്ഥാനത്ത് പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് അധികം. തെക്കെ അമേരിക്കയിലെ ആമസോണ്‍ മേഖലയില്‍ സഭാ സമൂഹങ്ങളെ നയിക്കുന്നത് മിക്കവാറും അര്‍പ്പിതരും അല്മായരുമായ സ്ത്രീകളാണ്. വൈദികരല്ലാത്തതിനാല്‍ അവര്‍ നേതാക്കളല്ല എന്നു പറയുന്നത് വികലമായ ക്ലറിക്കലിസമാണെന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നു.


Tags assigned to this article:
women working in rome

Related Articles

വാക്‌സിൻ ആദ്യ വിതരണം ഇന്ത്യയിൽ; കുട്ടികൾക്കും വയോജനങ്ങൾക്കും ആദ്യഘട്ടത്തിൽ നൽകില്ല.

  ന്യൂഡൽഹി :സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്‌സിൻ ആദ്യം ഇന്ത്യക്കാർക്ക് ലഭ്യമാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ  ആദാർ പുനാവാല അറിയിച്ചു. അതേസമയം, കോവിഡ് വാക്‌സിൻ കുട്ടികൾക്കും

സമൂഹത്തിന്റെ സമഗ്ര വളര്‍ച്ചയില്‍ കുട്ടികള്‍ പങ്കാളികളാകണം -ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ കോട്ടപ്പുറം വികാസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. കോട്ടപ്പുറം രൂപതയിലെ 53

ഓഖി സമാനമായ ബുർവി ചുഴലിക്കാറ്റ് ; മുൻകരുതലിന്റെ ഭാഗമായി ഡിസംബർ 2 ന് തിരുവനന്തപുരത്ത്‌ ഓറഞ്ച് അലെർട്

  തെക്കുക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആൻഡമാൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു രൂപംകൊണ്ട ന്യൂ​ന​മ​ർ​ദം അടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ന്യൂന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച് തീവ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റും. പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*