പെരിയ ഇരട്ടക്കൊല: പീതാംബരനെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർഗോഡ് ഇരട്ടക്കൊലപാതകത്തിന് അറസ്റ്റിലായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ കോടതിയിൽ ഹാജരാക്കി. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
പാർട്ടി തീരുമാനപ്രകാരമാണ് ഇരട്ട കൊല നടത്തിയതെന്ന് പീതാംബരൻറെ ഭാര്യ ആരോപിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പീതാംബരനെ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ആറോളം പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. ഇനിയും കുറ്റവാളികളെ പിടികൂടാനുണ്ടെന്ന് പോലീസ് കോടതിയിൽ പറഞ്ഞു. പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ആക്രമണം നടത്തിയത്. കൊലയ്ക്കുകാരണം രാഷ്ട്രീയവൈരാഗ്യമെന്നാണ് റിമാൻഡ് റിപ്പോർട്ട്.
പീതാംബരൻറെ ഭാര്യയുടെ ആരോപണം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിഷേധിച്ചു. കേസിൽ നിന്നും രക്ഷപ്പെടുവാനായി പീതാംബരൻറെ ഭാര്യ കള്ളം പറയുകയാണെന്നും കുടുംബത്തിന് വൈകാരിക പ്രകടനമാണെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.