പോര്‍തരു ചവിട്ടി മാര്‍ യൗസേപ്പ്

by admin | February 10, 2021 10:00 am

അലക്സ് താളൂപ്പാടത്ത്‌

സാബു പുളിക്കത്തറ

വടക്കന്‍ പറവൂര്‍ ഡോണ്‍ബോസ്‌കോ പള്ളിയിലെ നിറഞ്ഞ വേദിയില്‍ യൗസേപ്പിതാവിന്റെ മാഹാത്മ്യം ചൊല്ലി ചവിട്ടി ശ്രദ്ധേയരായിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍.

ആഗോള കത്തോലിക്കാ സഭ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ ധന്യവേളയില്‍ വിശുദ്ധ യൗസേപ്പ് ചരിതം ചവിട്ടുനാടകത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. കേരള ക്രൈസ്തവരുടെ പൗരാണിക കലാരൂപമായ ചവിട്ടുനാടകത്തില്‍ ഇത് ആദ്യമായാണ് യൗസേപ്പിതാവിന്റെ ചരിതം പാടുന്നത്. ഭക്തിരസപ്രധാനമായ കഥകള്‍ കൂടി പറഞ്ഞിരുന്ന ചവിട്ടുനാടകം, ഒരുവേള, വാളുകൊണ്ട് പടപൊരുതി ജയിച്ചവരുടെ കഥ മാത്രമായി ഒതുങ്ങി. അതില്‍ നിന്ന് മോചനം നേടി ചവിട്ടുനാടക സാഹിത്യം നഷ്ടപ്പെട്ട ഭക്തിയെക്കൂടി ഇപ്പോള്‍ വീണ്ടെടുക്കുകയാണ്. ഭക്തിയും വീരവും ഒന്നിച്ചു പറയുമ്പോള്‍ ചവിട്ടുനാടകം കൂടുതല്‍ തീവ്രമാകും. ‘മാര്‍ യൗസേപ്പ് പുണ്യവാന്‍’ അത്തരം ഒരനുഭവമാണ് പകരുന്നത്.

മൂന്ന് രംഗങ്ങളിലായി വിശുദ്ധന്റെ ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നു. ഒന്നാം രംഗത്തില്‍ ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതറിഞ്ഞ നരകാധിപന്‍, ഹേറോദേസ് രാജാവിന്റെ മനസ്സില്‍ പ്രവേശിച്ച് ശത്രുത ഉളവാക്കുന്നു. ദുഷ്ടനായി മാറിയ രാജാവ് കുഞ്ഞിനെ കണ്ടെത്തി വകവരുത്താന്‍ കല്‍പ്പനയിടുന്നു.

രണ്ടാം രംഗത്തില്‍ ദൈവകുമാരനു കാവലും രക്ഷകനുമായി യൗസേപ്പിനെ തിരഞ്ഞെടുക്കുന്നതാണ്. ഹേറോദേസിന്റെ നേതൃത്വത്തില്‍ പിശാചിന്റെ പടയാളികള്‍ ദിവ്യ ഉണ്ണിയെ വകവരുത്താന്‍ പുറപ്പെടുന്നതും, യൗസേപ്പിതാവിന്റെ നേതൃത്വത്തില്‍ വാളേന്തിയ ദൂതഗണം പിശാചിന്റെ സേനയെ പരാജയപ്പെടുത്തുന്നതും, ദിവ്യ ഉണ്ണിയെ മെസ്രേന്‍ നാട്ടിലേക്ക് രക്ഷപ്പെടുത്തുന്നതുമാണ് മൂന്നാം രംഗം.

കേരളത്തില്‍ ആദ്യമായി വനിതകള്‍ക്ക് മാത്രമായി ചവിട്ടുനാടകസംഘം ഉണ്ടാക്കിയ ചവിട്ടുനാടക ആശാനും ഈ വര്‍ഷത്തെ കേരള ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ അലക്‌സ് താളൂപ്പാടത്താണ് പെണ്‍കുട്ടികളെ മാത്രമായി ചുവട് പഠിപ്പിച്ച് തട്ടേല്‍ കയറ്റിയത്. ചവിട്ടുനാടകത്തില്‍ ഭാവാഭിനയത്തിനു പ്രാധാന്യം കൊടുക്കുന്ന അലക്‌സ് ആശാന്‍ ഈ ചെറിയ നാടകത്തിലും അഭിനയമുഹൂര്‍ത്തങ്ങള്‍ ഗംഭീരമാക്കിയിട്ടുണ്ട്. സാബു പുളിക്കത്തറയാണു ചുവടി ചെയ്തിരിക്കുന്നത്. ചെറുതും വലുതുമായി സാബു എഴുതിയ ചവിട്ടുനാടക രചനകളില്‍ പന്ത്രണ്ടാമത്തേതാണ് ‘മാര്‍ യൗസേപ്പ് പുണ്യവാന്‍’. നിമിഷ ജോസ്, അന്നാ സിസിലിയ ജെയിംസ്, അമിതാ ആന്റണി, അഖില പി.ജെ, എസ്ലിന്‍ തോംസണ്‍, റീതു ജെസ്റ്റിന്‍, ട്രീസാ വര്‍ഗീസ്, എയ്ഞ്ചല്‍ ലാലു, ജിനീഷാ കാര്‍മ്മല്‍, ഹെല്‍നാ ജെയിംസ് എന്നീ കലാകാരികള്‍ ചവിട്ടുനാടകത്തില്‍ അരങ്ങേറ്റമാണെങ്കിലും, തട്ടേല്‍ തളരാത്ത വീര്യത്തോടെ ചവിട്ടി തിളങ്ങി. കേരളത്തിലെ അറിയപ്പെടുന്ന ചവിട്ടുനാടക പാട്ടുകാരായ ആന്‍സന്‍ കുറുമ്പന്തുരുത്ത്, റെന്നി കുറുമ്പന്തുരുത്ത് എന്നിവരുടെ ശബ്ദം നാടകത്തെ സമ്പന്നമാക്കുന്നു.

ചവിട്ടുനാടക കലാകാരന്മാരായ സനല്‍ വിന്‍സെന്റ്, ആല്‍വിന്‍ അലക്‌സ് എന്നിവരും സിസ്റ്റര്‍ ഷാജിയും സഹസംവിധായകരായി പ്രവര്‍ത്തിച്ചു. വടക്കന്‍ പറവൂര്‍ ഡോണ്‍ബോസ്‌കോ പള്ളിയിലെ മതബോധന വിഭാഗമാണ് നാടകം അവതരിപ്പിച്ചത്. സംഘത്തിന്റെ രക്ഷാധികാരി ഫാ. ജോഷി മുട്ടിക്കലും ഏകോപനം ഫാ. ലിബിന്‍ വലിയ വീട്ടിലുമാണ്. ചവിട്ടുനാടക അരങ്ങേറ്റ സമ്മേളനം കോട്ടപ്പുറം രൂപത മതബോധനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോയ് സാമ്പ്രിക്കല്‍ ഉദ്ഘാടനം ചെയ്തു.

വിശുദ്ധ യൗസേപ്പ് നീതിമാനും തൊഴിലാളി മദ്ധ്യസ്ഥനും എന്നതിനപ്പുറം, മറഞ്ഞുപോയ ചില ജീവിത വഴികള്‍ ഓര്‍ത്തെടുക്കാനുള്ള ശ്രമം കൂടിയാണ് ഈ നാടകം. വിശുദ്ധ യൗസേപ്പ്, ദാവീദ് രാജാവിന്റെ വംശജനാണ്. അതിനാല്‍ വീരനുമാണ്. നരകപിശാചിന്റെ നീചദാസ്യത്തില്‍ നിന്ന് മോചിതരാവാന്‍ മരണത്തിന്റേയും ആയുസ്സിന്റേയും ഉടയവനായ ക്രിസ്തുവിന്റെ സംരക്ഷകനായി ഭൂമിയില്‍ പോരാടിയ ദിവ്യവീരന്‍. ബ്രഹ്മചാരിത്വത്തിന്റെ മഹത്വം അവസാനം വരെ കാത്ത പുണ്യാത്മാവിന്റെ ആത്മസംഘര്‍ഷങ്ങള്‍ ഒളിച്ചുവച്ചിരിക്കുന്ന ഈ ചവിട്ടുനാടകത്തില്‍ പക്ഷെ സമയത്തിന്റെ പരിമിതി അതിന്റെ പൂര്‍ണസൗന്ദര്യത്തിലേക്ക് എത്താന്‍ തടസ്സം നില്‍ക്കുന്നുണ്ട്. മുപ്പത് മിനിറ്റിലാണ് ഈ നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കഥയും സന്ദേശവും പാട്ടിലൂടെയും വിവരണത്തിലൂടെയും കാണികള്‍ക്കു ലഭ്യമാകുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും ചവിട്ടുനാടക സങ്കേതങ്ങള്‍ ഉപയോഗിച്ച് കഥപറയുമ്പോള്‍ കിട്ടുന്ന ശോഭയായിരിക്കും കലാവിഷ്‌കാരത്തെ മഹത്തരമാക്കുക.

Source URL: https://jeevanaadam.in/%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b4%b0%e0%b5%81-%e0%b4%9a%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af/