പോരാട്ടത്തിന്റെ കനല്‍ച്ചാലുകള്‍ താണ്ടി നവതിയില്‍

പോരാട്ടത്തിന്റെ കനല്‍ച്ചാലുകള്‍ താണ്ടി നവതിയില്‍

എറണാകുളം: ഹൃദയത്തോടു ചേര്‍ത്തുവച്ച ആദര്‍ശരാഷ്ട്രീയ സിദ്ധാന്തങ്ങളുടെയും വിപ്ലവപാര്‍ട്ടിയുടെ സംഘടനാതത്വങ്ങളുടെയും പാരുഷ്യങ്ങള്‍ക്ക് അതീതമായ മാനവികതയുടെ സൗമ്യദീപ്തി നിറഞ്ഞ ഓര്‍മകളില്‍ മുഴുകുമ്പോഴും തൊണ്ണൂറുകാരനായ എം.എം. ലോറന്‍സ് എന്ന കമ്യൂണിസ്റ്റ് നേതാവ് നമ്മെ ഓര്‍മിപ്പിക്കുന്നു – രാജ്യത്ത് ജനാധിപത്യവ്യവസ്ഥിതി നിലനില്‍ക്കുകയില്ല എന്ന അവസ്ഥ വന്നാല്‍ ആയുധമെടുത്തുതന്നെ പോരാടേണ്ടി വരും. നവതിയിലേക്കു കടക്കുന്നതിന് തലേന്ന് എം.എം. ലോറന്‍സിനെ ആദരിക്കാനായി സൗഹൃദവേദി എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച ‘നവതി ഭാഷണം’ പരിപാടിയില്‍ തന്റെ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
പോരാട്ടത്തിന്റെ യൗവനത്തുടിപ്പോടെ ഇന്നും ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെ ആനുകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളോട് പ്രതികരിക്കുന്ന അദ്ദേഹം ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നാത്‌സി പാര്‍ട്ടിയും ഇറ്റലിയില്‍ മുസോളിനിയുടെ ഫാസിസ്റ്റ് പാര്‍ട്ടിയും നടപ്പാക്കിയ സ്വേഛാധിപത്യ ഭരണസംവിധാനം ഇന്ത്യയില്‍ ആവര്‍ത്തിക്കപ്പെടാനുള്ള എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പോടെ ഒരുങ്ങിക്കഴിഞ്ഞുവെന്ന് രാഷ്ട്രീയകേരളത്തിന്റെ ചരിത്രത്തോടൊപ്പം നടന്ന തന്റെ ജീവിതത്തിലെ ഏടുകളിലേക്ക് കടക്കുന്നതിന് ആമുഖമായി പറഞ്ഞു.
താന്‍ വക്കീലോ പത്രപ്രവര്‍ത്തകനോ ആകണമെന്നാണ് പിതാവ് മാടമാക്കല്‍ അവിരാ മാത്തു ആഗ്രഹിച്ചിരുന്നതെന്ന് ലോറന്‍സ് അനുസ്മരിച്ചു. ഫോര്‍ട്ടുകൊച്ചി നസ്രത്തില്‍ നിന്ന് മുളവുകാട്ട് താമസമാക്കിയതാണ് അപ്പന്‍. അപ്പന്റെ അമ്മാവന്‍ വക്കോ ജോര്‍ജ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. യുക്തിവാദിയും പുരോഗമനാശയക്കാരനുമായിരുന്ന അപ്പന്‍ നസ്രാണി ദീപികയില്‍ എഴുതിയ പഴയ ലേഖനങ്ങള്‍ തേടി താന്‍ ദീപിക പത്രാധിപരായിരുന്ന കൊളംബസ് അച്ചനെ കണ്ടത് ഓര്‍ക്കുന്നു.
കവിയും പത്രാധിപരും കമ്യൂണിസ്റ്റ് ആശയഗതിയുള്ള കോണ്‍ഗ്രസുകാരനും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ജ്യേഷ്ഠന്‍ എബ്രഹാം മാടമാക്കല്‍ തനിക്ക് 11 വയസുള്ളപ്പോഴാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാറല്‍ മാര്‍ക്‌സിനെക്കുറിച്ച് എഴുതിയ പുസ്തകം വായിക്കാന്‍ തന്നത്. ഇന്നത്തെ എറണാകുളം ഗവണ്‍മെന്റ് ലോ കോളജ് മന്ദിരത്തില്‍ അക്കാലത്തു പ്രവര്‍ത്തിച്ചിരുന്ന കൊച്ചി ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ചര്‍ച്ചകള്‍ കേള്‍ക്കാനും ജ്യേഷ്ഠനോടൊപ്പം പോകുമായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് ഇറങ്ങുന്നത്. എന്നാല്‍ 18-ാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.
മകന്‍ ഇംഗ്ലീഷ് പഠിച്ചിരിക്കണം എന്ന് അപ്പന് നിര്‍ബന്ധമായിരുന്നതിനാല്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തതാണ്. അന്ന് മാഞ്ഞൂരാന്‍ മാഷാണ് ഹെഡ്മാസ്റ്റര്‍. ഫുള്‍ സ്യൂട്ട് ധരിച്ച്, കണ്ണങ്കുന്നത്ത് പള്ളിയില്‍ കയറി മുട്ടുകുത്തി പ്രാര്‍ഥിച്ചാണ് മാഞ്ഞൂരാന്‍ മാഷ് ക്ലാസിലെത്തുക. കുട്ടികള്‍ക്ക് അദ്ദേഹത്തെ പേടിയാണ്. തനിക്കും ഉള്ളംകൈയില്‍ ചോരചത്തുകിടക്കുംവണ്ണം ചൂരല്‍കൊണ്ട് നല്ല അടി കിട്ടിയിരുന്നു. വഞ്ചിയെടുത്ത് കളിക്കാന്‍ പോകുന്നതിന് അപ്പന്റെ കൈയില്‍ നിന്നും തല്ലുകിട്ടുമായിരുന്നു.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്റെ അടുക്കല്‍ തോട്ടിപണിക്കാരനായ ഒരു മുനിസപ്പല്‍ തൊഴിലാളിയുടെ മകന്‍ ഇരിക്കാറുണ്ടായിരുന്നത് തന്നെ അസ്വസ്ഥനാക്കിയിരുന്നു. മാലിന്യം ചുമുക്കാന്‍ വിധിക്കപ്പെട്ട ദൈന്യജീവിതങ്ങളിലേക്കാണ് സംഘടനാനേതാവ് എന്ന നിലയില്‍ തന്റെ ശ്രദ്ധ ആദ്യം തിരിഞ്ഞത്. സോപ്പും എണ്ണയും നല്ല വസ്ത്രങ്ങളും ശമ്പളവും മാന്യമായി ജീവിക്കാനുള്ള മറ്റ് ആനുകൂല്യങ്ങളും മുനിസിപ്പല്‍ തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്നതിന് യൂണിയനും ഫെഡറേഷനും രൂപവത്കരിച്ചു. മറ്റ് അസംഘടിത തൊഴിലാളികളുടെ കൂട്ടത്തില്‍ പീടിക തൊഴിലാളികള്‍ക്കും ഹോട്ടല്‍ തൊഴിലാളികള്‍ക്കുമായും സംഘടനയുണ്ടാക്കി. ഹോട്ടലിലെ പണിയെല്ലാം കഴിഞ്ഞ് തൊഴിലാളികളുടെ യോഗം ചേരുമ്പോഴേക്കും രാത്രി 11 മണിയാകും. അന്ന് എറണാകുളത്ത് ഡോ. ബേസില്‍ എന്ന ഡെന്റിസ്റ്റ് അനുവദിച്ചുതന്ന ഹാളില്‍ യൂണിയന്‍ യോഗം ചേരുമ്പോള്‍ കൂട്ടിന് നാടകരംഗത്തെ പ്രശസ്തരായ പി.ജെ. ആന്റണിയും ശങ്കരാടിയുമുണ്ടാകുമായിരുന്നു. യോഗം കഴിഞ്ഞ് പച്ചാളത്തേക്കു നടക്കും. അവിടെ പി.ജെ. ആന്റണിക്കായി അമ്മ കരുതിവച്ചിരിക്കുന്ന ചോറ് രണ്ടുപേരും ചേര്‍ന്നു പങ്കിടും.
തുറമുഖ തൊഴിലാളികളെ സംഘടിപ്പിക്കാനും ഒട്ടേറെ കഷ്ടപ്പെട്ടു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെ പണം സമ്പാദിക്കാനുള്ള ഉപാധിയായി കാണാത്ത അക്കാലത്തെ നേതാക്കളുടെ ത്യാഗം ഇന്ന് പലര്‍ക്കും അത്ഭുതമാണ്. കെട്ടിടനിര്‍മാണ തൊഴിലാളികള്‍ക്കായി സംഘടന കെട്ടിപ്പടുക്കാന്‍ ശ്രമിച്ച എല്‍സേബിയൂസ് മാസ്റ്ററോടുള്ള തന്റെ ആദരവിനു കാരണവും അഴിമതിയുടെ കളങ്കമില്ലാത്ത നേതാവ് എന്ന നിലയിലാണ്. കൊച്ചിന്‍ പോര്‍ട്ട് ലേബര്‍ യൂണിയനിലും നേവല്‍ ബേസിലെ സിവില്‍ വര്‍ക്കേഴ്‌സ് യൂണിയനിലും ഇന്നും നേതൃസ്ഥാനത്ത് തുടരുന്നത് തൊഴിലാളികളുടെ നിര്‍ബന്ധം കൊണ്ടാണ്.
തന്റെ വിവാഹവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍, കമ്യൂണിസ്റ്റുകാരോട് അന്നു പലരും കാണിച്ചിരുന്ന വിരോധം എത്രത്തോളം പ്രതിഫലിച്ചു എന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. തെക്കെ ചെല്ലാനത്ത് സ്വന്തമായി സ്‌കൂളും നല്ല ഭൂസ്വത്തുമൊക്കെയുള്ള പോളയില്‍ കുടുംബത്തിലെ സണ്ണി എന്ന യുവാവ് തിരുച്ചിറപ്പള്ളിയില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റല്‍ മുറിയില്‍ കമ്യൂണിസ്റ്റ് കൃതികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോളജില്‍ നിന്നു പുറത്താക്കപ്പെട്ടു. കമ്യൂണിസ്റ്റുകാരനെന്നു മുദ്രകുത്തി പിന്നീട് സണ്ണിയെ പൊലീസ് അറസ്റ്റു ചെയ്തു. അതോടെ കമ്യൂണിസ്റ്റ് കുടുംബം എന്ന ‘പേരുദോഷം’ സഹിക്കേണ്ടവന്ന അവരോട് പാര്‍ട്ടിക്ക് വലിയ താല്പര്യമായി. സണ്ണിയുടെ സഹോദരി ബേബിയുമായുള്ള (ജൊവാന്ന) വിവാഹാലോചന വരുന്നത് ആ വഴിക്കാണ്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ശാസ്ത്രജ്ഞനായ ബേബിയുടെ ജ്യേഷ്ഠന്‍ പക്ഷെ ആ വിവാഹാലോചനയില്‍ ആദ്യം എതിര്‍പ്പു പ്രകടിപ്പിച്ചുവെങ്കിലും പള്ളിയില്‍ വച്ച് വിവാഹം നടക്കുകയാണെങ്കില്‍ അതാകാമെന്ന നിലപാടിലെത്തി.
പോഞ്ഞിക്കരയിലെ വികാരിയച്ചന് ലോറന്‍സിന്റെ അപ്പനോട് വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നെങ്കിലും, പ്രതിശ്രുത വരന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു രാജിവച്ചാലേ പള്ളിയില്‍ വച്ച് വിവാഹം ആശീര്‍വദിക്കാനാവൂ എന്നു വ്യക്തമാക്കി. അതിനു ലോറന്‍സ് ഒരുക്കമല്ല. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പി. ഗംഗാധരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി കമ്മിറ്റി പ്രശ്‌നം ചര്‍ച്ച ചെയ്തു. പോളയില്‍ കുടുംബത്തിന്റെ താല്പര്യം മുന്‍നിര്‍ത്തി പള്ളിയില്‍ വച്ചുതന്നെ വിവാഹം നടത്തണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. തൃപ്പൂണിത്തുറ യാക്കോബായ പള്ളിയില്‍ വച്ച് വിവാഹം നടത്തുന്നതിന് അങ്കമാലി ഭദ്രാസനത്തില്‍ നിന്ന് പി.ജെ. ആന്റണിയും അവിരാ തരകനുമൊക്കെ മുന്‍കൈയെടുത്ത് അനുമതി നേടി. യാക്കോബായ പള്ളിയില്‍ വച്ച് ചടങ്ങുനടത്തുന്നതിന് മാമ്മോദീസാ മുങ്ങിയതിനുള്ള സാക്ഷ്യപത്രം ആവശ്യപ്പെട്ടിരുന്നു. കത്തോലിക്കാ സഭയ്ക്കു വെളിയില്‍ വിവാഹം പരികര്‍മ്മം ചെയ്യുകയെന്ന ‘പാപകര്‍മം’ അംഗീകരിക്കാനാവില്ല എന്നു രേഖപ്പെടുത്തിയാണ് ഇടവകപള്ളിയില്‍ നിന്ന് അച്ചന്‍ മാമ്മോദീസാചീട്ട് നല്‍കിയത്. അത് ചരിത്രരേഖയായി താന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്നെങ്കിലും പാര്‍ട്ടിപ്രവര്‍ത്തനത്തിന്റെ പേരിലുള്ള ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അത് ചിതലെടുത്തുപോയിരുന്നു.
എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച 1970ലെ തെരഞ്ഞെടുപ്പില്‍ പോഞ്ഞിക്കര സ്‌കൂളിലെ ബൂത്തില്‍ വോട്ടുചെയ്യാന്‍ പോവുകയായിരുന്ന, താന്‍ അമ്മൂമ്മ എന്ന് വിളിക്കുന്ന, കുടുംബത്തോട് ഏറെ അടുപ്പമുള്ള വയോധികയോട് വോട്ട് തനിക്കു ചെയ്യണം എന്ന് ഓര്‍മിപ്പിച്ചപ്പോള്‍, ‘നിനക്കു വോട്ടുചെയ്തിട്ട് ഞാന്‍ നരകത്തീ പോകാനോ’ എന്നായിരുന്നു പ്രതികരണം. കമ്യൂണിസ്റ്റുകാര്‍ക്ക് അന്ന് നരകമായിരുന്നു വിധിച്ചിരുന്നത്. ഇപ്പോള്‍ പുതിയ നരകമാണ്, നരകത്തിലെ ചെകുത്താന്മാരും മാറിക്കാണും.
സഭയും പാര്‍ട്ടിയും സമൂഹവും ഇപ്പോള്‍ ഏറെ മാറിക്കഴിഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ നിലപാടുകളില്‍ കമ്യൂണിസ്റ്റ് ആഭിമുഖ്യമുണ്ടെന്ന് ചില വിമര്‍ശകര്‍ പറയുന്നുണ്ട്. സഭയായാലും പാര്‍ട്ടിയായാലും കാലത്തിന് അനുസരിച്ച് മാറേണ്ടതുണ്ട്, മാറ്റം ഉള്‍ക്കൊള്ളാതെ ഒരു പ്രസ്ഥാനവും നിലനില്‍ക്കുകയില്ല.
ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണകേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് കൊടിയ മര്‍ദനത്തിന് ഇരയായി 22 മാസം ജയിലില്‍ കഴിഞ്ഞ അദ്ദേഹം പിന്നീട് കരുതല്‍ തടങ്കലിലും മിസാ തടവുകാരനായുമൊക്കെ ആറു വര്‍ഷം തടവിലാക്കപ്പെട്ടു. താന്‍ സഹിച്ച മര്‍ദനങ്ങളുടെ കേടുമാറ്റാന്‍ അപ്പന്‍ തനിക്കായി ഏറെ നാട്ടുചികിത്സ ഏര്‍പ്പാടുചെയ്തു.
തെരഞ്ഞെടുപ്പില്‍ ഏറെയും തോറ്റ ചരിത്രമേ തനിക്കുള്ളൂവെന്ന് അദ്ദേഹം പറയുന്നു. കൊച്ചി കോര്‍പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പില്‍ രണ്ടു ഡിവിഷനുകളില്‍ മത്സരിച്ചതില്‍ തമ്മനത്തു ജയിച്ചു. കൊച്ചി മേയറാകേണ്ടതായിരുന്നു. എന്നാല്‍ ഒരു അംഗം ചേരിമാറിയതോടെ നറുക്കെടുപ്പിലൂടെ മേയറെ നിശ്ചയിക്കേണ്ട നിലവന്നു. എ.എ. കൊച്ചുണ്ണിക്കാണ് നറുക്കുവീണത്. 1970ലും 2006ലും എറണാകുളം മണ്ഡലത്തിലും, 1977ല്‍ പള്ളുരുത്തിയിലും, 1991ല്‍ തൃപ്പൂണിത്തുറയിലും മത്സരിച്ചു തോറ്റു. 1980ല്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി തനിക്ക് ശക്തമായ പിന്തുണ നല്‍കി, പി.ജെ. ജോസഫ് എതിരായിരുന്നു.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് 84ലെ തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്ത് തോറ്റു. അടുത്ത തെരഞ്ഞെടുപ്പില്‍ ജയസാധ്യത ഉണ്ടായിരുന്നെങ്കിലും താന്‍ മത്സരിക്കുന്നില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. എകെജി സെന്ററില്‍ നിന്ന് തന്നെ ഡല്‍ഹിക്കു പറഞ്ഞുവിടാന്‍ ചിലര്‍ ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് വീണ്ടും മുകുന്ദപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ ശക്തമായ സമ്മര്‍ദം പാര്‍ട്ടിക്കുള്ളിലുണ്ടായത്. സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥിത്വം നിശ്ചയിച്ചിരിക്കെ പിന്മാറിയാല്‍ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് ഭീഷണി ഉയര്‍ന്നു. ഇക്കാര്യത്തില്‍ താന്‍ ഇ.എം.എസിന്റെ പിന്തുണ തേടിയത് അദ്ദേഹം അനുസ്മരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സംസ്ഥാനത്തെ ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു ട്രേഡ് യൂണിയന്‍ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയുണ്ടായി. എന്നിട്ടും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ പ്രവര്‍ത്തനം തുടര്‍ന്നു. പിന്നീട് സംസ്ഥാന കമ്മിറ്റിയില്‍ തിരിച്ചെടുക്കുകയും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുകയുമുണ്ടായി. ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ നേരിടാന്‍ താന്‍ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ജയിച്ചാല്‍ അമിതമായി ആഹ്ലാദിക്കുകയോ, തിരിച്ചടിയുണ്ടാകുമ്പോള്‍ ദുഃഖത്തിലാണ്ടുപോവുകയോ ചെയ്യാറില്ല. അതിനാല്‍ തനിക്ക് ടെന്‍ഷനോ, പ്രഷറോ മറ്റ് അസുഖമോ ഒന്നുമില്ല. താന്‍ കമ്യൂണിസ്റ്റായത് നേതൃത്വം പിടിച്ചുപറ്റാനോ പണം സമ്പാദിക്കാനോ അല്ല. ഭൂമുഖത്ത് എല്ലാ മനുഷ്യര്‍ക്കും സുഖമായി കഴിയാനുള്ള വിഭവസമ്പത്തുണ്ട്. എന്നാല്‍ കോടികണക്കിനാളുകള്‍ കിടപ്പാടമോ ഭക്ഷണമോ രോഗത്തിനു മരുന്നോ കുട്ടികള്‍ക്കു പഠിക്കാനുള്ള സൗകര്യമോ ഇല്ലാതെ വലയുകയാണ്. ഈ അസമത്വത്തിനും അനീതിക്കുമെതിരായാണ് നാം പോരാടേണ്ടത്. യേശു അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പകറ്റിയതായി പറയുന്നത് ഇതിനു സമാനമാണ്. എല്ലാവര്‍ക്കും അവകാശപ്പെട്ടത് അവര്‍ക്കു വീതിച്ചുനല്‍കണം. അതിനുള്ള തടസങ്ങള്‍ തട്ടിമാറ്റണം.
തന്നെ വി.എസ്. അച്യുതാനന്ദനുമായി താരതമ്യം ചെയ്തുകൊണ്ട് സദസില്‍ നിന്നുണ്ടായ ഒരു ചോദ്യത്തിനുള്ള മറുപടിയില്‍, സവിശേഷ പ്രസംഗരീതി കൊണ്ട് ജനകീയ സമ്മതി നേടിയ നേതാവാണ് വി.എസ് എങ്കിലും കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഏറെ കുറവുകളും അദ്ദേഹത്തിനുണ്ടെന്ന് ലോറന്‍സ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ മകന്റെയും മറ്റും സമ്പാദ്യത്തിന്റെയും അനര്‍ഹമായ പദവികളുടെയും കാര്യം മറച്ചുവയ്ക്കാനാകുമോ? പുന്നപ്ര-വയലാര്‍ വീരസേനാനിയാണു താന്‍ എന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ പുന്നപ്രക്കാരനായ അദ്ദേഹം ആ സമരത്തില്‍ പങ്കെടുക്കുകപോലും ചെയ്യാതെ വീടിനകത്ത് ഭീരുവിനെപോലെ ഒളിച്ചിരിക്കുകയായിരുന്നു. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച വര്‍ഗീസ് വൈദ്യന്‍ എന്ന നേതാവ് ആ രംഗത്തു നിന്നു പിന്മാറിയതിനെ തുടര്‍ന്ന് പി. കൃഷ്ണപിള്ള നിര്‍ദേശിച്ചതു പ്രകാരം അച്യുതാനന്ദന്‍ ആ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ്. അക്കാലത്താണ് കൊടിയ മര്‍ദകനായ നാടാര്‍ എന്ന ഇന്‍സ്‌പെക്ടര്‍ അവിടെയെത്തുന്നത്.
ഏതോ ചെറിയ കേസില്‍ അറസ്റ്റു വാറന്റ് ഉണ്ടായിരുന്നു എന്നതിന്റെ പേരില്‍ ഒളിവില്‍ പോയ അച്യുതാനന്ദന്‍ പൂഞ്ഞാറില്‍ പാര്‍ട്ടിയോട് അനുഭാവമുണ്ടായിരുന്ന സമ്പന്നനായ തോട്ടം ഉടമയുടെ സങ്കേതത്തില്‍ കഴിയുകയായിരുന്നു. പുന്നപ്ര സമരത്തിന്റെ മൂന്നാം നാള്‍ പി.കെ. ചന്ദ്രാനന്ദന്റെയും മറ്റും നേതൃത്വത്തില്‍ വാരിക്കുന്തവുമായി നാടാരുടെ തോക്കിനെ നേരിടാന്‍ കമ്യൂണിസ്റ്റ് സഖാക്കള്‍ അണിനിരന്നപ്പോള്‍ തനിക്കെതിരെ വാറന്റുള്ളതിനാല്‍ തിരിച്ചുപോകാന്‍ ആരോ തന്നോടു നിര്‍ദേശിച്ചുവെന്നാണ് വി.എസ്. ഒരിക്കല്‍ പറഞ്ഞത്. കൊല്ലാനും ചാകാനും പോകുന്നവര്‍ വാറന്റ് നോക്കുമോ – ലോറന്‍സ് ചോദിക്കുന്നു.
നവതി ഭാഷണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച വരാപ്പുഴ അ
തിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ എം.എം. ലോറന്‍സിനെ പൊന്നാട അണിയിച്ചു. ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പലപ്പോഴും ദീര്‍ഘസംഭാഷണത്തിനായി ലോറന്‍സിനെ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലേക്കു ക്ഷണിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. പാവപ്പെട്ടവരുടെയും സമുദായത്തിന്റെയും ക്ഷേമത്തിനായുള്ള പല സംരംഭങ്ങളിലും ലോറന്‍സിന്റെ പിന്തുണ എന്നും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, യുണൈറ്റഡ് ട്രേഡ് യൂണിയന്‍ അലയന്‍സ് ചെയര്‍മാന്‍ ജോസഫ് ജൂഡ്, കെഎല്‍സിഎ വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍മന്ത്രി ഡൊമനിക് പ്രസന്റേഷന്‍ വേദിയില്‍ സന്നിഹിതനായിരുന്നു.


Related Articles

ആഴക്കടല്‍ മത്സ്യബന്ധനം എല്ലാ കരാറുകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം-കെആര്‍എല്‍സിസി

  എറണാകുളം : കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല എന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി). മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും അതിജീവനത്തിനും വിഘാതമുണ്ടാക്കുന്ന

ഓച്ചന്തുരുന്ത് കുരിശിങ്കലില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ പേരില്‍ റോഡ്

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കലില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ

ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം വൈകിട്ട് നെടുമ്ബാശേരിയിലെത്തിക്കും

ന്യൂഡല്‍ഹി: ഇസ്രേയേൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ഇസ്രേയേൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*