പൊറുക്കാനാവാത്ത അപരാധങ്ങള്‍

പൊറുക്കാനാവാത്ത അപരാധങ്ങള്‍

ഉരുകുന്ന മനസും നുറുങ്ങിയ ഹൃദയവുമായി ദൈവത്തിന്റെ കരുണയും പൊറുതിയും യാചിക്കുന്നവന്റെ ആത്മവ്യഥയെക്കുറിച്ചോ അകപ്പൊരുളിനെ ആഴപ്പെടുത്തുന്ന ആത്മീയതയുടെ കൃപയെക്കുറിച്ചോ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് യാതൊന്നും അറിയില്ല എന്നു പറഞ്ഞാല്‍ മനസിലാക്കാം. അനുതപിക്കുന്ന വിശ്വാസിയും പുരോഹിതനും തമ്മില്‍ രഹസ്യമായി പരികര്‍മം ചെയ്യപ്പെടുന്ന കുമ്പസാരം എന്ന പവിത്രമായ കൂദാശയുടെ അര്‍ഥവും പൊരുളും ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യ വാഴ്ചയുള്ള രാജ്യത്ത് ചട്ടപ്രകാരം സംസ്ഥാപിതമായ ഒരു സ്റ്റാറ്റിയൂട്ടറി സമിതി വിവേചിച്ചറിയണമെന്ന് ശഠിക്കാനാവില്ല. എന്നാല്‍ തങ്ങളുടെ വിശ്വാസപാരമ്പര്യം അനുസരിച്ച് മനസ്താപപ്രകരണം നടത്താനും പാപങ്ങള്‍ ഏറ്റുപറയാനും പരിഹാരപ്രവൃത്തി ചെയ്യാനുമുള്ള ക്രൈസ്തവന്റെ മൗലിക അവകാശം നിരോധിക്കണം എന്നു കല്പിക്കാന്‍ തങ്ങള്‍ക്ക് യാതൊരു അധികാരവുമില്ല എന്ന് രേഖാ ശര്‍മ വിസ്മരിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.
സ്ത്രീപീഡനം ആരോപിച്ചുള്ള രണ്ടു വ്യത്യസ്ത പരാതികളില്‍ കേരള പൊലീസ് നടത്തിവരുന്ന അന്വേഷണത്തിനും രാജ്യത്തെ പരമോന്നത കോടതിയുടെ വരെ പരിഗണനയിലിരിക്കുന്ന കേസിനും സമാന്തരമായി സ്വന്തം രീതിയില്‍ തെളിവെടുപ്പു നടത്തി എന്ന് അവകാശപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ദേശീയ മാധ്യമങ്ങള്‍ മുഖാന്തരം പുറപ്പെടുവിച്ച വിധിതീര്‍പ്പിലെ ന്യായങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. തങ്ങളുടെ സ്വകാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ വൈദികര്‍ സ്ത്രീകളില്‍ സമ്മര്‍ദം ചെലുത്തുന്നു, സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാനും പുരുഷന്മാരില്‍ നിന്നു പണം തട്ടിയെടുക്കാനുമുള്ള ബ്ലാക്്‌മെയിലിങ് ഉപാധിയായി കുമ്പസാരത്തെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു, ഇത്തരം കേസുകള്‍ കേരളത്തില്‍ ക്രമാതീതമായി പെരുകിവരികയാണ്, ഇപ്പോള്‍ രണ്ടു പരാതികളാണ് കിട്ടിയിട്ടുള്ളതെങ്കിലും ഇത്തരം ധാരാളം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തരമില്ല, ആഴങ്ങളുടെ ഇരുളില്‍ മറഞ്ഞുകിടക്കുന്ന കൂറ്റന്‍ ഹിമഖണ്ഡത്തിന്റെ തുമ്പു മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ, അതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ഈ കേസുകള്‍ അടിയന്തരമായി ഏറ്റെടുത്ത് അന്വേഷിക്കണം എന്നിങ്ങനെ അവര്‍ നടത്തിയ സാമാന്യവല്‍കരണത്തിന്റെയും ദുരാരോപണങ്ങളുടെയും തൊടുന്യായങ്ങളുടെയും പിന്നിലുള്ള നിക്ഷിപത താല്പര്യങ്ങള്‍ രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കെതിരെ നടന്നുവരുന്ന ആസൂത്രിതമായ കടന്നാക്രമണങ്ങളുമായി ബന്ധപ്പെടുത്തി കാണുന്നതില്‍ തെറ്റില്ല. മതസ്പര്‍ധയും വര്‍ഗീയ വിദ്വേഷവും വളര്‍ത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള അതിനിന്ദ്യവും‘ഭയാനകവുമായ തന്ത്രങ്ങളുടെ ഭാഗമാണിത്. അനുരഞ്ജനത്തിന്റെയും പൊറുതിയുടെയും സമാധാനത്തിന്റെയും അന്തസത്തയും അകക്കാമ്പും എന്തെന്നു ധ്യാനിക്കാന്‍ മാത്രമുള്ള ഭക്തീഭാവവും ജ്ഞാനാനുഭൂതിയും ആര്‍ത്തലയ്ക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ നൃശംസതയിലും സംഹാരമൂര്‍ത്തികളായ ആള്‍ക്കൂട്ട സംസ്‌കൃതിയിലും നിന്നു പ്രതീക്ഷിക്കാനാവില്ല.
‘ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ അവിവാഹിതരായ അമ്മമാരെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിന് മിഷണറീസ് ഓഫ് ചാരിറ്റി നടത്തിവരുന്ന നിര്‍മല്‍ ഹൃദയ് എന്ന അഭയകേന്ദ്രത്തില്‍ നിന്ന് ഒരു കുഞ്ഞിനെ ഉത്തര്‍പ്രദേശുകാരായ ദമ്പതികള്‍ക്കു വിറ്റു”എന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിനെ ആധാരമാക്കി വ്യാപകമായ മനുഷ്യക്കടത്തിന്റെ പ്രഭവകേന്ദ്രമെന്ന് ആ രാജ്യാന്തര പ്രേഷിത സമൂഹത്തെ മുദ്രകുത്താനും വിശുദ്ധ മദര്‍ തെരേസയുടെ ഉപവിയുടെ സഹോദരിമാര്‍ കാരുണ്യശുശ്രൂഷ ചെയ്യുന്ന എല്ലാ കേന്ദ്രങ്ങളിലും റെയ്ഡ് നടത്താനും, ആ പ്രസ്ഥാനത്തെ കരിമ്പട്ടികയില്‍ പെടുത്തി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും വിദേശത്തുനിന്നുള്ള സഹായധനം കൈപ്പറ്റുന്നതു തടയാനും മറ്റും സത്വര നീക്കങ്ങളും അനുബന്ധമായി കൊടുമ്പിരിക്കൊണ്ട ദുഷ്പ്രചരണ കോലാഹലങ്ങളുമുണ്ടായി. റാഞ്ചിയിലെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രേഷിത സന്യാസിനിയുടെ കുറ്റസമ്മത മൊഴി”എന്ന പേരില്‍ വീഡിയോ തെളിവ് പരസ്യപ്പെടുത്തി‘ഭരണനേതൃത്വം തങ്ങളുടെ നീതിനിഷ്ഠ തെളിയിച്ചു. അവിവാഹിതരായ പാവപ്പെട്ട ആദിവാസി യുവതികളുടെയും അവരുടെ കുഞ്ഞുങ്ങളെയും ഉപവിയുടെ സഹോദരിമാരുടെ അഭയകേന്ദ്രത്തില്‍ നിന്ന് സര്‍ക്കാര്‍ സംരക്ഷണയിലേക്ക് മാറ്റുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രദര്‍ശിപ്പിച്ചവര്‍ക്ക് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നാക്രമണത്തെക്കുറിച്ചും മൗലിക മനുഷ്യാവകാശങ്ങളെക്കുറിച്ചുമൊന്നും വ്യാകുലപ്പെടേണ്ടതില്ലല്ലോ!
രാജ്യത്തെ നിയമവ്യവസ്ഥയ്ക്കു വിരുദ്ധമായ ഏതു കുറ്റം ചെയ്യുന്നവനും ശിക്ഷിക്കപ്പെടണം. പൊലീസും നീതിന്യായ കോടതികളും നിര്‍വഹിക്കേണ്ട കാര്യങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നത് ഭരണഘടനാധിഷ്ഠിത ജനാധിപത്യ സംവിധാനത്തിനു ചേര്‍ന്നതല്ല. ഭരണകക്ഷിയുടെ പ്രത്യയശാസ്ത്രവും രാഷ്ട്രീയ ലക്ഷ്യങ്ങളും അനുസരിച്ച് രാജ്യത്തെ വ്യത്യസ്ത മതാനുയായികളുടെ വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും ജീവിതക്രമവും നിയന്ത്രിക്കാനോ നിരോധിക്കാനോ ഏതെങ്കിലും സ്റ്റാറ്റിയൂട്ടറി സമിതിയോ മന്ത്രാലയമോ ശ്രമിച്ചാല്‍ അതിനെ ശക്തമായി ചെറുത്തുതോല്പിക്കുകതന്നെ വേണം. തന്നോടുതന്നെയും സഹജീവികളോടും ദൈവത്തോടും ചെയ്ത പൊറുക്കാനാവത്ത അപരാധങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ആരും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ കാത്തിരിക്കണമെന്നില്ല.


Related Articles

ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിലനിര്‍ത്തണം

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, വര്‍ഗ സംവരണം പത്തു കൊല്ലം കൂടി തുടരുന്നതിനുള്ള ഭരണഘടനയുടെ 126-ാം ഭേദഗതി ബില്‍ ഒരു എതിര്‍പ്പുമില്ലാതെ 352 അംഗങ്ങള്‍ ഏകകണമ്ഠമായി ലോക്‌സഭയില്‍

സാമ്പത്തിക സംവരണം മരവിപ്പിക്കണം

  സംവരണ പരിധി 50 ശതമാനം എന്നതില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെ കേരളത്തില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്കുവേണ്ടി (ഇഡബ്ല്യുഎസ്) ജനറല്‍ കാറ്റഗറിയില്‍ 10 ശതമാനം

മഹാപ്രളയത്തില്‍ നിന്ന് നവോത്ഥാനത്തിലേക്ക്

  പ്രളയത്തിന്റെ മഹാദുരന്തത്തില്‍ നിന്ന് കരേറുന്ന കേരളത്തിന്റെ രൂപവും ഭാവവും മാറുമെന്ന് നാമെല്ലാം പ്രതീക്ഷിച്ചതാണ്. എന്നാല്‍ അത് ഇത്രകണ്ട് കലുഷിതവും ഛിദ്രിതവും ഘോരവുമാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. നവകേരളം,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*