പ്രകാശവിളംബരത്തിന്റെ പൊരുള്‍

പ്രകാശവിളംബരത്തിന്റെ പൊരുള്‍

വചനം അതിന്റെ അര്‍ത്ഥത്തില്‍ സ്വപ്രകാശമാനമാകുന്നു എന്നു വേദപുസ്തകത്തില്‍ പറയുന്നുണ്ട്. കാലം കടന്നും പ്രകാശമാനമാര്‍ന്ന ഒരാന്തരികസ്വത്വം അതിന്റെ ആഴങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മോണ്‍. ഡോ. ഫെര്‍ഡിനാന്‍ഡ് കായാവിലിന്റെ കര്‍മ്മപഥങ്ങള്‍ക്ക് അത്തരമൊരു വിശുദ്ധ സംക്രമണമുണ്ട്. അത് ഒരേകാലം ദൈവസ്‌നേഹത്തിലധിഷ്ഠിതമായ ഉണ്മയില്‍ വിശ്വാസമര്‍പ്പിക്കുകയും കര്‍മ്മപദ്ധതികളില്‍ ദീര്‍ഘദര്‍ശനത്തിന്റേതായ അത്യുദാത്തവും കുലീനവുമായ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ആത്മീയവളര്‍ച്ചയുടെ ഔന്നത്യമാണത്, കര്‍ത്തൃപ്രാര്‍ത്ഥനകളുടെ പവിത്രസാഫല്യവും.
പൗരോഹിത്യത്തിലധിഷ്ഠിതമായ ഒരു സാംസ്‌കാരിക ജീവിതമാണ് കായാവിലച്ചന്റേത്. അദ്ദേഹത്തിന്റെ ആര്‍ജ്ജിതവ്യക്തിത്വം  (Accute personality)നിലയുറപ്പിച്ചിരിക്കുന്നത് സെക്കുലറിസ്റ്റിക് ദര്‍ശനത്തിലാണ്. ഹൃദയഐക്യത്തിന്റെയും മനുഷ്യസാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും വിപുലമായ സാംസ്‌കാരിക ദര്‍ശനമാണ് അച്ചന്റെ വ്യതിരിക്തമായ വ്യക്തിത്വത്തിന്റെ മുഖമുദ്ര. അത് ബഹുശിഖരാകൃതിപൂണ്ട ഒരനുഭവമാണ്. അച്ചന്റെ കര്‍മ്മമേഖലകളുടെ ബഹുസ്വരത അത്ഭുതാദരങ്ങളോടെ മാത്രമേ നോക്കിക്കാണാനാകൂ. വിദ്യാഭ്യാസം, സാംസ്‌കാരികരംഗം, സാമൂഹികപ്രവര്‍ത്തനങ്ങള്‍, സാഹിത്യപ്രവര്‍ത്തനങ്ങള്‍, ആരോഗ്യമേഖല, വികസന മാതൃകകള്‍ തുടങ്ങി അച്ചന്റെ സക്രിയസാന്നിദ്ധ്യത്തിന്റെ സുവര്‍ണ അധ്യായങ്ങള്‍ കൊല്ലത്തിന്റെ വികസനചരിത്രത്തില്‍ കാലം എഴുതിച്ചേര്‍ത്തിരിക്കുന്നു.
തങ്കശേരി ബ്രേക്ക്വാട്ടര്‍ പദ്ധതിയുടെ സമാരംഭം അച്ചന്റെ ദീര്‍ഘദര്‍ശനത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു. തീരദേശത്തെ മത്സ്യത്തൊഴിലാളികളെയും ഭിന്നരാഷ്ട്രീയവിശ്വാസികളെയും നാനാജാതിമതസ്ഥരെയും ഒരുമിച്ചുകൂട്ടി അച്ചന്‍ നേതൃത്വം കൊടുത്ത ഐതിഹാസിക മുന്നേറ്റം. നീണ്ട 25 വര്‍ഷക്കാലത്തെ വിശ്രമരഹിത നേതൃത്വമാണ് തങ്കശേരി ഫിഷിംഗ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാനെടുത്തത്. മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മയും കേന്ദ്രമന്ത്രിയായിരുന്ന എസ്. കൃഷ്ണകുമാറിന്റെ ശക്തമായ നിലപാടുകളും കായാവിലച്ചന്റെ കര്‍മ്മവേഗങ്ങള്‍ക്ക് ആക്കംകൂട്ടി.
ബഹുഭാഷാപണ്ഡിതനായ കായാവിലച്ചന്റെ പ്രഭാഷണങ്ങള്‍ ചിന്തോദ്ദീപ്തവും വിജ്ഞാനപ്രദവുമായ ഒരനുഭവമാണ്. ആ വാക്കുകള്‍ അതിര്‍ത്തികള്‍ താണ്ടി പറക്കുന്ന പക്ഷികളെപ്പോലെയാണ്. ഏതെങ്കിലും ദേവാലയത്തില്‍ അച്ചന്റെ പ്രഭാഷണം ഉണ്ടെന്നറിഞ്ഞാല്‍ മറ്റ് ഇടവകകളില്‍ നിന്ന് പുരോഹിതന്മാരും വിശ്വാസികളും അവിടേക്ക് പ്രവഹിക്കുമായിരുന്നു. മന്ദ്രസ്ഥായിയില്‍ നിന്ന് ഉച്ചസ്ഥായിയിലേക്ക് ഒഴുകുന്ന വാക്കുകളുടെ പൊരുള്‍ പലപ്പോഴും ദൈവവചനാനുഭവങ്ങളില്‍ ഉള്‍ച്ചേര്‍ന്ന സാമൂഹികസാംസ്‌കാരിക വിഷയങ്ങളായിരിക്കും. അതില്‍ ചരിത്രവും മാനവിക വിഷയങ്ങളും ശാസ്ത്രനിരീക്ഷണങ്ങളും നരവംശശാസ്ത്രമുള്‍പ്പെടെയുള്ള വിഷയങ്ങളുടെ ആധികാരികതയും ഇഴുകിച്ചേര്‍ന്നിരിക്കും. ഇടയ്ക്കിടെ നര്‍മ്മത്തിന്റെ നനുത്ത ചിരിയും.
വള്ളത്തോള്‍ കവിതയെക്കുറിച്ചുപറയുംപോലെ ‘നവനവോന്മേഷം’ പോലെയാണ് അച്ചന്റെ ഓരോ പ്രഭാഷണവും. അറിവിന്റെ വ്യാപ്തിയും ആധികാരികതയും ആരെയും അത്ഭുതപ്പെടുത്തും. കര്‍മ്മബഹുലമായ ഔദ്യോഗിക ജീവിതതിരക്കുകളുടെ കാലത്തും ആ പ്രഭാഷണങ്ങള്‍ സഭാവേദികളിലും സാംസ്‌കാരിക സദസുകളിലും ഒരുപോലെ ദീപ്തമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിരുന്നു. അവയ്ക്കു പിന്നില്‍ ഗവേഷണ ബുദ്ധിയുടെ ഊര്‍ജ്ജസ്വലതയുണ്ടായിരുന്നു. ഓരോ ആശയവും തേച്ചുമിനുക്കിയ വാള്‍ത്തലപ്പുകള്‍ പോലെയാണ് അച്ചന്‍ അവതരിപ്പിക്കുന്നത്.
ഭാരതീയ സംസ്‌കാരത്തിലൂന്നിയ ധാര്‍മ്മികചിന്തയുടെയും ദീനാനുകമ്പയുടെയും തേജോരൂപമായിരുന്ന ദൈവദാസന്‍ ബിഷപ് ജെറോം പിതാവിന്റെ പുണ്യശുശ്രൂഷാ പാരമ്പര്യത്തിന്റെ തുടര്‍ച്ച കായാവിലച്ചനില്‍ അനുഭവിക്കാനാകും. ശ്രേഷ്ഠമായ വൈദികവൃത്തിയെ അദ്ദേഹം സാധാരണക്കാരില്‍ സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുചെന്നു. അത്തരമൊരു അനുഭവത്തിലേക്ക് കായാവിലച്ചനെ എത്തിച്ചത് ജെറോം പിതാവുമായി ഉണ്ടായിരുന്ന ആത്മബന്ധത്തിന്റെ പൂര്‍ണതയായിരുന്നു. വാക്കിലും പ്രവൃത്തിയിലും അച്ചന്‍ സൂക്ഷിക്കുന്ന പവിത്രവും കുലീനവുമായ നിശ്ചയദാര്‍ഢ്യം അതിന്റെ സാക്ഷ്യമാണ്. ബിഷപ് ജെറോം ഫെര്‍ണാണ്ടസിന്റെ സമഗ്രമായ വിദ്യാഭ്യാസ ദര്‍ശനത്തെ അതിന്റെ പൂര്‍ണതയിലെത്തിച്ചതില്‍ കായാവിലച്ചനും മികച്ച പങ്കുവഹിച്ചു. അതിന്റെ ചരിത്രസാക്ഷ്യമാണ് തങ്കേശരിയിലെ ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
െ്രെകസ്തവ ആതുരസേവനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന കായാവിലച്ചന്റെ നിത്യനൂതനമായ വികസന മാതൃകകളുടെ പ്രതീകമാണ് ബെന്‍സിഗര്‍ ആശുപത്രി. ആതുരസേവനത്തിന്റെ ഉദാത്തമാതൃക എന്നാണ് കൊല്ലത്തുകാര്‍ അതിനെ വിശേഷിപ്പിക്കുന്നത്. ബെന്‍സിഗര്‍ ആശുപത്രി സമുച്ചയത്തിലെ പുതിയ ബ്ലോക്ക് അച്ചന്റെ ആശയമായിരുന്നു. ആശുപത്രിയിലെ കാര്‍ഡിയാക് ഉള്‍പ്പെടെയുള്ള ഡിപ്പാര്‍ട്ടുമെന്റുകളിലെ പരിഷ്‌ക്കാരങ്ങള്‍ അച്ചന്റെ ശ്രദ്ധേയങ്ങളായ സംഭാവകളുടെ നാള്‍വഴികളില്‍ വേറിട്ടുനില്‍ക്കുന്നു.
കായാവിലച്ചന്റെ സര്‍ഗാത്മക രചനകള്‍ ആധികാരികവും പ്രൗഢവും അദ്ദേഹത്തിന്റെ പ്രഭാഷണംപോലെ തന്നെ സമഗ്രവും സുന്ദരവുമാണ്. പ്രത്യക്ഷത്തില്‍ ശാന്തസമുദ്രംപോലെ തോന്നിക്കുമെങ്കിലും, അവയിലെ ചിന്തയുടെയും അറിവിന്റെയും ആഴങ്ങള്‍ എന്നും അദ്ഭുതാനുഭവങ്ങള്‍ നിറഞ്ഞതാണ്. രചനകളില്‍ അദ്ദേഹം പുലര്‍ത്തുന്ന ഗഹനതയും ലാളിത്യവും ശ്രദ്ധേയമാണ്. സാമൂഹികശാസ്ത്ര ലേഖനങ്ങളില്‍ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും മനുഷ്യാസ്തിത്വപരമായ നവീനബോധം നിറഞ്ഞുനില്‍ക്കുന്നു. അതിനുപയോഗിക്കുന്ന ഭാഷ ചിലപ്പോള്‍ ചാട്ടുളിപോലെ ആഴ്ന്നിറങ്ങും, ചിലപ്പോള്‍ കാവ്യാത്മക ലാവണ്യം നിറഞ്ഞുതുളുമ്പുന്നതാകും. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ‘ബിഷപ് ജെറോം: കാലത്തിന്റെ കര്‍മ്മയോഗി’ എന്ന രചന. കുറഞ്ഞ വാക്കുകളും കൂടുതല്‍ അര്‍ത്ഥവ്യാപ്തിയും. അത് അച്ചനിലെ കവിയുടെ ഗുണമാണ്.
‘സുവിശേഷങ്ങളില്‍ മറിയം’, ‘കാഴ്ചപ്പാടുകള്‍’, ‘ഗലീലേയോ ഗലീലി’, ‘പ്രപഞ്ചസത്യങ്ങളുടെ ആഴങ്ങളില്‍ മാര്‍ക്കോപ്പോളോ’, ‘സത്യവിചാരദര്‍ശനം’, ‘അല്‍മായ ധര്‍മ്മം’ തുടങ്ങിയ പ്രൗഢഗ്രന്ഥങ്ങള്‍ അച്ചന്റെ ആധ്യാത്മിക, ബൗദ്ധിക, ദാര്‍ശനിക വീക്ഷണത്തിന്റെ ഉദാത്ത നിദര്‍ശനങ്ങളാണ്. ‘ആരോഗ്യം: ഒരു സമഗ്രവീക്ഷണം’, ‘കൊളോസിസം’, ‘മയ്യനാടിന്റെ െ്രെകസ്തവ വഴികള്‍’, തെങ്ങമം ബാലകൃഷ്ണന്റെ ആത്മകഥയ്ക്ക് എഴുതിയ ആസ്വാദനം, ‘ബോധിവൃക്ഷച്ചുവട്ടിലെ ക്രിസ്തുപ്രതിമയും ക്രിസ്തുസന്ദേശത്തിന്റെ അനന്യതയും’ തുടങ്ങിയ പഠനങ്ങള്‍ മാനവസംസ്‌കൃതിക്കും മൂല്യങ്ങള്‍ക്കും വേണ്ടി അച്ചന്‍ നടത്തിയ ഏകാന്ത സഹനങ്ങളുടെ പ്രതിഫനങ്ങള്‍ കൂടിയാണ്.
സൗഹൃദങ്ങള്‍ വിശുദ്ധരത്‌നങ്ങള്‍ പോലെ അച്ചന്‍ ഉള്ളില്‍ സൂക്ഷിക്കുന്നു. അതില്‍ പ്രായഭേദങ്ങളില്ല, പണ്ഡിതപാമര വ്യത്യാസമില്ല. വഴിയില്‍ കാണുന്ന ഒരു കാട്ടുപൂവിനോടുപോലും അച്ചന്‍ കുശലമന്വേഷിച്ചെന്നുവരും. റോബര്‍ട്ട് ബ്രൗണിംഗിന്റെ കവിതയില്‍ പറയുംപോലെ അതൊരു ഊഷ്മള സ്‌നേഹത്തിന്റെ പരിമളപ്രവാഹമാണ്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ വിവിധകാലങ്ങളില്‍ അച്ചനോടൊപ്പം ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൊല്ലം നഗരപുരോഗതിയെ എത്രമാത്രം സ്വാധീനിച്ചു എന്നതിന്റെ സാക്ഷ്യങ്ങള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, ടി.കെ. ദിവാകരന്‍, ആര്‍.എസ്. ഉണ്ണി, ബേബി ജോണ്‍, ബി. വെല്ലിംഗ്ഡണ്‍, എ.കെ. ആന്റണി, എസ്. കൃഷ്ണകുമാര്‍, ഉമ്മന്‍ ചാണ്ടി, കടവൂര്‍ ശിവദാസന്‍, പ്രൊഫ. കെ.വി. തോമസ്, ജസ്റ്റീസ് കെ.ടി. തോമസ്, തെങ്ങമം ബാലകൃഷ്ണന്‍, ശൂരനാട് രാജശേഖരന്‍, എഴുത്തുകാരായ കാക്കനാടന്‍, പ്രൊഫ. മാത്യു ഉലകംതറ, ജോണ്‍ കച്ചിറമറ്റം, സി.പി. രാജശേഖരന്‍, ചിന്തകരും പ്രബോധകരുമായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി, ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഫാ. അടപ്പൂര്‍ എസ്‌ജെ… ഇങ്ങനെ അച്ചന്റെ സൗഹൃദവലയത്തിന്റെ വ്യാപ്തി അളന്നെടുക്കാനാവില്ല. ‘സൗഹൃദങ്ങള്‍ മൂല്യവത്തായിത്തീരുന്നത് പരസ്പരമുള്ള ബഹുമാനത്തിലാണ്. അവിടെ ഉപാധികളില്ല. അതിര്‍ത്തികളില്ല. ഉള്ളത് മനുഷ്യന്റെ ആത്യന്തികമായ നന്മയും സ്‌നേഹവും മാത്രം,’ അദ്ദേഹം എഴുതി.
കൊല്ലം നഗരത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല, കേരളത്തിനകത്തും പുറത്തും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട നാഴികക്കല്ലുകളാണ് കായാവിലച്ചന്റെ പ്രവര്‍ത്തനമണ്ഡലങ്ങള്‍. കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായി രണ്ടു തവണ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തരതലത്തില്‍ വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഉപദേശക സമിതി അംഗമായി പത്തു വര്‍ഷം സേവനം ചെയ്തു. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ കമ്മിറ്റി അംഗം, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പി.എന്‍. പണിക്കര്‍ സേവന സംസ്‌കൃതി അവാര്‍ഡ്, ഫാ. സിറിയക് കണ്ടത്തില്‍ അവാര്‍ഡ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ അവാര്‍ഡ്, കേരള കത്തോലിക്ക ദൈവശാസ്ത്ര സമിതി അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു.
സൂര്യരശ്മിയെ ഒരു ചിമിഴില്‍ സൂക്ഷിക്കാനാകില്ല എന്നൊരു ആപ്തവാക്യമുണ്ട്. അതുപോലെയാണ് കായാവിലച്ചന്റെ പൗരോഹിത്യത്തിലധിഷ്ഠിതമായ സാംസ്‌കാരിക ജീവിതം. അത് സ്വയം പ്രകാശിക്കുകയും മറ്റുള്ളവരിലേക്കുകൂടി വെളിച്ചത്തിന്റെ പ്രകാശവിളംബരം എത്തിക്കുകയും ചെയ്യുന്നു.


Related Articles

മതേതരത പറയുന്ന മനുഷ്യാവകാശങ്ങള്‍

അനു ദുബെ എന്ന യുവതി ഇന്ത്യയുടെ പാര്‍ലമെന്റിനു മുന്നില്‍ പ്ലക്കാര്‍ഡ് പിടിച്ച് ഒറ്റയാള്‍ സമരത്തിലിരിക്കുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. പ്ലക്കാര്‍ഡിലെ വാക്കുകള്‍ ഇതായിരുന്നു: ‘എന്തുകൊണ്ട്? എന്റെ സ്വന്തം ഭാരതത്തില്‍

കൊവിഡ് പ്രതിരോധത്തിന് കരുതലായി കാവുങ്കലില്‍ എട്ടു ഡോക്ടര്‍മാര്‍ കൂടി

ആലപ്പുഴ: മഹാമാരിയുടെകാലത്ത് കാവുങ്കല്‍ ഗ്രാമം എട്ടു ഡോക്ടര്‍മാരെകൂടി സംഭാവന ചെയ്തു. ‘ഡോക്ടര്‍മാരുടെ ഗ്രാമം’ എന്നറിയപ്പെടുന്ന കാവുങ്കലില്‍ ഇപ്പോള്‍ അമ്പതിലേറെ ഡോക്ടര്‍മാരുണ്ട്. കാവ്യ സുഭാഷ്, ഗോപീകൃഷ്ണന്‍, ആദര്‍ശ് അശോക്,

സുകൃതങ്ങളുടെ പുണ്യധാമം

വിശുദ്ധി സഭയുടെ ഏറ്റവും ആകര്‍ഷകമായ മുഖമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ‘ആഹ്ലാദിച്ച് ആനന്ദിക്കുവിന്‍’ (ഗൗദേത്തേ എത് എക്‌സുല്‍താത്തേ) എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ പറയുന്നുണ്ട്. ഓരോ വിശുദ്ധനും ഒരു മിഷനാണ്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*