പൊലീസ് ക്രിമിനലുകളെ പോറ്റുന്നതാര്?

മര്യാദയോടെ, എന്നാല്‍ ദൃഢമായി: ഇതാണ് കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ അടയാളവാക്യം. കുറ്റകൃത്യങ്ങളും കുറ്റവാളികളെയും ട്രാക്ക് ചെയ്യാനുള്ള നെറ്റ്വര്ക്കും സിസ്റ്റവും, തൊഴില്‍ തേടുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റിനും ഉദ്യോഗാര്‍ഥിയുടെ പശ്ചാത്തലം പരിശോധിക്കാനുള്ള എംപ്ലോയീ വേരിഫിക്കേഷനും മറ്റുമായി ‘തുണ’ ഓണ്‍ലൈന്‍ സംവിധാനവുമൊക്കെയുള്ള കേരള പൊലീസിന് സ്വന്തം സേനയിലെ കൊടുംകുറ്റവാളികളെ എത്ര ദൃഢചിത്തതയോടെ കൈകാര്യം ചെയ്യാന്‍ കഴിയും? കസ്റ്റഡി മര്‍ദനവും ഉരുട്ടിക്കൊലയും കാക്കിക്കുള്ളിലെ ക്രൂരതയുടെ ചില അതിരുവിട്ട പകര്‍ന്നാട്ടങ്ങളും ബീഭത്സ അതിക്രമങ്ങളും വാര്ത്തയാകുമ്പോഴൊക്കെ പൊലീസ് ഉദ്യോഗസ്ഥരെ മര്യാദ പരിശീലിപ്പിക്കാന്‍ ഏകദിന പഠനശിബിരങ്ങള് സംഘടിപ്പിക്കുന്ന സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പിനും കേരള പൊലീസ് ആക്ടിലെ നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുതന്നെ സേനയിലെ പ്രഖ്യാപിത കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുന്നതിന് വിലങ്ങുതടി തീര്‍ക്കുന്നത് രാഷ്ട്രീയത്തിലെ ഏത് അവിശുദ്ധ നെറ്റ്വര്‍ക്കാണ്?
വഴിയോരത്ത് കാര്‍ പാര്ക്കുചെയ്തതിനെ ചൊല്ലിയുണ്ടായ നിസാര തര്‍ക്കത്തിനിടയില്‍ തിരുവനന്തപുരം റൂറല്‍ പൊലീസ് ജില്ലയിലെ നെയ്യാറ്റിന്‍കര സബ് ഡിവിഷനില്‍ ക്രമസമാധാനപാലന അധികാരമുള്ള ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പാഞ്ഞുവന്ന വാഹനത്തിനു മുന്നിലേക്കു തള്ളിയിട്ട എസ്. സനല്‍കുമാര്‍ എന്ന മുപ്പത്തിരണ്ടുകാരന് മരിച്ച ദാരുണസംഭവവും, പിടികിട്ടാപ്പുള്ളിയായി ഒരാഴ്ചയിലേറെ അയല്‍സംസ്ഥാനത്ത് ഒളിവില്‍ കഴിഞ്ഞ പ്രതിക്കായി ക്രൈം ബ്രാഞ്ച് അന്വേഷണസംഘം വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെ ആരുമറിയാതെ സ്വന്തം വീട്ടിലെത്തി ഒരു ചാണ് കയറില്‍ ജീവനൊടുക്കിയതും ഞെട്ടലുളവാക്കുന്നതാണ്. നാടകീയ ആന്റിക്ലൈമാക്സ് അപ്രതീക്ഷിതമാണെങ്കിലും ഇത് ഒറ്റപ്പെട്ട സംഭവമോ കേവലം ഒരു അപഭ്രംശമോ ആയി എഴുതിതള്ളാനാവില്ല. ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു തട്ടുകടയില്‍ നിന്ന് അത്താഴവിഭവം വാങ്ങാനെത്തി ഓര്‍ക്കാപ്പുറത്ത്, പൊലീസ് വേഷത്തിലല്ലാതെ തനിനിറം കാട്ടിയ ഡിവൈഎസ്പിയുടെ കൊലത്തീര്പ്പിന് ഇരയായ നിരപരാധനായ, നാലും രണ്ടും വയസു പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനായ ആ യുവ ഇലക്ട്രീഷ്യന്. കാര്‍ പാഞ്ഞുവരുന്നതുകണ്ട് കരുതിക്കൂട്ടി കൊല്ലാന്‍ തന്നെയാണ് ഡിവൈഎസ്പി ബി. ഹരികുമാര്‍ കൈയേറ്റം ചെയ്ത യുവാവിനെ കഴുത്തിനുപിടിച്ച് തള്ളി റോഡിലേക്കിട്ടതെന്നാണ് ക്രൈം ബ്രാഞ്ച് സാഹചര്യതെളിവുകളില്‍ നിന്നും ദൃക്സാക്ഷിമൊഴികളില്‍ നിന്നും കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ സ്ഥലംവിട്ട ഹരികുമാര്‍ അയല്‍സംസ്ഥാനത്തേക്കു കടന്നുകളഞ്ഞു. രക്ഷപ്പെടാന്‍ ഒത്താശചെയ്തത് ആരൊക്കെയാണെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും മുന്‍കൂര്‍ജാമ്യത്തിനും കോടതിയില്‍ കീഴടങ്ങാനും വേണ്ടുവോളം സമയം കൊലക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് ഉറപ്പാക്കാന്‍ ശ്രമമുണ്ടായി എന്നാണ് സനല്‍കുമാറിന്റെ നിരാലംബമായ കുടുംബത്തിനു നീതി ലഭ്യമാക്കാനായി പ്രത്യക്ഷ സമരത്തിനിറങ്ങിയ പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മ ആരോപിക്കുന്നത്.
നിയമവിരുദ്ധ നടപടികളും വഴിവിട്ട ഇടപാടുകളും അച്ചടക്കലംഘനവും ക്രമക്കേടും അഴിമതിയും ക്രിമിനല്‍ ഗൂഢാലോചനയുമെല്ലാം നിറഞ്ഞതായിരുന്നു ഡിവൈഎസ്പി ഹരികുമാറിന്റെ സര്‍വീസ് ചരിത്രം എന്ന് പൊലീസ് ഇന്റലിജന്‍സ്, സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സര്‍വീസിലുടനീളം അന്വേഷണവും സസ്പെന്‍ഷനും അച്ചടക്ക നടപടികളും നേരിട്ടയാളാണ് നിയമത്തിനു പിടികൊടുക്കാതെ മരണത്തിനു കീഴടങ്ങിയതായി കാണുന്നത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി മനുഷ്യക്കടത്തിന് കളമൊരുക്കിയത്, രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്സിനോട്ടുകള് നിരോധിക്കപ്പെട്ടപ്പോള്‍ പിടിച്ചെടുത്ത 50 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളില്‍ നിന്ന് 20 ലക്ഷം അപ്രത്യക്ഷമായ സംഭവം, തിരുവനന്തപുരം റൂറലിലെ പാറമട ലോബിയുടെ നിയമവിരുദ്ധ ഖനനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്കി വന്‍തുക കൈപ്പറ്റിയത്, സ്വകാര്യ പണമിടപാടുകാരനായ സുഹൃത്തിന്റെ ജ്വല്ലറി ബിസിനസ് പങ്കാളിയുടെ ദുരൂഹമരണം ആത്മഹത്യയാക്കി മാറ്റിയത്, ചില കേസുകളിലെ പ്രതികളെ മോചിപ്പിച്ചത്, പ്രതിപക്ഷത്തെ ഒരു എംഎല്‍എക്കെതിരെ കേസുണ്ടാക്കിയത് തുടങ്ങി നിരവധി ആരോപണങ്ങളെയും വകുപ്പുതല അന്വേഷണങ്ങളെയും അതിജീവിക്കാന്‍ പാകത്തിന് രാഷ്ട്രീയ ശക്തികേന്ദ്രങ്ങളുമായും സംഘടനാ തലത്തിലും അധോലോകവുമായും അടുപ്പം പുലര്‍ത്തിയിരുന്ന ഹരികുമാറിനെതിരെ ഒന്നര വര്‍ഷത്തിനിടെ മൂന്നു റിപ്പോര്‍ട്ടുകളാണ് സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയത്. ഒരിക്കലും ക്രമസമാധാന ചുമതല നല്‍കരുതെന്ന സ്പെഷല്‍ ബ്രാഞ്ചിന്റെ നിര്‍ദേശവും അവഗണിക്കപ്പെട്ടു. മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദിലേക്ക് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെ പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ടുപോയ ധീരസഖാവായും ഈ ഡിവൈഎസ്പി വാഴ്ത്തപ്പെട്ടു എന്നോര്‍ക്കണം. യുഡിഎഫ് ഭരണകാലത്തും തൊപ്പി തെറിക്കാതിരിക്കാന്‍ മാത്രമല്ല, ആഗ്രഹിച്ച ഇടങ്ങളില്‍ നിയമിക്കപ്പെടാനും സ്ഥാനക്കയറ്റം നേടാനും ഈ ഓഫിസര്‍ക്ക് ആരെ കൂട്ടുപിടിക്കണം എന്നു നല്ല നിശ്ചയമായിരുന്നു.
ക്രിമിനല്‍ വാസനയുള്ളവരെ സര്‍വീസില്‍ തുടരാന്‍ സഹായിക്കുന്ന രാഷ്ട്രീയ ബന്ധവും മറ്റു ഘടകങ്ങളും എന്തായാലും കേരള പൊലീസില്‍ കൊടുംകുറ്റവാളികളുടെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരുടെയും സാന്നിധ്യം തീരാകളങ്കമാണ്. 2011ലെ കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന പൊലീസിലെ ക്രിമിനലുകളെ കണ്ടെത്താന്‍ നടത്തിയ അന്വേഷണത്തില്‍, ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1,129 പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഡിവൈഎസ്പി റാങ്കിലുള്ള 10 പേരും, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എട്ടുപേരും, എസ്ഐ-എഎസ്ഐ തസ്തികയിലുള്ള 195 പേരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. വിവരാവകാശപ്രകാരം പുറത്തുവന്ന മറ്റൊരു രേഖയില്‍ ഇക്കൂട്ടത്തില്‍ കൊടുംക്രിമിനലുകളായി 287 പേരുണ്ടെന്നും വെളിപ്പെട്ടു. ഉദയകൂമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ ദീര്‍ഘകാലം സര്‍വീസില്‍ തുടരുകയായിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്ത് സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് വിശദീകരണം തേടിയപ്പോള്‍, മൂന്ന് ഡിവൈഎസ്പിമാര്‍ അടക്കം 59 പേര്‍ക്കെതിരെ ഗുരുതരമായ കേസുകള്‍ – വധശ്രമം, ലൈംഗിക പെരുമാറ്റദൂഷ്യം, അനധികൃത സാമ്പത്തിക ഇടപാട്, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കൃത്രിമരേഖ ചമയ്ക്കല്‍, പരാതിക്കാരെ മര്‍ദിക്കല്‍, കുറ്റവാളികളെ സംരക്ഷിക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങി പലതരം ഫയലുകള്‍ – നിലവിലുണ്ടെന്ന് വ്യക്തമായി. ഡിജിപി ക്രൈംസ്, ഐജി ഇന്റലിജന്‍സ്, സായുധസേന ഡിഐജി, എസ്പി സെക്യൂരിറ്റി, എന്‍ആര്‍ഐ സെല്‍ എസ്പി എന്നിവരടങ്ങിയ വകുപ്പുതല അന്വേഷണ സംഘം ഈ കേസുകള്‍ പരിശോധിച്ച് ഈ 59 പേരെയും സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍ കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 86 (3)ബിയുടെ സംരക്ഷണം ഉള്ളതിനാല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുന്നതുവരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് ഡിജിപി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്.
കോട്ടയത്ത്, സ്നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ച കെവിന് എന്ന ദളിത ക്രൈസ്തവ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടരും ചേര്‍ന്ന് വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ആറ്റില്‍ ചവിട്ടിത്താഴ്ത്തി കൊന്നു എന്ന ദുരഭിമാനക്കൊലകേസില്‍ പ്രതികളില്‍ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങി എന്നതിന് സസ്പെന്‍ഡ് ചെയ്തിരുന്ന എഎസ്ഐയെ സര്‍വീസില്‍ നിന്ന് ഈയിടെ പിരിച്ചുവിട്ടത് കോടതി ഉത്തരവിനെതുടര്ന്നാണെന്നു തോന്നുന്നില്ല. ഔദ്യോഗിക ചുമതലകള്‍ നിറവേറ്റുന്നതിന് ശാരീരികമായോ മാനസികമായോ പെരുമാറ്റത്തിലോ അയോഗ്യനാണൈന്നു കണ്ടാല്‍ അയാള്‍ക്ക് പൊലീസ് ഓഫിസറായി തുടരാന്‍ അവകാശമില്ലെന്ന് പൊലീസ് ആക്ട് 86സിയില്‍ വ്യക്തമാക്കുന്നുണ്ട്. വകുപ്പുതല അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുന്നതിന് ആവശ്യമായ നിയമോപദേശം തേടി, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ആരോപണവിധേയന് പര്യാപ്തമായ അവസരം അനുവദിക്കുകയും വേണം എന്നല്ലാതെ കോടതി വിധിക്കായി കാത്തിരിക്കണം എന്ന് അതില്‍ പറയുന്നില്ല.
നെയ്യാറ്റിന്‍കരയിലെ കൊലക്കേസില്‍ പ്രതിയായ ഡിവൈഎസ്പി സ്വയം വിധി നടപ്പാക്കി എന്നു വന്നാലും, ആ സംഭവവുമായി ബന്ധപ്പെട്ട ഏറെ ദുരൂഹതകള്‍ ബാക്കിയാവുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന സനലിന് അടിയന്തര മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതില്‍ പൊലീസ് അക്ഷന്തവ്യമായ വീഴ്ച വരുത്തി എന്നാണ് പരാതി. വാഹനമിടിച്ച് പരിക്കേറ്റ യുവാവ് അരമണിക്കൂറോളം അവിടെ കിടന്നു. പൊലീസ് ജീപ്പില്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ ആംബുലന്‍സിനായി ഏറെനേരം കാത്തിരുന്നു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അവിടെ നിന്ന് അടിയന്തരമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചപ്പോള്‍ മൃതപ്രായനായ രോഗിയെ ആദ്യം കൊണ്ടുപോയത് പൊലീസ് സ്റ്റേഷനിലേക്കാണത്രെ – കൂടെയുണ്ടായിരുന്ന ഒരു പൊലീസുകാരന്റെ ഡ്യൂട്ടി സമയം അവസാനിച്ചതിനാല്‍ പകരം ആളെ കയറ്റാനായിരുന്നു ആ യാത്ര. ഒടുവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആംബുലന്‍സ് എത്തുമ്പോഴേക്കും ആ ജീവന്റെ തുടിപ്പ് നിലച്ചിരുന്നു. പെരുവഴിയിലെ ഉരുട്ടിക്കൊലയെ റോഡു മുറിച്ചുകടക്കുമ്പോള്‍ വണ്ടിമുട്ടിയുണ്ടായ അപകടമായി ആശുപത്രി രേഖകളില്‍ എഴുതിചേര്പ്പിക്കാനും പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി എന്നാണ് ആരോപണം. സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത, ഒളിവില്‍ പോയ കൊലക്കേസ് പ്രതിയെക്കുറിച്ച് ഒരു വിവരവും കിട്ടാതെ ഏഴുനാള്‍ കടന്നുപോയപ്പോള്‍ പ്രതിക്ക് താമസിക്കാന്‍ ഇടം നല്കി എന്നതിന്റെ പേരില്‍ ഒരു ലോഡ്ജ് ഉടമയെയും, സിംകാര്‍ഡ് ഏര്‍പ്പാടുചെയ്തുകൊടുത്തു എന്നതിന് മറ്റൊരാളെയും ആദ്യം കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം വാസ്തവത്തില്‍ ആരുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു?
അഴിമതിയും അനീതിയും അതിക്രമങ്ങളും മാത്രമല്ല കൊലക്കുറ്റം വരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് പുസ്തകത്തില്‍ എഴുതിചേര്ക്കപ്പെട്ടാലും കവാത്തു മറക്കാതെ അയാളെ സല്യൂട്ട് ചെയ്യാനും അയാളുടെ തൊപ്പിയില്‍ പുതിയ തൂവല്‍ ചാര്‍ത്താനും ആളുണ്ടാകുന്നു എന്നതാണ് നമ്മുടെ ഭരണസംവിധാനത്തിന്റെ തീരാശാപം.
Related
Related Articles
വെള്ളിരേഖകളിലൂടെ സമാന്തര പ്രയാണം
റോഡുകളിലെ ഗതാഗതക്കുരുക്ക് കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. സാധാരണക്കാരന് അധികഭാരം വരുത്താത്ത, താരതമ്യേന സുരക്ഷിതമായ സംവിധാനം എന്ന നിലയില്‍ ട്രെയിന്‍ യാത്രയ്ക്ക് കേരളത്തിലെ ഗതാഗതത്തില്‍ നല്ലൊരു പങ്കു വഹിക്കാനുണ്ട്.
ദൈവദാസന് ജോസഫ് അട്ടിപ്പേറ്റിയുടെ ദൈവദാസ പദവിയുടെ ഒന്നാം വാര്‍ഷികം ആചരിച്ചു.
എറണാകുളം: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീന്‍ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസന് ആയി ഉയര്‍ത്തപ്പെട്ടതിന്റെ പ്രഥമ വാര്‍ഷികം 2021 ജനുവരി 21ന്
അന്തരിച്ച നടന് അനില്‍ നെടുമങ്ങാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി.
അന്തരിച്ച നടന് അനില്‍ നെടുമങ്ങാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി. ”അനിലേട്ടാ ‘അഭിനയ’ യിലെ ഒരു അഭിനയ കാലത്തിന്റെ ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്,