പ്രകാശഗോപുരങ്ങള്‍ വീണ്ടും തെളിക്കാം!

പ്രകാശഗോപുരങ്ങള്‍ വീണ്ടും തെളിക്കാം!

അപകടകരമായ സെല്‍ഫി എടുക്കുന്നതിനിടയില്‍ പാറക്കെട്ടില്‍ നിന്നു കാല്‍വഴുതി വീണോ, തീവണ്ടി മുട്ടിയോ, വന്യമൃഗങ്ങള്‍ക്കിരയായോ മരിച്ച യുവാക്കളുടെ എണ്ണമെത്രയാണ്? സെല്‍ഫി ജെനറേഷന്‍ എന്ന് ഈ തലമുറയെ പേരിട്ടു വിളിക്കുന്നതില്‍ സാംഗത്യമുണ്ട്. എന്നാല്‍ ഈ സെല്‍ഫി ഭ്രമത്തിനു പിന്നിലെ സാംഗത്യം എന്താണ്?
പാനമയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകയുവജനദിനത്തിന് മുന്നോടിയായി റോമില്‍ രൂപതാ തലത്തില്‍ ആചരിച്ച യുവജനദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പാ യുവാക്കളെ നേരിട്ടത് ഒരു ചോദ്യവുമായാണ്: എന്താണ് നിങ്ങളുടെ പേടികള്‍? ആഴത്തില്‍ നിങ്ങളെ വ്യാകുലപ്പെടുത്തുന്നത് എന്താണ്? പാപ്പാ തന്നെ അതിന് ഉത്തരം നല്‍കി: സ്‌നേഹിക്കപ്പെടുന്നില്ല, അംഗീകരിക്കപ്പെടുന്നില്ല എന്ന വ്യാകുലം യുവാക്കളെ ആഴത്തില്‍ അലട്ടുന്നു.
സെല്‍ഫികളുടെ പിന്നിലെ സാംഗത്യം അതു തന്നെയാണ്. അംഗീകരിക്കപ്പെടാനും സ്‌നേഹിക്കപ്പെടാനും ഉള്ള അഭിവാഞ്ഛ. അപകടകരമായ ഒരു സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ കൂട്ടുകാരുടെയും (കൂട്ടുകാര്‍ അല്ലാത്തവരുടെയും) സ്‌നേഹവും അംഗീകാരവും ലൈക്കുകളായി തങ്ങളെ തേടിവരുമെന്നുള്ള വ്യാമോഹം. ആഴത്തില്‍ ശൂന്യത അനുഭവിക്കുന്നവന്റേതാണ് ഏറ്റവും ഉച്ചസ്ഥായിയിലുള്ള മുറവിളി. ഇത്തരം മുറവിളികളും ആര്‍പ്പുവിളികളും കൊണ്ട് മുഖരിതമാണ് സോഷ്യല്‍ മീഡിയ. എല്ലാം കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ യുവത വല്ലാത്തൊരു ശൂന്യത അനുഭവിക്കുന്നു, ആത്മാവില്‍!
അസ്വസ്ഥമായൊരു കാലത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നാം. വിളക്കുമാടങ്ങള്‍ അണഞ്ഞു പോയ കാലം. പ്രകാശഗോപുരങ്ങള്‍ കെട്ടുപോയി വഴികാണാതെ അലയുന്ന കപ്പലുകളുടെ കാലം. ആശ്രയിക്കാനോ ചാരിനില്‍ക്കാനോ ഇന്ന് പ്രത്യയശാസ്ത്രങ്ങളൊന്നും ബാക്കിയില്ല. ഒരു കാലത്ത് യുവതയുടെ ആവേശവും ഊര്‍ജവുമായിരുന്ന പ്രത്യശ ശാസ്ത്രങ്ങളും കലയോടുള്ള ആവേശവുമെല്ലാം കാലഹരണപ്പെട്ടു പോയി. മതം ഇപ്പോള്‍ അവരുടെ കണ്ണില്‍ വെറും മതഭ്രാന്തു മാത്രമായി ചുരുങ്ങിപ്പോയി. യഥാര്‍ത്ഥ മതത്തെ കുറിച്ച് പറഞ്ഞു കൊടുക്കാന്‍, വീണ്ടെടുപ്പിന്റെ വെട്ടം പകര്‍ന്നു കൊടുക്കുന്ന അനുഭവങ്ങളിലേക്ക് നയിക്കാന്‍ തയ്യാറായി ആരുണ്ടിവിടെ ബാക്കി! സമകാലിക യുവതയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തീരം വിട്ട്, തുഴയും കൈവിട്ട് അലയുന്ന ഒരു തോണിയുടെ ചിത്രമാണ് മനസ്സില്‍ വരുന്നത്!
അന്വേഷിച്ചെത്തുമ്പോള്‍ പ്രശ്‌നത്തിന്റെ കാതല്‍ കുടുംബത്തകര്‍ച്ചകളിലാണെന്ന് നാം കണ്ടെത്തുന്നു. കുടുംബങ്ങളില്‍ അനുഭവപ്പെടേണ്ടിയിരുന്ന സ്‌നേഹത്തിന്റെ ചൂട് കെട്ടു പോയ ഇടങ്ങളില്‍ ഇനി പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നു, യൗവനം. മുന്‍തലമുറയുടെ അഭയമായിരുന്ന പുസ്തകങ്ങളോ കലയോ സാഹിത്യമോ കായിക വിനോദങ്ങളോ അവര്‍ക്ക് ആവേശമാകുന്നില്ല. അല്ലെങ്കില്‍ അതിനുള്ള സാഹചര്യമില്ല. അപ്പോള്‍ അവര്‍ മുന്നില്‍ തുറന്നു കിടക്കുന്ന വാതിലുകളുടെ നേര്‍ക്ക് നടന്നടുക്കുന്നു. ലഹരിയും മയക്കുമരുന്നും നിഷ്ഠുരതയും ആസക്തികളും. ഈ വാതിലുകള്‍ വഴിയാണ് നമ്മുടെ യുവതലമുറയെ നമുക്ക് കൈവിട്ടു പോകുന്നത്!
ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള കാലഘട്ടമാണ് യൗവനം. നിറഞ്ഞു കുതിച്ചൊഴുകുന്ന പുഴ പോലെ. എന്നാല്‍, ക്രിയാത്മാകമായ വഴികള്‍ കാണാതാകുമ്പോള്‍, ലഭിക്കാതാകുമ്പോള്‍, അതേ ഊര്‍ജം തന്നെ കരകവിഞ്ഞൊഴുകുന്നു. കര കവിഞ്ഞൊഴുകുമ്പോള്‍ ആരുടെയൊക്കെയോ വയലേലകളെയും പൂന്തൊടികളെയും തകര്‍ത്തു കളഞ്ഞേക്കാം. നമ്മുടെ യുവതലമുറയുടെ ക്രിയാത്മകതയെ വീണ്ടെടുക്കാന്‍ കാലമായി! അതിനുള്ള പദ്ധതികളെ കുറിച്ച് മുതിര്‍ന്നവര്‍ ഊര്‍ജസ്വലരായി ആലോചിക്കട്ടെ.
നമുക്ക് നേരെ നില്‍ക്കാന്‍ ഒരൊറ്റ ആംഗിളേ ഉള്ളൂ. വീഴാനാണെങ്കില്‍ എണ്ണമറ്റ ആംഗിളുകളും എന്നു പറഞ്ഞത് ജി കെ ചെസ്റ്റര്‍ട്ടണ്‍ ആണ്. നേരെ നില്‍ക്കാനുള്ള ഈ ആംഗിളിനെ കുറിച്ചുള്ള അവബോധം നമ്മുടെ യുവതലമുറയ്ക്ക് ആരു പറഞ്ഞു കൊടുക്കും? കേവലം പാഠപ്പുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് ഗാഢമായ ബോധ്യങ്ങളും അനുഭവങ്ങളും നമ്മുടെ യുവാക്കള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ രൂപതാ-ഇടവകാതലങ്ങളില്‍ എത്ര ശ്രമം നടക്കുന്നുണ്ട്? വി. ഡോണ്‍ ബോസ്‌കോ ചെയ്തതു പോലെ യുവാക്കളെ പളളിയോടും വിശ്വാസത്തോടും സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്താന്‍ ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്? സ്‌നേഹത്തോടെയും പ്രചോദനാത്മകമായും വേണം ആ ശ്രമങ്ങള്‍. നിര്‍ബന്ധപൂര്‍ണവും അവരുടെ ക്രിയാത്മകത അടിച്ചമര്‍ത്തിയുമുള്ള ശ്രമങ്ങളെല്ലാം വിപരീത ഫലങ്ങളേ ഉളവാക്കൂ എന്നും ഓര്‍ക്കണം.
മതത്തിന്റെ പ്രതിഛായക്ക് വല്ലാതെ മങ്ങലേറ്റിരിക്കുന്ന കാലഘട്ടമാണിത്. മതം കപടതയ്ക്കും ക്രൂരതയ്ക്കുമുള്ള ആയുധമായി മാറുന്നത് മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും യുവതലമുറയ്ക്ക് മതത്തിനു നേരെ ഒരു വിമുഖത വളരുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടയ്ക്കാനാവില്ല. ക്രിസ്തു ക്രൂശില്‍ മരിച്ചതായി തെളിവില്ല, അതിനാല്‍ ഉത്ഥാനവും കെട്ടു കഥയാണെന്ന് എവിടെയോ വായിച്ച ഒരു പുസ്തകത്തിന്റെ വെളിച്ചത്തില്‍ എന്നെ ബോധ്യപ്പെടുത്താനും തന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനും ശ്രമിച്ച ഒരു ഇരുപത്തഞ്ചുകാരനെ ഞാന്‍ ഓര്‍ക്കുന്നു. മതം എന്ന ശത്രുവിനെ ഇല്ലായ്മ ചെയ്യുവാനുള്ള ആവേശമാണ് പയ്യന്റെ മുഖത്തപ്പോള്‍ ഞാന്‍ കണ്ടത്. തെറ്റ് മതത്തിന്റെത് കൂടിയാണ്. അല്ലെങ്കില്‍ മതത്തിന്റെ തെറ്റായ പ്രതിഛായ സമൂഹത്തില്‍ അവതരിപ്പിക്കുന്നവരുടേതു കൂടിയാണ്. ആത്മീയതില്‍ നിന്നു ദൂരെപ്പോയ മതം. കരുണയില്‍ നിന്നും ആര്‍ദ്രതയില്‍ നിന്നും സ്‌നേഹത്തില്‍ നിന്നും സഹാനുഭൂതിയില്‍ നിന്നും മനുഷ്യത്വത്തില്‍ നിന്നും വഴുതിപ്പോയ മതം. ആ മതത്തെ യുവതലമുറ വെറുത്തും ഭയന്നും തുടങ്ങിയെങ്കില്‍ എന്റെ പിഴ! എന്നു പറയാന്‍ മതങ്ങളുടെ വക്താക്കള്‍ക്കും നേരമായി.
മുന്‍പേ പോയവരുടെ വീഴ്ചകളാണ് യുവതലമുറയുടെ ഇടര്‍ച്ചകള്‍. നമ്മള്‍ വെട്ടം കാണിക്കാന്‍ മറന്നു. നമ്മുടെ അപരാധങ്ങളോ ഉപേക്ഷകളോ കൊണ്ട് നാം വെട്ടത്തെ മറച്ചു വച്ചു. രണ്ടു കാര്യങ്ങള്‍ ചെയ്യാം. യാത്ര ചെയ്യാന്‍ ഒരു പ്രകാശഗോപുരം തിരയുന്ന അവരുടെ മുന്നില്‍ നിന്നു നമ്മുടെ കാലഹരണപ്പെട്ട നിഴലിനെ എടുത്തു മാറ്റാം. അപ്പോള്‍ അവര്‍ പ്രകാശത്തെ നേരിട്ടു കാണും. അല്ലെങ്കില്‍, നമ്മുടെ കരങ്ങളില്‍ കൈവിട്ടു പോയ വിളക്കെടുത്ത് വീണ്ടും പിടിക്കാം. അവര്‍ അത് കാണട്ടെ. അതിന്റെ വെട്ടം കാണട്ടെ. രണ്ടാമത്തേതാണ് അഭികാമ്യം. കാരണം, പിന്നാലെ വരുന്നവര്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ തന്നെയല്ലോ!


Related Articles

മത്സ്യത്തൊഴിലാളികളെ ആദരിച്ചു

ചെല്ലാനം: മത്സ്യത്തെ പിടിക്കുന്നവരെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന ബൈബിള്‍ വാക്യമാണ് ജലപ്രളയത്തില്‍ നിന്നും അനേകരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രചോദനം ഏകിയതെന്ന് കൊച്ചി രൂപത ബിഷപ് ഡോ.ജോസഫ് കരിയില്‍.

മലയാളികളുടെ പ്രിയപ്പെട്ട കവിയത്രി സുഗതകുമാരി അന്തരിച്ചു

കേരളത്തിന്റെ സാഹിത്യ-സാമൂഹിക രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ മലയാളികളുടെ പ്രിയപ്പെട്ട കവിയത്രി വിടവാങ്ങി. കോവിഡ് രോഗബാധയെതുടര്‍ന്നാണ് മരണം. ആരോഗ്യസ്ഥിതി മേശമായതിനെതുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. സാമൂഹിക- പരിസ്ഥിതി സുസ്ഥിരതയെ സംരക്ഷിക്കാന്‍

അയോദ്ധ്യ കേസ്: പരമോന്നത കോടതിയുടെ ചരിത്ര വിധി വന്നു

അയോധ്യ കേസ്: പരമോന്നത കോടതിയുടെ ചരിത്രവിധി വന്നു കേന്ദ്രസര്‍ക്കാര്‍ പ്രത്യേകട്രസ്റ്റ് ഉണ്ടാക്കി അയോധ്യയിലെ തര്‍ക്കഭൂമി ട്രസ്റ്റിന് കൈമാറണമെന്നും ഇവിടെ രാമക്ഷേത്രം നിര്‍മിക്കാവുന്നതാണെന്നും സുപ്രീം കോടതിയുടെ ചരിത്രവിധി. തര്‍ക്കഭൂമിക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*