പൊലിയുന്ന ഗള്‍ഫ് സ്വപ്നം

മലയാളികളുടെ സ്വപ്നഭൂമിയായിരുന്ന അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് കൊവിഡ് കാലത്ത് കാണാനാകുന്നത്. അന്യദേശത്തെ അരക്ഷിതാവസ്ഥയില്‍ നിന്ന് പിറന്നനാടിന്റെ ദുരവസ്ഥയിലേക്കുതന്നെ മടങ്ങാന്‍ മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞു പ്രവാസി മലയാളികള്‍.
തൊഴില്‍മേഖല പ്രതിസന്ധിയില്‍
രണ്ടായിരാമാണ്ടില്‍ ആരംഭിച്ച ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണവും തൊഴില്‍ നിയമങ്ങളിലെ മാറ്റവും പ്രവാസികളില്‍ ആശങ്ക ഉണര്‍ത്തുന്ന വലിയ തിരിച്ചടിയായിരുന്നു. പ്രതിസന്ധി 2015ഓടെ രൂക്ഷമായി, തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങുന്നവരുടെ എണ്ണം അനുക്രമം വര്‍ധിച്ചുവന്നു. സാധ്യതകള്‍ മങ്ങിക്കൊണ്ടിരിക്കെ കൊവിഡ് മഹാമാരിയുടെ വ്യാപനം ദുരന്തത്തിന് ആക്കംകൂട്ടി. രോഗികളായവര്‍, ജോലി നഷ്ടപ്പെട്ടവര്‍, വേതനം ലഭിക്കാത്തവര്‍, പാര്‍പ്പിടവും ഭക്ഷണവും ഇല്ലാത്തവര്‍, വിസാ കാലാവധി തീര്‍ന്നവര്‍, കടബാധ്യതയുള്ളവര്‍, ജീവിതത്തില്‍ നിന്നു ഒളിച്ചോടേണ്ടിവന്നവര്, മനസ്സിന്റെ ഭാരം പങ്കുവെക്കാനാകാതെ മൃത്യു സ്വയംവരിക്കുന്നവര്‍..പട്ടിക നീളുകയാണ്.
നിയമങ്ങളുടെ മാറ്റം അതിവേഗത്തിലാണ്. കുവൈത്തില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ബില്ലാണ് ഇതില്‍ ഏറ്റവും പുതിയത്. പ്രവാസി തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചില വിസകളുടെ കൈമാറ്റം നിരോധിക്കുകയും ചെയ്യുന്ന കരട് ബില്ലിനാണ് കുവൈത്ത് പാര്‍ലമെന്റ് മാനവവിഭവ സമിതി അന്തിമരൂപം നല്‍കിയിരിക്കുന്നത്. കരട് ബില്‍ നിയമമാക്കിയാല്‍ ആറു മാസത്തിനകം കുവൈത്തില്‍ പ്രവാസികളുടെ അനുവദനീയമായ ക്വാട്ട മന്ത്രിസഭ തീരുമാനിക്കും. ഗാര്‍ഹിക സഹായികള്‍, മെഡിക്കല്‍ സ്റ്റാഫ്, അധ്യാപകര്‍, പൈലറ്റുമാര്‍, ജിസിസി പൗരന്മാര് എന്നിവരുള്‍പ്പെടെ 10 വിഭാഗങ്ങളെ ബില്ലില്‍ ക്വാട്ട സമ്പ്രദായത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മൂന്നു വിഭാഗങ്ങളില്‍ വിസാ മാറ്റവും ബില്‍ തടയുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലും എണ്ണ മേഖലയിലും ജോലിയില്‍ പ്രവേശനം, സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്കോ ആശ്രിത വിസയിലേക്കോ മാറ്റം, സര്‍ക്കാര്‍ കരാറുകളില്‍ ജോലി ചെയ്യാനായി റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ വിസ പദ്ധതികള്‍ നടപ്പാക്കിയശേഷം പുതുക്കല്‍ എന്നിവയാണ് നിരോധിക്കുക. ജനസംഖ്യാശാസ്ത്രവുമായി ബന്ധപ്പെട്ട് ദേശീയ സമിതി രൂപീകരിക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ കുവൈറ്റ് പാര്‍ലമെന്റും സര്‍ക്കാരും ആലോചിച്ചുവരികയാണ്. 2020 സെപ്റ്റംബ
റില്‍ പുതിയ വിദേശ റെസിഡന്‍സി കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു, വിസ വ്യാപാരം തടയുന്നത് ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സര്‍വ്വകലാശാലാ ബിരുദമില്ലാത്ത, 60 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ക്ക് ഓഗസ്റ്റ് 31ന് ശേഷം റെസിഡന്റ് വിസ നീട്ടി നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. കുവൈത്തില്‍ നിലവില്‍ ഒന്നര ലക്ഷത്തോളം പേര് – മലയാളികളുള്‍പ്പെടെ – 60 വയസ്സ് കഴിഞ്ഞവരാണ്. രാജ്യത്തെ 48 സര്‍ക്കാര്‍ ഏജന്‍സികളിലായി ജോലി ചെയ്യുന്ന പ്രവാസികളുടെ 1,183 തൊഴില്‍ കരാറുകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
കൊവിഡ് കാലത്ത് സൗദി അറേബ്യയില്‍ മാത്രം പതിനായിരത്തോളം ഇന്ത്യക്കാര്‍ കൂട്ടപ്പിരിച്ചുവിടലിന് ഇരകളായി. ഇവരില്‍ ആയിരത്തിലധികം മലയാളികളുമുണ്ട്. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ഔദ്യോഗിക രേഖകള്‍ ലഭ്യമായിട്ടില്ല. തൊഴില്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ 25 വര്‍ഷം സര്‍വീസ് ഉള്ളവര്‍ വരെയുണ്ട്. പലര്‍ക്കും എട്ടു മാസംവരെ ശമ്പളകുടിശിക കിട്ടാനുണ്ട്. തൊഴില്‍ നഷ്ടമായെങ്കിലും ചെയ്ത ജോലിയുടെ വേതനവും ദീര്‍ഘകാല സേവനത്തിനുള്ള ആനുകൂല്യവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ക്യാമ്പില്‍ത്തന്നെ തങ്ങിയത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒന്നും ലഭിച്ചില്ലെന്നു മാത്രമല്ല, കൈയിലുള്ള അവസാനത്തെ ചില്ലിയും തീര്‍ന്ന് പട്ടിണിയിലുമായി. പൊറുതിമുട്ടി ശമ്പളകുടിശികയും ആനുകൂല്യവും ഉപേക്ഷിച്ച് അവര്‍ നാട്ടിലേക്ക് മടങ്ങിക്കൊള്ളുമെന്ന മനോഭാവമാണ് സൗദിയിലെ കമ്പനികള്‍ പ്രകടിപ്പിച്ചത്.
2012ല്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നടത്തിയ ഒരു പഠനത്തില്‍ ഗള്‍ഫ് മേഖലയില്‍ തൊഴിലെടുക്കുന്ന മലയാളികളില്‍ (ബിസിനസുകാരല്ല) 2 ശതമാനം പേര് മാത്രമേ ഭാവിയില്‍ സുരക്ഷിതമായി ജീവിക്കാനുള്ള സാമ്പാദ്യം നേടിയിട്ടുള്ളൂ. 16 ശതമാനത്തോളം പേര് തൊഴില്‍ നഷ്പ്പെട്ടാലും തല്കാലം അതിജീവിക്കാനുള്ള സമ്പാദ്യം നേടിയവരാണ്. 40 മുതല്‍ 60 ശതമാനം പേര് തൊഴില്‍ നഷ്ടപ്പെട്ടാല്‍ കുടുംബം പട്ടിണിയാലാകുന്നവരാണ്. 2018ല്‍ ആരംഭിച്ച് 2019ല്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ സാമ്പത്തികമാന്ദ്യത്തില്‍ ശരാശരി 30 മുതല്‍ 40 ശതമാനം പേര്‍ക്കുവരെ തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. കൊവിഡ് വ്യാപനകാലത്ത് സ്ഥിതിഗതികള്‍ ഒന്നു കൂടി രൂക്ഷമായി.
ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയിലേക്കു മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് അഞ്ചര ലക്ഷത്തോളം മലയാളികളായിരുന്നു. ഇതില്‍ മൂന്നര ലക്ഷത്തോളം പേര് മടങ്ങിയെത്തിക്കഴിഞ്ഞു. ഇനി തിരിച്ചുചെന്നാല്‍ പല മേഖലകളിലും ജോലി നഷ്ടപ്പെടുന്നരാണ് ഭൂരിഭാഗം പേരും. നാട്ടിലേക്ക് പോയവരില്‍ പലരും മൂന്നു മാസം മുതല്‍ 6 മാസം വരെ നിര്‍ബന്ധിത അവധിയില്‍ പോയവരാണ്. വമ്പന്‍ ഹോട്ടല്‍ ശൃംഖലയിലെ മിക്കവാറും ഹോട്ടലുകളും അടച്ചുപൂട്ടി. ടൂറിസ്റ്റ് മേഖലകളില്‍ മാത്രമാണ് തൊഴില്‍ നഷ്ടം അല്പമെങ്കിലും കുറവുള്ളത്. എന്നാല്‍ നിലനിര്‍ത്തിയിരിക്കുന്ന ജീവനക്കാരുടെ ശമ്പളം പകുതിയോളം വെട്ടിക്കുറച്ചിട്ടുണ്ട്. ഭക്ഷ്യേതര വിപണി, എയര്‍ലൈന്‍, കെട്ടിടനിര്‍മാണ മേഖല, ട്രാന്‍സ്പോര്‍ട്ട്, ഹോട്ടല്‍ വ്യവസായങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇതനുസരിച്ച് ഈ മേഖലയില്‍ തൊഴില്‍ നഷ്ടവും രൂക്ഷമാണ്. മിക്കവാറും സ്ഥാപനങ്ങളും 30 മുതല്‍ 60 ശതമാനം വരെ ജീവനക്കാരെ കുറച്ചിട്ടുണ്ട്. 12 പേര് വരെ ജോലി ചെയ്തിരുന്ന ഡിപ്പാര്‍ട്ടുമെന്റുകളില്‍ 3 പേര് വരെയാക്കി ചുരുക്കി. ഇവരുടെ ശമ്പളവും ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്.
ഷാര്‍ജ മുതല്‍ ദുബായ് വരെയുള്ള 25 കിലോമീറ്റര്‍ ദൂരം യാത്രചെയ്യാന്‍ 10 ദിര്‍ഹമാണ് യാത്രാക്കൂലി. ഇതു ലാഭിക്കാനായി കൊടുംവെയിലത്ത് കാല്‍നട യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു. ഭക്ഷണത്തിനും
താമസത്തിനുമായി ആരാധനാലയങ്ങളില്‍ ചേക്കേറുന്നവരും കുറവല്ല.
ആവശ്യമായ സഹായമെത്തിക്കാനും അവസരോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും കേരള സര്‍ക്കാരിനോ ഇന്ത്യയിലെ ഫെഡറല്‍ ഗവണ്മെന്റിനോ കഴിഞ്ഞില്ല. പ്രതിസന്ധി മൂര്ഛിക്കുമ്പോള്മാത്രം നടത്തുന്ന താല്‍ക്കാലിക ഇടപെടലുകള്‍ക്ക് അപ്പുറം ഗൗരവപൂര്‍ണമായ സമീപനം ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചുകാണുന്നില്ല. നേരത്തെ സൂചിപ്പിച്ച പോലെ ഗള്‍ഫിലെ പ്രതിസന്ധി പൊടുന്നനെ രൂപപ്പെട്ടതല്ല. എണ്ണവിലത്തകര്‍ച്ചയും സ്വദേശിവത്ക്കരണവും അവിടത്തെ തൊഴില്‍മേഖലയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കാണ് വഴിതുറന്നത്. നിര്‍മാണമേഖലയില്‍ ഏറെക്കുറെ സ്തംഭനാവസ്ഥ എന്നുതന്നെ പറയാം. രണ്ടുവര്‍ഷമായി തുടരുന്ന പ്രതിസന്ധി ഇപ്പോള്‍ പൊട്ടിത്തെറിയില്‍ എത്തിനില്‍ക്കുന്നു.
ഇത്തരം പ്രതിസന്ധികളില്‍ ഭക്ഷണമെത്തിക്കലും നാട്ടിലെത്തിക്കലും മാത്രമായിക്കൂടാ സര്‍ക്കാരുകളുടെ പരിഗണനാവിഷയങ്ങള്‍. എന്തുകൊണ്ട് വിദേശരാജ്യങ്ങളിലേക്ക് ജീവിതമാര്‍ഗം തേടിപ്പോകുന്നവരുടെ തൊഴില്‍സുരക്ഷയെക്കുറിച്ച് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ല? നിര്‍മാണ, ഗാര്‍ഹികമേഖലയില്‍ തൊഴിലിന് പോകുന്ന ഇന്ത്യക്കാരുടെ അവസ്ഥ പരമ ദയനീയമാണ്. മറ്റു പല രാജ്യങ്ങളും ഗള്‍ഫ് നാടുകളിലെ തൊഴില്‍മന്ത്രാലയവുമായി ബന്ധപ്പെട്ട് തങ്ങളുടെ പൗരന്മാരുടെ തൊഴില്‍സുരക്ഷയ്ക്കായി കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്. സ്പോണ്‍സര്‍മാരില്‍നിന്ന് നിയമപരമായ ധാരണാപത്രം സമ്പാദിക്കാന്‍ സാധിച്ച രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഇന്ത്യക്കാരെപ്പോലെ യാതന അനുഭവിക്കേണ്ടിവരുന്നില്ല.
സൗദിയില്‍ സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി മൊബൈല്‍ ഷോപ്പുകളില്‍നിന്നുപോലും വിദേശിയരെ ഒഴിവാക്കിയത് വന്‍ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. ഇപ്പോള്‍ നിര്‍മാണമേഖലയിലെ പ്രതിസന്ധി പൂര്‍ണതോതിലാകുകയും ചെയ്തു.
യുഎഇ ഉള്‍പ്പെടെയുള്ള ഇതര രാജ്യങ്ങളിലും സമാന സ്ഥിതിയാണ്. ഏറ്റവുമൊടുവില്‍ ഒമാനിലെ നഴ്സുമാരെയും കൂട്ടത്തോടെ പറഞ്ഞുവിട്ടു. ഇക്കൂട്ടത്തില്‍ മലയാളികളായ നൂറിലേറെപേരുണ്ട്. ഗള്‍ഫ് ജോലി എന്ന ആലംബം ഇനി എത്രകാലമെന്ന ഗൗരവതരമായ ചിന്തയ്ക്ക് സമയമായി.
ജീവിതപ്രതിസന്ധി വ്യാപിക്കുന്നു
കൊവിഡ് വ്യാപനമുണ്ടായപ്പോള്‍ ഗള്‍ഫ് മേഖലയിലുളള മലയാളികള്‍ ആകെ ആശയക്കുഴപ്പത്തിലായി. നാട്ടിലേക്കു മടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും ലോക്ഡൗണ്‍ പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞില്ല. ലോക്ഡൗണില്‍ ഇളവു വന്നപ്പോഴാകട്ടെ നാട്ടിലേക്ക് പോകുമ്പോള്‍ ജോലി രാജിവയ്ക്കേണ്ടിവരുമെന്നതായിരു
സമ്പൂര്‍ണ ലോക്ഡൗണ്‍ കാലാവധി ഗള്‍ഫ് മേഖലയില്‍ താരതമ്യേന കുറവായിരുന്നെങ്കിലും നല്ല കമ്പനികളില്‍ പോലും മൂന്നും നാലും മാസത്തെ ശമ്പളം പലര്‍ക്കും നഷ്ടപ്പെട്ടു – ചിലര്‍ക്ക് പൂര്‍ണമായും മറ്റുള്ളവര്‍ക്ക് ഭാഗികമായും. കൊവിഡ് ബാധിച്ച് മൂന്നുറിലധികം മലയാളികളാണ് ഇതുവരെ ഗര്‍ഫ് മേഖലയില്‍ മരിച്ചിട്ടുള്ളത്. ലോക്ഡൗണില്‍ ഇളവുവന്നതോടെ പല ഗള്‍ഫ് രാജ്യങ്ങളിലും സാധാരണസ്ഥിതി തിരികെ വന്നിട്ടുണ്ട്. പക്ഷേ വ്യാപാരമേഖല വലിയ മാന്ദ്യത്തിലാണ്.
സ്വന്തം നാട്ടിലെ അഭയാര്‍ത്ഥികള്‍
ആഗോളതലത്തില്‍ സ്വന്തം വീടുകളില്‍ നിന്നും ദേശത്തു നിന്നും പലായനം ചെയ്യാന്‍ നിര്ബ്ബന്ധിക്കപ്പെട്ടവരുടെ എണ്ണം ചരിത്രത്തിലാദ്യമായി എഴുപതു ദശലക്ഷം കവിഞ്ഞുവെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ 2019ലെ പഠനം വ്യക്തമാക്കുന്നു. ലോക ജനസംഖ്യയില്‍ 108 പേരില്‍ ഒരാള്‍, അതായത് 70.8 ദശലക്ഷം പേര്, 2019ല്‍ പലായനം ചെയ്തു. വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ആളുകളും വര്‍ഷങ്ങളായി സ്വന്തം മണ്ണിലേക്ക് മടങ്ങാന്‍ കഴിയാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു. കൊവിഡ് കാലത്തെ പ്രതിസന്ധിയുടെ ആഘാതം കൂടി കൃത്യമായി തിട്ടപ്പെടുത്തിയാല്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാണെന്ന് ബോധ്യപ്പെടും. കൊവിഡിനു ശേഷം മലയാളികളായ പ്രവാസികളെ ഏതു കണക്കിലായിരിക്കും ഉള്‍പ്പെടുത്തുക എന്നത് ചോദ്യചിഹ്നമാണ് – അന്യരാജ്യത്തെ കുടിയേറ്റക്കാരോ, സ്വന്തം നാട്ടിലെ അഭയാര്‍ത്ഥികളോ?
കുടിയേറ്റം, പ്രവാസം, ദാരിദ്ര്യം – പ്രവാസികളുടെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായി ഇവ മാറിക്കഴിഞ്ഞു. പ്രവാസജീവിതത്തില്‍ നിന്നു തിരസ്കൃതരായി ജന്മദേശത്തു ചെല്ലുമ്പോള്‍ സ്വന്തക്കാരും നാട്ടുകാരും നല്‍കുന്നത് വേദനിപ്പിക്കുന്ന അവഗണനയാണ്. ഗള്‍ഫില്‍ നിന്ന് ഇപ്പോള്‍ നാട്ടിലേക്ക് വരേണ്ട എന്നു പറഞ്ഞ് ജീവിതപങ്കാളിയെയും മാതാപിതാക്കളെയും തള്ളിപ്പറഞ്ഞ എത്രയോപേരുണ്ട്! നാട്ടിലേക്കു മടങ്ങിവന്നര്ക്കു തന്നെ ക്വാറന്റീന് ഏര്‍പ്പെടുത്താന്‍ ബന്ധുക്കള്‍ പോലും മടിച്ച സംഭവങ്ങളുണ്ടായി. ഇത്രയും കാലം ചോരനീരാക്കി തങ്ങളെ പോറ്റിയവരാണ് അനാഥരെപോലെ അഭയം യാചിച്ച് നില്‍ക്കുന്നതെന്ന് കരുതാത്ത നിരവധി മലയാളികളുണ്ട്. അവര്‍ കൊടുത്ത പണം കൊണ്ടു പണിത വീടുകളായിരിക്കും അവര്‍ക്കു മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടത്.
ഗള്‍ഫ്കാരെ കണ്ടാല്‍ ഈച്ചയാര്ക്കുന്നതുപോലെ പൊതിഞ്ഞിരുന്ന നാട്ടുകാരും കൂട്ടുകാരും ഏതോ അന്യഗ്രഹജീവികളായി കാണുംപോലെയാണ് അവരില്‍നിന്ന് അകന്നുമാറുന്നത്. മലയാളിയുടെ ജീര്‍ണിച്ച മുഖമാണ് ചിലയിടത്തെങ്കിലും കൊവിഡ് പുറത്തുകൊണ്ടുവന്നത്.
സ്നേഹത്തിനും സഹകരണത്തിനും ജാതിയോ മതമോ വര്‍ഗമോ രാഷ്ട്രീയമോ തങ്ങള്‍ക്കു പ്രശ്നമല്ലെന്ന് നാഴികയ്ക്ക് നാല്പതുവട്ടം വായ്ത്താരി മുഴക്കുന്ന മലയാളികളാണ് സ്വന്തം സഹോദരങ്ങളോട് ഇപ്രകാരം പെരുമാറുന്നത്. കൊവിഡിനെ നേരിട്ടതില്‍ ആഗോളതലത്തില്‍ അംഗീകാരവും ആദരവും നേടിയ സംസ്ഥാനത്താണ് അക്ഷന്തവ്യമായ ഈ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നത്.
പ്രവാസികളുടെ പുനരധിവാസം
ഗള്‍ഫ് വരുമാനത്തിന്റെ ശോഷണം കേരളത്തിന്റെ സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം ദൂരവ്യാപകമാണ്. വിദേശപണത്തിന്റെ വരവ് നിലയ്ക്കുന്നതിനൊപ്പം തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസമെന്ന പുതിയ ബാധ്യതകൂടി അടിച്ചേല്‍പ്പിക്കപ്പെടുന്നു.
സംസ്ഥാന സര്‍ക്കാര്‍ പുതുക്കി അവതരിപ്പിച്ച ബജറ്റില്‍ പ്രവാസി പുനരധിവാസ-ക്ഷേമ പദ്ധതികള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് അവകാശവാദം. നിക്ഷേപ സാധ്യതയുള്ളവര്‍ക്കായി വ്യവസായ പാര്‍ക്കുകളിലും മറ്റു സംരംഭങ്ങളിലും പ്രത്യേക പരിഗണന നല്‍കുമെന്നും ബജറ്റില്‍ എടുത്തുപറയുന്നു. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 28 കോടി വകയിരുത്തി. പുനരധിവാസത്തിന് 24 കോടിയും ക്ഷേമനിധിക്ക് 10 കോടിയും അനുവദിച്ചു. ബാങ്ക് വായ്പയ്ക്ക് ബാക്-എന്‍ഡ് സബ്സിഡി മുന്‍കൂറായി നല്‍കുന്നുവെന്നും മറ്റുമുള്ള വാഗ്ദാനങ്ങളുണ്ടെങ്കിലും എല്ലാം കടലാസില്‍ മാത്രമെന്ന സ്ഥിതിയാണ്. പ്രവാസിക്ഷേമത്തിനായി കോടിക്കണക്കിനു രൂപ വകയിരുത്തുകയും ഒരു രൂപ പോലും ചെലവഴിക്കാതിരിക്കുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്രവും സ്വീകരിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന 5,000 രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. തൊഴില്‍രഹിതരായി തിരിച്ചെത്തുന്നവര്‍ക്ക് ബാങ്കുകള്‍ ലോണ്‍ നല്കാന് മടിക്കുന്നു.
ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഉറ്റവരെ പിരിഞ്ഞ് അന്യദേശങ്ങളില്‍ എരിഞ്ഞുതീരുന്ന പ്രവാസികളെ ഇതുപോലെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യണോ? കേരളത്തിന്റെ പുരോഗതിക്കു പിന്നില്‍ ലക്ഷക്കണക്കിനു മനുഷ്യര്‍ അന്യനാടുകളില്‍ ഒഴുക്കിയ വിയര്‍പ്പുകൂടി ഉണ്ടെന്ന് ഓര്‍ക്കണം. അവരുടെ വേദന കണ്ടറിയാനും കണ്ണീരൊപ്പാനും എല്ലാവര്ക്കും ഉത്തരവാദിത്തം ഉണ്ട്.
കേരളത്തിന്റെ സാമ്പത്തിക സൈന്യം
കേരള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കാതലായ മാറ്റമുണ്ടാകുന്നത് 1973 മുതലാണ്. ഈ കാലയളവിലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവുമധികം കുടിയേറ്റം കേരളത്തില്നിന്നുമുണ്ടായിട്ടു
ല്‍ ബന്ധുക്കളെയോ സ്നേഹിതരെയോ നാട്ടുകാരെയോ കൊണ്ടുപോകാനുള്ള ശ്രമവും ഉണ്ടായി. വിസ കച്ചവടം തന്നെ ഒരു തൊഴിലായി മാറിയ കാലവുമുണ്ടായിരുന്നു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില് മാത്രമല്ല, സാമൂഹ്യരംഗത്തും ഗള്‍ഫ് പണം സൃഷ്ടിച്ച പുരോഗതി ശരിക്കു വിലയിരുത്തപ്പെടാതെപോകുകയാണ്.
തലമുറകളായി സാമ്പത്തികമായി പിന്നാക്കം നിന്നിരുന്നവരും ഒരു കാലത്ത് ജന്മികളായിരുന്നുവെങ്കിലും ഭൂപരിഷ്കരണത്തോടെ ദരിദ്രരായവരും ഒരുപോലെ ഗള്‍ഫ് തൊഴിലിന്റെ മധുരം നുണഞ്ഞു. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ച, സമ്പത്ത് ഇല്ലാതാക്കി. വിദ്യാരഹിതരായിരുന്നവര് സ്വന്തം മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്കുന്നതില് ശ്രദ്ധപതിപ്പിച്ചു. ഇതിനെല്ലാം സ്വന്തം ജീവിതമാണ് അവര്‍ ബലികഴിച്ചതെന്നു മാത്രം.
തിരിച്ചടിയായി കുടിയേറ്റ-തൊഴില്‍ നിയമങ്ങളിലെ മാറ്റം
സൗദി അറേബ്യയിലാണ് കുടിയേറ്റ-തൊഴില്‍ നിയമങ്ങള്‍ ആദ്യമായി പരിഷ്കരിച്ചത്. 1994ല്‍ സൗദി അറേബ്യ നടപ്പിലാക്കിയ സൗദിവത്കരണം ശക്തമാക്കിയത് 2005ലാണ്. അതോടെ സ്ഥിതി പൂര്‍ണമായി മാറി. 2005 മുതല്‍ സൗദിവത്കരണത്തിന്റെ പുതിയ കര്‍ശന നയമായി നിതാഖത്ത് നിയമം നടപ്പിലാക്കി. ഈ നിയമത്തിന്റെ സവിശേഷത, സൗദിയിലെ എല്ലാ വ്യവസായ സേവന മേഖലയിലും ഉറപ്പായും നിയമിച്ചിരിക്കേണ്ട
സൗദി പൗരന്മാരുടെ എണ്ണം ആ സ്ഥാപനത്തിലെ മുഴുവന്‍ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി നിശ്ചയിക്കപ്പെട്ടതാണ്. ഈ അനുപാതം കുറഞ്ഞത് 10 ശതമാനം മുതല്‍ കൂടിയത് 75 ശതമാനം വരെയും ചില മേഖലഖില്‍ 99 ശതമാനം വരെയും നിശ്ചയിക്കപ്പെട്ടു. വ്യവസായികള്‍ ഇതിന്റെ അനുപാതത്തില്‍ പല വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടു.
സ്വദേശി-വിദേശി തൊഴില്‍ അനുപാതം പരിപാലിക്കേണ്ടത് കര്‍ശനമായതോടെ ഒരു കാലത്തെ മലയാളികളുടെ സ്വര്‍ഗമായിരുന്ന പ്രവാസ കുടിയേറ്റ രാജ്യങ്ങള്‍ അവര്‍ക്ക് അന്യമാകാന്‍ തുടങ്ങി. പല ഗള്‍ഫ് രാഷ്ട്രങ്ങളും കുടുംബ നികുതികളില്‍ വന്‍ വര്‍ധന വരുത്തിയതോടെ കുടുംബവുമൊത്ത് താമസിച്ചിരുന്ന നിരവധി മലയാളികള്‍ക്ക് വീട്ടുകാരെ നാട്ടിലേക്കയക്കേണ്ടതായും വന്നു.
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) നടത്തുന്ന പ്രവാസിപഠനങ്ങള് പ്രകാരം 1998ല്‍ തിരികെയെത്തിയ പ്രവാസികളുടെ എണ്ണം 7.4 ലക്ഷം ആയിരുന്നുവെങ്കില്‍ 2018ല്‍ ഇത് 28.6 ലക്ഷമായി ഉയര്‍ന്നു. മടങ്ങിയെത്തിയ പ്രവാസികളെ തെരഞ്ഞെടുത്ത് 2018ല്‍ സിഡിഎസ് നടത്തിയ പഠനം വെളിവാക്കുന്നത് ഇവരില്‍ 21.3 ശതമാനം പേരും 30-39 പ്രായപരിധിയിലുള്ളവരാണെന്നതാണ്. 45.9 ശതമാനം പേരുടെ പ്രായം 50 വയസിനു മുകളിലാണെന്നും കാണാം. മടങ്ങിയെത്തിയവരില്‍ 45.1 ശതമാനം പേരുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസോ അതിനു മുകളിലോ ആണ്. ഏറ്റവും ആശങ്കാജനകമായ വസ്തുത മടങ്ങിയെത്തിയവരുടെ കുടുംബങ്ങളിലെ ആശ്രിതരുടെ എണ്ണമാണ്. ഏഴ് ആശ്രിതരില്‍ കൂടുതലുള്ള കുടുംബങ്ങളിലേക്കു മടങ്ങിയെത്തിയ പ്രവാസികള്‍ 17 ശതമാനം ആയിരുന്നു. കൊവിഡ് ഈ പ്രശ്നങ്ങളെയും പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ തൊഴില്‍രഹിതരുടെ എണ്ണത്തിലേക്ക് പ്രവാസികളും കൂടിച്ചേര്ന്നുകൊണ്ടിരിക്കുകയാ
പണമൊഴുക്കി നാടിനെ രക്ഷിച്ചു; ആലംബഹീനരായി പ്രവാസി
കേരളത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുനയിക്കുന്നതില്‍ പ്രവാസികളയക്കുന്ന പണത്തിന് പ്രമുഖ സ്ഥാനമുണ്ടെന്നു സൂചിപ്പിച്ചുവല്ലോ. 1960കളുടെ തുടക്കത്തില്‍ സര്‍വമേഖലയിലും ദേശീയ ശരാശരിയെക്കാള്‍ പിന്നിലായിരുന്ന കേരള സമ്പദ്ഘടന ഇന്ന് ഒട്ടുമിക്ക സൂചകങ്ങളിലും ഇതരസംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നിലാണ്. അതിനു പ്രധാന കാരണം പ്രവാസവും അതിന്റെ ഫലമായി ഒഴുകിയെത്തിയ പുറംവരുമാനവുമാണെന്ന് നിസ്സംശയം പറയാം. ഇന്ന് പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്ന പണം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 36 ശതമാനത്തിന് തുല്യമാണ്.
റിസര്‍വ് ബാങ്ക് കണക്കനുസരിച്ച് അംഗീകൃത സംവിധാനങ്ങള്‍ വഴിയുള്ള പ്രവാസികളുടെ പണത്തിന്റെ വരവ് കൂടുതല്‍ കേരളത്തിലേക്ക് ആയിരുന്നു. 6,900 കോടി ഡോളറാണ് (4,95,661 കോടി രൂപ) 2019ല്‍ ഇന്ത്യയിലേക്കെത്തിയ പ്രവാസി പണം. ഇതിന്റെ 19 ശതമാനവും (94,175 കോടി രൂപ) കേരളത്തിലേക്കായിരുന്നു. 16.7 ശതമാനവുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും 15 ശതമാനവുമായി കര്‍ണാടക മൂന്നാം സ്ഥാനത്തുമാണ്. തമിഴ്നാടും (എട്ടു ശതമാനം) ആന്ധ്രാ പ്രദേശുമാണ് (നാലു ശതമാനം) തൊട്ടുപിന്നില്‍. മൊത്തം പ്രവാസിപ്പണത്തിന്റെ 26.9 ശതമാനവും വരുന്നത് യുഎഇയില്‍ നിന്നാണ്. യുഎസില്‍ നിന്ന് 22.9 ശതമാനവും സൗദിയില്‍ നിന്ന് 11.6 ശതമാനവും എത്തുന്നു. ഖത്തര്‍ (6.5%), കുവൈത്ത് (5.5), ഒമാന്‍ (3), യുകെ (3) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. രാജ്യത്തെ പ്രവാസികളില്‍ 90 ശതമാനവും ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് വിദേശപണത്തിന്റെ 50 ശതമാനവും എത്തുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
കേരളത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനത്തോളവും കേന്ദ്രത്തില്‍ നിന്നുള്ള റവന്യൂ വരുമാനത്തിന്റെ ഏഴു മടങ്ങും വരും പ്രവാസികളില്‍ നിന്നെത്തുന്ന തുക. കേരളത്തിലെ കാര്‍ഷിക- വ്യാവസായിക മേഖലയില്‍ നിന്നുള്ള വരുമാനത്തെക്കാള്‍ കൂടുതല്‍ വരുമിത്. കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക മുന്നേറ്റത്തില്‍ അദ്വിതീയ പങ്കാണ് പ്രവാസി സമ്പാദ്യത്തിനുള്ളത്. ആറു പതിറ്റാണ്ടിനു മുമ്പ് കേരളം രൂപവത്കൃതമായ കാലത്ത് ആളോഹരി വരുമാനത്തില്‍ ദേശീയ ശരാശരിയെക്കാള്‍ വളരെ പിന്നിലായിരുന്നു സംസ്ഥാനം. ഇന്ന് ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ്.
അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്ന് പണം ഒഴുകിയെത്തിയപ്പോള്‍ കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പ്രത്യക്ഷമായ പങ്കാളിത്തം കുറവായിരുന്നു. വര്‍ഷങ്ങളോളം അധ്വാനിച്ചുണ്ടാക്കിയ പണം യുക്തിസഹമല്ലാത്ത രീതിയിലാണ് അവര്‍ ചെലവാക്കുന്നതെന്നാണ് സിഡിഎസ് നടത്തിയ സര്‍വേയിലെ വെളിപ്പെടുത്തല്‍. കേരളത്തിലെ നിക്ഷേപാന്തരീക്ഷം വേണ്ടത്ര സുരക്ഷിതമല്ലാത്തതും പ്രവാസികളുടെ കഴിവുകളെയും സമ്പാദ്യത്തെയും വികസന മേഖലകളിലേക്ക് ആകര്‍ഷിക്കാനുതകുന്ന പദ്ധതികള്‍ക്കു രൂപം നല്കുന്നതില് ഭരണാധികാരികളില്‍ നിന്നുണ്ടായ വീഴ്ചയുമാണ് ഇതിനു കാരണം.
കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് മുതല്‍ രാജ്യത്തിന്റെ വിവിധ കോണുകളിലും വിദേശ രാജ്യങ്ങളിലും നടത്തുന്ന പ്രവാസി കണ്‍വെന്‍ഷനുകള്‍ വരെ ഒട്ടേറെ വേദികളുണ്ട് പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍. ഇതിലൊക്കെയും ഇന്ത്യയിലെ നിക്ഷേപ സാധ്യതകളും പ്രവാസികളുടെ പ്രശ്നങ്ങളുമൊക്കെ ചര്‍ച്ചയാകുകയും പ്രവാസികളുടെ ക്ഷേമത്തിനും
മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിനുമായി വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. പക്ഷേ നേതാക്കള്‍ വേദിയില്‍ നിന്നിറങ്ങുന്നതോടെ അതെല്ലാം വിസ്മരിക്കുകയാണ് പതിവ്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരള ലോക സഭാ സമ്മേളനത്തില്‍, നിശ്ചിത തുകക്കുള്ള നിക്ഷേപം പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കുന്നവര്‍ക്ക് പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചുവരുമ്പോള്‍ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ യോഗ്യതക്കനുസരിച്ച് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് അതേക്കുറിച്ചൊന്നും കേട്ടില്ല. ഇതാണ് അവസ്ഥ. ശരിയായ ആസൂത്രണത്തോടെ യുക്തിപൂര്‍വം വിനിയോഗിക്കാനായാല്‍ കേരളത്തിന് വലിയൊരു മുതല്ക്കൂട്ടാക്കാവുന്നതായിരു
നാട്ടിലെ തകര്‍ന്ന സംരംഭങ്ങള്‍; ഇനിയും പച്ചപിടിക്കാതെ പുനരധിവാസം
നോര്‍ക്ക റൂട്ട്സിനാണ് പ്രവാസികള്‍ക്കുവേണ്ടിയുള്ള പുനരധിവാസ പദ്ധതി നടപ്പാക്കാനുള്ള ചുമതല. പ്രൊജക്ട് സമര്‍പ്പിച്ചവരുടെ അപേക്ഷ ബാങ്കിലേക്ക് അയക്കും. ബാങ്കിന് പ്രൊജക്ട് തൃപ്തികരവും അപേക്ഷകന് ലോണ്‍ തിരിച്ചടക്കാന്‍ ശേഷിയുള്ളവനാണെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ ബാങ്ക് വായ്പ നല്‍കുകയുള്ളൂ. ലോണിന് 15 ശതമാനം സബ്സിഡിയുണ്ട്. പ്രവാസി ക്ഷേമ ബോര്‍ഡ് അംഗങ്ങളില്‍ 60 വയസ് തികയുന്നവര്‍ക്ക് 2,000 രൂപ പ്രതിമാസം പെന്ഷന് കിട്ടും. ഇതു മാത്രമാണ് പ്രവാസികള്‍ക്കായുള്ള പദ്ധതികള്‍. ലോണ്‍ ലഭിക്കാന്‍ തന്നെ ഒരുപാട് പ്രയാസങ്ങളുണ്ട്. തിരിച്ചടക്കാന്‍ കഴിയുമെന്ന് ബാങ്കിന് ബോധ്യപ്പെടണം. തൊഴിലില്ലാത്ത ഗള്‍ഫ്കാരനെ ഏതു ബാങ്കിനാണ് ആവശ്യം? ഇനി വായ്പ ലഭിച്ചാല്‍ തന്നെ കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങിയാല്‍ വിജയസാധ്യത എത്രമാത്രമുണ്ടെന്ന് എല്ലാവര്ക്കും അറിയാമല്ലോ. നാട്ടിന്‍പുറങ്ങളില്‍ ചെറിയ മുതല്‍മുടക്കില്‍ കച്ചവടസ്ഥാപനങ്ങള്‍ ആരംഭിച്ചവര്‍ മുതല്‍ വലിയ തുക മുടക്കി വ്യവസായങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും റെസ്റ്റോറന്റുകളും തുടങ്ങിയവര്‍ വരെ തകര്ന്നുതരിപ്പണമായിട്ടുണ്ട്. വിജയിച്ചവരുടെ സംഖ്യ പരിമിതമാണ്.
ചെറുകിട സംരംഭങ്ങളിലാണ് വിദേശത്തെ തൊഴില്‍ അവസാനിപ്പിച്ച് നാട്ടില്‍ ജീവിതം തുടങ്ങാനാഗ്രഹിക്കുന്ന മിക്കവരുടെയും താത്പര്യം. അത്തരമൊന്ന് തുടങ്ങാമെന്നു വെച്ചാല്‍ ബാങ്കുകളില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് 15 ശതമാനം മൂലധന സബ്സിഡിയോടെ 20 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപി
ച്ചതാണ്. എന്നാല്‍, വായ്പക്കായി സമീപിക്കുമ്പോള്‍ ബാങ്ക് അധികൃതര്‍ നിഷേധ സമീപനം സ്വീകരിക്കുകയാണെന്നാണ് പരാതി. സംസ്ഥാനത്തെ ബാങ്ക് നിക്ഷേപത്തില്‍ ഗണ്യഭാഗവും പ്രവാസികളുടേതാണ്. 2018ലെ കണക്കനുസരിച്ച് 1,54,253 കോടി രൂപ വരും സംസ്ഥാനത്തെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപം. നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്വദേശത്ത് സംരംഭം തുടങ്ങുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാന് ഫലപ്രദമായ സംവിധാനങ്ങളുമില്ല. ഇതുമൂലം ഇടനിലക്കാര്‍ അവരെ ചൂഷണം ചെയ്യുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കോടികളുടെ നിക്ഷേപം നടത്തിയ പ്രവാസികള്‍ പലരും ഇത്തരം ചതിക്കെണികളില്‍ പെട്ടവരാണ്.
പൂര്‍ണമായ പുനരധിവാസമാണ് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ആവശ്യം. തങ്ങളുടെ നല്ല കാലത്ത് സര്‍ക്കാറിന്റെ വിദേശനാണ്യം വര്‍ധിപ്പിക്കുന്നതിന് കാരണക്കാരാകുകയും നാട്ടിലെ എല്ലാ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും തങ്ങളാല്‍ കഴിയുന്ന സഹായ സഹകരങ്ങള്‍ ചെയ്യുകയും ചെയ്ത പ്രവാസികള്‍ മഹാമാരിയുടെ പശ്ചാത്തലത്തിലും തങ്ങളുടേതല്ലാത്ത കാരണങ്ങളാലും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുമ്പോള്‍ അവരോട് നന്ദികേടു കാണിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
വിവരങ്ങള്‍ക്ക് കടപ്പാട്: ബാബു ശബരിനാഥ്, മുരളീധരന്, മുഹമ്മദ് നവാസ്, റെന്നീസ്, രാജേന്ദ്രന്, പി.പി. വര്‍ഗീസ്, ഷാജു ജേക്കബ്, വില്‍സണ്‍ കുവൈറ്റ്, സുനില്‍കുമാര്‍, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് തിരുവനന്തപുരം.
Related
Related Articles
കൊറോണ വിറയലിന് മദ്യക്കുറിപ്പടിയോ?
മദ്യലഭ്യത നിലച്ചിരിക്കുന്ന അവസ്ഥ പരമാവധി പ്രയോജനപ്പെടുത്തി മദ്യാസക്തരെ ആത്മനിയന്ത്രണത്തിന്റെയും ലഹരി നിര്‍മുക്തിയുടെയും പാതയിലേക്ക് കൊണ്ടുവരാനാണ് സാമൂഹിക ക്ഷേമത്തിനു മുന്‍ഗണന നല്കുന്ന ഏതൊരു ഭരണകൂടവും ശ്രമിക്കേണ്ടത്. കൊറോണ വൈറസ്
സ്റ്റീവ് ബാക്കിവച്ച ഒരു പാരമ്പര്യമുണ്ട് ആപ്പിളിന്
റോഹന്‍ റോബര്‍ട്ട് ആപ്പിളും ആശയവും തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ടല്ലോ. 17-ാം നൂറ്റാണ്ടില്‍ ഐസക് ന്യൂട്ടന്റെ തലയില്‍ പതിച്ച ആപ്പിളാണ് ഗുരുത്വാകര്‍ഷണത്തെ ഒരു ആശയമാക്കി പരുവപ്പെടുത്തിയത്. ആപ്പിള്‍ തന്നെയാണ്
ചെല്ലാനം ജനത വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഏപ്രിൽ 30 ന് വഞ്ചനാ ദിനവും സമരപ്രഖ്യാപനവും…
കടലാക്രമണം രൂക്ഷമായ കൊച്ചിയിലെ ചെല്ലാനത്ത് തീരം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അധികാരികൾ നൽകിയ വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ചെല്ലാനം ജനത വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഓഖി ദുരന്തത്തെത്തുടർന്ന് കടലാക്രമണം രൂക്ഷമായപ്പോൾ