Breaking News

പൈതൃകം വില്പനയ്ക്ക്: ലൈനു ആന്റണി

പൈതൃകം വില്പനയ്ക്ക്: ലൈനു ആന്റണി
ചരിത്രസ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം കേന്ദ്രസര്‍ക്കാര്‍ ഡാല്‍മിയ ഗ്രൂപ്പിന് കൈമാറിയ നടപടിയില്‍ കത്തിപ്പിടിച്ച പ്രതിഷേധം തണുത്തുതുടങ്ങിയിരിക്കുന്നു. ചെങ്കോട്ടയുടെ പരിപാലനം പൂര്‍ണമായും സ്വകാര്യ കോര്‍പ്പറേറ്റ് ഗ്രൂപ്പിന് നല്‍കിയ നടപടിയെ രാഷ്ട്രീയപാര്‍ട്ടികളും സാംസ്‌കാരിക നേതാക്കളും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തില്‍ ചെങ്കോട്ടയുടെ ചരിത്രപ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു പലരുടെയും പ്രതിഷേധം. അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ദില്ലിയിലെ ചെങ്കോട്ട 25 കോടി രൂപയ്ക്ക് ഡാല്‍മിയ ഗ്രൂപ്പിന് കൈമാറിയത്. ഈ പദ്ധതിയിലൂടെ ചെങ്കോട്ട ഏറ്റെടുത്ത ഡാല്‍മിയ ഗ്രൂപ്പിനായിരിക്കും ഇനിയുള്ള അഞ്ചു വര്‍ഷത്തേക്ക് ചെങ്കോട്ടയുടെ പൂര്‍ണമായ പരിപാലന ചുമതല. ചെങ്കോട്ടയ്ക്ക് പുറമെ താജ്മഹല്‍ അടക്കമുള്ള പല സ്മാരകങ്ങളും ഇത്തരത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. അത്തരം കൈമാറ്റങ്ങള്‍ നല്ലതാണെന്നും വിദേശരാജ്യങ്ങളില്‍ പലതും ഇത്തരം സ്മാരകങ്ങള്‍ സ്വകാര്യവ്യക്തികളെ ഏല്പിച്ചിട്ടുണ്ടെന്നും നിരവധി ദേശീയപത്രങ്ങളില്‍ ലേഖനങ്ങള്‍ വന്നുതുടങ്ങിയിരിക്കുന്നു.
                 ചെങ്കോട്ടയുടെ കൈമാറ്റം മോദി സര്‍ക്കാരിന്റെ ഒരു പരീക്ഷണമാണെന്നു വേണം വിലയിരുത്താന്‍. ഈ കൈമാറ്റം കാര്യമായ എതിര്‍പ്പുകളില്ലാതെ ജനം സ്വീകരിച്ചാല്‍ പിന്നെ പലതും കൈമാറാനുണ്ട്. പലതും നടപ്പാക്കാനുണ്ട്. നോട്ടുനിരോധനം, സബ്‌സിഡികള്‍ ഇല്ലാതാക്കല്‍, ആധാര്‍ എന്നിങ്ങനെ അത്തരം പരീക്ഷണങ്ങളുടെ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
                അഴിമതി ആരോപണങ്ങളുടെ കാര്യത്തില്‍ യുപിഎയുടെ അടുത്തെങ്ങുമെത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നതു മറക്കുന്നില്ല. ആ അഴിമതിക്കഥകള്‍ ഉയര്‍ത്തിക്കാണിച്ചാണ് ബിജെപി അധികാരത്തിലെത്തിയത് എന്നതും മറക്കാറായില്ല. എന്നാല്‍ ടുജി സ്‌പെക്ട്രം കേസുള്‍പ്പെടെ മിക്കവാറും അഴിമതി ആരോപണങ്ങളും കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വമ്പന്‍ അഴിമതി ആരോപണങ്ങളില്‍ പെട്ടപ്പോള്‍ വന്‍ അഴിമതിയും കബളിപ്പിക്കലും നടത്തിയ കോര്‍പറേറ്റ് ഭീമന്മാരെ സുരക്ഷിതമായി രാജ്യം വിടാന്‍ അനുവദിക്കലായിരുന്നു മോദി ചെയ്തത്. അവരില്‍ പലര്‍ക്കും മോദിയുമായും ബിജെപിയുടെ മറ്റു നേതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നത് പരീക്ഷണങ്ങള്‍ എങ്ങനെയൊക്കെയാകാമെന്നതിന്റെ ഉദാഹരണങ്ങളാണ്.
                 നേരിട്ടുള്ള അഴിമതികളെ കുറിച്ചുള്ള വാര്‍ത്തകളും ഇപ്പോള്‍ വന്നു തുടങ്ങിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് ബിജെപിയെക്കുറിച്ചുള്ള അത്തരം വാര്‍ത്തകളില്‍ വലിയ താല്‍പര്യമില്ലാത്തതു കൊണ്ടു മാത്രം കത്തിപ്പടരുന്നില്ല എന്നുമാത്രം. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇപ്പോള്‍ റെയില്‍വേ-കല്‍ക്കരി മന്ത്രിയായിരിക്കുന്ന നേരത്തെ ഊര്‍ജ-കല്‍ക്കരി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന പീയുഷ് ഗോയലിനെക്കുറിച്ചുയര്‍ന്ന ആരോപണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പീയുഷ് ഗോയലും ഭാര്യയും ഡയറക്ടര്‍മാരായ കമ്പനി ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന ആരോപണം നേരത്തെയുണ്ട്. അതിനു പിറകെയാണ് രണ്ടായിരത്തില്‍ രൂപവത്കരിച്ച ഫല്‍ഷ്‌നെറ്റ് ഇന്‍ഫൊ സോല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി വന്‍ വ്യവസായി അജയ് പിരമലിന്റെ ഉടസ്ഥതയിലുള്ള കമ്പനിക്ക് വിറ്റത്.
                       കമ്പനി വില്‍ക്കുന്നതില്‍ നിയമവിരുദ്ധമായൊന്നുമില്ല. രണ്ടായിരത്തില്‍ രൂപവത്കരിച്ച കമ്പനി 2014ലാണ് വിറ്റത്. വില്‍ക്കുമ്പോള്‍ ഓഹരിയുടമകള്‍ക്ക് ഓഹരിയൊന്നിന് രണ്ടു രൂപ ഇരുപത് പൈസ ലാഭവിഹിതം നല്‍കാനുള്ള ത്രാണിയേ ഫല്‍ഷ്‌നെറ്റിനുണ്ടായിരുന്നുള്ളൂ. മോഹവില നല്‍കി വാങ്ങാന്‍ പാകത്തിലൊന്നും പീയുഷിന്റെ കമ്പനിയിലുണ്ടായിരുന്നില്ലെന്ന് അര്‍ത്ഥം. എന്നിട്ടും ഓഹരിയൊന്നിന് ആയിരം മടങ്ങ് നല്‍കി അജയ് പിരമലിന്റെ കമ്പനി ഫല്‍ഷ്‌നെറ്റ് വാങ്ങി. ഫല്‍ഷ്‌നെറ്റിന്റെ ഓഹരിയുടെ മുഖവില പത്തു രൂപയായിരുന്നു. ഒന്നിന് പതിനായിരം രൂപ കൈപ്പറ്റിയായിരുന്നു വില്‍പ്പന. ഇവ്വിധം അമ്പതിനായിരത്തി എഴുപത് ഓഹരികളാണ് അജയ് പിരമലിന്റെ കമ്പനി വാങ്ങിയത്. ആകെ ചെലവ് 50 കോടി എഴുപതിനായിരം രൂപ.
                    ഈ ഇടപാട് നടക്കുമ്പോള്‍ ഫല്‍ഷ്‌നെറ്റിനെ വാങ്ങിയ പിരമല്‍ എസ്‌റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 119 കോടിയോളം രൂപ നഷ്ടത്തിലുമായിരുന്നു. വാങ്ങിയെടുത്ത ഫല്‍ഷ്‌നെറ്റിന്റെ പേര് ആസാന്‍ ഇന്‍ഫൊ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി പ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ 2017ല്‍ രേഖപ്പെടുത്തിയ നഷ്ടം 14.78 കോടി. നിലവില്‍ തന്നെ നഷ്ടത്തിലോടിയിരുന്ന പിരമല്‍ എസ്‌റ്റേറ്റ്‌സിനെക്കൊണ്ട് പിന്നീട് നഷ്ടമുണ്ടാക്കിയ കമ്പനി വന്‍തുക മുടക്കി വാങ്ങിപ്പിക്കാന്‍ അജയ് പിരമല്‍ നിശ്ചയിച്ചത് വെറുതെയാകുമോ? ഊര്‍ജം, കല്‍ക്കരി, റെയില്‍വേ എന്നീ മേഖലകളിലൊക്കെ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളുണ്ട് അജയ് പിരമലിന്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ കല്‍ക്കരി- ഊര്‍ജ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പാണ് പീയുഷ് ഗോയലിന്റെ കമ്പനി വില്‍പ്പന നടന്നത്. ഊര്‍ജ-കല്‍ക്കരി വകുപ്പുകളില്‍ നിന്ന് ലഭിക്കാനിടയുള്ള വലിയ സേവനങ്ങള്‍ മുന്നില്‍ക്കണ്ടാകണം വലിയ വില നല്‍കി പീയുഷിന്റെ കമ്പനി വാങ്ങാന്‍ അജയ് പിരമല്‍ സന്‍മനസ് കാട്ടിയത് എന്ന് കരുതണം. കമ്പനികളുടെ സാമ്പത്തികാരോഗ്യം പരിഗണിച്ചാല്‍ അതല്ലാതെ മറ്റൊരു കാരണവും ഈ വാങ്ങലിനില്ല തന്നെ.
                       സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി എന്ന നിലയ്ക്ക് ‘മികച്ച’ പ്രകടനം കാഴ്ചവച്ച പീയുഷിന് നരേന്ദ്ര മോദി കാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം നല്‍കി. അദ്ദേഹം കല്‍ക്കരി വകുപ്പില്‍ തുടരുകയും റെയില്‍വേ അധികമായി ലഭിക്കുകയും ചെയ്തു. ഈ രണ്ട് വകുപ്പുകളില്‍ നിന്ന് അജയ് പിരമലിന്റെ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച സേവനങ്ങളെന്തൊക്കെ എന്നത് കൂടി പരിശോധിച്ചാലേ കമ്പനി കൈമാറ്റം വെറും വില്‍പ്പനയായിരുന്നോ അതോ മുന്‍കൂറായി നല്‍കിയ കൈക്കൂലിയായിരുന്നോ എന്ന് മനസിലാകൂ. ആരോപണം നേരിടുന്ന ആരെയും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച നേതാവിന് കരണീയമായത് മന്ത്രിയെ നീക്കിനിര്‍ത്തി അന്വേഷണം നടത്തുക എന്നതാണ്. സ്വന്തം ചേരിയിലെ ഏത് ഏഴാംകൂലി പ്രതിസ്ഥാനത്തു നില്‍ക്കുന്ന അന്വേഷണവും ഏത് വിധേനയും അട്ടിമറിക്കാന്‍ മടികാണിച്ചിട്ടില്ല അദ്ദേഹത്തിന്റെ പാര്‍ട്ടി. അതുകൊണ്ടുതന്നെ മന്ത്രിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമെന്നതിന് ഒരു സാധ്യതയുമില്ല.
               ഇതു പറയുമ്പോള്‍ മറ്റൊരു കമ്പനിക്കാര്യം തികട്ടിവരുന്നു. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ നഷ്ടത്തിലോടിയിരുന്ന കമ്പനിയെ വായ്പ നല്‍കി സഹായിക്കാന്‍ പൊടുന്നനെ സ്ഥാപനങ്ങളുണ്ടാകുന്നു. അതും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം. വായ്പ സ്വീകരിച്ച കമ്പനി പൊടുന്നനെ വലിയ ലാഭമുണ്ടാക്കുന്നു. പിന്നെ പൂട്ടുന്നു. വായ്പ നല്‍കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉന്നത സ്ഥാനത്തുണ്ടായിരുന്ന വ്യക്തി രൂപവത്കരിച്ച കമ്പനിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൊബൈല്‍ സേവന രംഗത്തേക്ക് ഇറങ്ങുകയും നരേന്ദ്ര മോദി തന്നെ അതിന്റെ പരസ്യ മോഡലാകുകയും ചെയ്തത് ഓര്‍മയുള്ളവര്‍ക്ക് ജയ് ഷായുടെ കമ്പനിയിലേക്ക് എത്തിയ വായ്പയുടെ ഉറവിടത്തെക്കുറിച്ച് സംശയമുണ്ടായാല്‍ കുറ്റം പറയാനാകില്ല.
                          ഇതുപോലുള്ള പല കമ്പനികളുള്ള നേതാക്കള്‍ കുറവല്ല. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഓഹരി പങ്കാളിത്തമുള്ള പത്തിലധികം കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഒരു ദേശീയ ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. വിദേശത്തു നിന്ന് പണം ഇറക്കുന്നതിന് രൂപവത്കരിച്ച ‘ഷെല്‍’ കമ്പനികളാണിവയെന്ന് ആക്ഷേപവുമുണ്ടായിരുന്നു. ആ കമ്പനികളൊക്കെ ഇപ്പോള്‍ എവിടെയാണെന്നു മാത്രം ഒരു പിടിയുമില്ല.
                           യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോളിളക്കമുണ്ടാക്കിയ ടുജി, കല്‍ക്കരി ഇടപാടുകളില്‍ ലക്ഷം കോടിയിലേറെ രൂപ വീതം ഖജനാവിന് നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം. സ്‌പെക്ട്രവും കല്‍ക്കരിപ്പാടങ്ങളും ലേലം ചെയ്തു നല്‍കിയിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന തുക കണക്കാക്കിയാണ് ഖജനാവിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തിയത്. അത്തരം രീതികള്‍ മാറിയിരിക്കുന്നുവെന്ന് ഉറപ്പിച്ച് പറയാം. അഴിമതി കുറേക്കൂടി സമര്‍ത്ഥവും സംഘടിതവുമായി നടപ്പാക്കപ്പെടുകയാണ്.
                            അധികാര സ്ഥാനത്തിരിക്കുന്നവരോ അധികാരത്തില്‍ സ്വാധീനമുള്ളവരോ മുന്‍കൂറായി കൈക്കൂലി വാങ്ങുന്നതിനു തന്നെ കമ്പനി വില്‍പ്പനയുടെ പേരിലോ കമ്പനിയിലേക്ക് നല്‍കപ്പെടുന്ന വായ്പയുടെ പേരിലോ നിയമസാധുത നേടുന്ന സ്ഥിതി. വര്‍ഗീയാതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയും വെറുപ്പ് വളര്‍ത്താന്‍ പാകത്തിലുള്ള പ്രവൃത്തികളുടെ കാര്യത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ മത്സരിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ വരുതിയില്‍ നിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ പൊതുശ്രദ്ധ അവിടങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു. അധികാരം ഉപയോഗിച്ച് അഴിമതി നടത്തുന്നതിനെക്കുറിച്ച് വേവലാതിപ്പെടാനുള്ള സമയം ഇന്ത്യക്കാരന് ലഭിച്ചതേയില്ല. ഇക്കാലത്തിനിടെ വലിയ ആരോപണങ്ങള്‍ ഉണ്ടാകാതിരുന്നതിന് അതും ഒരു കാരണമാണ്. അല്ലെങ്കിലും കണക്കെടുപ്പുകളൊക്കെ കഴിഞ്ഞ് ആരോപണങ്ങളുയരാന്‍ സമയം ആകുന്നതേയുള്ളൂ. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്തെ കണക്കെടുപ്പ് (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയത്) കഴിഞ്ഞ് നഷ്ടക്കണക്കും അഴിമതി ആരോപണങ്ങളുമുയര്‍ന്നത് രണ്ടാം യുപിഎയുടെ കാലത്താണല്ലോ.
                      സിലിണ്ടറൊന്നിന് 250- 300 രൂപ തട്ടിയെടുത്തുകൊണ്ടിരുന്ന (ഇപ്പോഴത്രയൊമൊന്നുമില്ല, സബ്‌സിഡി നരേന്ദ്ര മോദി സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്) വലിയ മാഫിയയെ ഇല്ലാതാക്കിയ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് അഴിമതിയുടെ വേരറുക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രിയുടെ കണ്‍മുന്നിലാണ് കൈയടക്കത്തോടെയുള്ള വാങ്ങലുകള്‍ നടക്കുന്നത്.
                        അത്രയും സമര്‍ത്ഥന്മാരുള്ളപ്പോള്‍ വ്യവസായ ആവശ്യത്തിന് ഏറ്റെടുത്ത സര്‍ക്കാര്‍ ഭൂമി ഡി നോട്ടിഫൈ ചെയ്ത് തത്പരകക്ഷികള്‍ക്ക് കൈമാറ്റം ചെയ്തതില്‍ അഞ്ചോ ആറോ കോടി കോഴ വാങ്ങിയെന്ന് ആരോപണം നേരിടുന്ന ബി. എസ് യെദ്യൂരപ്പയെ തന്നെയാണ് കര്‍ണാടകത്തില്‍ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ടത്. അഴിമതി തുടച്ചുനീക്കാന്‍ പ്രതിജ്ഞാബദ്ധനായ പരമാധികാരിക്ക് ലജ്ജ കൂടാതെ യെദ്യൂരപ്പക്കു വേണ്ടി പ്രചാരണം നടത്തുകയുമാകാം. മൗറീഷ്യസിലും മറ്റും കമ്പനികള്‍ രൂപവത്കരിച്ച് കള്ളപ്പണം നാട്ടിലേക്ക് ഒഴുക്കിയ ഇരുമ്പയിര് ഖനനത്തിലെ അഴിമതിയുടെ പേരില്‍ നിയമനടപടി നേരിടുന്ന ബെല്ലാരിയിലെ റെഡ്ഢി സഹോദരന്‍മാരുടെ (ജനാര്‍ദന-കരുണാകര-സോമശേഖര) ബിനാമികള്‍ക്ക് സീറ്റ് നല്‍കുകയും റെഡ്ഢി സഹോദരന്‍മാര്‍ തന്നെ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഒറ്റ നിര്‍ബന്ധം മാത്രം. അഴിമതിയോടും കള്ളപ്പണത്തോടും വികാരതീവ്രമായ ശബ്ദം കൊണ്ട് പൊരുതിക്കൊണ്ടേയിരിക്കണം.
                      ചെങ്കോട്ട സ്വകാര്യകമ്പനിക്ക് തീറെഴുതുമ്പോള്‍ അത്തരമൊരു പരീക്ഷണത്തിന് ജനത ഒരിക്കല്‍ കൂടി കരുവാക്കപ്പെടുന്നുവെന്നു മാത്രം കരുതിയാല്‍ മതി. ചെങ്കോട്ടയ്ക്ക് പിന്നില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകള്‍ പുറത്തറിയാന്‍ ഇനിയും നാളേറെ വേണം. വിമാനവും ഇന്റര്‍നെറ്റുമെല്ലാം ഭാരതത്തില്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു തന്നെ ഉണ്ടായിരുന്നുവെന്നു തെളിവുസഹിതം വാദിക്കുന്ന, ദേശത്തിന്റെ ചരിത്രത്തിലും പൈതൃകത്തിലും അഭിമാനം കൊള്ളുന്ന ഒരു പാര്‍ട്ടി ഇങ്ങനെയെല്ലാം ചെയ്യാമോ എന്ന ചോദ്യത്തിനു മാത്രം തല്‍ക്കാലം പ്രസക്തിയില്ല.

Related Articles

ജില്ലാതല നിയമബോധന അമൃത മഹോത്സവത്തിന് വിരാമമായി

  എറണാകുളം: അമൃത മഹോത്സവ നിയമബോധന പരിപാടിയോടനുബന്ധിച്ച് എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ബോധവല്‍ക്കരണ പരിശീലന പരിപാടികളുടെ ഔപചാരിക സമാപന സമ്മേളനവും

സവര്‍ണ രാഷ്ട്രീയത്തിന്റെ സാമ്പത്തിക സംവരണം നോട്ടം വോട്ടില്‍: പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകും

മുന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കും ഉന്നതവിദ്യാഭ്യാസത്തിനും 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ദളിത്-പിന്നാക്ക വിഭാഗങ്ങളെ ദോഷകരമായി ബാധിക്കും. ഇന്ത്യന്‍ ഭരണഘടനയെ തന്നെ

നിന്റെ സന്തോഷം ഞാന്‍ അനുഭവിക്കട്ടെ: ആണ്ടുവട്ടത്തിലെ ആറാം ഞായര്‍

  ആണ്ടുവട്ടത്തിലെ ആറാം ഞായര്‍ നിന്റെ സന്തോഷം ഞാന്‍ അനുഭവിക്കട്ടെ മലമുകളില്‍ കയറി പന്ത്രണ്ട് അപ്പസ്‌തോലന്മാരെ തിരഞ്ഞെടുത്തശേഷം അവരോടുകൂടെ താഴേക്ക്, സമതലത്തിലേക്ക് ഇറങ്ങി ശിഷ്യന്മാരോടും ജറുസലേമില്‍ നിന്നും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*