പെരുകുന്ന പൊതുകടം
പാര്‍ലമെന്റിലും കേരള നിയമസഭയിലും ബജറ്റവതരണം കഴിഞ്ഞു. ചര്‍ച്ചാവിദഗ്ദ്ധര്‍ പങ്കെടുത്ത ചാനല്‍ പരിപാടികളും തീര്‍ന്നു. ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷവും ഗംഭീരമെന്ന് ഭരണപക്ഷവും പറഞ്ഞു. അതാണല്ലോ പതിവ് രീതി. കോടികളുടെ കണക്കുകള്‍, വകയിരുത്തലുകള്‍, പുത്തനാശയങ്ങള്‍ എല്ലാം കഴിഞ്ഞ് തെളിയുന്ന ചിത്രം പൊതുകടം കയറി പെരുകാന്‍ പോകുന്നുവെന്നു തന്നെയാണ്. സാമൂഹ്യക്ഷേമ പദ്ധതികള്‍ വളരെ പതുക്കെ ഇല്ലാതാകുന്നുവെന്നും മനസിലാക്കാനാകുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും സമ്പൂര്‍ണമെന്ന പോലെ വിറ്റഴിക്കപ്പെടും. റെയില്‍വേ ബജറ്റ്, പൊതു ബജറ്റില്‍ ലയിച്ചശേഷം റെയില്‍വേയുടെ ഗതിയും അധോഗതി തന്നെയെന്ന് വ്യക്തം. ബജറ്റവതരണത്തിന്റെ പിറ്റേന്ന് റെയില്‍വേ മന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍, റെയില്‍വേ സ്വകാര്യവത്കരണ സംരംഭത്തെപ്പറ്റിയുള്ള സൂചനകളും വന്നിരുന്നു. റിട്ടെയില്‍ വില്‍പ്പന മേഖലയില്‍ ഒറ്റ ബ്രാന്‍ഡ് സംരംഭകര്‍ക്ക് ചന്തയില്‍ നൂറു ശതമാനം നിക്ഷേപ സ്വാതന്ത്ര്യം കൊടുത്ത് ചില്ലറവ്യാപാരമേഖലയെ പൂര്‍ണമായും വിദേശ നിക്ഷേപകര്‍ക്ക് തുറന്നു കൊടുത്തതേയുള്ളൂ. കാര്‍ഷിക ഉല്പന്നങ്ങള് സംഭരിക്കുന്ന കാര്യത്തില്‍ സ്വകാര്യ നിക്ഷേപകരുടെ താല്പര്യങ്ങള് എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. ആഗോള നിക്ഷേപക താല്പര്യങ്ങള്ക്ക് ചൂട്ടുപിടിക്കുന്ന ഉദാരീകരണനയം അതിന്റെ പൂര്‍ണ ശക്തിയോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് പിടിമുറുക്കിത്തുടങ്ങിയിരിക്കുന്നു. ഇതില്‍ പുതുമയോ അത്ഭുതപ്പെടാനോ ഒന്നുമില്ല. മാറി മാറി വരുന്ന ഗവണ്മെന്റുകളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കു മാത്രമേ കൊടിയുടെ നിറം മാറ്റത്തിലൂടെയുള്ള പ്രസക്തിയുള്ളൂ. സാമ്പത്തിക രംഗത്ത് പിന്തുടരുന്ന നയങ്ങള്‍ സമാനമായതു തന്നെ. പ്രതിരോധമടക്കമുള്ള മേഖലകളിലെ സ്വകാര്യ സംരംഭങ്ങള്‍ക്കുള്ള അവകാശം പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമാ
ണല്ലോ.
ആസിയാന്‍ കൂട്ടായ്മയിലെ രാഷ്ട്രത്തലവന്മാരെ റിപ്പബ്ലിക്ദിനത്തിന്റെ അതിഥികളായി സ്വീകരിച്ച്, ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിന്മേലുള്ള രാഷ്ട്രത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ അതിബൃഹത്തായ കമ്പോളം ലോകരാഷ്ട്രങ്ങള്‍ക്കായി തുറന്നിട്ടു കഴിഞ്ഞു. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച നേരിടാന്‍ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുട്ട്കൊണ്ട് ഓട്ടയടയ്ക്കാനുള്ള പരിശ്രമങ്ങള്‍ക്ക് എത്രമാത്രം ഫലപ്രാപ്തിയുണ്ടാകുമെന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. കേരളത്തിന്റെ സാമ്പത്തികസ്ഥിതി പരുങ്ങലിലാണെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. മുണ്ട് മുറുക്കിയുടുത്ത് കാര്യങ്ങള്‍ മുന്നോട്ടുനീക്കാന്‍ പരിശ്രമിക്കണമെന്നാണ് നിര്‍ദേശം. കെഎസ്ആര്‍ടിസിയുടെ കാര്യം ഏതാണ്ട് തീരുമാനമായിക്കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ബാധ്യതയായി മാറുന്നുവെന്ന രീതിയിലുള്ള വര്‍ത്തമാനം ചില സൂചനകളാണോ നല്‍കുന്നത്? തൊഴില്‍ സ്ഥിരത എന്ന സങ്കല്പ്പത്തോടുള്ള നവ ലിബറല്‍ സാമ്പത്തിക കാഴ്ചപ്പാടിനുള്ള ഇഷ്ടക്കേട്, ലോകരാഷ്ട്രങ്ങളില്പ്പലതും തങ്ങളുടെ സ്വന്തം ഇഷ്ടക്കേടെന്ന പോലെ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക കാഴ്ചപ്പാടുകളും ഇത്തരം ഇഷ്ടക്കേടുകള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുകയാണ്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശപാക്കേജായി രണ്ടായിരം കോടി രൂപയാണ് ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. തീരദേശങ്ങളില്‍ മീന്‍പിടിത്ത തൊഴിലുകളില്‍ ഏര്‍പ്പെട്ട് ജീവിക്കുന്ന മനുഷ്യരെ കേട്ട്, കാര്യങ്ങള്‍ വ്യക്തതയോടെയും യാഥാര്‍ത്ഥ്യബോധത്തോടെയും ചെയ്യാന്‍ ഗവണ്മെന്റിന് സാധിക്കുമെന്ന് പ്രത്യാശിക്കാം. പല വാഗ്ദാനങ്ങളും ചുവപ്പുനാടയില്‍ കുടുങ്ങിയോ, അല്ലെങ്കില്‍ മന:പൂര്‍വം കുടുക്കിയോ മാഞ്ഞുപോകുന്നതുപോലെയുള്ള അവസ്ഥ ധനമന്ത്രിയുടെ തീരദേശപ്രഖ്യാപന പാക്കേജിന് സംഭവിക്കരുത്. തീരദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനങ്ങളിലേക്ക് എത്തുംമുന്‍പ്, ഈ സമൂഹത്തിന്റെ തൊഴിലും ജീവിതവുമെന്തെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ ആര്‍ജവത്വം ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ഉണ്ടാകേണ്ടതാണ്.
ആഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ പോകുന്ന കശുവണ്ടിയെക്കുറിച്ചുള്ള പ്രതീക്ഷയാണ് കശുവണ്ടി വ്യവസായ മേഖലയ്ക്ക് നവജീവന്‍ നല്‍കുന്നത്. ആലപ്പുഴയുടെ കയര്‍ വ്യവസായത്തിനുമുണ്ട് ധനമന്ത്രിയുടെ കൈത്താങ്ങ്. നാളികേര കര്‍ഷകരില്‍ നിന്ന് പച്ചത്തൊണ്ട് സംഭരിച്ച്, ചകിരിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നാണ് വാഗ്ദാനം. തെങ്ങ് വര്ഷാചരണമൊക്കെ തകൃതിയായി നടക്കുന്നുണ്ട്. നീര പോലുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലിറക്കി നാളികേര കര്‍ഷകരെ സമ്പന്നരാക്കുമെന്ന വാഗ്ദാനമൊക്കെ ഇപ്പോഴും വാഗ്ദാനമായിത്തന്നെ ഫയലിലുറങ്ങുന്നുണ്ടെന്നകാര്യം മറന്നുകൂടാ. കര്ഷകസ്നേഹത്താല്, തരിശു കിടക്കുന്ന ഭൂമി മുഴുവന്‍ ഏറ്റെടുത്ത് നെല്‍കൃഷിയും മറ്റ് അനുബന്ധ കൃഷികളും ലാഭകരമാക്കി ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക് നാടിനെ നയിക്കുമെന്ന് കൃഷി മന്ത്രിയും ഭക്ഷ്യവകുപ്പു മന്ത്രിയും പ്രഖ്യാപിക്കുന്നു. തൊട്ടുപിന്നാലെ, തരിശുഭൂമിയേറ്റെടുത്ത് വ്യവസായ സംരംഭങ്ങള്‍ക്ക് നല്‍കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കുമെന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പറയുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളായതുകൊണ്ട്, ഏതാണ് വാസ്തവത്തില്‍ സംഭവിക്കുകയെന്നത് കണ്ടറിയണം.
കെ. എന്‍. എ ഖാദര്‍ ഖേദത്തോടെ പറയുന്നതു കേട്ടു: ഈ വര്‍ഷത്തെ പൊതു ബജറ്റില്‍ ഉദ്യോഗസ്ഥരുടെ വരുമാന നികുതിയെന്ന ഇനം പാടെ എടുത്തുകളയുമെന്ന പ്രത്യാശയാണ് തനിക്കുണ്ടായിരുന്നത് എന്ന്. എന്തരോ എന്ത്! ജനങ്ങളെ കൂടുതല്‍ സമ്പാദിക്കാനും ലാഭമുണ്ടാക്കാനും ചന്തയില്‍ വ്യയം ചെയ്യാനും ഇത് പ്രേരിപ്പിക്കുമെന്നാണ് ഖാദറിന്റെ സാമ്പത്തിക ശാസ്ത്രം ലോകരാഷ്ട്രങ്ങളില്ച്ചിലതിനൊക്കെ ഇത്തരം നിലപാടുകള്‍ നടപ്പിലാക്കിയതിനെക്കുറിച്ചും അതിന്റെ ഗുണഫലങ്ങളെക്കുറിച്ചും പറയാനുണ്ടെന്നാണ് ഖാദറിന്റെ വാദം. സാമൂഹ്യക്ഷേമ പദ്ധതികളിലേക്ക് സ്വയം നന്നാകുന്ന മനുഷ്യര്‍ കൈയ്യയഞ്ഞ് സംഭാവനകള്‍ നല്കി ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്ന സുന്ദരമോഹനകാലം വരുമെന്നാണ് ഖാദറിന്റെ നടക്കാത്ത സ്വപ്നം.
ജിഎസ്ടിയില്‍ നിന്ന് വേണ്ടത്ര വരുമാനം കിട്ടിയില്ലെന്നാണ് തോമസ് ഐസക്സാറിന്റെ പരാതി. അടുത്ത സാമ്പത്തിക വര്‍ഷത്തിലെങ്കിലും കാര്യങ്ങള്‍ ഭംഗിയായും ആഗ്രഹിക്കുന്ന രീതിയിലും നടക്കുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ. `കിഫ്ബി’യിലൂടെ നാട്ടില്‍ അടിസ്ഥാന മേഖലാ വികസനം ത്വരിതപ്പെടുമെന്ന മന്ത്രിയുടെ വാഗ്ദാനത്തെപ്പറ്റി അത്ര ശുഭപ്രതീക്ഷ വയ്ക്കുന്നവരല്ല പ്രതിപക്ഷം. വി. ഡി സതീശന് എംഎല്‍എ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു. വിമര്‍ശനത്തില്‍ കഴമ്പുണ്ടുതാനും. കോടിക്കണക്കിനു രൂപ കടമായി വാങ്ങിക്കൂട്ടുന്ന ധനവകുപ്പ്, അടുത്തുവരുന്ന സര്‍ക്കാരുകള്‍ക്ക് വരുത്തിവയ്ക്കുന്ന ബാദ്ധ്യതയെപ്പറ്റിയാണ് പറയുന്നത്. മൂന്നു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍, കടം വാങ്ങിയത് തിരിച്ചുനല്‍കുക എന്ന ബാദ്ധ്യതയില്‍ നിന്ന് സ്വയം തലയൂരി നില്‍ക്കുകയാണെന്നാണ് സതീശന്റെ വാദം.
എല്ലാ കണക്കൂകൂട്ടലുകള്ക്കും പ്രഖ്യാപനങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കും മീതെ വിലക്കയറ്റമെന്ന സത്യം നാട്ടുകാരെ പേടിപ്പിക്കുന്നുണ്ട്. തോമസ് ഐസക് നിയമസഭയില്‍ സ്ത്രീ എഴുത്തുകാരെയാണല്ലോ തന്റെ പ്രസംഗത്തിലുടനീളം ഉദ്ധരണികളായിച്ചേര്ത്തത്. “അടുക്കള ലാബാണെന്ന് പറഞ്ഞത് കെമിസ്ട്രി സാറാണെന്ന്” തുടങ്ങുന്ന കൊച്ചുമിടുക്കിയുടെ കവിതയും ധനമന്ത്രി പറഞ്ഞു. നിരന്തരം സോഡിയം ക്ലോറൈഡ് ഉല്‍പ്പാദിപ്പിക്കുന്ന കരിപുരണ്ട മെഷീനായി വീട്ടമ്മമാര്‍ അതില്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാ കണക്കുകൂട്ടലുകള്‍ക്കുമപ്പുറം അവരുടെ നെടുവീര്‍പ്പുകള്‍ രാഷ്ട്രത്തിന്റെ കരിപുരണ്ട ആകാശത്തെ ഭേദിക്കുന്നുണ്ട്.
Related
Related Articles
സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയെ നോക്കുമ്പോള്‍
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൂര്‍ണ്ണകായ പ്രതിമ ഒക്ടോബര്‍ 31ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 31. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനവും അന്നുതന്നെ. രണ്ടും രാഷ്ട്രം ഓര്‍മ്മിക്കേണ്ടതാണ്.
വിശ്വാസ സ്വാതന്ത്യം വെല്ലുവിളിക്കപ്പെടുമ്പോള്‍
ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്ന രേഖാശര്‍മ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ചയായി. ക്രൈസ്തവ വിശ്വാസാനുഭവത്തിന്റെ ഭാഗമായ കുമ്പസാരം എന്ന കൂദാശ നിരോധിക്കണം
ആത്മധൈര്യം വീണ്ടെടുക്കുന്നതെങ്ങനെ?
എങ്ങനെയാണ് നമ്മില്‍ തന്നെയുള്ള ധൈര്യവും ഉറപ്പും നമ്മില്‍ നിന്ന് ചോര്‍ന്നുപോകുന്നത്? ചെറുപ്രായം മുതല്‍ കേട്ടുപോരുന്ന വിമര്‍ശനങ്ങളും തിരുത്തലുകളും ഒരു കാരണമായേക്കാം. ഓരോ വ്യക്തിയും ജീവിതം തുടങ്ങുന്നത് ഞാന്‍